Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആപ്പിളിനെ തോൽപ്പിക്കുന്ന മൊബൈൽ ഫോണും പ്രഖ്യാപിച്ച് തട്ടിപ്പിനിറങ്ങിയ അഗസ്റ്റിൻ സഹോദരങ്ങളുടെ കെണിയിൽ നിന്നും പിണറായി വിജയൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; മുകേഷിന്റെ ബന്ധുക്കളെ മുമ്പിൽ നിർത്തി നടത്തിയ പുതിയ നാടകത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറിയത് അവസാന നിമിഷം: സത്യം മറച്ചുവച്ചതിന് മുകേഷിനെ പിണറായി ശാസിച്ചതായും സൂചന

ആപ്പിളിനെ തോൽപ്പിക്കുന്ന മൊബൈൽ ഫോണും പ്രഖ്യാപിച്ച് തട്ടിപ്പിനിറങ്ങിയ അഗസ്റ്റിൻ സഹോദരങ്ങളുടെ കെണിയിൽ നിന്നും പിണറായി വിജയൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; മുകേഷിന്റെ ബന്ധുക്കളെ മുമ്പിൽ നിർത്തി നടത്തിയ പുതിയ നാടകത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറിയത് അവസാന നിമിഷം: സത്യം മറച്ചുവച്ചതിന് മുകേഷിനെ പിണറായി ശാസിച്ചതായും സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 6000 കോടി നിക്ഷേപിച്ച് അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ മലയാളി സഹോദരങ്ങൾ ഇറക്കുന്നുവെന്ന ചാനലുകളും, പത്രങ്ങളും ഉളുപ്പില്ലാതെ പ്രഖ്യാപിച്ച വാർത്ത വായനക്കാർ ഓർക്കുന്നുണ്ടാവും. ചൈനയിൽ പ്രത്യേക ഫാക്ടറിയും കൊറിയയിൽ ഗവേഷണ കേന്ദ്രവും ഒക്കെ തുറന്ന വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു മൊബൈൽ ഉദ്ഘാടനം പ്രഖ്യാപിച്ചത്. പത്രങ്ങളുടെ ഒന്നാം പേജിൽ പരസ്യവും, ചാനലുകളുടെ പ്രത്യേക പരിപാടിയും ഒക്കെയായി നടത്തിയ പ്രഖ്യാപനം വെറും തട്ടിപ്പാണെന്നു മറുനാടൻ റിപ്പോർട്ട് ചെയ്തു. ഉദ്ഘാടന ദിവസം തന്നെ മൊബൈൽ കമ്പനി മുതലാളിമാർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പരസ്യം വാങ്ങിയ മാദ്ധ്യമങ്ങൾ ഒന്നും അറിയാത്ത മട്ടിൽ അവഗണിക്കുകയും ചെയ്തു.

നിരവധി കേസുകളിൽ പെട്ട അഗസ്റ്റിൻ സഹോദരന്മാർ വീണ്ടും രംഗത്തു വന്നിരിക്കുകയാണ്. ഇവരുടെ സ്വപ്‌നമായിരുന്ന മൊബൈൽ തട്ടിപ്പ് പൊളിച്ചത് മറുനാടൻ ആയതുകൊണ്ട് ഒരു ഓൺലൈൻ പത്രവുമായാണ് ഇവരുടെ പുതിയ കടന്നുവരവ്. ഈ ഓൺലൈൻ പത്രത്തിന്റെ പിന്നിൽ ഇവരാണ് എന്നറിഞ്ഞാൽ പണി കിട്ടും എന്നറിയാവുന്നതുകൊണ്ട് നടനും ഇടതു എംഎൽഎയുമായ മുകേഷിന്റെ ബന്ധുക്കളെ മുന്നിൽ നിർത്തിയാണ് ഓപ്പറേഷൻ. മുകേഷിന്റെ ബന്ധുവിന്റെ സ്ഥാപനം എന്ന നിലയിൽ ഓൺലൈൻ പത്രത്തിന്റെ ഉദാഘാടനത്തിന് വരാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഏൽക്കുകയും ചെയ്തു. അതിനിടയിൽ ആവേശം കയറിയ സഖാക്കൾ അഗസ്റ്റിൻ സഹോദരന്മാർ നേരിട്ട് പത്രക്കാരോടും മറ്റും തന്റെ ഓൺലൈൻ പത്രത്തെക്കുറിച്ച പറഞ്ഞതായും ആവരെ ക്ഷണിച്ചതുമാണ് പുലിവാലായത്. ഇവർ നേരിട്ട് രംഗത്തിറങ്ങി പത്രക്കാരെ ക്ഷണിക്കാൻ തുടങ്ങിയതോടെ വിവരം മുഖ്യമന്ത്രിയുടെ ചെവിയിൽ എത്തുകയായിരുന്നു.

ഇന്നലെ രാവിലെ എറണാകുളത്തെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി ഈ ഉദ്ഘാടനം ആയിരുന്നു. നടൻ മുകേഷും അഗസ്റ്റിൻ സഹോദരന്മാരുടെ ഉറ്റ സുഹൃത്തായ റിപ്പോർട്ടർ ഉടമ നികേഷ് കുമാറും കെവി തോമസും അടക്കമുള്ള അതിഥികൾ ആണ് എത്തിച്ചേർന്നത്. അഗസ്റ്റിൻ സഹോദരന്മാരാണ് ഇതിന്റെ പിന്നിലെന്ന വിവരം ലഭിച്ച മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം തലേന്നു രാത്രിയിൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെ അവസാന നിമിഷം പിണറായിയ പിന്മാറുകയാിരുന്നു. വിവരം മറച്ചുവച്ചതിന് മുകേഷിനോട് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈനിലൂടെ ലക്ഷ്യമിട്ടത് പുതയ തട്ടിപ്പാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. വിപുലമായ ഉദ്ഘാടനം എന്ന നിലയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതു ഇക്കൂട്ടരാണ് എന്നാൽ ഓൺലൈനിന്റെ പിന്നണിയിലുള്ളത് തട്ടിപ്പുകാരാണെന്ന് ബോധ്യമായതോടെ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാതെ പിന്മാറി. അതേസമയം കഥയറിയാതെയാണ് കെ വി തോമസ് അടക്കമുള്ളവർ ചടങ്ങിനെത്തിയത്. സിനിമാ രംഗത്തെ ചിലരും ഉദ്ഘാടന ചടങ്ങിനെത്തി. നടനും ഇടതു എംഎൽഎയുമായ മുകേഷിന്റെ ബന്ധുവിനെയാണ് അഗസ്റ്റിൻ സഹോദരന്മാർ വെബ്‌സൈറ്റിന്റെ മുന്നിൽ പ്രവർത്തിക്കുന്നത്.

തുടക്കം മുതൽ തന്നെ മാംഗോ ഫോണിന്റെ ശിൽപ്പിക്കളുടെ അടുപ്പക്കാനായ എം വി നികേഷ് കുമാറും മുഖ്യകാര്യദർശിയുടെ റോളിൽ സ്ഥലത്തുണ്ടായിരുന്നു. ഈ ചാനൽ പ്രവർത്തകൻ തട്ടിപ്പുകാരായ ഇവരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റുകയും ചെയ്തിരുന്നു എന്ന ആരോപണം നേരത്തെ ഉയർന്നതാണ്. മാംഗോഫോൺ തട്ടിപ്പ് കേരളത്തിൽ വിലപ്പോകാതെ വന്നപ്പോൾ വിദേശമലയാളികളെ ലക്ഷ്യമിട്ടാണ് അഗസ്റ്റിൻ സഹോദരന്മാരുടെ നീക്കമെന്നാണ് സൂചന.

ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോണെന്ന അവകാശവാദവുമായി രംഗത്തത്തെി ഫ്രാഞ്ചൈസി വഴിയും മറ്റും വൻ തട്ടിപ്പിനായിരുന്നു മാംഗോഫോൺ ഉടമകൾ ലക്ഷ്യമിട്ടത്. ഒരു നക്ഷത്ര ഹോട്ടലിൽ വച്ച് ഫോൺ ലോഞ്ച് ചെയ്യുന്ന പരിപാടിയും ഇവർ സംഘടിപ്പിച്ചുന്നു. എന്നാൽ മറുനാടൻ വാർത്തയെ തുടർന്ന് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളായ ഇവരെ ഉദ്ഘാടനത്തിന് തൊട്ടു മുമ്പാണ് അറസ്റ്റു ചെയ്തത്. വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാദ്ധ്യമങ്ങൾക്കും നൽകിയിരുന്നു. മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ മുൻപേജിൽ ഫുൾപേജ് പരസ്യവും നൽകി. എന്നാൽ, ഈ മാദ്ധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. ഇതോടെ സ്വയം കബളിപ്പിക്കപ്പെട്ട മാദ്ധ്യമങ്ങളും ഈ വിഷയത്തിൽ മൗനത്തിലായിരുന്നു. റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ചേർന്നാണ് ആപ്പിളിനെ തോൽപ്പിക്കുന്ന മലയാളികളുടെ മൊബൈൽ കമ്പനി എന്ന പേരിൽ മാംഗോ ഫോൺ അവതരിപ്പിക്കാൻ രംഗത്തെത്തിയത്. നിരവധി ബാങ്കുകളെ വ്യാജരേഖ ഉപയോഗിച്ച് കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ലക്ഷങ്ങളുടെ പരസ്യവുമായി ഇവർ എത്തിയതോടെ തട്ടിപ്പുകളെ കുറിച്ചെല്ലാം ഇവർ മൗനം പാലിച്ചു. ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. പിന്നീട് ഈ ഫോണിനെ കുറിച്ച് ആരും കേട്ടിരുന്നില്ല.

കോടികളുടെ പരസ്യം വാങ്ങിയ പ്രമുഖ മാദ്ധ്യമങ്ങളെല്ലാം വ്യാജ പരസ്യക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ഈ കെണിയിൽ ആരും വീഴരുതെന്ന് മുന്നറിയിപ്പ് നൽകി വാർത്ത നൽകിയത് മറുനാടൻ മലയാളിയാണ്. സ്ഥാപനത്തിന്റെ തട്ടിപ്പുകളെക്കുറിച്ച് വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ പരസ്യം കിട്ടുമല്ലോ എന്നോർത്ത് കമ്പനിക്കെതിരെ വാർത്ത നൽകാതിരിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ. എന്നാൽ കമ്പനി ഉടമ അറസ്റ്റിലായതോടെ ഗംഭീരമായി പരസ്യം പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളും വെട്ടിലായി.

കൊച്ചിയിലെ എസ് ബി ടിയുടെ കളമശ്ശേരി ബാങ്കിന്റെ ശാഖയിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിന്റെ പേരിലും ഇവർക്കെതിരെ കേസ് നിലവിലുണ്ട്. എസ് ബി ടിക്ക് പണയപ്പെടുത്തിയ വസ്തു തന്നെ ബാങ്ക് ഓഫ് ബറോഡയ്ക്കും പണയപ്പെടുത്തി ഇവർ തട്ടിപ്പ് നടത്തുകയായിരുന്നു. എസ് ബി ടിയിൽ വച്ച വസ്തുവിന്റെ വ്യാജരേഖ ഉണ്ടാക്കിയാണ് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും രണ്ടരക്കൊടിയോളം രൂപ വായ്പയെടുത്തത്. വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എ എം ഡബ്യു ട്രക്കുകളുടെ കേരളത്തിലെ ഡീലർമാരായിരുന്നു കമ്പനി ഉടമകൾ. ഈ കമ്പനിയുടെ പ്രവർത്തനം അവസാനിച്ചതോടെയാണ് ഇവർ മാംഗോ മൊബൈലുമായി രംഗത്തത്തെിയത്.

ഇവരുടെ ഏഷ്യൻ ടിമ്പേഴ്‌സ്, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രവൈറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പേരിലും കേസുകൾ നിലവിലുണ്ട്. മാംഗോ ഫോണിന്റെ ഫ്രാഞ്ചസെികളുടെ പേരിൽ പണപ്പിരിവ് നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. സച്ചിൻ ടെണ്ടുകൾക്കർ, അമിതാബ് ബച്ചൻ എന്നിവരെ ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നെല്ലാം ഇവർ വ്യക്തമാക്കിയിരുന്നു. നേരത്തെ ഒരു മുൻ ജീവനക്കാരി നൽകിയ പരാതിയിലും ഇവർക്കെതിരെ കേസെടുത്തിരുന്നു. ജീവനക്കാരി പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് മാംഗോ തട്ടിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയതും അത് പുറത്തുകൊണ്ടുവന്നതും.

ആപ്പിളിനെ വെല്ലുന്നതാണ് മലയാളികൾ പുറത്തിറക്കുന്ന ഫോൺ എന്നതായിരുന്നു ഇവരുടെ അവകാശവാദം. കൊറിയൻ ടെക്‌നോളജിയിലാണ് ഫോൺ പുറത്തിറക്കുന്നതെന്നും പറഞ്ഞു. 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നത്. 5,800 മുതൽ 34,000 രൂപ വരെയാണ് വിലയെന്ന് ഇവർ അവകാശപ്പെട്ടിരുന്നത്. ഈ ഫോണുകൾ എന്ന വിധിത്തിൽ ലോഞ്ച് ചെയ്യുകയുമുണ്ടായി. എന്നാൽ, പിന്നീട് കമ്പനിയെ കുറിച്ചും ഫോണിനെ കുറിച്ചും ആരും അറിഞ്ഞല്ല. സച്ചിൻ ടെണ്ടുൽക്കറിനെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ അവകാശവാദവും വ്യാജമായിരുന്നു.

ഈ മാംഗോ തട്ടിപ്പിന്റെ പിന്നാലെയാണ് മുന്നിൽ മറ്റുള്ളവരെ നിർത്തി വീണ്ടും ഇവർ രംഗത്തുവന്നത്. നേരിട്ട രംഗത്തിറങ്ങിയാൽ തട്ടിപ്പ് വ്യക്തമാകുമെന്ന് അറിഞ്ഞു കൊണ്ടാണ് ഇവർ ഇത്തവണ മറ്റു മാർഗ്ഗങ്ങളിലൂടെ രംഗത്തുവന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP