Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നെഞ്ചുയർത്തി മുഖ്യമന്ത്രിയെ കാണാൻ പോയ ഐഎഎസുകാർക്കു മടങ്ങേണ്ടി വന്നതു തലതാഴ്‌ത്തി; ഉദ്യോഗസ്ഥരെ നാവനക്കാൻ അനുവദിക്കാതെ പിണറായി; നാണം കെട്ടു മടങ്ങി വന്നത് അഴിമതിക്കേസിൽ കുടുങ്ങിയ ടോം ജോസിന്റെ കെണിയിൽ വീണതു കൊണ്ട്; മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടു തിരിച്ചടിയാകുന്നതു പിന്നിൽ ഇരുന്നു ചരടു വലിച്ച ടോം ജോസിന്

നെഞ്ചുയർത്തി മുഖ്യമന്ത്രിയെ കാണാൻ പോയ ഐഎഎസുകാർക്കു മടങ്ങേണ്ടി വന്നതു തലതാഴ്‌ത്തി; ഉദ്യോഗസ്ഥരെ നാവനക്കാൻ അനുവദിക്കാതെ പിണറായി; നാണം കെട്ടു മടങ്ങി വന്നത് അഴിമതിക്കേസിൽ കുടുങ്ങിയ ടോം ജോസിന്റെ കെണിയിൽ വീണതു കൊണ്ട്; മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടു തിരിച്ചടിയാകുന്നതു പിന്നിൽ ഇരുന്നു ചരടു വലിച്ച ടോം ജോസിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാ ശരിയാക്കുമെന്ന ആത്മവിശ്വാസത്തിലാണ് കേരളത്തിലെ ഒരു കൂട്ടം ഐഎഎസുകാർ മുഖ്യമന്ത്രിയെ കാണാൻ രാവിലെ സെക്രട്ടറിയേറ്റിലെത്തിയത്. മാദ്ധ്യമ പ്രവർത്തകരെ സെക്രട്ടറിയേറ്റിൽ പോലും പ്രവേശിക്കാൻ സർക്കാർ രാവിലെ സമ്മതിക്കാത്തതോടെ ഐഎഎസുകാർ പലതും മോഹിച്ചു. മുഖ്യമന്ത്രി കടുത്ത പ്രതിസന്ധിയിലാണെന്നും കീഴടങ്ങി ഒത്തു തീർപ്പിന് വരുമെന്നും കരുതി. എന്നാൽ നെഞ്ചുയർത്തി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥർ കണ്ടത് പിണറായി വിജയന്റെ ക്ഷോഭിക്കുന്ന മുഖമാണ്. സാധാരണക്കാർക്ക് നീതി എത്തിക്കാൻ സർക്കാരിനൊപ്പം നിൽക്കേണ്ട ഐഎഎസുകാരുടെ സമരപ്രഖ്യാപനം അംഗീകരിക്കില്ലെന്നും മതിയായ കാരണമില്ലെങ്കിൽ അവധികൾ നിഷേധിക്കുമെന്നും സൂചന നൽകുന്ന വാക്കുകളുമായാണ് ഐഎഎസുകാരെ മുഖ്യമന്ത്രി നേരിട്ടത്. ഇതോടെ സമർദ്ദം ചെലുത്താനെത്തിയ ടോം ജോസും സംഘവും പ്രതിസന്ധിയിലുമായി. പൂർണ്ണമായും കീഴടങ്ങൽ പ്രഖ്യാപിച്ച് മടക്കം.

ഇവിടെ ഐഎഎസ് നിരയിലെ രണ്ടാമത്തെ പേരുകാരിയായ നളിനി നെറ്റോയുടെ നീക്കമാണ് ഇതിന് കാരണമെന്ന് ഐഎഎസുകാർക്ക് അറിയാം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ നളിനി നെറ്റോ നടത്തിയ നീക്കമാണ് ഐഎഎസുകാരെ പ്രതിരോധത്തിലാക്കിയത്. കേരളത്തിലെ ഐഎഎസുകാരിൽ അഴിമതിക്കാർ മാത്രമാണ് സമരത്തിന് പിന്നിലുള്ളതെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചത് നളിനി നെറ്റോയാണ്. ഐഎഎസ് അസോസിയേഷന്റെ യോഗം ചേർന്നിട്ടില്ലെന്നും അവധിയെടുക്കലിന് ആഹ്വാനം ചെയ്ത് ഐഎഎസുകാരിലെ ഗ്രൂപ്പ് നേതാക്കളാണെന്നും വ്യക്തമാക്കി. ലീവെടുക്കാനുള്ള യോഗത്തിൽ ഇരുപത്തിയഞ്ചിൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് പങ്കെടുത്തത്. ഇതിന് പിന്നിൽ ചരട് വലിച്ച ടോം ജോസ് യോഗത്തിനെത്തിയിരുന്നില്ലെന്നും മുഖ്യമന്ത്രിക്ക് വ്യക്തമായി. ഇതോടെയാണ് അഴിമതിക്കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ടോം ജോസിന്റെ കള്ളക്കളികൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

ഐഎഎസ് അസോസിയേഷന് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത് നിലപാട് കടുപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു. ടോം ജോസ് സംഘത്തെ നയിച്ചെത്തുമോ എന്നത് മാത്രമായിരുന്നു സംശയം. എന്നാൽ അസോസിയേഷൻ പ്രസിഡന്റില്ലാതെ മുഖ്യമന്ത്രിയെകാണാനില്ലെന്ന നിലപാട് മറ്റുള്ളവർ എടുത്തതോടെ ടോം ജോസിന് പിന്നണിയിൽ നിന്നും മുന്നിലേക്ക് വരേണ്ടി വന്നു. വിജിലൻസ് ഡയറക്ടർക്കെതിരെ നിലപാട് എടുക്കുന്നത് ടോം ജോസാണെന്ന് നേരത്തെ തന്നെ വ്യക്തമാണ്. കെ എം എബ്രഹാമിനെതിരായ വിജിലൻസിന്റെ ത്വരിത പരിശോധന വിവാദത്തിലാക്കിയതും വിവാദമുണ്ടാക്കിയതും ടോം ജോസായിരുന്നു. എബ്രഹാമിനെ മുന്നിൽ നിർത്തിയുള്ള ടോം ജോസിന്റെ കളി മുഖ്യമന്ത്രി നേരത്തെ പൊളിച്ചിരുന്നു.

അഴിമതിക്കേസിൽ കെ എം എബ്രഹാമിനെ വിജിലൻസ് കുറ്റവിമുക്തനാക്കി. ഇതിനൊപ്പം ടോം ജോസിനെതിരായ ആരോപണങ്ങളിൽ അന്വേഷണം കടുപ്പിക്കുകയും ചെയ്തു. കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ടോം ജോസ് വീണ്ടും അന്വേഷണം അട്ടിമറിക്കാൻ നീക്കം തുടങ്ങി. അനധികൃത സ്വത്ത് കേസിൽ ടോം ജോസിനെതിരെ വ്യക്തമായ തെളിവുകൾ വിജിലൻസിന് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിന്റെ കാലത്ത് തനിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് ടോം ജോസിന് അറിയാം. ടോം ജോസിനെ സസ്‌പെന്റ് ചെയ്യണമെന്ന ശുപാർശയും ജേക്കബ് തോമസ് നൽകിയിട്ടുണ്ട്. സംഘടനയുടെ അധ്യക്ഷനെന്ന പേരു പറഞ്ഞാണ് ഈ സസ്‌പെൻഷൻ നടപടിയിൽ നിന്ന് രക്ഷപ്പെടുന്നത്. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ പരോക്ഷ പിന്തുണയാണ് ഇതിന് കാരണം. ഏതായാലും ഇത്തരം നടപടികളിൽ നിന്ന് ആർക്കും ആരേയും രക്ഷിക്കാനാകില്ലെന്ന് ടോം ജോസിന്റെ മുഖത്ത് നോക്ക് പറയാതെ പറയുകയാണ് മുഖ്യമന്ത്രി ഇന്ന് ചെയ്തത്.

ഐഎഎസുകാർ കൂട്ട അവധിയെടുത്തു നടത്തുന്ന സമരം ശരിയായ നടപടിയല്ലെന്നും സർക്കാരിനെ മുൾമുനയിൽ നിർത്തി വഴിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത് ടോം ജോസിന്റെ നീക്കങ്ങളെ തിരിച്ചറിഞ്ഞായിരുന്നു. ഐഎഎസുുകാർക്കെതിരേ അന്വേഷണം നടക്കുന്നത് ഇതാദ്യമല്ലെന്നും അന്വേഷണത്തിനെതിരായ വികാരം സ്വാഭാവികമെന്നും ഇക്കാര്യത്തിൽ സ്വതന്ത്രമായി അന്വേഷണം നടക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതായത് മുമ്പോരിക്കലും ഇല്ലാത്ത പ്രതിഷേധം എന്തുകൊണ്ടാണെന്ന് അറിയാമെന്ന് പറയാതെ പറുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണം നടക്കണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. ഉദ്യോഗസ്ഥരുടെ പ്രതിഷേധം ഗൗരവമായി കാണുന്നെന്നും എന്നാൽ സമരം ശരിയായ നടപടിയല്ലെന്നും പിണറായി വിജയൻ പറഞ്ഞു. ജേക്കബ് തോമസിനൊപ്പം താൻ നിൽക്കുമെന്ന സൂചനയും നൽകി. ഇതോടെ ആ പ്രതീക്ഷയും പൊളിഞ്ഞു.

സർക്കാരിനെ ഭീഷണിപ്പെടുത്താൻ വേണ്ടിയല്ലാ പ്രതിഷേധം അറിയിക്കാൻ വേണ്ടി മാത്രമാണ് സമരമെന്ന് ഐഎഎസുകാർ മുഖ്യമന്ത്രിയെ അറിച്ചിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് സംഘടന ഇന്ന് കൂട്ട അവധിയെടുത്ത് സമരം നടത്തിയത്. സംസ്ഥാനത്ത് ഇതാദ്യമായിട്ടായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയെടുക്കുന്നത്. അതേസമയം തന്ത്രപ്രധാന തസ്തികകളിൽ ഇരിക്കുന്ന ജില്ലാ കളക്ടർമാരും സബ് കളക്ടർമാരും ജോലിചെയ്യുന്നുണ്ട്. ബന്ധു നിയമന വിവാദത്തിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിക്കെതിരേ വിജിലൻസ് കേസ് എടുത്തതിന് പിന്നാലെയായിരുന്നു സർക്കാരിനെ പ്രതിരോധത്തിലാക്കി ഐഎഎസ് ഉദ്യോഗസ്ഥർ സമരത്തിന് പോയത്. ഈ വാദം പിണറായി തള്ളിക്കളഞ്ഞുവെന്നതാണ് വസ്തുത. അന്വേഷണത്തിനെതിരെ പരാതിയുണ്ടെങ്കിൽ എഫ് ഐ ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാം. അല്ലാതെ സമ്മർദ്ദത്തിലൂടെ അന്വേഷണം തടയാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി നൽകിയത്.

വിജിലൻസ് ഡയറക്ടർക്ക് പൂർണ്ണ പിന്തുണ നൽകുന്ന നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സമരത്തിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചതും ഐഎഎസുകാർക്ക് നാണക്കേടായി. വിശദമായ ചർച്ച മുഖ്യമന്ത്രി ഉറപ്പാക്കിയ സാഹചര്യത്തിൽ അവധി സമരത്തിൽ നിന്നും പിന്മാറുകയാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുകയായിരുന്നു. എന്നാൽ സമരം പിൻവലിച്ചിട്ടാകാം ചർച്ചെയന്ന് മാത്രമാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്. ഇനി ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാകുമോ എന്നും ഉറപ്പില്ല. എഫ്ഐആർ ഇട്ട് അന്വേഷണം നടക്കുന്ന കേസിലാണ് പ്രതിഷേധം. ഇത് ശരിയല്ലെന്ന് തന്നെ കാണാൻ വന്ന ഐഎഎസുകാരോട് മുഖ്യമന്ത്രി പറയുകയും ചെയ്തു. ഐഎഎസുകാരുടെ നീക്കത്തിന് പിന്നിൽ ചില ഐപിഎസുകാരുമുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഈ രഹസ്യ ബാന്ധവത്തെ പൊളിക്കാൻ കൂടിയാണ് പതിവ് തെറ്റിച്ച് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പിണറായി എത്തിയത്.

ഐഎഎസ് ഉദ്യോഗസ്ഥർ സമരം നടത്തി സർക്കാരിനെ മുൾമുനയിൽ നിർത്തി വഴിപ്പെടുത്താമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞതും ഐഎഎസുകാർക്ക് തിരിച്ചടിയാണ്. ഉദ്യോഗസ്ഥരുടെ പ്രതിഷേധം ഗൗരവമായി കാണുന്നെന്നും എന്നാൽ സമരം ശരിയായ നടപടിയല്ലെന്നും പിണറായി വിജയൻ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നടപടികൾക്കെതിരെയാണ് ഐഎഎസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കാൻ തീരുമാനിച്ചത്. വിജിലൻസ് നടപടികളെത്തുടർന്നുള്ള ഉദ്യോഗസ്ഥരുടെ ആശങ്കകൾ മൂലം ഫയലുകൾ പലതും കെട്ടിക്കിടക്കുകയാണെന്നും പദ്ധതി നിർവഹണത്തിന്റെ വേഗം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നുമാണ് ഐഎഎസുകാരുടെ നിലപാട്.

അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിജിലൻസിന്റെ നോട്ടപ്പുള്ളിയായ ടോം ജോസ് ഐഎഎസ് എന്നും വിവാദങ്ങളുടെ കൂട്ടുകാരാണ്. കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ കൊച്ചി മെട്രോയുടെ തലപ്പത്തിരുന്നപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചു നിരവധി തവണയാണു ടോം ജോസ് വാർത്തകളിൽ നിറഞ്ഞത്. മെട്രോയുടെ തലപ്പത്തു നിന്നു ടോം ജോസിനു സ്ഥാനചലനമുണ്ടായത് അഴിമതി ആരോപണത്തിന്റെ പേരിലാണ്. മുംബൈ, പുണെ എന്നിവിടങ്ങളിൽ അനധികൃതമായ ഭൂമി സ്വന്തമാക്കിയതിന്റെ പേരിൽ നിരവധി ആരോപണങ്ങളാണ് ടോമിനെതിരെ ഉയരുന്നത്. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ 1984 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിനെയാണു ചുമതല ഏൽപ്പിച്ചത്. എന്നാൽ പലപ്പോഴും സ്വന്തം തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന ആരോപണം ടോമിനെതിരെ ഉയർന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് എത്തിയതോടെ പുതു ജീവൻ കിട്ടി.

അഴിമതിപ്പണം ഉപയോഗിച്ചാണ് ടോമും കുടുംബവും എസ്റ്റേറ്റ് വാങ്ങിയതെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊതുമരാമത്തു സെക്രട്ടറി ആയിരിക്കുമ്പോഴാണ് തോട്ടം വാങ്ങിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ സിന്ധു ദുർഗ്ഗ താലൂക്കിൽ ആണ് ഒരു കോടി അറുപത്തി മൂന്ന് ലക്ഷം രൂപയ്ക്ക് എസ്റ്റേറ്റ് വാങ്ങിയത്. എസ്റ്റേറ്റ് വാങ്ങുന്നതിന് ചെലവായ തുകയുടെ ഉറവിടം തിരക്കിയപ്പോൾ ബാങ്ക് ലോണും ബാക്കി പണം സുഹൃത്തുക്കൾ നൽകിയതെന്നുമാണ് അന്നു വിശദീകരണം നൽകിയത്. മഹാരാഷ്ട്രയിലെ സിന്ധുദുർഗയിൽ ടോം ജോസ് നടത്തിയ 50 ഏക്കർ ഭൂമിയിടപാടിലും എറണാകുളത്ത് ഫ്ളാറ്റ് വാങ്ങിയതിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണിപ്പോൾ വിജിലൻസ് സംഘം ടോം ജോസിന്റെ ഫ്ളാറ്റുകളിലും ഓഫീസുകളിലും മറ്റും വിജിലൻസ് റെയ്ഡു നടത്തിയത്. തുടർന്ന് ചോദ്യം ചെയ്യുകയും ചെയ്തു. ഇത് അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ടോം ജോസിന് നാണക്കേടായി.

ഇതിന് പ്രതികാരമെന്ന നിലയിലാണ് ഐഎഎസുകാരെ സംഘടിപ്പിച്ചത്. ബന്ധുത്വ നിയമന വിവാദത്തിൽ പോൾ ആന്റണിയെ പ്രതിയാക്കിയത് ഇതിനുള്ള അവസരമായി കണ്ടു. അങ്ങനെ ഐഎഎസുകാരുടെ യോഗം വിളിച്ചു. എന്നാൽ ഈ യോഗത്തിൽ ടോം ജോസ് എത്തിയില്ല. ഐഎഎസുകരോട് അവധിയെടുക്കൽ സമരത്തിന് ആഹ്വാനം ചെയ്തത് ടോം ജോസായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ജേക്കബ് തോമസിന് പൂർണ്ണ പിന്തുണ പരസ്യമായി നൽകി ഐഎഎസ് നേതൃത്വത്തെ മുഖ്യമന്ത്രി കൂടുതൽ ദുർബലനാക്കിയതും. ടോം ജോസിന്റെ നീക്കങ്ങൾക്ക് ഒപ്പം ആരും നിൽക്കരുതെന്ന സന്ദേശം മുഖ്യമന്ത്രി ഇതിലൂടെ നൽകുകയാണ്. ടോം ജോസിന്റെ തന്ത്രങ്ങളാണ് ഐഎഎസുകാർക്ക് നാണക്കേടായതെന്ന് മുതിർന്ന ഉദ്യോഗസ്ഥരും ഈ ഘട്ടത്തിൽ സമ്മതിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP