Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അക്കിത്തത്തെ ആദരിച്ച് കവിതയുടെ കാർണിവലിന് പ്രൗഢോജ്വല സമാപനം; അടുത്ത കാർണിവലിന് വീണ്ടും കാണാമെന്നു പറഞ്ഞ് കാവ്യപ്രിയർ കവിത ചൊല്ലിപ്പിരിഞ്ഞു

അക്കിത്തത്തെ ആദരിച്ച് കവിതയുടെ കാർണിവലിന് പ്രൗഢോജ്വല സമാപനം; അടുത്ത കാർണിവലിന് വീണ്ടും കാണാമെന്നു പറഞ്ഞ് കാവ്യപ്രിയർ കവിത ചൊല്ലിപ്പിരിഞ്ഞു

പട്ടാമ്പി: മലയാളത്തിന്റെ പ്രിയകവി പത്മശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആദരിച്ച് കവിതാ സ്‌നേഹികൾ കവിതചൊല്ലിപ്പിരിഞ്ഞു. കവിതയുടെ വഴികളും വരികളും വിശദമായി ചർച്ച ചെയ്തും ചൊല്ലിയും പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കവിതയുടെ കാർണിവലിന്റെ രണ്ടാം പതിപ്പിന് പ്രൗഢോജ്വല സമാപനമായി.

പത്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ച കവി അക്കിത്തത്തിന് റിയാസ് കോമു വരച്ച ചിത്രം യുവ കവയത്രി റൊമില സമ്മാനിച്ചു. എഴുത്തുകാരായ പി പി രാമചന്ദ്രൻ, വിജു നായരങ്ങാടി, സജയ് കെ വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കവിതയെക്കുറിച്ചു സംവദിക്കാൻ ഇത്തരം കാർണിവലുകൾ ഉണ്ടാകേണ്ടിയിരിക്കുന്നെന്നും തുടർച്ചയുണ്ടാകണമെന്നും അക്കിത്തം പറഞ്ഞു. പ്രായത്തിന്റെ വിവശതകൾ അവഗണിച്ചും കവിത ചൊല്ലിയാണ് അക്കിത്തം കാവ്യപ്രിയരുടെ ആദരത്തിന് മറുപടി നൽകിയത്.

സ്വന്തം ദേശത്തുനിന്ന് ഓടിപ്പോകേണ്ടിവന്നവരാണ് മിഡിൽ ഈസ്റ്റിലെ എഴുത്തുകാരെന്നും അതാണ് ആ ഭാഷയുടെ നേട്ടവും കോട്ടവുമെന്നും മിഡിൽ ഈസ്റ്റിൽനിന്നുള്ള പാലങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ വി മുസഫർ അഹമ്മദ് പറഞ്ഞു. പ്രകൃതിയോടു പിൻപറ്റി എഴുതിയ കവികളാണ് പി കുഞ്ഞിരാമൻ നായരും ഡി വിനയചന്ദ്രനുമെന്ന് ഭാഷാപോഷിണി പത്രാധിപസമിതിയംഗം ഡോ. കെ എം വേണുഗോപാൽ പറഞ്ഞു. കുട്ടികളുടെ കാവ്യാലാപന മത്സരത്തോടെയും സാവിത്രി രാജീവനും എസ് ജോസഫും പങ്കെടുത്ത കവി സംവാദത്തോടെയുമാണ് കവിതയുടെ കാർണിവലിന് തിരശീല വീണത്.

നാലു ദിവസങ്ങളിലായാണ് കവിതയുടെ കാർണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജ് വേദിയായത്. വിവർത്തനമായിരുന്നു ഇക്കുറി കാർണിവലിന്റെ പ്രമേയം. ദക്ഷിണേന്ത്യൻ ഭാഷകളിലെ കവിതകളുടെ വിവർത്തന ശിൽപശാലയായിരുന്നു കാർണിവലിൽ ഏറ്റവും ശ്രദ്ധേയമായത്. ഇടശേരിയുടെ പൂതപ്പാട്ടിന് കോളജിലെ തിയേറ്റർ ഗ്രൂപ്പ് ഒരുക്കിയ സാമൂഹികാവിഷ്‌കാരം, ഒരു ദേശം കവിത ചൊല്ലുന്നു വേറിട്ട അനുഭവമായി.

കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി എഴുത്തുകാരും സാഹിത്യാസ്വാദകരും കാർണിവലിനെത്തി. കവിതയെക്കുറിച്ചു പഠിക്കുന്നവർക്കും സാഹിത്യ പ്രേമികൾക്കും മികച്ച പാഠശാലയാണ് കാർണിവലിലൂടെ ഒരുക്കിയതെന്ന് പങ്കെടുക്കാനെത്തിയവർ അഭിപ്രായപ്പെട്ടു. കവിതയെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകളും ആസ്വാദനവുമായി അടുത്തവർഷം കാർണിവലിന്റെ മൂന്നാം പതിപ്പു സംഘടിപ്പിക്കുമെന്ന് പട്ടാമ്പി കോളജ് മലയാള വിഭാഗ അധ്യക്ഷൻ എച്ച് കെ സന്തോഷ് പറഞ്ഞു. കവി പി പി രാമചന്ദ്രനായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP