Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായിയുടെ വിശ്വസ്തനായ മെത്രാൻ വിരട്ടിയപ്പോൾ എസ്എഫ്‌ഐ വാലും ചുരുട്ടി പിൻവാങ്ങി; കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ സമരക്കാരുടെ ആവശ്യങ്ങളെല്ലാം ജലരേഖയായി; അകാരണമായി പുറത്താക്കിയ വിദ്യാർത്ഥി കാമ്പസിന് പുറത്തുതന്നെ; കുഴപ്പക്കാരനായ വൈദികൻ ഇപ്പോഴും വിദ്യാർത്ഥികളെ മാനസികമായി തകർത്ത് കാമ്പസിൽ വിലസുന്നു

പിണറായിയുടെ വിശ്വസ്തനായ മെത്രാൻ വിരട്ടിയപ്പോൾ എസ്എഫ്‌ഐ വാലും ചുരുട്ടി പിൻവാങ്ങി; കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ സമരക്കാരുടെ ആവശ്യങ്ങളെല്ലാം ജലരേഖയായി; അകാരണമായി പുറത്താക്കിയ വിദ്യാർത്ഥി കാമ്പസിന് പുറത്തുതന്നെ; കുഴപ്പക്കാരനായ വൈദികൻ ഇപ്പോഴും വിദ്യാർത്ഥികളെ മാനസികമായി തകർത്ത് കാമ്പസിൽ വിലസുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ കാഞ്ഞിപ്പള്ളി മെത്രാന്റെ വിരട്ടലിൽ സമരം അവസാനിപ്പിച്ച് എസ്എഫ്‌ഐയുടെ പിന്മാറ്റം. അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ സമരരംഗത്തെത്തിയ എസ്എഫ്‌ഐ സമരം തീർക്കാൻ ഉന്നയിച്ച ആവശ്യങ്ങൾ ഭൂരിഭാഗവും അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. ഇതോടെയാണ് കരുത്തരായ കത്തോലിക്കാ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കാഞ്ഞിരപ്പള്ളി എൻജിനീയറിങ് കോളേജിനെതിരായ സമരം ആവശ്യങ്ങൾ അംഗീകരിപ്പെടാതെ അവസാനിച്ചത്. കത്തോലിക്കാ സ്ഥാപനമെന്ന നിലയിൽ വിശ്വാസികളുടെ വികാരം കൂടി ഇളക്കിവിട്ടു കൊണ്ടാണ് സമരത്തെ ചെറുക്കാൻ സമരക്കാർ രംഗത്തുവന്നത്.

കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കൽ നേരിട്ടു തന്നെ എൻജിനീയറിങ് കോളേജ് സമരം തീർക്കാൻ ഇടപെട്ടു എന്നാണ് അറിവ്. സിപിഐ(എം) നേതാക്കളെ കൂട്ടുപിടിച്ച് എസ്എഫ്‌ഐ സമരത്തെ ഒതുക്കുക എന്ന നയമാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇതിനായി വിദ്യാർത്ഥികൾ സമരത്തിന് ഇറങ്ങിയ ദിവസം സമരക്കാരെ ചർച്ചക്ക് വിളിച്ച് നാല് ദിവസത്തെ സാവകാശം ചോദിച്ചു. ഈ നാല് ദിവസങ്ങളിൽ സമരത്തിനിറങ്ങിയ വിദ്യാർത്ഥികളെ വിരട്ടിക്കൊണ്ടും സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ വഴി എസ്എഫ്‌ഐക്ക് നിർദ്ദേശം നൽകിയും ഒതുക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ഭൂരിപക്ഷം ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം ഈ വാഗ്ദാനത്തിൽ നിന്നും പിന്തിരിയുന്ന സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇതോടെ തുടർസമരത്തിന് നിൽക്കാതെ ചെറിയ ആവശ്യങ്ങൾ മാത്രം നേടി എസ്എഫ്‌ഐ സമര രംഗത്തു നിന്നം പിന്മാറുകയും ചെയ്തു.

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സമരത്തിന്റെ ആവശ്യമെല്ലാം തെറ്റായിരുന്നു എന്ന് പറഞ്ഞ് വിദ്യാർത്ഥികളെ കുറ്റപ്പെടുത്തിയും മാനേജ്‌മെന്റിനെ വെള്ളപൂശിയുമുള്ള അഭിപ്രായങ്ങളാണ് നടക്കുന്നത്. വിദ്യാർത്ഥികളെ അകാരണമായി മാനസികമായും ശാരീരികമായും കുട്ടികളെ ഉപദ്രവിക്കുന്ന വൈദികനും ഒരു വകുപ്പിന്റെ തലവനുമായ ഫാദർ റൂബനെ നീക്കം ചെയ്യണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടാണ് കോളേജ് അധികൃതർ കൈക്കൊണ്ടത്. റൂബിനെ മാറ്റാൻ സാധിക്കില്ലെന്ന് കാണിച്ച് വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും നിർബന്ധമായി മാനേജ്‌മെന്റ് എഴുതി ഒപ്പിട്ടുവാങ്ങിയിരുന്നു. ഇത് മാത്രമല്ല, അമൽജ്യോതിയിലെ വിദ്യാർത്ഥിയായ മാത്യു ഏലിയാസിനെ പുറത്താക്കിയ നടപടി തിരുത്തണമെന്ന മറ്റൊരു പ്രധാന ആവശ്യവും ഇതോടെ നിരാകരിക്കപ്പെട്ടു. മാത്യു ഏലിയാസിനെ തിരിച്ചെടുക്കില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. മറ്റ് ആക്ഷേപങ്ങൾ പരിശോധിക്കാമെന്ന് മാത്രം പറയുകയും ചെയ്തു.

ഈ വിദ്യാർത്ഥിയെ പൊതുജന സമൂഹത്തിൽ അവഹേളിക്കുന്ന വിധത്തിലാണ് ഇപ്പോൾ മാനേജ്‌മെന്റ് അനുകൂലികളിൽ നിന്നും പ്രതികരണം ഉണ്ടായിരിക്കുന്നത്. മാത്യു ഏലിയാസ് കോളജിലെ അച്ചടക്കം ലംഘിച്ചുവെന്നും മയക്കുമരുന്നിന് അടിമയാണെന്നുമാണ് കോളേജ് മാനേജ്‌മെന്റ് ആരോപിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങൾ തെളിയിക്കാൻ വൈദ്യപരിശോധനക്ക് അടക്കം തയ്യാറാണെന്നും മാത്യു വെല്ലുവിളിക്കുന്നു. എന്നാൽ, ഈ വെല്ലുവിളി ഏറ്റെടുക്കാൻ മാനേജ്‌മെന്റ് തയ്യാറല്ല താനും. ശാസ്ത്ര സർവകലശാല വി സിക്ക് ഏതിരായി പരീക്ഷമാറ്റിവച്ചതിന്റെ പേരിൽ ഫേയിസ് ബുക്കിൽ പോസ്റ്റിട്ടെന്നും ടി സി ബലമായി വാങ്ങിക്കൊണ്ടു പോയെമന്നുമാണ് മറ്റൊരു ആരോപണം. ഈ ആരോപണങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നാണ് വിദ്യാർത്ഥി വ്യക്തമാക്കിയത്.

ഓണാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു എന്ന കാരണം കൊണ്ടാണ് വിദ്യാർത്ഥിയെ സ്‌ഫോടക വസ്തു കൊണ്ടുവന്നുവെന്ന വിധത്തിൽ ക്രിമിനൽ കുറ്റം കോളേജ് ആരോപിച്ചത്. സ്‌ഫോടക വസ്തു കൊണ്ടുവന്നെങ്കിൽ എന്തുകൊണ്ട് പൊലീസിൽ ഏൽപ്പിക്കാൻ തയ്യാറായില്ലെന്ന ചോദ്യവും അവിടെ നിൽക്കുന്നു. പരീക്ഷ തുടർച്ചയായി മാറ്റിവച്ചതിന്റെ പേരിലാണ് മാത്യു ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്. ഈ പ്രതികരണത്തിന്റെ പേരിൽ എന്തിനാണ് ഇത്രയും കർക്കശ നടപടിയെന്ന ചോദ്യത്തിനും ഉത്തരമില്ലാത്ത അവസ്ഥയാണ്.

ആദ്യ രണ്ട് സെമസ്റ്റർ പരീക്ഷയിൽ 70 ശതമാനം മാർക്കോട് കൂടി എല്ലാ വിഷയവും പാസായ ഒരു വിദ്യാർത്ഥിയായിരുന്നു മാത്യു ഏലിയാസ്. ഇങ്ങനെയുള്ള വിദ്യാർത്ഥി എങ്ങനെ മൂന്നാ സെമസ്റ്റർ പരീക്ഷയുടെ ഒരു പരീക്ഷ എഴുതിയ ശേഷം ടി.സി. വാങ്ങി പോകുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. എല്ലാ അർത്ഥത്തിലും വിദ്യാർത്ഥിയുടെ ന്യായമായ ആവശ്യങ്ങളെ നിഷേധിക്കുന്ന സമീപനമാണ് മാനേജ്‌മെന്റ് ന്ടത്തിയത്. എന്നാൽ, സോഷ്യൽ മീഡിയയിൽ അടക്കം കത്തോലിക്കാ സഭയെ തകർക്കാനുള്ള ശ്രമമെന്ന വിധത്തിൽ സഭാ വിശ്വാസികളെ തെറ്റിന് കൂട്ടു പിടിക്കുന്ന ശൈലിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.

ഈ വിദ്യാർത്ഥി അമൽജ്യോതിയിൽ തുടർന്നാൽ ആറുമാസത്തിനകം തന്റെ മകന്റെ ശവം കാണേണ്ടിവരും എന്ന് കോളേജ് അധികാരികൾ ഭീഷണിപ്പെടുത്തിയെന്നും മറ്റും പറഞ്ഞാണ് കുട്ടിയുടെ അമ്മ സഹതാപതരംഗം ഇളക്കിവിട്ടെന്നും പറഞ്ഞാണ് മാനേജ്‌മെന്റ് പ്രതിരോധിക്കുന്നത്. എന്നാൽ, ഇതിനൊന്നും അടിസ്ഥാനമില്ലെന്നാണ് മാത്യു ഏലിയാസ് പറയുന്നത്. കേരളത്തിലെ സ്വയാശ്രയ കോളേജുകളിൽ കയറിപറ്റുക എന്നതും വിദ്യാർത്ഥിരാഷ്ട്രീയ പ്രസ്ത്ഥാനങ്ങൾ രൂപീകരിക്കുക എന്നതും രാഷ്ട്രീയ പാർട്ടികളുടെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഇവർ പ്രതിരോധം തീർക്കുന്നത്. തലശ്ശേരി വിമൽ ജ്യോതി കോളേജിനെതിരായ സമരവും അവർ ചൂണ്ടിക്കാട്ടുന്നു.

കോളേജിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഫാദർ റൂബിനെതിരെ പരാതി പറഞ്ഞിരുന്നു. എന്നാൽ, ഈ റൂബിനെ കൈവിടാൻ കത്തോലിക്കാ സഭയും മാനേജ്‌മെന്റും തയ്യാറായില്ല. കോളേജിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ ചുക്കാൻ പിടിക്കുകയും കോളേജിനെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫാദർ റൂബിനെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഈ ആവശ്യം കോളേജിന്റെ വളർച്ചയെ തടയാൻ വേണ്ടിയാണെന്നും മാനേജ്‌മെന്റ് വാദിക്കുന്നു. അതേസമയം വൈദികനെതിരെ പരാതി ഉന്നയിച്ച് സമരത്തിനിറങ്ങിയ വിദ്യാർത്ഥികളും കടുത്ത ആശങ്കയിലാണ്. പെൺകുട്ടികൾ അടക്കം എസ്എഫ്‌ഐ സമരം നടത്തിയപ്പോൾ കാമ്പസിന് അകത്ത് സമര രംഗത്തുണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം മാനേജ്‌മെന്റിന്റെ പ്രതികാരം ഭയന്നിരിക്കയാണ്.

അതേസമയം മാദ്ധ്യമങ്ങളെയും തങ്ങളുടെ സ്വാധീനം കൊണ്ട് കൈയിലെടുക്കാൻ അമൽ ജ്യോതി മാനേജ്‌മെന്റിന് സാധിച്ചിരുന്നു. മുഖ്യധാര പത്രങ്ങളൊന്നും അമൽ ജ്യോതിക്കെതിരെ ഒരക്ഷരം പറയാൻ തയ്യാറായില്ല. ലോ അക്കാദമി വിഷയം കത്തിക്കുന്ന പല മാദ്ധ്യമങ്ങളും കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള കോളേജിനെതിരായ സമരം കണ്ടില്ലെന്ന നടിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പുറത്താക്കിയും അവരുടെ ഭാവി തുലച്ചും വരെയാണ് ഇതുവരെ അമൽ ജ്യോതി മാനേജ്‌മെന്റ് വിദ്യാർത്ഥി സമരങ്ങളെ നേരിട്ടത്.

വിവിധ ഇനത്തിൽ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയിരുന്ന ഫൈനുകൾ നിർത്തലാക്കാം എന്നതായിരുന്നു എസ്എഫ്‌ഐയുമായി നടത്തിയ ചർച്ചയിലെ ഒരു പ്രധാന വാഗ്ദാനം. ഒരു ദിവസം ക്ലാസിൽ പോകാതിരുന്നാൽ അതിന് 150 രൂപ ഫൈനായി ഈടാക്കിയിരുന്നത്. ഐഡന്റീറ്റി കാർഡ് മറന്നാൽ അതിനും പിഴ നൽകേണ്ട അവസ്ഥയും ഇവിടെ ഉണ്ടായിരുന്നു. ഇതിന് 100 രൂപയാണ് ഒരു വിദ്യാർത്ഥിയിൽ നിന്നും ഈടാക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവർ നിർബന്ധമായും ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുക്കണമെന്നതാണ് കോളേജ് മാനേജ്‌മെന്റിന്റെ നിബന്ധന. ഈ സംവിധാനങ്ങളെല്ലാം പുനപ്പരിശോധിക്കാമെന്നാണ് മാനേജ്‌മെന്റിന്റെ വാഗ്ദാനം. ഈ ആവശ്യങ്ങളിൽ മാത്രം എസ്എഫ്‌ഐ ഭാഗികമായെങ്കിലും വിജയിച്ചപ്പോൾ അകാരണമായി പുറത്താക്കിയ വിദ്യാർത്ഥി പെരുവഴിയിൽ തന്നെയായി എന്നതാണ് സമരത്തിന്റെ ബാക്കിപത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP