Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

മോഹൻലാൽ തന്റെ ആരാധ്യ പുരുഷനും ഹൃദയതാളത്തിൽ ലയിച്ചു ചേർന്ന നടനും; ലാലിന് അഭിനയിക്കാനറിയില്ല ബിഹേവ് ചെയ്യാൻ മാത്രമേ അറിയൂ; പ്രണവിലും പ്രതിഭയുടെ മാന്ത്രികതയുണ്ട്; അച്ഛനേയും മകനേയും വാനോളം പുകഴ്‌ത്തി കമൽഹാസൻ

മോഹൻലാൽ തന്റെ ആരാധ്യ പുരുഷനും ഹൃദയതാളത്തിൽ ലയിച്ചു ചേർന്ന നടനും; ലാലിന് അഭിനയിക്കാനറിയില്ല ബിഹേവ് ചെയ്യാൻ മാത്രമേ അറിയൂ;  പ്രണവിലും പ്രതിഭയുടെ മാന്ത്രികതയുണ്ട്; അച്ഛനേയും മകനേയും വാനോളം പുകഴ്‌ത്തി കമൽഹാസൻ

കോഴിക്കോട്: മോഹൻലാലിനെ വാനോളം പുകഴ്‌ത്തി കമൽഹാസൻ. മോഹൻലാൽ തന്റെ ആരാധ്യ പുരുഷനും ഹൃദയതാളത്തിൽ ലയിച്ചു ചേർന്ന നടനുമാണെന്ന് കമൽഹാസൻ പറയുന്നു. മോഹൻലാലിന് അഭിനയിക്കാനറിയില്ല. ബിഹേവ് ചെയ്യാൻ മാത്രമേ അറിയൂ. ഇന്ത്യൻ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ എടുത്താൽ അതിൽ ഒരാൾ മോഹൻലാൽ ആയിരിക്കുമെന്നും കമൽഹസൻ പറഞ്ഞു. മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന മോഹൻലാലിന്റെ ഓർമക്കുറിപ്പുകളായ ഗുരുമുഖങ്ങൾക്കുള്ള അവതാരികയിലാണ് ഇങ്ങനെ കുറിക്കുന്നത്. മാതൃഭൂമിയാണ് ഈ അവതാരിക പുറത്തുവിട്ടത്.

പല സിനിമകളിലെയും മോഹൻലാലിന്റെ കഥാപാത്രങ്ങൾ എന്നിലെ ആസ്വാദകനെ അമ്പരിപ്പിച്ചിട്ടുണ്ട്. 'വാനപ്രസ്ഥ'ത്തിലെ കഥകളി നടൻ തന്നെ ഒരു ഉദാഹരണം. അഭിനയത്തിൽ മോഹൻലാലിന്റെ റിഥം എത്ര ഉന്നതിയിലാണെന്ന് ബോധ്യപ്പെടാൻ ആ വേഷം മാത്രം മതി. വിരലുകളിൽ പോലും നടനതാളം വിരിയിച്ചുകൊണ്ടാണ് മോഹൻലാൽ കഥാപാത്രമായി മാറുന്നത്. കമൽഹാസൻ ലാലിന്റെ അഭിനയത്തെ വിലയിരുത്തുന്നു.

മോഹൻലാലിനെപ്പോലെ മകൻ പ്രണവും കമൽഹാസനെ അതിശയിപ്പിച്ചിട്ടുണ്ട്. ലാൽ അഭിനയിച്ച 'ദൃശ്യം' എന്ന പ്രശസ്ത സിനിമയുടെ തമിഴ് പതിപ്പായ 'പാപനാശ'ത്തിൽ അഭിനയിക്കുമ്പോഴാണ് പ്രണവിലെ പ്രതിഭയുടെ മാന്ത്രികത നേരിട്ടറിഞ്ഞതെന്നും ഒരു സൂപ്പർ താരത്തിന്റെ മകനാണെന്ന ഭാവം പ്രണവിന്റെ മുഖത്തുണ്ടായിരുന്നില്ലെന്നും കമൽഹാസൻ പറയുന്നു.

ഗുരുമുഖത്തിന്റെ അവതാരികയിൽ ഇങ്ങനെ

സൗഹൃദങ്ങൾ പലപ്പോഴും സംഭവിക്കുകയാണ്. എവിടെ എപ്പോൾ എങ്ങനെ എന്ന് കൃത്യമായി ഓർത്തെടുക്കാനാവാത്തവിധം അത് ജീവിതം മുഴുവൻ നമ്മളെ വാരിപ്പുണരും. മോഹൻലാലുമായി എനിക്കുള്ള സൗഹാർദ്ദം അത്തരത്തിലുള്ള ഒന്നാണ്. എങ്ങനെയാണ് ഈ സൗഹൃദം ആരംഭിച്ചതെന്ന് എനിക്കു പറയാനാവില്ല. പക്ഷേ സ്‌നേഹപൂർവ്വം ഞാൻ ലാൽസാർ എന്നു സംബോധനചെയ്യുന്ന മോഹൻലാൽ അത്രമാത്രം എന്റെ ഹൃദയതാളത്തിൽ ലയിച്ചുചേർന്നിട്ടുണ്ട്.  

മലയാളത്തിൽ ഞാൻ സജീവമായിരുന്ന കാലത്താണ് മോഹൻലാലിന്റെ  രംഗപ്രവേശം. ആക്ടിങ്ങിലെ ആ സ്പാർക്ക് അന്നേ അദ്ദേഹത്തിൽ ദൃശ്യമായിരുന്നു. വില്ലൻവേഷങ്ങളിൽ തുടങ്ങിയ ആ നടന സഞ്ചാരം ഇന്ത്യൻ സിനിമയിലെ എത്രയോ വലിയ നടന്മാർക്കൊപ്പം യാത്രചെയ്തു. എന്നിട്ടും ഞങ്ങൾക്ക് ഒരു സിനിമയിൽ ഒന്നിക്കാൻ മുപ്പതുവർഷത്തോളം കാത്തിരിക്കേണ്ടിവന്നു. 'ഉന്നൈപ്പോൽ ഒരുവനി'ലായിരുന്ന ആ സംഗമം. ആ സിനിമയിൽ ഞങ്ങളുടെ കോമ്പിനേഷൻ സീൻ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ അനുഭവത്തിൽ മോഹൻലാൽ അഭിനിയിക്കാനറിയാത്ത നടനാണ്. ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയൂ.

ഇന്ത്യൻ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ ഞാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ മോഹൻലാലായിരിക്കും. ഞാനദ്ദേഹത്തിന്റെ എത്രയോ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എപ്പോഴും വലിയ ആരാധന തോന്നിയിട്ടുമുണ്ട്. പല സിനിമകളിലെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എന്നിലെ ആസ്വാദകനെ അമ്പരിപ്പിച്ചിട്ടുണ്ട്. 'വാനപ്രസ്ഥ'ത്തിലെ കഥകളി നടൻ ഒരു ഉദാഹരണം. അഭിനയത്തിൽ മോഹൻലാലിന്റെ റിഥം എത്ര ഉന്നതിയിലാണെന്ന് ബോധ്യപ്പെടാൻ ആ വേഷം മാത്രം മതി. വിരലുകളിൽ പോലും നടനതാളം വിരിയിച്ചുകൊണ്ടാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്.

ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരുടെ അഭിനയമുഹൂർത്തങ്ങളിലൂടെയും ആർദ്രമായ ജീവിതവീഥിയിലൂടെയും മോഹൻലാൽ നടത്തുന്ന സഞ്ചാരമാണ് 'ഗുരുമുഖങ്ങൾ'.  ലാലിന്റെ ബൃഹത്തായ ജീവചരിത്രരചനയുടെ ഭാഗമായി ഭാനുപ്രകാശ് തയ്യാറാക്കിയ ഈ പുസ്തകത്തിലൂടെ മോഹൻലാൽ ഗുരുതുല്യരായ പ്രതിഭകളുടെ ഔന്നത്യം തൊട്ടറിയുന്നു. തനിക്കു മുൻപേ കടന്നുപോയതും തനിക്കൊപ്പം സഞ്ചരിച്ചതുമായ നടന്മാരെയും സംഗീതജ്ഞരേയും എഴുത്തുകാരെയും സംവിധായകരെയും ഗുരുമുഖങ്ങളിലൂടെ അദ്ദേഹം നമുക്കുമുമ്പിൽ ദൃശ്യപ്പെടുത്തുന്നു.

സേതുമാധവൻ സാറിന്റെ 'കണ്ണും കരളും' എന്ന ചിത്രത്തിലൂടെ സത്യൻ മാസ്റ്റർക്കൊപ്പമാണ് മലയാളത്തിൽ എന്റെ തുടക്കം.  മറക്കാനാവില്ല ആ ഓർമ്മകൾ. ആറു വയസ്സു പ്രായമുള്ള എന്നെ കൈപിടിച്ച് അഭിനയിപ്പിച്ചു ആ മഹാനടൻ. ഇന്നോർക്കുമ്പോൾ സത്യനെന്ന മഹാനടനൊപ്പമായിരുന്നല്ലോ അരങ്ങേറ്റം എന്നതിൽ അഭിമാനമുണ്ട്. മോഹൻലാലിന്റെ ഗുരുമുഖങ്ങൾ ആരംഭിക്കുന്നതും സത്യന്മാസ്റ്ററിലാണ്.  വെളുത്ത അംബാസിഡർ കാറിന്റെ പിൻസീറ്റിൽ കറുത്ത കണ്ണട ധരിച്ച് സത്യൻ മാസ്റ്റർ കടന്നുപോകുന്ന ദൃശ്യം.

ലാലിന്റെ പതിനൊന്നാമത്തെ വയസ്സിലെ ആ അനുഭവം വളരെ ഹൃദയസ്പർശിയാണ്. തുടർന്ന് എംജിആറിലേക്കും ഡോ. രാജ്കുമാറിലേക്കും നാഗേശ്വരറാവുവിലേക്കും ശിവാജി ഗണേശനിലേക്കും ലാൽ നടത്തുന്ന ആത്മസഞ്ചാരം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഗുരുമുഖങ്ങളിലെ ഓരോ താളുകളിലൂടെയും കടന്നുപോകുമ്പോൾ ഓർമ്മകൾ എന്നെ വന്നു പൊതിയുകയാണ്. 'ആനന്ദജ്യോതി'യുടെ ലൊക്കേഷനിൽവച്ച് എം.ജി.ആർ സാറിനെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു: 'നിനക്ക് ആരാകണം?' വലിയ നടനാകണം എന്നായിരുന്നില്ല എന്റെ മറുപടി. 'എനിക്ക് സയന്റിസ്റ്റ് ആകണം',

പെട്ടെന്നുതന്നെ ഞാനതു മാറ്റിപ്പറഞ്ഞു. 'അല്ല സാർ, ഡോക്ടറാകണം.' കൃത്യമായി ഒരു ഉത്തരം നൽകാൻ എനിക്കു കഴിഞ്ഞില്ല. എം.ജി.ആർ സാറാണ് എന്നെ നീന്തൽ പഠിപ്പിച്ചത്. എത്രയോവട്ടം അദ്ദേഹം എനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. 'പാർത്താൽ പശിക്കിറത്' ആയിരുന്നു ശിവാജി ഗണേശൻ സാറിനൊപ്പം വേഷമിട്ട ആദ്യചിത്രം. സ്വന്തം മകനോടുള്ള സ്‌നേഹമായിരുന്നു സാറിനെന്നോട്. അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളിലെ ഡയലോഗുകൾ അന്നേ എനിക്ക് കാണാപാഠമായിരുന്നു. ലോക്കേഷനിൽവച്ച് ഞാൻ അതു പറയുമ്പോൾ സാറും ഏറെ ആസ്വദിക്കാറുണ്ട്. എന്റെ ജീവിതത്തിലെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും തണലായി നിന്ന വലിയ മനുഷ്യനായിരുന്നു ശിവാജി സാർ.

മോഹൻലാൽ വിവരിക്കുന്നതിന് സമാനമായ അനുഭവങ്ങൾ എന്റെ ജീവിതത്തിലും ധാരാളമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ 'ഗുരുമുഖങ്ങൾ' എന്റെ കൂടി പുസ്തകമല്ലേ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അമിതാഭ്ബച്ചൻ, മധു, ജയൻ, രജനീകാന്ത്, ജോസ്പ്രകാശ്, ബാലൻ കെ നായർ, കുതിരവട്ടം പപ്പു, തിലകൻ, എ. വിൻസെന്റ്, ശശികുമാർ, ത്യാഗരാജൻ, ഐ.വി. ശശി, എം ടി. തുടങ്ങി ഈ പുസ്തകത്തിൽ മോഹൻലാൽ പരാമർശിക്കുന്ന മഹാപ്രതിഭകളിലേറെപ്പേരും എനിക്കും മറക്കാനാവാത്തവരാണ്. അവരുടെ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതിനേക്കാളൊക്കെ വലിയ നേട്ടം അവർ എനിക്കു നൽകിയ സ്‌നേഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

''മധുസാർ ഷൂട്ടിങ് ലോക്കേഷനിലേക്ക് കടന്നുവരുമ്പോൾ ഒരു നിമിഷം വല്ലാത്തൊരു വൈബ്രേഷനാണ് അനുഭവപ്പെടുക. ആ സമയം ലൊക്കേഷനാകെ മധുസാറിൽ ചൊരിയുന്ന ആദരവ് പറഞ്ഞറിയിക്കാനാവില്ല. ചരിത്രത്തെ തൊട്ടറിയുന്നതുപോലുള്ള ഒരനുഭവമാണത്. മലയാള സിനിമയുടെ അഞ്ചു പതിറ്റാണ്ടിന്റെ ചരിത്രം മുന്നിലെത്തിയതുപോലെ ഒരു അനുഭവം. ആ ചരിത്രത്തിനൊപ്പം ചേർന്നുനില്ക്കാനും ജീവിക്കുവാനും കഴിഞ്ഞു എന്നതാണ് നടനെന്ന നിലയിൽ എനിക്കു ലഭിച്ച മഹാഭാഗ്യങ്ങളിലൊന്ന്.'- മധുസാറിനെക്കുറിച്ച് മോഹൻലാൽ പറയുമ്പോൾ അത് എന്റെ കൂടി വികാരമായി മാറുകയാണ്.

മധുസാറിന് എന്നോടുള്ള സ്‌നേഹം ഇപ്പോഴും കുറഞ്ഞിട്ടില്ല. നേരിൽ കാണുമ്പോൾ 'കമൽ....' എന്ന സ്‌നേഹത്തോടെയുള്ള അദ്ദേഹത്തിന്റെ വിളിയിൽ എല്ലാമുണ്ട്. ഇന്ത്യൻ സിനിമയുടെ നൂറാം പിറന്നാൾ ആഘോഷത്തിലാണ് ഞങ്ങൾ അവസാനമായി കണ്ടത്. അന്നു മധുസാറിനെ ആദരിച്ചിരുന്നു.  എം ടി. സാറിന്റെ തിരക്കഥയിൽ സേതുമാധവൻ സാർ സംവിധാനം ചെയ്ത 'കന്യാകുമാരി'യിലൂടെ മലയാളത്തിൽ നായകനാകാൻ കഴിഞ്ഞത് എന്റെ ഗുരുത്വമാണ്. എം ടി.സാറിനെ ഞാൻ ഗുരുതുല്യനായാണ് കാണുന്നത്. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത 'നിർമ്മാല്യം' ഞാൻ രണ്ടുതവണ കണ്ടിട്ടുണ്ട്. ബാംഗ്ലൂരിലെ തിയേറ്ററിൽ എന്നെ കൊണ്ടുപോയി ആ സിനിമ കാണിച്ചത് സുരാസുവാണ്. മലയാളത്തിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ചിത്രവും 'നിർമ്മാല്യ'മാണ്. മോഹൻലാൽ എന്നെ വിസ്മയിപ്പിച്ചതുപോല തന്നെ അദ്ദേഹത്തിന്റെ മകൻ പ്രണവ് എന്നെ അതിശയിപ്പിക്കുകയുണ്ടായി. ലാൽ അഭിനയിച്ച 'ദൃശ്യം' എന്ന പ്രശസ്ത സിനിമയുടെ തമിഴ് പതിപ്പായ 'പാപനാശ'ത്തിൽ അഭിനയിക്കുമ്പോഴാണ് പ്രണവിലെ പ്രതിഭയുടെ മാന്ത്രികത ഞാൻ നേരിട്ടറിയുന്നത്.

പാപനാശത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് പ്രണവ്. ഒരു സൂപ്പർ താരത്തിന്റെ മകനാണെന്ന ഭാവം ആ മുഖത്തുണ്ടായിരുന്നില്ല. സിനിമ പഠിക്കാൻ വരുന്ന ഒരു കുട്ടി എങ്ങനെയായിരിക്കും അതുപോലെയായിരുന്നു പ്രണവും. സെറ്റിൽ ക്ലാപ്പടിച്ചു തുടങ്ങുന്ന അവനെ കാണുമ്പോൾ പലപ്പോഴും ഞാൻ എന്റെ കുട്ടിക്കാലം ഓർത്തിട്ടുണ്ട്. ഇങ്ങനെയൊക്കെയായിരുന്നല്ലോ ഞാനും സിനിമയിലേക്ക് എത്തിയത്. അച്ഛനെപ്പോലെ മകനും ഉയരങ്ങൾ താണ്ടും എന്ന കാര്യത്തിൽ എനിക്ക് ഒട്ടും സംശയമില്ല. പ്രൊഫഷനോടുള്ള പ്രണവിന്റെ സമർപ്പണം അത്ര തീവ്രമാണ്. മോഹൻലാലിന്റെ ഭാര്യാ പിതാവ് ബാലാജി സാറിന്റെ കുടുംബവുമായി എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുണ്ട്. സാറിന്റെ പല ചിത്രങ്ങളിലും എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.

ഒരു ചലച്ചിത്ര നടന്റെ തിരക്കുകളെക്കുറിച്ച് എനിക്ക് വ്യക്തമായറിയാം. ഞാൻ ജീവിച്ചതും ജീവിച്ചുകൊണ്ടിരിക്കുന്നതും സിനിമയുടെ മണ്ണിലാണല്ലോ. അത്തരം തിരക്കുകൾക്കിടയിൽ മലയാളത്തിലെ സൂപ്പർ താരം എഴുത്തിനും വായനയ്ക്കും യാത്രയ്ക്കും സമയം കണ്ടെത്തുകയും തന്റെ ചിന്തകളും സ്വപ്നങ്ങളും എല്ലാ മനുഷ്യർക്കുമായി പകർത്തിവെക്കുകയും ചെയ്യുന്നത് അദ്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാവൂ. എഴുത്തുകാരന് മരണമില്ല എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. മോഹൻലാലിന്റെ എഴുത്തിനും മരണമില്ല. അദ്ദേഹത്തിന്റെ വാക്കുകളോരോന്നും ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്കാണ് പടർന്നുകയറുന്നത്. തീർച്ചയായും ഈ പുസ്തകം ഗുരുതുല്യരായ മഹാരഥന്മാർക്കുള്ള പ്രണാമം കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP