Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറിൽ സ്റ്റാറാകാൻ ഒരുങ്ങി വക്കം! കോഴക്കേസ് ഒതുക്കാൻ മധ്യസ്ഥനായി രംഗപ്രവേശം ചെയ്തത് കേരള രാഷ്ട്രീയത്തിലേക്കുള്ള രണ്ടാം വരവ് ലക്ഷ്യമിട്ട്; ഊരാക്കുടുക്കിൽ നിന്നും സർക്കാരിനെ രക്ഷിച്ചാൽ കാത്തിരിക്കുന്നത് കെപിസിസി അധ്യക്ഷ പദവി?

ബാറിൽ സ്റ്റാറാകാൻ ഒരുങ്ങി വക്കം! കോഴക്കേസ് ഒതുക്കാൻ മധ്യസ്ഥനായി രംഗപ്രവേശം ചെയ്തത് കേരള രാഷ്ട്രീയത്തിലേക്കുള്ള രണ്ടാം വരവ് ലക്ഷ്യമിട്ട്; ഊരാക്കുടുക്കിൽ നിന്നും സർക്കാരിനെ രക്ഷിച്ചാൽ കാത്തിരിക്കുന്നത് കെപിസിസി അധ്യക്ഷ പദവി?

ബി രഘുരാജ്‌

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ രക്ഷകനാകുകയാണ് വക്കം പുരുഷോത്തമന്റെ ലക്ഷ്യം. ഇതിലൂടെ വക്കം പലതും കണക്കുകൂട്ടൂന്നുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമായി മാറുകയാണ് ഉദ്ദേശ്യം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്തുണ അതിന് ആവശ്യവുമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് ബാർ അഴിമതിയിൽ ഒത്തുതീർപ്പുകാരന്റെ റോളിൽ മുൻ ഗവർണ്ണറും ധനമന്ത്രിയും എല്ലാമായ വക്കം നിറയുന്നത്. കോൺഗ്രസിലെ എഗ്രൂപ്പിലെ രണ്ടാം സ്ഥാനവും കെപിസിസി പ്രസിഡന്റ് സ്ഥാനവും മനസ്സിൽ വച്ചാണ് വക്കം കരുക്കൾ നീക്കുന്നത്.

ബാർ കോഴക്കേസ് വരുതിക്കാക്കാൻ ഉമ്മൻ ചാണ്ടിക്ക് ആരോപണം ഉന്നയിച്ച ബാർ ഉടമ ബിജു രമേശിന്റെ പിന്തുണ അനിവാര്യമാണ്. വക്കം പുരുഷോത്തമൻ ഇക്കാര്യം ഉറപ്പാക്കും. അതിന് ചില ഉപാധികളും വക്കം മുഖ്യമന്ത്രിക്ക് മുന്നിൽ വച്ചിട്ടുണ്ട്. ഗവർണ്ണർ സ്ഥാനം ഒഴിഞ്ഞ് തിരിച്ചെത്തിയ വക്കത്തിന് സംസ്ഥാന രാഷ്ട്രീയത്തിൽ നിലവിൽ ഒരു റോളുമില്ല. തന്നെക്കാൾ ജൂനിയർ നേതാക്കളാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറയുന്നത്. അതിന് മാറ്റമുണ്ടാകണം. അർഹിക്കുന്ന സ്ഥാനം തനിക്ക് നൽകിയേ മതിയാകൂ എന്ന് മുഖ്യമന്ത്രിയോട് വക്കം ആവശ്യപ്പെട്ടുകഴിഞ്ഞു. എ ഗ്രൂപ്പിലെ രണ്ടാമനെന്ന പദവിയാണ് മനസ്സിൽ. അതായത് അടുത്ത കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് പറയാതെ പറയുകയാണ് വക്കം.

അതേസമയം കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഒന്നിലധികം രേഖകൾ ബിജു രമേശ് ഉൾപ്പെടുന്ന സംഘത്തിന്റെ കൈവശമുണ്ടെന്നാണ് സൂചന. ഇക്കാര്യം മുഖ്യമന്ത്രിയും മനസ്സിലാക്കുന്നു. കോഴ ഇടപാടുമായി ബന്ധപ്പെട്ട് ബാറുടമകളും നേതാക്കളും തമ്മിൽ നടന്ന ചില ഫോൺ സംഭാഷണങ്ങളും പണം കൈമാറിയതിനുള്ള ഒളികാമറ ദൃശ്യങ്ങളും ബാറുടമകളുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ഈ രേഖകൾ ഉണ്ടെന്ന വിവരം കേരള കോൺഗ്രസ് നേതാക്കൾക്കും അറിയാം. രേഖകൾ വിജിലൻസിന്റെ പക്കലെത്താതിരിക്കാനുള്ള നീക്കമാണ് മുൻ എക്‌സൈസ് മന്ത്രികൂടിയായ വക്കം പരുഷോത്തമന്റെ നേതൃത്വത്തിൽ നടക്കുന്നത്.

തിരുവനന്തപുരത്തെ പ്രമുഖ ബിസിനസുകാരനായ ബിജു രമേശുമായി വർഷങ്ങളുടെ ബന്ധമാണ് വക്കം പുരുഷോത്തമനുള്ളത്. ബിജുവിന്റെ അച്ഛനും രാജധാനി ഗ്രൂപ്പിന്റെ അമരക്കാരനുമായ രമേശൻ കോൺട്രാക്ടറുമായും നല്ല അടുപ്പം വക്കത്തിനുണ്ടായിരുന്നു. ബിജു അടക്കമുള്ളവരോട് കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് വക്കം സമീപിച്ചിരുന്നത്. അതുകൊണ്ട് തന്നെ ബിജുവിനെ എല്ലാ തരത്തിലും സ്വാധീനിക്കാൻ ഈ മുതിർന്ന കോൺഗ്രസ് നേതാവിന് കഴിയും.ബാർ കോഴയിലെ അഴിമതി ഉമ്മൻ ചാണ്ടി സർക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഉറപ്പാക്കുകയാണ് വക്കത്തിന്റെ ലക്ഷ്യം. ഇതിന് കഴിയുമെന്ന ഉറപ്പുമുണ്ട്.

ഇവയെല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമറിയാം. ബാർ കോഴിയിൽ മാണിയെ കുരുക്കിയതിന് പിന്നിലും വക്കം-ബിജു രമേശ് ബന്ധത്തിന്റെ സ്വാധീനമുണ്ടോ എന്ന് കേരളാ കോൺഗ്രസിനും സംശയമുണ്ട്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ് ബിജുവെന്ന് പിസി ജോർജ്ജ് തുറന്നടിച്ചത് ഈ സാഹചര്യത്തിലാണ്. ഏതായാലും ഉമ്മൻ ചാണ്ടിയും മാണിയും തമ്മിൽ ഭിന്നത രൂക്ഷമാണ്. പിസി ജോർജ്ജിന്റെ കൈവശമുള്ള മുഴുനീള വാട്‌സ് അപ്പ് ദൃശ്യങ്ങൾ പുറത്തുവന്നാൽ ഉണ്ടാകാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളും എല്ലാവരുടേയും മനസ്സിലുണ്ട്. ഇതിനെ ഒന്നിച്ച് അതിജീവിക്കുകയാണ് കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ ലക്ഷ്യം. അതിന് വിരുദ്ധമായി മാണി പാലം വലിച്ചാൽ ബാർ കോഴയിലെ വിജിലൻസ് കുരുക്ക് കടുപ്പിക്കാനാണ് തീരുമാനം.

കരുണാകര വികാരമുയർത്തി രമേശ് ചെന്നിത്തലയുടെ പിന്നിൽ ഐ ഗ്രൂപ്പ് ഒന്നിച്ചു കഴിഞ്ഞു. വയലാർ രവി പോലും രമേശിനെ നേതാവായി അംഗീകരിച്ചു. സംഘടനാ തെരഞ്ഞെടുപ്പിൽ പാർട്ടി പിടിക്കുകയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് തന്നെ കരുതലോടെ എ ഗ്രൂപ്പിനേയും ഒന്നിപ്പിക്കണം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അതിന് വേണം ഇനി മുൻകൈയെടുക്കാനെന്നാണ് വക്കത്തിന്റെ അഭിപ്രായം. സംഘടനാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷനായി തന്നെ മത്സരിപ്പിച്ച് ജയിപ്പിക്കുകയും വേണമെന്നാണ് ആവശ്യം. ഇതിനോട് നിലവിൽ ഉമ്മൻ ചാണ്ടിക്കും വിരുദ്ധ അഭിപ്രായമില്ല.

സാമുദായിക സമവാക്യങ്ങളും അനുകൂലമായി വക്കം നിരത്തുന്നു. ക്രിസ്ത്യാനിയായ മുഖ്യമന്ത്രി, നായർ ആഭ്യന്തരമന്ത്രി. എല്ലാത്തിന് പുറമേ മുസ്ലിം ലീഗിന് മന്ത്രിസഭയിൽ നിർണ്ണായക സ്വാധീനവും. അതിനാൽ കെപിസിസി പ്രസിഡന്റ് സ്ഥാനം ഈഴവർക്ക് നൽകണം. നിലവിലെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഈഴവനാണ്. അതിനാൽ സുധീരൻ മാറുമ്പോൾ ഈഴവ സമുദായക്കാരനായ തന്നെ കെപിസിസി തലപ്പത്തുകൊണ്ട് വരുന്നത് സാമുദായിക രാഷ്ട്രീയത്തിലും കോൺഗ്രസിന് ഗുണമേ ചെയ്യൂ. ഒപ്പം എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള അടുപ്പവും വക്കം ഉയർത്തിക്കാട്ടുന്നു.

സുധീരനും എ പക്ഷക്കാരനെന്നാണ് വയ്‌പ്പ്. എന്നാൽ മുഖ്യമന്ത്രിയും മറ്റ് എ ഗ്രൂപ്പ് നേതാക്കളുമായി ഒട്ടും അടുപ്പത്തിലല്ല. എ.കെ.ആന്റണി മാത്രമേ സുധീരനായി മുന്നോട്ട് വരാൻ സാധ്യതയുള്ളൂ. മദ്യനയത്തിൽ സർക്കാരിനെതിരെ സുധീരൻ സ്വീകരിച്ച നിലപാട് ഉൾപ്പെടെ ഉയർത്തി പാർട്ടി-സർക്കാർ ഏകോപനം മെച്ചപ്പെടുത്താൻ പുതിയൊരു കെപിസിസി പ്രസിഡന്റ് എന്ന ആശയം ആന്റണിക്ക് മുന്നിൽ ഉമ്മൻ ചാണ്ടി അവതരിപ്പിക്കുമെന്നാണ് സൂചന. ഇതും മനസ്സിൽ വച്ചാണ് വക്കത്തിന്റെ നീക്കങ്ങൾ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് സ്വാഭാവികമായും പരിഗണിക്കേണ്ട പേരുകളിൽ ഒന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റേതാണ്.

എന്നാൽ സംഘടനാ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കാനുള്ള രാഹൂൽ ഗാന്ധിയുടെ ടീമിനെ നയിക്കുന്നത് മുല്ലപ്പള്ളിയാണ്. അതിനാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ചരട് വലികൾ നടത്താൻ മുല്ലപ്പള്ളി ഉണ്ടാകില്ലെന്നും വക്കം കണക്കുകൂട്ടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP