Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സലഫിസത്തെ ന്യായീകരിക്കുന്ന ലേഖനം തൻേറതല്ലെന്ന് സമസ്ത ജനറൽ സെക്രട്ടറി; പീസ് സ്‌കൂളിനെയും എംഎം അക്‌ബറിനെയും ന്യായീകരിച്ചിട്ടില്ലെന്ന് ആലിക്കുട്ടി മുസലിയാർ; വ്യാജ ലേഖനം പ്രസിദ്ധീകരിച്ച ചന്ദ്രികക്കെതിരെ നടപടി വേണമെന്ന് സുന്നി നേതാക്കൾ; പ്രതിന്ധിയിൽ നീങ്ങുന്ന ലീഗ് മുഖപത്രത്തിന് പുതിയ ഭീഷണികൂടി

സലഫിസത്തെ ന്യായീകരിക്കുന്ന ലേഖനം തൻേറതല്ലെന്ന് സമസ്ത ജനറൽ സെക്രട്ടറി; പീസ് സ്‌കൂളിനെയും എംഎം അക്‌ബറിനെയും ന്യായീകരിച്ചിട്ടില്ലെന്ന് ആലിക്കുട്ടി മുസലിയാർ; വ്യാജ ലേഖനം പ്രസിദ്ധീകരിച്ച ചന്ദ്രികക്കെതിരെ നടപടി വേണമെന്ന് സുന്നി നേതാക്കൾ; പ്രതിന്ധിയിൽ നീങ്ങുന്ന ലീഗ് മുഖപത്രത്തിന് പുതിയ ഭീഷണികൂടി

കെ വി നിരഞ്ജൻ

കോഴിക്കോട്: ലേഖനങ്ങളും വാർത്തകളും ചിത്രീകരണങ്ങളും കൊടുക്കുമ്പോൾ മാദ്ധ്യമങ്ങൾ വിവാദത്തിൽപ്പെടുക കേരളത്തിലെ ഒരു പതിവ് രീതിയായിരിക്കയാണ്. പ്രവാചകനിന്ദയുടെ പേരിൽ മാതൃഭൂമിയും, തിരുവത്താഴ ചിത്രീകരണത്തിന്റെ പേരിൽ മനോരമയും പുലിവാല് പിടിച്ചത് ഈയിടെയാണ്. മാതൃഭൂമിക്ക് മുസ്ലിം സ്ഥാപനങ്ങളുടെ ബഹിഷ്‌ക്കരണംവഴി കോടികളുടെ വരുമാന നഷ്ടവും ഉണ്ടായപ്പോൾ, തങ്ങളുടെ പരമ്പരാഗത വായനക്കാരായ ക്രൈസ്തവ സമൂഹത്തിൽനിന്ന് സമാനമായ ഭീഷണിയാണ്് മനോരമയും നേരിട്ടിരിക്കുന്നത്. ഇപ്പോൾ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയും തങ്ങളുടെ ഏറ്റവും വലിയ വായനാ സമൂഹമായ ഇ.കെ വിഭാഗം സുന്നികളിൽ നിന്ന് ഭീഷണി നേരിടുകയാണ്.

സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാരുടെ പേരിൽ,സലഫിസത്തെ ന്യായീകരിക്കുന്ന വ്യാജ ലേഖനം പ്രസിദ്ധീകരിച്ചുവെന്ന ഗുരുതരമായ പരാതിയാണ് ചന്ദ്രികയുടെ പേരിൽ ഉയർന്നിരിക്കുന്നത്.ഇതേതുടർന്ന് കടുത്ത പ്രതിഷേധത്തിലായ സുന്നി നേതാക്കൾ ചന്ദ്രിക ബഹിഷ്‌ക്കരിക്കുന്ന് അതടക്കമുള്ള കാര്യങ്ങൾ ആലോചിച്ചുവരികയാണ്. നിരന്തരമായി ജീവനക്കാർക്കുള്ള ശമ്പളവും മറ്റും മുടങ്ങി ചന്ദ്രിക ഗുരുതര പ്രതിസന്ധി അനുഭവിക്കുന്ന സമയത്താണ് കൂനിൽമ്മേൽ കുരുവെന്നപോലെ ഈ സംഭവം ഉണ്ടാകുന്നത്.സുന്നികൾക്കായി 'സുപ്രഭാതം' എന്ന പത്രം ഉണ്ടെന്നതും ചന്ദ്രികയുടെ പ്രതിസദ്ധിക്ക് ആഴം കൂട്ടുന്നു. പ്രശ്‌നം ഗൗരവത്തിലെടുത്ത മുസ്ലിം ലീഗാവട്ടെ ചന്ദ്രിക എഡിറ്റോറിയിൽ ബോർഡിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

ചന്ദ്രികയിൽ സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരുടെ പേരിൽ ജനുവരി ആറിന് പ്രസിദ്ധീകരിച്ച ലേഖനം താൻ എഴുതിയതല്ലെന്നും തന്നോട് അനുവാദം വാങ്ങാതെയാണ് ആലിക്കുട്ടി മുസ്ലിയാരും സമസ്തനേതാക്കളും പറയുന്നത്. 'ഭീകരതയുടെ പേരിലുള്ള മുസ്ലിംവേട്ടക്കെതിരെയുള്ള ജനജാഗരണം' എന്ന പേരിൽ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടത്തിയ റാലിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ആലിക്കുട്ടി മുസ്ലിയാരുടെ ലേഖനം ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചത്.

രാജ്യത്തിന്റെ ജീവശ്വാസം നിലനിർത്തണമെന്ന പേരിലുള്ള ലേഖനത്തിൽ, പീസ് സ്‌കൂളിനുനേരെയുള്ള പൊലീസ് കടന്നുകയറ്റത്തെയും എം.എം. അക്‌ബർ ഉൾപ്പെടെ പണ്ഡിതന്മാർക്കെതിരെ യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾ ഉൾപ്പെടുത്തി കേസെടുത്ത പൊലീസ് നടപടിയെയും വിമർശിക്കുകയും ചെയ്തിരുന്നു. മുസ്ലിം എന്നപേരിൽ അവർ വേട്ടയാടപ്പെടുമ്പോൾ പൊതുധാരണയോടെ അതിനെ ചെറുക്കുകയെന്നത് എല്ലാവരുടെയും കടമയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.എന്നാൽ, ഇക്കാര്യങ്ങളൊന്നും താൻ എഴുതിയതോ പറയുകയോ ചെയ്യാത്തതാണെന്നാണ് ആലിക്കുട്ടി മുസ്ലിയാർ വ്യക്തമാക്കുന്നത്. പീസ് സ്‌കൂളിനെയും എം.എം അക്‌ബറിനെയും ന്യായീകരിച്ചിട്ടില്ലെന്നും ആലിക്കുട്ടി മുസലിയാർ താനുമായി ബന്ധപ്പെട്ടവരോട് വ്യക്താമാക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സുന്നിനേതാക്കൾ പറയുന്നത് ഇങ്ങനെയാണ്. മുസ്ലിംവേട്ടക്കെതിരെ ജനജാഗരണം എന്ന തലക്കെട്ടോടെ മുസ്ലിംലീഗ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി സമസ്ത ജനറൽ സെക്രട്ടറിയോട് ലീഗ് നേതാക്കൾ ലേഖനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 54ാം വാർഷിക സമ്മേളനത്തിന്റെ തിരക്കിലായതിനാൽ ഈ സമയം എഴുതാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അറിയിച്ചു. , ലേഖനം തങ്ങൾ തയാറാക്കിക്കൊള്ളാമെന്നും വായിച്ച് അനുമതി തന്നാൽ മതിയെന്നുമായി ലീഗ് നേതാക്കൾ. ചന്ദ്രികയിൽനിന്ന് തയാറാക്കി ലേഖനം ആലിക്കുട്ടി മുസ്ലിയാർക്ക് അയച്ചുകൊടുത്തെങ്കിലും അദ്ദേഹം ഇതിന് അനുമതി നൽകിയില്ല. പ്രസിദ്ധീകരിക്കുന്നത് വിലക്കുകയും ചെയ്തു. ഇത് പരിഗണിക്കാതെയാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്നാണ് സമസ്ത വൃത്തങ്ങൾ പറയുന്നത്.

ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരുടെ പേരിൽ അദ്ദേഹത്തിൻേറതല്ലാത്ത ലേഖനം എഴുതി സമസ്തയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ സലഫികൾ നടത്തുന്ന നീക്കത്തിൽനിന്ന് പിന്മാറണമെന്ന് സുന്നി നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു . ലേഖനം പിൻവലിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവർതന്നെ തയാറാകണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജന.സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, സുന്നി മഹല്ല് ഫെഡറേഷൻ ജന. സെക്രട്ടറി ഉമർ ഫൈസി മുക്കം, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായ്, സംസ്ഥാന ട്രഷറർ ഹാജി കെ. മമ്മദ് ഫൈസി, സമസ്ത എംപ്‌ളോയീസ് അസോസിയേൻ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജന. സെക്രട്ടറി സത്താർ പന്തല്ലൂർ എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്.

സമസ്തയുടെ ആശയത്തിനും നിലപാടിനും എതിരായി 'ചന്ദ്രിക'യിൽ ലേഖനം എങ്ങനെ വന്നു? സമസ്തയെയും ജനറൽ സെക്രട്ടറിയെയും തെറ്റിദ്ധരിപ്പിക്കുകയും തീവ്രവാദപ്രവർത്തനങ്ങളെ ന്യായീകരിക്കുകയും സലഫി പ്രബോധകരെ വെള്ളപൂശുകയും ചെയ്യുന്ന ഈ ലേഖനം ആലിക്കുട്ടി ഉസ്താദ് എഴുതിയതല്ല. ലേഖനം പ്രസിദ്ധീകരിക്കാൻ സമസ്ത സെക്രട്ടറി ആർക്കും അനുമതി നൽകിയിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. തീവ്രതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചുവരുന്ന സമസ്തയെ പൊതുസമൂഹത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ചിലർ നടത്തുന്ന ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP