Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാൻസറിനുവരെ കാരണമാകുന്ന മാലിന്യങ്ങൾ ജനവാസകേന്ദ്രത്തിലെ സ്വന്തം ഭൂമിയിൽ തള്ളി തിരൂരിലെ സവേര ആശുപത്രി മുതലാളിമാർ; ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും മൂലം ചികിത്സ തേടിയത് 15 പേർ; കൂസലില്ലാതെ ആശുപത്രി ഉടമസ്ഥരായ ഡോ. മൊയ്ദീൻകുട്ടിയും ഡോ. അബ്ദുറഹിമാനും; സമരം നടത്തിയിട്ടും പരാതിപ്പെട്ടിട്ടും രാഷ്ട്രീയ സ്വാധീനമുള്ള മുതലാളിമാർക്കെതിരേ നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം

കാൻസറിനുവരെ കാരണമാകുന്ന മാലിന്യങ്ങൾ ജനവാസകേന്ദ്രത്തിലെ സ്വന്തം ഭൂമിയിൽ തള്ളി തിരൂരിലെ സവേര ആശുപത്രി മുതലാളിമാർ; ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും മൂലം ചികിത്സ തേടിയത് 15 പേർ; കൂസലില്ലാതെ ആശുപത്രി ഉടമസ്ഥരായ ഡോ. മൊയ്ദീൻകുട്ടിയും ഡോ. അബ്ദുറഹിമാനും; സമരം നടത്തിയിട്ടും പരാതിപ്പെട്ടിട്ടും രാഷ്ട്രീയ സ്വാധീനമുള്ള മുതലാളിമാർക്കെതിരേ നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം

എംപി. റാഫി

മലപ്പുറം: ആശുപത്രി മാലിന്യങ്ങൾ ജനവാസ കേന്ദ്രത്തിലെ ഉടമയുടെ ഭൂമിയിൽ തള്ളിയതിൽ ആശുപത്രി ഉടമക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. സിറിഞ്ചും മരുന്നും അടക്കമുള്ള മാലിന്യങ്ങളാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ആശുപത്രി അധികൃതർ തള്ളിയത്. ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ആശുപത്രി അധികൃതരുടെ നടപടി. ആരോഗ്യ വകുപ്പ്, വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ആശുപത്രി ഉടമസ്ഥനെതിരേ നടപടിയെടുക്കാനോ മാലിന്യങ്ങൾ നീക്കം ചെയ്യാനോ ഇതുവരെയും തയ്യാറായില്ല. മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ബ്ലോക്ക് സെക്രട്ടറിയെ ആശുപത്രി ഉടമകൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉന്നത രാഷ്ട്രീയ ബന്ധവും സ്വാധീനവുമുള്ളവരാണ് ഉടമകൾ.

താനൂർ നിറമരുതൂർ വില്ലേജ് ഓഫീസിനു സമീപത്തെ എഴുപത് സെന്റോളം വരുന്ന ഭൂമിയിലാണ് ആശുപത്രി മാലിന്യങ്ങൾ തള്ളിയത്. ഇന്നലെയാണ് ഭൂമിയിലെ അമ്പതോളം തെങ്ങിൻ തടങ്ങളിൽ മാലിന്യങ്ങൾ നിറച്ചത്. സഹോദരങ്ങളായ ഡോ. മൊയ്ദീൻകുട്ടി, ഡോ. അബ്ദുറഹിമാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള തിരൂരിലെ പ്രമുഖ സ്വകാര്യ സ്ഥാപനമായ സവേര ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങളാണ് ഉടമയുടെ തന്നെ ഭൂമിയിൽ കൊണ്ടുവന്ന് തള്ളിയത്. ഈ ഭൂമിയുടെ ഒന്നര കിലോമീറ്റർ അകലെയാണ് ഉടമയുടെ താമസം. എന്നാൽ മാലിന്യത്തിന്റെ ദുരിതം പേറേണ്ടി വരുന്നത് സമീപത്തുള്ള താമസക്കാരാണ്.

ഇവിടെ മാലിന്യം തള്ളൽ പതിവാണെങ്കിലും ഇന്നലെത്തെ നടപടിയെത്തുടർന്ന് പരിസരവാസികൾക്ക് ദേഹാസ്വാസ്ഥ്യവും ചൊറിച്ചിലും അനുഭവപ്പെട്ടതോടെയാണ് ജനങ്ങൾ ആശുപത്രി ഉടമക്കെതിരെ സംഘടിച്ച് സമരവുമായെത്തിയത്. മാലിന്യം നീക്കം ചെയ്യാതെ ആശുപത്രി അധികൃതർ ധിക്കാരം തുടർന്നതോടെ നാട്ടുകാർ സംഘടിച്ച് ഉടമകളിലൊരാളെ തടഞ്ഞുവെയ്ക്കുകയും സമരം ശക്തമാക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടെങ്കിലും മാലിന്യം നീക്കം ചെയ്യാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കഴിഞ്ഞ വർഷം മാലിന്യം തള്ളിയതിനെ തുടർന്ന് സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ആശുപത്രി ഉടമകൾ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.

ഹെൽത്ത്, പഞ്ചായത്ത്, വില്ലേജ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരെല്ലാം നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മുതലാളിയെ തൊടാനോ മാലിന്യം നീക്കം ചെയ്യാനോ തയ്യാറായില്ല. ഇന്നലെ മാലിന്യം തള്ളിയ ശേഷം ഉടമയുമായി നാട്ടുകാർ സംസാരിച്ചെങ്കിലും മാലിന്യം നീക്കം ചെയ്യില്ലെന്ന നിലപാടിലായിരുന്നു ഇവർ. മാത്രമല്ല, ഇന്ന് മാലിന്യം കൂടുതൽ നിക്ഷേപിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ സംഘടിച്ചു സമരത്തിലേക്കു നീങ്ങി.

പൊലീസ് ഇടപെട്ട് മാലിന്യം നീക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഉടമകൾ ഇതിനു വഴങ്ങാത്ത സ്ഥിതിയാണ്. ആശുപത്രിയിൽ നിന്നും ഉപേക്ഷിച്ച കോട്ടൻ തുണികളും പഞ്ഞി, സിറിഞ്ച്, മരുന്ന്, പ്ലാസ്റ്റിക്ക് കുപ്പികൾ എന്നിവ തള്ളിയ മാലിന്യത്തിലുണ്ട്. ഇവ വെള്ളം നനഞ്ഞ് മണ്ണിൽ ചേരുന്ന മുറയ്ക്ക് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

മാലിന്യം തീയിട്ടു കരിച്ചശേഷം ചാരവും ഈ പറമ്പിൽ ഉപേക്ഷിച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് ദുർഗന്ധവും ഒപ്പം ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവുമുണ്ട്. സമീപത്ത് കളിച്ചിരുന്ന കുട്ടികൾക്കും പരിസരവാസികളായ സ്ത്രീകൾക്കുമടക്കം പതിനഞ്ചോളം പേരാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്. മാലിന്യം തള്ളിയ പറമ്പിന് സമീപം ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. എന്നാൽ ആശുപത്രി ഉടമകൾക്ക് യാതൊരു കുലുക്കവുമില്ല. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും, സ്വന്തം ഭൂമിയിൽ എന്ത് ഇടണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നാണ് ഉടമകൾ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP