Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിന്നലിംഗക്കാർക്കു വേണ്ടി കണ്ണീരൊഴുക്കുന്ന മാർത്തോമ്മാസഭ സ്ത്രീകളെ തീണ്ടാപ്പാടകലെ നിർത്തുന്നു; മാരാമൺ കൺവൻഷൻ രാത്രിയോഗങ്ങളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള സമരം കയ്യാങ്കളിയിലേക്ക്; ശബരിമല കയറാൻ ഒരുങ്ങുന്ന തൃപ്തി ദേശായി പക്ഷക്കാർക്കും ഇക്കാര്യത്തിൽ മൗനം

ഭിന്നലിംഗക്കാർക്കു വേണ്ടി കണ്ണീരൊഴുക്കുന്ന മാർത്തോമ്മാസഭ സ്ത്രീകളെ തീണ്ടാപ്പാടകലെ നിർത്തുന്നു; മാരാമൺ കൺവൻഷൻ രാത്രിയോഗങ്ങളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള സമരം കയ്യാങ്കളിയിലേക്ക്; ശബരിമല കയറാൻ ഒരുങ്ങുന്ന തൃപ്തി ദേശായി പക്ഷക്കാർക്കും ഇക്കാര്യത്തിൽ മൗനം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭിന്നലിംഗക്കാർക്ക് വേണ്ടി കണ്ണീർ ധാരധാരയായി ഒഴുക്കുകയാണ് മാർത്തോമ്മ മെത്രാപ്പൊലീത്തയും അനുയായികളും. അതേസമയം, തന്നെ സ്വന്തം സഭയിലെ സ്ത്രീജനങ്ങൾക്ക് വിലക്ക് കൽപിച്ച് തീണ്ടാപ്പാടകലെ നിർത്തുകയും ചെയ്യുന്നു ഈ ക്രിസ്തുശിഷ്യന്മാർ. മാരാമൺ കൺവൻഷന്റെ രാത്രിയോഗങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള സാമൂഹിക പ്രവർത്തകരുടെ സമരം കൈയാങ്കളിയിലേക്ക് നീങ്ങുമ്പോൾ കൈക്കരുത്തു കൊണ്ട് അടിച്ചമർത്താൻ ഒരുങ്ങുകയാണ് ഈ നല്ലയിടയന്മാർ. ശബരിമല കേറാൻ മുണ്ടുംമടക്കിക്കുത്തി നിൽക്കുന്ന തൃപ്തി ദേശായി പക്ഷക്കാർക്കും ഇക്കാര്യത്തിൽ വാ തുറക്കേണ്ട.

കൺവൻഷൻ അടുക്കുന്തോറും മാരാമൺ കലുഷിതമാവുകയാണ്. മാരാമൺ കൺവൻഷനിലെ രാത്രി യോഗങ്ങളിലെ സ്ത്രീവിലക്കിനെതിരെ നവീകരണ വേദി പ്രവർത്തകർ ഇന്നലെ വൈകിട്ട് കോഴഞ്ചേരിയിൽ സംഘടിപ്പിച്ച യോഗം മാർത്തോമ്മ സഭാവിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. നവീകരണ വേദി പ്രവർത്തകരുടെ യോഗസ്ഥലത്തേക്ക് സംഘടിച്ചെത്തിയ ഒരു വിഭാഗം വിശ്വാസികൾ പരിപാടിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് ഇടപെട്ട് നവീകരണവേദി പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു.

80 വർഷം മുൻപ് സഭ പാസാക്കിയ പ്രമേയ പ്രകാരം വൈകിട്ട് ആറരയ്ക്ക് ശേഷം മാരാമൺ കൺവൻഷൻ നഗരിയിലേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല. ഇത് തിരുത്തണമെന്നാവശ്യപ്പെട്ട് കൺവൻഷന്റെ സംഘാടകരായ മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘത്തിന്റെ യോഗത്തിൽ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. എന്നാൽ നിലവിലെ രീതി തുടർന്നാൽ മതിയെന്ന നിലപാട് സഭാ നേതൃത്വവും സ്വീകരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വിലക്ക് നീക്കണമെന്ന നിലപാടുകാരായ ഒരു വിഭാഗം വിശ്വാസികളുടെ കൂട്ടായ്മയായ നവീകരണ വേദി കോഴഞ്ചേരിയിൽ ബഹുജന സ്ത്രീകൂട്ടായ്മ സംഘടിപ്പിച്ചത്. എന്നാൽ യോഗം ആരംഭിച്ചതോടെ സുവിശേഷ പ്രസംഗ സംഘം കൺവീനർ അനീഷ് കുന്നപ്പുഴയുടെ നേതൃത്വത്തിൽ ഒരു വിഭാഗം സഭാവിശ്വാസികൾ സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു.

പൊലീസ് ഇടപട്ടതോടെ പ്രതിഷേധക്കാർ അവർക്കെതിരെ തിരിഞ്ഞു. തുടർന്ന് പൊലീസും സമരക്കാരും തമ്മിലായി വാക്കേറ്റം. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർക്കു നേരെയും സഭാ വിശ്വാസികൾ പ്രതിഷേധവുമായെത്തി. നവീകരണ വേദി പ്രവർത്തകരെ നീക്കിയില്ലെങ്കിൽ സംഘർഷമുണ്ടാകുമെന്ന് സഭാവിശ്വാസികൾ ഭീഷണി മുഴക്കിയതോടെ പൊലീസ് ഇടപെട്ട് ഇവരെ നീക്കുകയായിരുന്നു. സാമൂഹിക പ്രവർത്തക ലില്ലി തോമസ്, വനിതാ കലാ സാഹിതി സംസ്ഥാന പ്രസിഡന്റും മുൻ മുഖ്യമന്ത്രി പി.കെ.വിയുടെ മകളുമായ ശാരദാ മോഹനടക്കം നിരവധി പേർ നവീകരണ വേദിയുടെ കൂട്ടായ്മയ്‌ക്കെത്തിയിരുന്നു.

സമാധാനപരമായി നടത്തിയ യോഗമാണ് ഒരു വിഭാഗം സഭാവിശ്വാസികൾ അലങ്കോലപ്പെടുത്തിയതെന്നും പൊലീസ് സംരക്ഷണം നൽക്കാൻ തയാറായില്ലെന്നും നവീകരണ വേദി പ്രവർത്തകർ ആരോപിച്ചു. സാധ്യമായ വേദികളിലെല്ലാം വിഷയം ഉന്നയിക്കുമെന്നും അവർ പറഞ്ഞു. ഇതു സഭയുടെ പ്രശ്‌നമായതിനാൽ മറ്റ് സ്ത്രീപക്ഷ വാദികളൊന്നും ഇടപെട്ടിട്ടില്ല. ശബരിമലയിൽ സ്ത്രീ പ്രവേശനം വേണമെന്ന് ശഠിക്കുന്ന ഇടതുപക്ഷ പ്രമുഖരെയും മാരാമണിലേക്ക് കാണാനില്ല എന്നതാണ് രസകരമായ വസ്തുത. ഇതിനിടെയാണ് ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ സഭ തീരുമാനിച്ചത്. ഇതിനായി നവോദയ പ്രസ്ഥാനം രൂപീകരിച്ചിരുന്നു. ഇതിന്റെ പ്രവർത്തനമാണ് കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഭിന്നലിംഗക്കാരെ സർക്കാരിന്റെ സഹായത്തോടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP