Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടുപേരും കൂടി ആദ്യം വലിഞ്ഞുകയറി; വാർഡ്‌റോബ് മറിഞ്ഞ് ഒരാളുടെ മുതുകത്ത് വീണപ്പോൾ ആദ്യം നോക്കിനിന്ന ശേഷം പിന്നെ രക്ഷകനായി; രണ്ടു വയസ്സുകാരന്റെ രക്ഷാപ്രവർത്തന വീഡിയോ

രണ്ടുപേരും കൂടി ആദ്യം വലിഞ്ഞുകയറി; വാർഡ്‌റോബ് മറിഞ്ഞ് ഒരാളുടെ മുതുകത്ത് വീണപ്പോൾ ആദ്യം നോക്കിനിന്ന ശേഷം പിന്നെ രക്ഷകനായി; രണ്ടു വയസ്സുകാരന്റെ രക്ഷാപ്രവർത്തന വീഡിയോ

ബുദ്ധിയുറയ്ക്കാത്ത പ്രായത്തിലായാലും സഹജീവി അപകടത്തിൽപ്പെട്ടാൽ രക്ഷിക്കണമെന്ന തോന്നൽ ഏതു കൊച്ചുകുഞ്ഞിനും ഉണ്ടാകുമെന്നതിന് തെളിവായി മാറി ഒരു വീഡിയോ. സമീപത്ത് ആരുമില്ലാത്ത സന്ദർഭത്തിൽ കൊച്ചുകുഞ്ഞുങ്ങളായ ഇരട്ട സഹോദരങ്ങളിൽ ഒരാൾ അപകടത്തിൽ പെട്ടപ്പോൾ മറ്റേയാൾ രക്ഷകനായി മാറിയതിന്റെ വീഡിയോ ദൃശ്യം വിദേശമാദ്ധ്യമങ്ങളിൽ വലിയ വാർത്തയായി.

കുഞ്ഞുങ്ങളെ കളിക്കാൻ വിട്ട് അമ്മ അൽപസമയം മാറിനിന്നപ്പോഴാണ് ഇരട്ടക്കുട്ടികളിൽ ഒരാൾ ആപത്തിൽ പെട്ടത്. മുറിയിലെ ക്യാമറയിൽ ആ ദൃശ്യം പതിയുകയും ചെയ്തു. കുഞ്ഞുങ്ങളെ തനിച്ചാക്കി പോകുന്നത് എത്രത്തോളം ആപത്തുണ്ടാക്കുമെന്ന് വ്യക്തമാക്കാൻ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ തന്നെയാണ് വീഡിയോ ഇന്റർനെറ്റിലിട്ടത്.

പടിഞ്ഞാറൻ അമേരിക്കൻ പ്രവിശ്യയായ യുത്തയിലാണ് സംഭവം. രണ്ടുവയസ്സുകാരായ ഇരട്ടസഹോദരങ്ങൾ ബ്രോക് ഷോഫും ബൗഡിയും ഒരു മുറിയിൽ കളിക്കുകയായിരുന്നു. ബെഡ്‌റൂമിലിരുന്നായിരുന്നു കളി. കളിക്കിടയിൽ ബ്രോക് ഷോഫും ബൗഡിയും തൊട്ടടുത്തിരുന്ന കൊച്ച് ഡ്രെസ്സർ വാർഡ്‌റോബിന് മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു.

വാർഡ്‌റോബിന്റെ വലിപ്പുതുറന്ന് അതിന് മുകളിലേക്ക് കയറിയതോടെ അത് പൊടുന്നനെ ഇരുവരുടേയും മേലേക്ക് മറിഞ്ഞുവീണു. ബ്രോക് അടിയിൽ കുടുങ്ങിയെങ്കിലും ബൗഡി തെറിച്ചുവീണ് രക്ഷപ്പെട്ടു. സഹോദരന്റെ കരച്ചിൽ കേട്ടതോടെ ബൗഡി അവൻ അലമാരിക്കടിയിൽ എവിടെയാണ് പെട്ടതെന്ന് ചുറ്റും നടന്ന് പരിശോധിച്ചു. പിന്നെ അവൻ കുടുങ്ങിയതെവിടെയെന്ന് കണ്ടുപിടിച്ചു.

സഹോദരൻ കളിക്കുകയാണെന്ന് വിചാരിച്ച് അൽപസമയം നോക്കിനിന്നുവെങ്കിലും ബ്രോക്കിന് വാർഡ്‌റോബിന് കീഴെനിന്ന് രക്ഷപ്പെടാനാവുന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ ബൗഡിയിലെ ഹീറോ ഉണർന്നു. കളിപ്പാട്ടങ്ങളുപേക്ഷിച്ച് അവൻ സഹോദരന്റെ രക്ഷയ്‌ക്കെത്തി. ആദ്യം വാർഡ്‌റോബിന് ചുറ്റും നടന്നുനോക്കി അതിനെ ഉയർത്താൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്നാണ് തന്നെ ശക്തിമുഴുവൻ പ്രയോഗിച്ച് ബ്രോക്കിന് മുകളിൽ വീണ അലമാര തള്ളിനീക്കാനായി ശ്രമം തുടങ്ങിയത്.

ഇത് നീങ്ങിത്തുടങ്ങിയതോടെ വാർഡ്‌റോബ് സഹോദരന്റെ മുകളിൽനിന്ന് തള്ളിനീക്കി ബൗഡി സഹോദരനെ രക്ഷിക്കുകയായിരുന്നു. അതുവരെ കൂടെയുണ്ടായിരുന്ന അമ്മ അൽപസമയത്തേക്ക് പുറത്തേക്കുമാറിയപ്പോഴാണ് സംഭവം ഉണ്ടായത്. ഞായറാഴ്ച മാതാപിതാക്കൾ മുറിയിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യം ഫെയ്‌സ് ബുക്കിൽ ഷെയർ ചെയ്തതോടെ ഇത് വൈറലായി മാറി. ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് അപകടമുണ്ടാകാമെന്ന് മുന്നറിയിപ്പു നൽകുന്നതിന് വേണ്ടിയാണ് ദമ്പതികൾ ദൃശ്യം ഷെയർ ചെയ്തത്.

കെയ്‌ലി ഒലിവേർസൺ, റിക്കി ഷോഫ് ദമ്പതികളുടെ കുഞ്ഞുങ്ങൾക്കാണ് അപകടം നേരിട്ടത്. കുഞ്ഞുങ്ങൾ കളിക്കുന്നത് കണ്ടുകൊണ്ടാണ് താൻ അപ്പുറത്തേക്ക് പോയതെന്നും ഡ്രെസ്സർ വീഴുന്ന ശബ്ദമോ കുഞ്ഞ് കരഞ്ഞ ശബ്ദമോ കേട്ടില്ലെന്നും അമ്മ കെയ്‌ലി പറയുന്നു. എനിക്ക് ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്യാമോ എന്നറിയില്ലെന്നും പക്ഷേ, ഇത് നിരവധി പേരെ കുഞ്ഞുങ്ങൾ അപകടത്തിൽ പെടുന്ന ഇത്തരം സാഹചര്യങ്ങളെ പറ്റി ബോധവൽക്കരിക്കാൻ ഉതകുമെന്ന് കരുതി പോസ്റ്റ് ചെയ്യുന്നുവെന്നും പിതാവ്് റിക്കി വീഡിയോ ഫേസ്‌ബുക്കിൽ നൽകിയതിനൊപ്പം കുറിച്ചു.

കുഞ്ഞുങ്ങൾക്കുമേലെ ഇത്തരത്തിൽ ഫർണീച്ചർ വീണും മറ്റും ഓരോ വർഷവും ശരാശരി 25,400 അപകടങ്ങൾ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. ഞായറാഴ്ച യു ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 37 ലക്ഷത്തിലധികം പേർ കണ്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP