Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മക്കളെ എങ്ങനെയെങ്കിലും ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർബന്ധം; പ്രത്യേകം പരിശീലിപ്പിക്കാനായി അദ്ധ്യാപികയെ നിയമിച്ചു; ഗെയിം മോഡലിൽ ക്ലാസിൽ പരിശീലിപ്പിച്ചപ്പോൾ ഒരു കുട്ടി സ്ലിപ്പുമായി വീട്ടിലെത്തിയപ്പോൾ വിവാദമായി; ജയ്‌റാണി പബ്ലിക് സ്‌കൂൾ പുലിവാല് പിടിച്ചത് മാതാപിതാക്കളുടെ ഇംഗ്ലീഷ് പ്രേമം കാരണം

മക്കളെ എങ്ങനെയെങ്കിലും ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർബന്ധം; പ്രത്യേകം പരിശീലിപ്പിക്കാനായി അദ്ധ്യാപികയെ നിയമിച്ചു;  ഗെയിം മോഡലിൽ ക്ലാസിൽ പരിശീലിപ്പിച്ചപ്പോൾ ഒരു കുട്ടി സ്ലിപ്പുമായി വീട്ടിലെത്തിയപ്പോൾ വിവാദമായി; ജയ്‌റാണി പബ്ലിക് സ്‌കൂൾ പുലിവാല് പിടിച്ചത് മാതാപിതാക്കളുടെ ഇംഗ്ലീഷ് പ്രേമം കാരണം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: സർക്കാർ ജോലിയുള്ളവരുടെ മക്കൾ നിർബന്ധമായും സർക്കാർ സ്‌കൂളികളിൽ നിന്നും വിദ്യാഭ്യാസം നേടണം എന്നൊരു നിയമം വന്നാൽ എങ്ങനെയിരിക്കും? ഇതിനെതിരെ ആദ്യം കൊടിപിടിക്കുന്നത് ഉദ്യോഗസ്ഥർ തന്നെയാകും. മികച്ച വിദ്യാഭ്യാസം നേടാനും മക്കൾ സായിപ്പന്മാരെ പോലെ വർത്തമാനം പറയണമെന്നുമുള്ള വാശി രക്ഷിതാക്കൾക്കാണ്. കുട്ടികളുടെ ഭാവിക്ക് ഇംഗ്ലീഷ് മുതൽ കൂട്ടാകുമെന്ന ധാരണയിൽ തന്നെയാണ് രക്ഷിതാക്കൾ ഇങ്ങനെ വാശി പിടിക്കുന്നതും. എന്നാൽ അടുത്ത കാലത്തായി മാദ്ധ്യമങ്ങളിൽ വാർത്തകളിൽ ഇടംപിടിക്കുന്നത് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന ചില ബുദ്ധിമുട്ടുകളെ കുറിച്ചാണ്.

ഇംഗ്ലീഷ് ഭാഷയിൽ തെറ്റുവരുത്തിയാൽ അതിന്റെ പേരിൽ കുട്ടികൾക്ക് ഇംപോസിഷൻ നൽകിയ മുൻകാല സംഭവങ്ങളൊക്കെയാണ് ഇപ്പോൾ ചാനലുകളിൽ വാർത്തയാകുന്നത്. ഇത്തരമൊരു വിവാദത്തിലാണ് തൊടുപുഴയിലെ കാളിയാർ ജയ്‌റാണി പബ്ലിക് സ്‌കൂളിലും അരങ്ങേറിയത്. മാദ്ധ്യമങ്ങളിലെല്ലാം വലിയ തോതിൽ വാർത്തയാകുകയും മാതൃഭൂമി പോലൊരു പത്രം എഡിറ്റോറിയൽ എഴുതുകയും ചെയത ഈ സംഭവത്തിലെ യഥാർത്ഥ കഥ എന്താണ്? ഇതേക്കുറിച്ച് അന്വേഷണം നടത്തിയ മറുനാടൻ മലയാളിക്ക് ലഭിച്ചത് മറ്റൊരു കഥയാണ്. മാതാപിതാക്കളുടെ ഇംഗ്ലീഷ് പ്രേമത്താൽ പുലിവാല് പിടിച്ച മാനേജ്‌മെന്റിന്റെ കഥ.

തൊടുപുഴയിൽ സന്യാസിനി സമൂഹം നടത്തുന്ന സ്‌കൂളാണ് ജയ്‌റാണി പബ്ലിക് സ്‌കൂൾ. സി.ബി.എസ്.ഇ. സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ ഇംഗ്ലീഷിലാണ് പാഠ്യരീതി അവലംബിച്ചിട്ടുള്ളത്. പൊതുവേ ക്രൈസ്തവ സ്‌കുളുകളിൽ മികച്ച രീതിയിൽ വിദ്യാഭ്യാസം ലഭിക്കുമെന്ന പൊതുചിന്തം കേരള സമൂഹത്തിലുണ്ട്. ഈ വിശ്വാസം കാത്തുസൂക്ഷിക്കാനും ഈ സ്‌കൂളിന് സാധിച്ചിരുന്നു. ഇങ്ങനെ നല്ലരീതിയിൽ മുന്നോട്ടു പോകുമ്പോഴാണ് ഒരു പിറ്റിഎ യോഗത്തിൽ രക്ഷിതാക്കൾ മക്കളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കാൻ  വേണ്ടി നടപടി വേണമെന്ന് അഭിപ്രായം ഉയർന്നത്. കുട്ടികൾ എങ്ങനെയെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കണം എന്നത് മാത്രമായിരുന്നു രക്ഷിതാക്കൾക്ക് പറയാനുണ്ടായിരുന്നത്. ഇതോടെയാണ്  കുട്ടികളുടെ ഇംഗ്ലീഷ് സംസാരത്തിലും പ്രാവീണ്യവും വർദ്ധിപ്പിക്കാൻ പ്രത്യേകം പ്രവർത്തനം തുടങ്ങിയത്.

ഇംഗ്ലീഷ് സംസാരശേഷി വർദ്ധിപ്പിക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ ചുമതലപ്പെടുത്തുകയായിരുന്നു. രക്ഷിതാക്കളുടെ നിർബന്ധം ഒന്നു കൊണ്ട് മാത്രമാണ് മാനേജ്‌മെന്റ് ഈ തീരുമാനത്തിലേക്ക് എത്തിയത്. അങ്ങനെയാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറായി നാഗലാന്റ് സ്വദേശിനിയായ അദ്ധ്യാപികയെ ചുമതലപ്പെടുത്തിയത്. അവരുടെ സ്ഥാപനത്തിന്റെ പ്രവർത്തന ഭാഗമായി വിനോദത്തിലൂടെ ഇംഗ്ലീഷ് സംസാരശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി അംഗീകരിച്ച് നടപ്പിലാക്കി വരികയായിരുന്നു.

കുട്ടികൾക്ക് കൂടി മാനസികോല്ലാസം വരുന്ന വിധത്തിൽ ചില കളികളിലൂടെയും മറ്റുമാണ് പഠനം മുന്നോട്ടുപോയത്. ഇതിനായി ക്ലാസ്മുറിയിൽ ഗെയിം മോഡലിലും പരിശീലിപ്പിച്ചിരുന്നു.  വിവിധ തരത്തിലുള്ള സംഭാഷണ രീതികൾ പരിശീലിപ്പിക്കുകയും അത് തെറ്റിച്ച് മലയാളത്തിൽ സംസാരിക്കുന്നവർക്ക് ഒരു സ്ലീപ്പ് പിൻ ചെയ്യുന്ന രീതിയാണ് അവലംബിച്ചത്. ഇത് അത് മാറി മാറി ഓരോ കുട്ടിയും കൈമാറിയിരുന്നു. അത് തെറ്റിച്ചു ചെയ്യുന്ന രണ്ട് പേർക്ക് സ്ലിപ്പ് കുത്തി കൊടുക്കുന്ന ഒരു ഗെയിം എന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചത്.

ഫെബ്രുവരി 8 ന് അവസാന പിരീഡിലാണ് വിവാദമായ പ്രശ്‌നങ്ങൾക്ക് വഴിയൊരുങ്ങിയത്. സ്ലിപ്പ് ലഭിച്ച രണ്ട് കുട്ടികളിൽ ഒരാൾ സ്‌കൂൾ വിട്ടപ്പോൾ പേപ്പർ ഊരി അദ്ധ്യാപികയെ ഏൽപ്പിച്ചു. മറ്റൊരാൾ ഇത് ബാഗിൽ വച്ച് വീട്ടിൽ കൊണ്ടുപോയതാണ് വിവാദമാകുന്നത്. ഇത് ശ്രദ്ധയിൽപെട്ട പിതാവ് കുട്ടിയെ പരസ്യമായി അവഹേളിച്ചു എന്ന് തെറ്റിദ്ധരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടത്തിയ പൊലീസ് അദ്ധ്യാപികയെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്തു. തമാശ ഉൾപ്പെടുത്തിയ പഠനരീതിയിൽ കുട്ടിക്കും രക്ഷിതാവിനും വിഷമം ഉണ്ടായതിൽ അദ്ധ്യാപിക ഖേദം പ്രകടിപ്പിക്കുകയും,  രക്ഷിതാവിനോട് ക്ഷമാപണം നടത്തുവാനും തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. കാര്യങ്ങൾ ബോധ്യപ്പെട്ട രക്ഷിതാവ് പരാതി പിൻവലിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

ഇതിനിടെ ചില കേന്ദ്രങ്ങൾ മാതൃഭാഷാ സ്‌നേഹത്തിന്റെ പേര് പറഞ്ഞ് മീഡിയ വഴി സംഭവം വിവാദമാക്കിയത്. വലിയ തോതിൽ ഇത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടുന്നതിനാണ് തങ്ങൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ കുട്ടികളെ ചേർത്തതെന്നും പി.റ്റി.എ. വ്യക്തമാക്കി. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്‌കൂളിനെ മലയാളഭാഷയുടെ പേര് പറഞ്ഞ് പൊതുജന മദ്ധ്യത്തിൽ അവഹേളിച്ചതിൽ ദുഃഖമുണ്ടെന്നും പി.റ്റി.എ. ഭാരവാഹികൾ പറഞ്ഞു. ഇവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപകരും ഒരിക്കലും മാതൃഭാഷയെ അവഹേളിക്കുവാൻ ശ്രമിച്ചിട്ടില്ല. മാതൃഭാഷയുടെ പേരിൽ സ്‌കൂളിനെ സമൂഹമദ്ധ്യത്തിൽ താഴ്‌ത്തികെട്ടുവാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്നും പി.റ്റി.എ. വ്യക്തമാക്കി.

പ്രദേശത്തെ സ്‌കൂളുകൾ തമ്മിലുള്ള വടംവലിയും ഈ വിവാദത്തിന്റെ മൂർച്ഛ കൂട്ടിയതായാണ് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായത്. തൊടുപുഴയിൽ തന്നെയുള്ള മറ്റു ചില സ്‌കൂളുകൾ ഈ അവസരം മുതലെടുത്ത് രംഗത്തെത്തുകയും ചെയ്തു. ഇതാണ് വിഷയം കൂടുതൽ വഷളാക്കിയത്. ചുരുക്കത്തിൽ ഇംഗ്ലീഷിനോടുള്ള രക്ഷിതാക്കളുടെ അമിതമായ പ്രേമം തന്നെയാണ് ജയറാണി പബ്ലിക് സ്‌കൂളിന് വിനയായതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP