Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കുലേഷൻ ദീപിക തട്ടിയെടുക്കാതിരിക്കാൻ പിതാക്കന്മാരുടെ കാലു പിടിച്ച് കരഞ്ഞ് മാപ്പ് പറഞ്ഞ് മനോരമ; സഭക്കെതിരെ ഇനി ഒരക്ഷരം എഴുതരുതെന്ന് എഡിറ്റോറിയൽ ജീവനക്കാർക്ക് മുതലാളിയുടെ കർശന നിർദ്ദേശം; അന്ത്യഅത്താഴ ചിത്രത്തിലെ നഗ്ന കന്യാസ്ത്രീ വിവാദത്തിൽ വെള്ളം കുടിച്ച പത്രമുത്തശ്ശിക്കെതിരെ പ്രതിഷേധം ഇനി വേണ്ടെന്ന് വിശ്വാസികളോട് കത്തോലിക്കാ മെത്രാന്മാർ

സർക്കുലേഷൻ ദീപിക തട്ടിയെടുക്കാതിരിക്കാൻ പിതാക്കന്മാരുടെ കാലു പിടിച്ച് കരഞ്ഞ് മാപ്പ് പറഞ്ഞ് മനോരമ; സഭക്കെതിരെ ഇനി ഒരക്ഷരം എഴുതരുതെന്ന് എഡിറ്റോറിയൽ ജീവനക്കാർക്ക് മുതലാളിയുടെ കർശന നിർദ്ദേശം; അന്ത്യഅത്താഴ ചിത്രത്തിലെ നഗ്ന കന്യാസ്ത്രീ വിവാദത്തിൽ വെള്ളം കുടിച്ച പത്രമുത്തശ്ശിക്കെതിരെ പ്രതിഷേധം ഇനി വേണ്ടെന്ന് വിശ്വാസികളോട് കത്തോലിക്കാ മെത്രാന്മാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷണിയിൽ ചിത്രീകരിച്ച അന്ത്യഅത്താഴ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നഗ്നകന്യാസ്ത്രീയുടെ ചിത്രം വരച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കേരളക്കരയെ ഞെട്ടിക്കുന്നതായിരുന്നു. ഒരു വിഭാഗം വിശ്വാസികളും മെത്രാന്മാരും സ്‌പോൺസർ ചെയ്ത സമരം കണ്ട് പേടിച്ചു വിറച്ച മലയാള മനോരമ മാനേജ്‌മെന്റ് ഒടുവിൽ സർവപാപങ്ങളും ക്ഷമിക്കണമെന്ന് പറഞ്ഞ് മെത്രാന്മാരുടെ കാലു പിടിച്ചു. എന്നിട്ടും പ്രതിഷേധം തുടർന്നതോടെ ഇനി മേലിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ മനോരമ ഒരക്ഷരം മിണ്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രക്ഷോഭങ്ങൾ മതിയാക്കാമെന്ന് കാണിച്ച് കെസിബിസി വിശ്വാസികളോട് അഭ്യർത്ഥിച്ചു.

ഡാവിഞ്ചി വരച്ച ചിത്രത്തെ പെസഹ ആചരണ ശുശ്രൂഷ ചിത്രീകരിക്കുന്ന ചിത്രത്തെ അവഹേൡച്ചു എന്ന് തന്നെ വ്യക്തമാക്കി കൊണ്ടാണ് കെസിബിസി പത്രക്കുറിപ്പ് പുറപ്പെടുവിച്ചത്. മനപ്പൂർവ്വമല്ലാത്ത വീഴ്‌ച്ചകളാണ് പത്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അതുകൊണ്ട് ക്ഷമിക്കാമെന്നും പറഞ്ഞാണ് കെസിബിസി രംഗത്തുവന്നത്. ദീപികയുടെ സർക്കുലേഷൻ പരമാവധി കൂട്ടാൻ ഈ വിവാദം കൊണ്ട് സാധിച്ചിരുന്നു. മലയോര മേഖലയിൽ അടക്കം മനോരമയുടെ സർക്കുലേഷൻ കുത്തനെ കുറഞ്ഞതോടെ കരുഞ്ഞു കാലുപിടിക്കാൻ വേണ്ടി അരമനകൾ തോറും കയറി ഇറങ്ങുകയായിരുന്നു മനോരമ എക്‌സിക്യൂട്ടീവുമാർ. ഇനി ഒരിക്കലും ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു നൽകിയാണ് മനോരമ പ്രതിഷേധങ്ങളിൽ നിന്നും പിന്തിരിപ്പിച്ചത്.

'' തങ്ങൾക്ക് പറ്റിയ വീഴ്‌ച്ച തിരിച്ചറിഞ്ഞ മലയാള മനോരമ, പ്രതിഷേധർഹമായ പെയിന്റിങ് പിൻവലിച്ച് ഖേദം രേഖപ്പെടുത്തുകയും പത്രത്തിലൂടെ മാപ്പു ചോദിക്കുകും ചെയ്തു. കൂടാതെ കേരളത്തിലെ വ്യക്തിഗത സഭകളുടെ തലവന്മാരായ പിതാക്കന്മാരുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ വിശദീകരിക്കുകയുണ്ടായി. ഭാഷാപോഷിണി പ്രസിദ്ധീകരിച്ച അന്ത്യഅത്താഴ വിരുന്നിലെ വികല ചിത്രീകരണത്തിൽ സഭയ്ക്കുള്ള വേദനയും പ്രതിഷേധവും കെസിബിസി മനോരമയെ രേഖാമൂലം അറിയിച്ചിരുന്നു. കെസിബിസി മുന്നോട്ടു വച്ച നിർദ്ദേശ പ്രകാരം ജനുവരി 10ന് പിഒസിയിൽ വച്ച് മനോരമ പ്രസിദ്ധീകരണങ്ങളുടെ മുഖ്യ ചുമതലക്കാരും കെസിബിസി ഭാരവാഹികളുമായി നടന്ന ചർച്ചയിൽ കുറേക്കാലമായി മനോരമ അനുവർത്തിച്ചു പോരുന്ന സഭാവിരുദ്ധതയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. മനോരമ തിരുത്തലിനും പുനപരിശോധനക്കും തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു''- കെസിബിസി പുറപ്പെടുവിച്ച് കുറിപ്പിൽ പറയുന്നു.

ആർട്ടിസ്റ്റുകളുടെ ന്യായമായ ആഷിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കത്തോലിക്കാ സഭ മാനിക്കുന്നുവെന്നും എന്നാൽ കാലങ്ങളായി മനോരമയിൽ ജനങ്ങളിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിനും പ്രതീക്ഷയ്ക്കും നിരക്കാത്ത പ്രവൃത്തി ഭാഷാപോഷിണിയിലൂടെ ഉണ്ടായെന്നുമാണ് സഭയുടെ വിലയിരുത്തൽ. ഇക്കഴിഞ്ഞ ജനുവരി 11ന് എല്ലാ യൂണിറ്റുകളിലെയും എഡിറ്റോറിയൽ വിഭാഗത്തിന്റെ മീറ്റിങ് വിളിച്ച മനോരമ കത്തോലിക്കാ സഭയെയും വിശ്വാസികളുടെയും വികാരത്തെ വ്രണപ്പെടുത്തുന്ന യാതൊന്നും പാടില്ലെന്ന കർശന നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ഇക്കാര്യം സഭയെ അറിയിച്ചതോടെയാണ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാമെന്ന് കെബിസിസി പ്രസിഡന്റ് ആർച്ചുബിഷപ്പ് എം സൂസപാക്യം വിശ്വാസികളോടായി കുറിപ്പ് പുറപ്പെടുവിച്ചത്.

അന്ത്യ അത്താഴ വിരുന്നിന്റെ ചിത്രത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന തരത്തിൽ ചിത്രകാരൻ വരച്ചതും ഭാപോഷിണി പ്രസിദ്ധീകരിച്ചതുമായ ചിത്രത്തിന്റെ പേരിലുള്ള വിവാദം ബോധപൂർവ്വം സൃഷ്ടിച്ചതായിരുന്നു. ഈ നീക്കത്തിന് പിന്നിൽ ദീപികയുടെ മാനേജ്‌മെന്റായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ചുമതലയേറ്റ ദീപികയുടെ മാനേജിങ് എഡിറ്ററുടെ ആശയമായിരുന്നു ഇത്. എന്തായാലും വിവാദം കത്തിക്കയറിയതോടെ ദീപികയുടെ സർക്കുലേഷൻ വർധിക്കുകയും ചെയ്തു.

ടോം വട്ടക്കുഴിയുടെ വിവാദ ചിത്രം പുറം ലോകം അറിയും മുൻപ് തന്നെ മനോരമ പിൻവലിച്ചിരുന്നു. ഭാഷാപോഷിണി ഇറങ്ങിയ ദിവസം തന്നെ പിശക് കണ്ടെത്തിയ മനോരമ ടീം സർവ്വ കോപ്പികളും വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. തപാൽ വഴി വീടുകളിലേക്ക് അയച്ച കുറച്ചു കോപ്പികൾ മാത്രമായിരുന്നു പിൻവലിക്കാൻ സാധിക്കാതെ വന്നത്. അപ്പേഴേക്കും ദേശീയ പത്രമായ ഇന്ത്യൻ എക്സ്‌പ്രസ്സ് ഇതേ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് മറുനാടനും ഇതു വാർത്തയാക്കി. അതിനു ശേഷം രണ്ട് ദിവസം കൊണ്ടാണ് വിവരം പുറം ലോകം അറിഞ്ഞത്. വിവരം പുറത്ത് വന്ന ഉടനെ വൈദികൻ കൂടിയായ ദീപികയുടെ മാനേജിങ് എഡിറ്റർ ഇത് അവസരമായി കരുതുക ആയിരുന്നു.

തിരുവനന്തപുരം ലൂർദ്ദ് ഫെറോന പള്ളി വികാരിയും തീപ്പൊരി പ്രാസംഗികനുമായ ഡോ. മാണി പുതിയിടമാണ് ദിപികയുടെ മാനേജിങ് എഡിറ്റർ. ഏതാനും മാസങ്ങൾക്ക് മുൻപ് ദീപികയുടെ എംഡിയായി ചുമതലയേറ്റ ഈ വൈദികൻ അന്ന് മുതൽ പള്ളികൾ കേന്ദ്രീകരിച്ചു മനോരമയ്ക്ക് ബദലായി ദീപിക വളർത്താൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇത്തരം ശ്രമങ്ങൾ ഒക്കെ പണ്ടും ഉണ്ടായിരുന്നെങ്കിലും മനോരമയുടെ കുതന്ത്രങ്ങളിൽ പെട്ട് അവയെല്ലാം പരാജയപ്പെടുക ആയിരുന്നു. എന്നാൽ തൊട്ടതെല്ലാം പൊന്നാക്കി പാരമ്പര്യമുള്ള മാണിയച്ചൻ ഈ ദൗത്യം ഏറ്റെടുത്തതോടെ ദീപികയുടെ സർക്കുലേഷനിൽ കാര്യമായ വളർച്ചയും ഉണ്ടായിരുന്നു.

മിക്ക പള്ളികളിലും എത്തി മനോരമ വിരുദ്ധ പ്രസംഗം നടത്തി മുൻപ് തന്നെ മാണിയച്ചൻ മനോരമയുടെ നോട്ടപ്പുള്ളി ആയിരുന്നു. അതിനിടയിലാണ് ഈ വിവാദം വീണു കിട്ടിയത്. തുടർന്ന് മാണി അച്ചൻ നേരിട്ടിറങ്ങി ഇതു മൂപ്പിച്ചെടുക്കുക ആയിരുന്നു. സഭാ തലവൻ മാർ ആലഞ്ചേരി പ്രശ്‌നം തീർന്നെന്നു പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ദീപികയുടെ വളർച്ചക്കുള്ള സാധ്യത കണ്ടെത്തി മാണി അച്ചൻ രംഗത്തിറങ്ങിയത്. ഫാ: മാണിക്ക് കേരളം മുഴുവൻ വൻ തോതിൽ ബന്ധങ്ങൾ ഉണ്ട്. മാണിയച്ചൻ തന്നെ നേരിട്ട് വിളിച്ചു വൈദികരെയും കന്യാസ്ത്രീകളെയും രംഗത്ത് ഇറക്കുകയായിരുന്നു.

മനോരമ അടക്കമുള്ള മാദ്ധ്യമങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഡോക്യുമെന്ററികളും പള്ളികളിൽ പ്രദർശിപ്പിച്ചു വരുന്നുണ്ട്. മിക്ക പള്ളികളിലും പാതിയോളം ഇടവകക്കർ ഇപ്പോൾ ദീപിക വരിക്കാരായി കഴിഞ്ഞു. വിവാദം കൂടിയായതോടെ മനോരമ നിർത്തിയാണ് പലരും ദീപിക വരുത്തുന്നത്. പള്ളി പെരുന്നാളിന്റെയും മറ്റും വാർത്ത കൊടുത്തു ആളുകളെ പറ്റിക്കയാണെന്നും സഭയ്ക്ക് ഒരു ആവശ്യം വന്നാൽ ദീപികയേ ഉള്ളൂ എന്നുമാണ് ഫാ: മാണി പുതിയടത്തിന്റെ പ്രചരണത്തിന്റെ കാതൽ. തിരുവനന്തപുരം പോലെ സീറോ മലബാർ വിശ്വാസികൾ തീരരെ കുറിച്ചുള്ള സ്ഥലങ്ങളിൽ പോലും വൻ തോതിൽ സർക്കുലേഷൻ കൂട്ടാൻ ഫാ: മാണിക്ക് സാധിച്ചു.

ഈ വിവാദത്തോടെ മനോരമയുടെ സർക്കുലേഷൻ സീറോ മലബാർ ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ളിടങ്ങളിൽ എല്ലാം കുറഞ്ഞിരുന്നു. വിവാദത്തെ തുടർന്നു മനോരമയുടെ സർക്കുലേഷനിൽ കാൽ ലക്ഷത്തിലധികം കോപ്പിയുടെ കുറവു രേഖപ്പെടുത്തുമ്പോൾ കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് 30000 കോപ്പിയുടെ വർദ്ധനയുണ്ട്, ദീപിക ദിനപ്പത്രത്തിന്.

ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്‌നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രം മനോരമയുടെ ഭാഷാപോഷിണിയിൽ അടിച്ചു വന്നത്. ക്രൈസ്തവ വിശ്വാസത്തെ മനോരമ തകർത്തുവെന്ന ആരോപണവുമായി വിശ്വാസികൾ തെരുവിലെത്തി. പത്രത്തിനെതിരെ കത്തോലിക്കാ സഭയും പ്രതിഷേധവുമായി കത്ത് നൽകി. ഇതോടെ ക്രൈസ്തവ ഏജന്റുമാർ പത്രത്തെ കൈവിട്ടു. അവർ നേരിട്ട് പ്രതിഷേധ കത്തെഴുതി.

വിവാദ ഭാഷാപോഷണി പിൻവലിച്ചതിന് അപ്പുറം മനോരമ ഒന്നും ചെയ്തില്ലെന്നാണ് വിശ്വാസികളുടെ പരാതി. ഭാഷാപോഷണിയുടെ ചുമതലക്കാരനായ കെസി നാരായണനെ പുറത്താക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. മനോരമയുടെ കുടുംബാഗത്തെ പോലെ കരുതി പണിയെടുക്കുന്ന നാരായണനെ കൈവിടാൻ മനോരമ തയ്യാറല്ലെന്ന വസ്തുതയാണ് വിശ്വാസികളെ ചൊടിപ്പിക്കുന്നത്. ഇതോടെ പ്രതിഷേധം തെരുവിലെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP