Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിക്കിനേത്തു മുതലാളി തല്ലിക്കൊന്ന പാവപ്പെട്ട ക്യാഷറുടെ ശാപം ചന്ദ്രശേഖര പിള്ളയ്ക്കു വിനയായി; കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഡിവൈഎസ്‌പിക്കു സ്ഥാനക്കയറ്റം നിരസിച്ചപ്പോൾ ഒരേ ബാച്ചിൽ ജോലിയിൽ കയറിയ കേസിനു ജീവൻ നൽകിയ ഉദ്യോഗസ്ഥനു പ്രൊമോഷൻ; മുക്കിയ ഫയൽ ഒക്കെ പൊങ്ങിയതിനാൽ ഇനി ശിക്ഷയും വാങ്ങേണ്ടി വരും

കരിക്കിനേത്തു മുതലാളി തല്ലിക്കൊന്ന പാവപ്പെട്ട ക്യാഷറുടെ ശാപം ചന്ദ്രശേഖര പിള്ളയ്ക്കു വിനയായി; കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഡിവൈഎസ്‌പിക്കു സ്ഥാനക്കയറ്റം നിരസിച്ചപ്പോൾ ഒരേ ബാച്ചിൽ ജോലിയിൽ കയറിയ കേസിനു ജീവൻ നൽകിയ ഉദ്യോഗസ്ഥനു പ്രൊമോഷൻ; മുക്കിയ ഫയൽ ഒക്കെ പൊങ്ങിയതിനാൽ ഇനി ശിക്ഷയും വാങ്ങേണ്ടി വരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാടിനെ നടുക്കിയ കരിക്കിനേത്ത് ടെക്സ്റ്റയിൽസ് കൊലപാതകക്കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഡിവൈ.എസ്‌പിയെ എസ്‌പിമാരുടെ പട്ടികയിൽ നിന്ന് സംസ്ഥാന സർക്കാർ ഒഴിവാക്കി. കരിക്കനേത്തിൽ കൊല്ലപ്പെട്ട ജീവനക്കാരന്റെ ശാപമാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഏതായാലും ചന്ദ്രശേഖര പിള്ളയ്ക്കുണ്ടായ തിരിച്ചടി ചർച്ചയാവുകയാണ്.

തിരുവല്ല ഡിവൈ.എസ്‌പി ചന്ദ്രശേഖരപിള്ളയെയാണ് ഒഴിവാക്കിയിരിക്കുന്നത്. 1995 ബാച്ചിലെ എസ്ഐമാരുടെ പട്ടികയിൽ ഉൾപ്പെട്ട 24 പേർക്ക് എസ്‌പിയായി സ്ഥാനക്കയറ്റം നൽകാനാണ് കഴിഞ്ഞ ദിവസം ചേർന്ന ഡിപിസി തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകും. കരിക്കിനേത്ത് കേസ് രണ്ടാമത് അന്വേഷിക്കുകയും യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഡിവൈ.എസ്‌പി എൻ. രാജേഷിന് സ്ഥാനക്കയറ്റത്തിനുള്ള പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നിലവിൽ കായംകുളം ഡിവൈ.എസ്‌പിയാണ് രാജേഷ്.

കരിക്കിനേത്ത് തുണിക്കടയിൽ മൃഗീയമായി കൊലചെയ്യപ്പെട്ട ആനിക്കാട് സ്വദേശി ബാബു പി. ജോസഫിന്റെ ബന്ധുക്കൾ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസും രണ്ടാമത് കേസ് അന്വേഷിച്ച അന്നത്തെ പത്തനംതിട്ട എസ്‌പി പുട്ട വിമലാദിത്യ, ഡിസിആർബി ഡിവൈ.എസ്‌പിയായിരുന്ന എൻ. രാജേഷ് എന്നിവർ നൽകിയ റിപ്പോർട്ടുകളും ഇതിന്റെ അടിസ്ഥാനത്തിലുള്ള പണിഷ്മെന്റ് റോളും (പിആർ) ആണ് ചന്ദ്രശേഖരപിള്ളയ്ക്ക് വിനയായിരിക്കുന്നത്. ആദ്യം എസ്എസ്ബിയും സ്പെഷ്യൽ ബ്രാഞ്ചും പിള്ളയ്ക്ക് എതിരായി റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് ആസ്ഥാനത്തുള്ള പിടിപാടിലൂടെ നടപടിയുണ്ടാകാതെ ഇതു പൂഴ്‌ത്തി വയ്പിക്കാൻ പിള്ളയ്ക്ക് കഴിഞ്ഞിരുന്നു.

എന്നാൽ, കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബാബുവിന്റെ ബന്ധുക്കൾ ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചു. ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ എടുത്ത നടപടി വിശദമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടതോടെ പൊലീസ് ആസ്ഥാനത്ത് മുക്കി വച്ചിരുന്ന ഫയൽ പൊങ്ങി. പിള്ളയ്ക്കെതിരേ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകി. കുട്ടിക്കാനം പൊലീസ് ക്യാമ്പിലെ കമാൻഡന്റിനെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചത്. ഈ റിപ്പോർട്ടും പിള്ളയ്ക്ക് എതിരായി. തനിക്ക് പ്രമോഷൻ ലഭിക്കില്ലെന്ന് ഉറപ്പായ പിള്ള ഡിപിസി ചേരുന്നത് ഒഴിവാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതു കോടതി തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഡിപിസി ചേർന്ന് മറ്റു ഡിവൈ.എസ്‌പിമാരുടെ സ്ഥാനക്കയറ്റം അംഗീകരിച്ചത്.

ചുരുങ്ങിയ കാലം മാത്രമാണ് പിള്ളയ്ക്ക് സർവീസ് ബാക്കിയുള്ളത്. അതിനിടെയാണ് അർഹതപ്പെട്ട സ്ഥാനക്കയറ്റം കൈവിട്ടു പോയിരിക്കുന്നത്. കരിക്കിനേത്ത് കേസ് ഒതുക്കാൻ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്‌പി പ്രവർത്തിച്ചുവെന്നാണ് പരാതി. കേസിലെ പ്രതികളുടെ കൈയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണവുമുണ്ടായിരുന്നു. കേസ് ഒതുക്കാൻ വേണ്ടി ആദ്യം പത്തനംതിട്ട സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞ അന്നത്തെ കോട്ടയം ഡിവൈഎസ്‌പി വി. അജിത്തിനും ഇപ്പോഴത്തെ സ്ഥാനക്കയറ്റ പട്ടികയിൽ ഇടം പിടിക്കാനായിട്ടുണ്ട്. സംഭവം അറിയാതെയായിരുന്നു അജിത്തിന്റെ പ്രതികരണം. പിന്നീട് കാര്യം മനസിലായപ്പോൾ അദ്ദേഹം നിലപാട് തിരുത്തുകയും ചെയ്തു.

2013 നവംബർ ഏഴിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്. ഇടതും വലതും ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളെയും വലുതും ചെറുതുമായ മാദ്ധ്യമങ്ങളെയും പണം കൊടുത്ത് വായടപ്പിച്ച് കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പുറത്തു കൊണ്ടുവന്നത് മറുനാടന്റെ ഒറ്റയാൻ പോരാട്ടമായിരുന്നു. പണവും സ്വാധീനവും ഉന്നതബന്ധവുമുണ്ടെങ്കിൽ ഏതു കൊലപാതകക്കേസും അട്ടിമറിക്കാമെന്ന രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും വൻകിട മുതലാളിമാരുടെയും വ്യാമോഹം തകർത്തെറിഞ്ഞ സംഭവം കൂടിയായിരുന്നു പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രാലയത്തിലെ കാഷ്യർ ബിജു പി. ജോസഫിന്റെ കൊലപാതകം.

കടയ്ക്കുള്ളിൽ ബിജു മരിച്ചു നിമിഷങ്ങൾ കഴിയുന്നതിന് മുൻപ് പത്തനംതിട്ട് എസ്ഐ ആയിരുന്ന മനുരാജിന് ഒരു ഫോൺ വന്നു. പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യർ ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞ് എസ്.ഐയെ വിളിച്ചത് കോട്ടയം ഡിവൈ.എസ്‌പിയായിരുന്ന അജിത്തായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വിശ്വസ്തനായിരുന്നു ഈ ഡിവൈ.എസ് പി. മിനിസ്റ്റർക്ക് താൽപര്യമുള്ള കേസാണെന്ന് കൂടി ഡിവൈ.എസ് പി പറഞ്ഞെങ്കിലും മാന്യനായ എസ്ഐ നേരായ വഴിയിലൂടെയാണ് അന്വേഷണം നടത്തിയത്. പിറ്റേന്ന് രാവിലെ സംഭവം പുറംലോകമറിഞ്ഞു.

കൊലപാതകികൾ നെഞ്ചും വിരിച്ച് നാട്ടിലൂടെ നടന്നു. ബിജുവിനെ തല്ലിക്കൊന്നതാണ്. കടയ്ക്കുള്ളിലാണ് ബിജു മർദനമേറ്റ് മരിച്ചത്. ആ സമയത്ത് കടയിലുണ്ടായിരുന്നവർ പ്രതികളാണ്. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മതി. പക്ഷേ, അങ്ങനെ ഒരു നീക്കം ഒരിക്കലും ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഒരാഴ്ചയോളം അതങ്ങനെ പോയി. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടെ പേരു പറഞ്ഞ് അറസ്റ്റും അന്വേഷണവുമൊക്കെ നീട്ടിക്കൊണ്ടു പോയി. ജനസമ്പർക്ക പരിപാടിയുടെ ദിവസം ചില മാദ്ധ്യമങ്ങളുടെ ഒന്നാം പേജിൽ കരിക്കിനേത്തുകൊലപാതകം പൊലീസ് അട്ടിമറിച്ചത് എങ്ങനെയെന്ന വിശദമായ വാർത്ത വന്നു. അതിലൊരു കോപ്പി മുഖ്യനും കിട്ടി. പിന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു.

ലോക്കൽ പൊലീസ് പണം വാങ്ങി കേസ് അട്ടിമറിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എ. ഹേമചന്ദ്രൻ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തി എഡിജിപി ശാസിച്ചതിനു ശേഷമായിരുന്നു അന്വേഷണസംഘം എടുത്തത്. ലോക്കൽ പൊലീസിന്റെ നടപടി സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്നും ജനങ്ങളുടെ ഇടയിൽ വിശ്വാസത്തിന് കോട്ടം തട്ടുന്നതിന് കാരണമായെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ക്രമസമാധാന തകർച്ചയ്ക്കും ഇത് വഴിവയ്ക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇത്രയും ഗൗരവകരമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടും അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചതെന്നും ചില ഉദ്യോഗസ്ഥർക്ക് കടയുടമയ്ക്ക് വേണ്ടി ഒരു തോമസുകുട്ടി വൻതുക കൈക്കൂലി നൽകിയെന്നും പരാമർശം ഉണ്ടായിരുന്നു. എസ്‌പിയായിരുന്ന പി. വിമലാദിത്യ, ജില്ലാ ക്രൈം റെക്കോഡ്സ്ബ്യൂറോ ഡിവൈ.എസ്‌പിയായിരുന്ന എൻ. രാജേഷ്, പത്തനംതിട്ട എസ്ഐയായിരുന്ന മനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.

ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കൈക്കൂലി കൈപ്പറ്റാത്ത ഏക ഉദ്യോഗസ്ഥനാണ് മനുരാജ് എന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ കരിക്കിനേത്തുകാർ ഇളകി. പുതിയ കഥ മെനഞ്ഞ് തങ്ങളുടെ ഡ്രൈവറെ മാത്രം കൊലക്കേസിൽ പ്രതിയാക്കാൻ നീക്കം തുടങ്ങി. അതിനായി അയാളുടെ വീട്ടിൽ ലക്ഷങ്ങൾ എത്തിച്ചു കൊടുത്തു. അറസ്റ്റ് ചെയ്യുമ്പോൾ പറയാൻ ഒരു കഥയും തയാറാക്കി ഡ്രൈവറെ പൊലീസിന് കൈമാറാൻ ധാരണയുമായി. വിവരം മണത്തറിഞ്ഞ മറുനാടൻ സംഗതി പരസ്യമാക്കി. എസ്‌പിയുടെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഡ്രൈവർ മൊഴിമാറ്റി. പിന്നെ അനൗപചാരികതകൾ മാത്രം ബാക്കി. കരിക്കിനേത്ത് ജോസ്, ജോർജ്, കൈപ്പട്ടൂർ കരിക്കിനേത്തിലെ കാഷ്യർ എന്നിവരടക്കം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. അന്ന് ഒരു കോൺഗ്രസ് മന്ത്രി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു: എന്തായാലും അവൻ (ബിജു) പട്ടിയെപ്പോലെ ചത്തു. ജീവിച്ചിരിക്കുന്ന മാന്യന്മാരെ കുരുക്കാൻ ഓരോരുത്തൻ ഇറങ്ങിക്കോളും.

കരിക്കിനേത്ത് കേസ് അട്ടിമറിക്കുന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്തു. പാവങ്ങളെ ആർക്കും തല്ലാം കൊല്ലാം. ഒരു പട്ടിയും ചോദിക്കില്ല എന്ന ആത്മവിശ്വാസമായിരുന്നു കരിക്കിനേത്തിന്റെ ഉടമകൾക്ക്. കേസ് ഇതുവരെ കോടതിയിൽ എത്തിയിട്ടില്ല. ശിക്ഷാവിധിയിൽ നിന്ന് ആരു വിചാരിച്ചാലും കരിക്കിനേത്ത് സഹോദരന്മാർക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധമുള്ള കുറ്റപത്രമാണ് നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP