Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്നു പറഞ്ഞ മേജർ രവി, നടി ആക്രമിക്കപ്പെട്ടപ്പോൾ സ്ത്രീ സുരക്ഷയ്ക്കായി രംഗത്തെത്തിയതിനെ ചോദ്യം ചെയ്തു മാദ്ധ്യമ പ്രവർത്തകൻ; രവിയുടെയും പൾസർ സുനിയുടെയും മനോഭാവം ഒന്നുതന്നെയല്ലേയെന്ന ചോദ്യത്തിനു മുന്നിൽ ഉത്തരംമുട്ടിയ സംവിധായകൻ മാപ്പു പറഞ്ഞു തടിയൂരി

സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്നു പറഞ്ഞ മേജർ രവി, നടി ആക്രമിക്കപ്പെട്ടപ്പോൾ സ്ത്രീ സുരക്ഷയ്ക്കായി രംഗത്തെത്തിയതിനെ ചോദ്യം ചെയ്തു മാദ്ധ്യമ പ്രവർത്തകൻ; രവിയുടെയും പൾസർ സുനിയുടെയും മനോഭാവം ഒന്നുതന്നെയല്ലേയെന്ന ചോദ്യത്തിനു മുന്നിൽ ഉത്തരംമുട്ടിയ സംവിധായകൻ മാപ്പു പറഞ്ഞു തടിയൂരി

തിരുവനന്തപുരം: പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോൾ സ്ത്രീ സുരക്ഷയ്ക്കുവേണ്ടി വാദിച്ചു രംഗത്തെത്തിയ പ്രമുഖ സംവിധായകൻ മേജർ രവിക്ക് മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി. മുമ്പൊരിക്കൽ ഒരു മാദ്ധ്യമപ്രവർത്തകയുടെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്നു പറഞ്ഞയാളാണ് ഇപ്പോൾ സ്ത്രീ സുരക്ഷയ്ക്കുവേണ്ടി വാദിച്ചു രംഗത്തെത്തിയിരിക്കുന്നതെന്നു വാർത്താ അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ വീണിടത്തുകിടന്ന് ഉരുളുകയല്ലാതെ മേജർ രവിക്കു മറ്റു മാർഗങ്ങളില്ലായിരുന്നു. ന്യൂസ് 18 ചാനലിലെ ചർച്ചയിലാണ് സംവിധായകന്റെ ഇരട്ട നിലപാട് മാദ്ധ്യമപ്രവർത്തകൻ പൊളിച്ചടുക്കിയത്.

കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോൾ കടുത്ത പ്രതികരണവുമായി മേജർ രവി രംഗത്തുവന്നിരുന്നു. എന്നാൽ ഇതേ മേജർ രവി തന്നെയല്ലേ മുമ്പ് മുതിർന്ന മാദ്ധ്യമപ്രവർത്തകയുടെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്ന് പറഞ്ഞിട്ടുള്ളത് വാർത്താ അവതാരകൻ ശരത് ഓർമിപ്പിച്ചു.  ഏഷ്യാനെറ്റ് ലേഖിക സിന്ധു സൂര്യകുമാറിന്റെ കാര്യമായിരുന്നു മാദ്ധ്യമപ്രവർത്തകൻ ഓർമ്മിപ്പിച്ചത്. ഇതിന് കൃത്യമായ ഒരു മറുപടി നല്കാൻ മേജർ രവിക്കു കഴിഞ്ഞില്ല. നടിയെ ആക്രമിച്ച പൾസർ സുനിയും മറ്റൊരർത്ഥത്തിൽ ഇതു തന്നെയാണു ചെയ്തതെന്ന് അവതാരകൻ ശരത് പറഞ്ഞു.

മേജർ രവി ഒരു മാദ്ധ്യമപ്രവർത്തകയ്ക്കുനേരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഒരു നിലപാടെടുത്തയാളാണെന്ന് ശരത് പറഞ്ഞു. യഥാർത്ഥത്തിൽ പുരുഷന്റെ മനോഭാവമാണ് മാറേണ്ടത്. അത് ക്വട്ടേഷനെടുക്കുന്ന ക്രിമിനൽ കുറ്റവാളിയായാലും മലയാളികൾ ഏറെ ബഹുമാനിക്കുന്ന സംവിധായകനായാലും. സമീപനമാണ് മാറേണ്ടത്.' ഇതോടെ തന്റേത് വൈകാരികമായ അഭിപ്രായ പ്രകടനമായിരുന്നെന്നും ആ സ്ത്രീയോട് യാതൊരു വിധ വ്യക്തി വൈരാഗ്യവുമില്ലെന്നും അവർക്ക് വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി താൻ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ് മേജർ രവി ഊരുകയായിരുന്നു.

ചാനൽ ചർച്ചയിങ്ങനെ:

അവതാരകൻ: 'മേജർ രവി, ഈ നിലയിലുള്ള സ്ത്രീകൾക്കെതിരായ ആക്രമണത്തെ ഗൗരവത്തോടെയും ആശങ്കയോടെയും രോഷത്തോടെയുമാണ് താങ്കൾ പങ്കുവെക്കുന്നത്. അതേ താങ്കൾ തന്നെ രോഷാകുലനായി ഒരു മാദ്ധ്യമപ്രവർത്തകയ്ക്കുനേരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിലപാടെടുത്തയാളാണ്. അപ്പോൾ യഥാർത്ഥത്തിൽ പുരുഷന്റെ മനോഭാവമാണ് മാറേണ്ടത്. അത് ക്വട്ടേഷനെടുക്കുന്ന ക്രിമിനൽ കുറ്റവാളിയായാലും മലയാളികൾ ഏറെ ബഹുമാനിക്കുന്ന സംവിധായകനായാലും. സമീപനമാണ് മാറേണ്ടത്.'

മേജർ രവി: 'നല്ലൊരു അവസരം തന്നതിന് നന്ദി. കാരണം ഇയൊരു സംഭവത്തിൽ ഞാനെന്നും തിരിച്ചും മറിച്ചും ചോദിക്കുന്നതാണ്. ഈയൊരു സംഭവത്തിൽ, ഞാൻ അവതാരികയുടെ പേരും പറഞ്ഞ് ഞാനങ്ങനെ പറഞ്ഞെന്നും പറഞ്ഞ് ട്രോളും മറ്റും ഞാൻ കണ്ടതാണ്. എപ്പോഴെങ്കിലും ചോദിച്ചോ എന്താണ് ഞാൻ പറഞ്ഞ വോയ്സ് എന്നുള്ളത്. ആ വോയ്സ് പറയുന്നത് ഇതുപോലുള്ള സംസ്‌കാരങ്ങൾക്ക് എതിരായാണ് ഞാൻ സംസാരിച്ചത്. ഇന്നേവരെ വരെ എന്റെ ജീവിതത്തിൽ ഞാനെവിടെയും എന്നും സ്ത്രീകളെ പ്രോട്ടക്ട് ചെയ്തിട്ടേയുള്ളൂ'

അവതാരകൻ: 'കാർക്കിച്ചു തുപ്പും എന്നാണ് താങ്കൾ പറഞ്ഞത്. മറ്റൊരർത്ഥത്തിൽ പൾസർ സുനിയും ആ നടിയോട് അതു തന്നെയാണ് ചെയ്തത്.'

മേജർ രവി: 'ഇല്ല അതു പറയരുത്. ആരെ, അതിനുത്തരം പറയൂ ശരത്. ആരെ തുപ്പും എന്നാണ് പറഞ്ഞിരിക്കുന്നത്.''

അവതാരകൻ: 'സ്ത്രീത്വത്തിനുനേരെയല്ലെങ്കിൽ താങ്കൾക്കു പറയാം. മേജർ രവി കുറ്റബോധമുണ്ടെങ്കിൽ തിരുത്താം'

മേജർ രവി: 'എന്റെ കുറ്റബോധം എന്നത്... ഈ വികാരങ്ങളെല്ലാം വരുന്ന സമയത്ത്, നമുക്ക് പലവികാരങ്ങളും വരുന്ന സമയത്ത് നമ്മളൊരു സ്ത്രീയെക്കുറിച്ചു പറഞ്ഞുവെന്നല്ലാതെ, സ്ത്രീയായിപ്പോയി അവതാരിക, ആ പറഞ്ഞിട്ടുള്ള കണ്ടന്റിന്റെ മുകളിൽ ആ സംസ്‌കാരത്തെ കാറിത്തുപ്പുന്നു എന്നാണ് പറഞ്ഞത്. അല്ലാതെ ആ സ്ത്രീയുമായിട്ട് എനിക്ക് യാതൊരു വിധത്തിലുള്ള, ഈ അവതാരികയ്ക്കെതിരെ പേഴ്സണൽ അറ്റാക്കും ഞാൻ നടത്തിയിട്ടില്ല. ആ സ്ത്രീയ്ക്കെതിരെയല്ല... അവർക്ക് അങ്ങനെ തോന്നിയെങ്കിൽ ഖേദിക്കുന്നു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതൊന്നും കുത്തിപ്പൊക്കേണ്ട.'

അവതാരകൻ: ഒരു തരത്തിലുള്ള കുത്തിപ്പൊക്കലുമല്ല. സ്ത്രീത്വത്തെ എല്ലാവരും അംഗീകരിക്കേണ്ടതാണ്, മാനിക്കേണ്ടതാണെന്ന് പറയുമ്പോഴും താങ്കൾ തന്നെ അത്തരം ഒരു പ്രശ്നത്തിൽ അകപ്പെട്ടത് പരാമർശിക്കാതെ പോകാനാവില്ല. അത്തരം തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ആ തിരുത്തലിന് താങ്കളും തയ്യാറാണെന്ന് അറിയിച്ചല്ലോ. വളരെ നന്ദി മേജർ രവി.'

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഫേസ്‌ബുക്കിലൂടെ രോഷപ്രകടനവുമായി മേജർ രവി രംഗത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങൾക്കു നേരെ ശക്തമായ നടപടികൾ സ്വീകരിക്കാത്ത വ്യവസ്ഥിതിയെ ഓർത്ത് ലജ്ജിക്കുന്നു എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. 'നീയൊക്കെ ആൺപിള്ളേരോട് കളിക്കെടാ പിടിയിലാകുന്നതിനു മുമ്പ് ആണുങ്ങളുടെ കയ്യിൽ പെടാതിരിക്കാൻ നോക്കിക്കോടാ' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ ദുർഗാദേവിയെ അപമാനിച്ചു എന്നാരോപിച്ച് മേജർ രവി മാദ്ധ്യമപ്രവർത്തകയായ സിന്ധു സൂര്യകുമാറിനെതിരെ രംഗത്തെത്തിയിരുന്നു. ടെലിവിഷനിലിരുന്ന് ദുർഗാദേവിയെ അധിക്ഷേപിച്ച ചാനൽ അവതാരകയുടെ മുഖത്ത് അനുമതി ലഭിച്ചാൽ കാറിത്തുപ്പുമെന്നായിരുന്നു മേജർ രവി നടത്തിയ പരാമർശം.

ജെ.എൻ.യു വിദ്യാർത്ഥികൾ ദുർഗാദേവിയെ അപമാനിച്ചു എന്ന വാർത്ത ഏഷ്യാനെറ്റ് ചർച്ച ചെയ്തതിനെ തുടർന്നായിരുന്നു ഇത്. സിന്ധു സൂര്യകുമാർ ദുർഗാദേവിയെ അപമാനിച്ചു എന്ന തരത്തിൽ സംഘപരിവാർ ഇതിനെതിരെ പ്രചരണം നടത്തുകയായിരുന്നു. ഇത് ഏറ്റെടുത്തുകൊണ്ടായിരുന്നു മേജർ രവിയുടെ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP