Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തെ തടഞ്ഞ് കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മണിമല സിഐ പീഡനക്കേസിൽ റിപ്പോർട്ട് എതിരായിട്ടും ഉന്നതരുടെ പിന്തുണയോടെ തുടരുന്ന ഉദ്യോഗസ്ഥൻ; സാങ്കേതിക വാദം ഉയർത്തി സിഐ ശ്രമിച്ചത് വിശ്വാസത്തെ അവഹേളിക്കാൻ

അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തെ തടഞ്ഞ് കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മണിമല സിഐ പീഡനക്കേസിൽ റിപ്പോർട്ട് എതിരായിട്ടും ഉന്നതരുടെ പിന്തുണയോടെ തുടരുന്ന ഉദ്യോഗസ്ഥൻ; സാങ്കേതിക വാദം ഉയർത്തി സിഐ ശ്രമിച്ചത് വിശ്വാസത്തെ അവഹേളിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: എരുമേലി പേട്ടതുള്ളലിനെത്തിയ അമ്പലപ്പുഴ അയ്യപ്പഭക്തജനസംഘത്തിന്റെ രഥഘോഷയാത്ര എരുമേലിയിൽ പൊലീസ് തടഞ്ഞത് വലിയ വിവാദത്തിലേക്ക്. പൊലീസ്നടപടിയിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ സംഘവും വിശ്വാസികളും റോഡിൽ കുത്തിയിരുന്നു. മണിമല സി ഐയുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഭക്തരെ സഹായിക്കാനെത്തിയ ഹൈന്ദവസംഘടനാ പ്രതിനിധികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധമുയർന്നതോടെ ഡിവൈ.എസ്‌പി. കെ.എം.ജിജിമോൻ സ്ഥലത്തെത്തി അയ്യപ്പഭക്തരുമായി ചർച്ച നടത്തി രഥഘോഷയാത്രയ്ക്ക് അനുമതി നൽകിയതോടെയാണ് പ്രശ്നം തീർന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

മൂന്നുദിവസം മുൻപ് അമ്പലപ്പുഴയിൽനിന്നാണ് രഥഘോഷയാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച എരുമേലിയിലെത്തിയപ്പോൾ നൈനാർമസ്ജിദിൽ സ്വീകരണം നല്കി. ടി.ബി.റോഡുവഴി കെ.എസ്.ആർ.ടി.സി. ജങ്ഷനുസമീപം അയ്യപ്പസേവാസമാജത്തിന്റെ സ്വീകരണത്തിനെത്തിയപ്പോൾ മണിമല സിഐ ഇ.പി.റെജിയുടെ നേതൃത്വത്തിൽ പൊലീസ് തടയുകയായിരുന്നു. രഥഘോഷയാത്ര സമാപിക്കാൻ ഇരുനൂറു മീറ്റർമാത്രം ഉള്ളപ്പോഴാണു തടഞ്ഞത്. രഥഘോഷയാത്ര നടത്താൻ അനുമതിയില്ലെന്നായിരുന്നു പൊലീസ്നിലപാട്. ശബരിമലതീർത്ഥാടനത്തിൽ പ്രമുഖസ്ഥാനവും നാടിന്റെ ആദരവുമുള്ള അമ്പലപ്പുഴസംഘത്തെ തടഞ്ഞതിലൂടെ, വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാൻ അവിശ്വാസികളായ പൊലീസ് കൂട്ടുനിൽക്കുകയാണെന്ന് അയ്യപ്പഭക്തർ ആരോപിച്ചു.

ഭർത്താവ് നൽകിയ പരാതി അന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവതിയെ കിടപ്പറയിലേക്ക് ക്ഷണിച്ചുവെന്ന പരാതിയിന്മേൽ പ്രതിയായ വ്യക്തിയാണ് മണിമല സിഐ ഇ.പി റെജി. സിഐക്കെതിരേ നടപടിക്ക് ശിപാർശ ചെയ്ത് ഇന്റലിജൻസ് എഡിജിപി ആർ ശ്രീലേഖ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ സിഐയുടെ സ്ഥാനചലനം ഒഴിവാക്കാൻ സിപിഐ-എമ്മിന്റെ പ്രാദേശിക നേതാക്കളും രംഗത്തിറങ്ങി. യുവതിയുടെ ഭർത്താവിനെ സ്വാധീനിച്ച് പരാതി കൊടുപ്പിക്കാതിരിക്കാനാണ് ശ്രമം. എന്നാൽ, ഇവരുടെ സമ്മർദത്തിന് വഴങ്ങാതിരുന്ന ഭർത്താവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ സിഐയ്‌ക്കെതിരെ ആരും ഒന്നും ചെയ്തില്ല. പൊലീസിലെ ഉന്നതരും സഹായിച്ചു. ഇത്തരത്തിൽ ആരോപണ വിധേയനായ സി ഐയാണ് എരുമേലിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയത്.

എരുമേലി മുട്ടപ്പള്ളി ഭാഗത്ത്നിന്നുള്ള യുവതിയെയാണ് ഭർത്താവ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മണിമല സിഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഭർത്താവ് വിദേശത്ത് നിന്നയച്ച പണം, സ്വർണം, നാട്ടിൽ ചിട്ടി പിടിച്ച പണം എന്നിവ പുരുഷ സുഹൃത്തിന് നൽകിയിരുന്നു. ഇതിന് പുറമേ ബ്ലേഡ് കമ്പനിക്കാരിൽ നിന്ന് പലിശയ്ക്കും പണം വാങ്ങി നൽകി. കഴിഞ്ഞ മാസം ഭർത്താവ് നാട്ടിലെത്തിയപ്പോഴാണ് താൻ നൽകിയ പണം മുഴുവൻ യുവതി മറ്റാർക്കോ നൽകി എന്ന വിവരം അറിഞ്ഞത്. എത്ര ചോദിച്ചിട്ടും പണം പോയ വഴി യുവതി വെളിപ്പെടുത്തിയില്ല. ഇതിനെ തുടർന്നാണ് സിഐക്ക് പരാതി നൽകിയത്. പണം പോയ വഴി അന്വേഷിക്കാനാണ് സിഐ യുവതിയെയും പുരുഷസുഹൃത്തിനെയും വിളിപ്പിച്ചത്. സ്റ്റേഷനിൽ എത്തിയപ്പോൾ താൻ പണം നൽകിയത് ഈ യുവാവിന് അല്ലെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറി. പിന്നീട് സിഐ യുവതിയെയും ഭർത്താവിനെയും പുരുഷസുഹൃത്തിനെയും പ്രത്യേകം ചോദ്യം ചെയ്തു.

ഇതിനിടയിലാണ് യുവതിയെ സി.ഐ കിടപ്പറയിലേക്ക് ക്ഷണിച്ചത്. റാന്നിയിൽ തനിക്ക് ഫ്ളാറ്റുണ്ടെന്നും സഹകരിച്ചാൽ ഭർത്താവിനെ ഒതുക്കിത്തരാമെന്നും വാഗ്ദാനം ചെയ്തുവെന്നാണ് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. എന്നാൽ, യുവതി സിഐയുടെ നിർദ്ദേശത്തിന് വഴങ്ങിയില്ല. ഭർത്താവിനൊപ്പം മടങ്ങുകയും ചെയ്തു. ഇതിനിടയിൽ പല തവണ സിഐ. യുവതിയെ വിളിച്ച് ഫ്ളാറ്റിൽ വരാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച് എസ്എസ്ബി ഡിവൈ.എസ്‌പിക്ക് കീഴുദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് നൽകിയെങ്കിലും അത് വെളിച്ചം കണ്ടില്ല. ഇതിന് ശേഷം മറ്റൊരു ഉദ്യോഗസ്ഥൻ തയാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ എഡിജിപിക്ക് നൽകിയത്. ഇത് പരിശോധിച്ച് വാസ്തവമുണ്ടെന്ന് മനസിലാക്കിയാണ് ഇപ്പോൾനടപടിക്ക് ശിപാർശ ചെയ്ത് ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. അതും എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ടു.

അമ്പലപ്പുഴ സംഘത്തെ എന്തിനാണ് റെജി തടഞ്ഞതെന്ന് ആർക്കും മനസ്സിലായിട്ടില്ല. എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴസംഘത്തെ നയിക്കുന്നത് കളത്തിൽ ചന്ദ്രശേഖരൻ നായരാണ്. നായകത്വം പതിനെട്ടുവർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി അമ്പലപ്പുഴ യോഗത്തിന്റെ തീരുമാനപ്രകാരമാണ് രഥഘോഷയാത്രയായെത്തിയതെന്ന് അമ്പലപ്പുഴ ഭക്തജനസംഘം ഭാരവാഹികൾ പറഞ്ഞു. രഥഘോഷയാത്ര തടഞ്ഞതും സ്വീകരിക്കാനെത്തിയവർക്കെതിരെ കേസെടുക്കാൻ ശ്രമിച്ചതും അമ്പലപ്പുഴസംഘത്തെ അവഹേളിച്ചതിനു തുല്യമാണെന്ന് അവർ പറഞ്ഞു. പൊലീസ് ക്ഷമപറയുകയും കേസെടുക്കാനുള്ള നടപടി പിൻവലിക്കുകയും ചെയ്താലേ ബുധനാഴ്ച പേട്ടതുള്ളൂവെന്ന നിലപാടിലായിരുന്നു അമ്പലപ്പുഴസംഘം.

പ്രശ്നം പരിഹരിച്ച സാഹചര്യത്തിൽ, ബുധനാഴ്ചത്തെ പേട്ടതുള്ളൽ ചടങ്ങുകൾ തടസ്സമില്ലാതെ നടക്കുമെന്നും അമ്പലപ്പുഴസംഘം പറഞ്ഞു. എന്നാൽ, രഥഘോഷയാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നും സുരക്ഷയുടെ ഭാഗമായാണു തടഞ്ഞതെന്നും മണിമല സർക്കിൾ ഇൻസ്പെക്ടർ ഇ.പി.റെജി പറഞ്ഞു. സുരക്ഷാക്രമീകരണങ്ങളുള്ളതിനാൽ എരുമേലിയിലേക്കു രഥഘോഷയാത്ര വരരുതെന്ന് അറിയിച്ചിരുന്നതായും സിഐ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP