Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

20,000കോടി ഡോളറിന്റെ സ്വത്തുക്കൾ...58 സ്വകാര്യ വിമാനങ്ങൾ..20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ..അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്... ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി 17 കൊല്ലം റഷ്യയെ അടക്കി ഭരിച്ച വ്ലാദിമിർ പുട്ടിനോ..?

20,000കോടി ഡോളറിന്റെ സ്വത്തുക്കൾ...58 സ്വകാര്യ വിമാനങ്ങൾ..20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ..അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്... ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി 17 കൊല്ലം റഷ്യയെ അടക്കി ഭരിച്ച വ്ലാദിമിർ പുട്ടിനോ..?

17 വർഷങ്ങളായി റഷ്യയെ അടക്കി ഭരിക്കുന്ന ശക്തനായ നേതാവാണ് പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ. ഇക്കാലത്തിനിടെ റഷ്യയുടെ ചോദ്യം ചെയ്യാനാവാത്ത നേതാവായതിന് പുറമെ സമ്പാദ്യത്തിന്റെ കാര്യത്തിലും പുട്ടിൻ ഏറെ മുന്നിലെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇക്കാലത്തിനിടെ പുട്ടിൻ സ്വരൂപിച്ച സമ്പാദ്യത്തിന്റെയും വസ്തുവകകളുടെയും പട്ടിക കണ്ണഞ്ചിക്കുന്നതാണ്. 20,000കോടി ഡോളറിന്റെ സ്വത്തുക്കൾ,58 സ്വകാര്യ വിമാനങ്ങൾ,20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ,അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്, തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഫോർബ്സ് മാഗസിൻ ഔദ്യോഗികമായി കണക്കാക്കിയിരിക്കുന്നത് മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സാണ്. 75 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ വച്ച് കണക്ക് കൂട്ടുമ്പോൾ പുട്ടിന്റെ മൊത്തം ആസ്തി 200ബില്യൺ ഡോളറാണ്. അങ്ങനെ വരുമ്പോൾ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി പുട്ടിനാണോ എന്ന ചോദ്യം ശക്തമാകുന്നുണ്ട്.

പുട്ടിന് 2007ൽ മൊത്തം ആസ്തി 40 ബില്യൺ ഡോളറുണ്ടായിരുന്നുവെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധനായ സ്റ്റാൻസ്ലേവ് ബെൽകോവ്സ്‌കി കണക്കാക്കിയിരുന്നത്. എന്നാൽ എഴുത്തുകാരനും റഷ്യയിലെ മുൻ ഫണ്ട് മാനേജരുമായ ബിൽ ബ്രൗഡർ നിരത്തുന്ന കണക്കുകൾ പ്രകാരം പുട്ടിന്റെ മൊത്തം ആസ്തി 200 ബില്യൺ ഡോളറാണ്. ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും ഫോർബ്സ് തങ്ങളുടെ സമ്പന്നരുടെ പട്ടികയിൽ പുട്ടിനെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പൊതു-സ്വകാര്യ കമ്പനികളിലുള്ള ഓഹരികൾ, റിയൽ എസ്റ്റേറ്റ്, യാട്ടുകൾ, പണം എന്നിവടയക്കമുള്ള വ്യക്തിപരമായ ആസ്തികളെ കണക്കാക്കിയാണ് തങ്ങൾ സമ്പന്നരുടെ പട്ടിക തയ്യാറാക്കാറുള്ളതെന്നും എന്നാൽ ലോകനേതാക്കളെ പ്രത്യേകിച്ച് സ്വേച്ഛാധിപതികളുടെ സമ്പത്തിനെ ഇതിൽ ഉൾപ്പെടുത്താറില്ലെന്നും അവർ അവ സമ്പാദിക്കുന്നത് തങ്ങളുടെ അധികാരമുപയോഗിച്ചാണെന്നും ഫോർബ്സ് വിശദീകരണം നൽകിയിട്ടുണ്ട്.

ബെൽകോവ്സ്‌കി നിരത്തുന്ന കണക്കുകൾ പ്രകാരം എണ്ണ വ്യവസായമാണ് പുട്ടിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്. എണ്ണകമ്പനിയായ സർജുന്റ്നെഫ്ടെഗസ്സിന്റെ 37 ശതമാനവും പുട്ടിനാണ് നിയന്ത്രിക്കുന്നത്. പ്രകൃതിവാതക കമ്പനിയായ ഗാർസ്പ്രോമിന്റെ 4.5 ശതമാനവും കമ്മോദിറ്റീസ് ട്രേഡറായ ഗൺവോറിന്റെ നല്ലൊരു പങ്കും പുട്ടിന്റെ കൈയിലാണുള്ളത്. എന്നാൽ പുട്ടിന് ഇതിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന വാർത്ത ഗൺവോർ നിഷേധിച്ചിട്ടുണ്ട്. 2012ൽ 93 ബില്യൺ ഡോളർ വരുമാനമുണ്ടാക്കിയ കമ്പനിയാണിത്. ആദ്യം പുട്ടിന്റെ ആസ്തി 40 ബില്യൺ എന്ന് കണക്കാക്കിയ ബെൽകോവ്സ്‌കി പിന്നീട് ഇത് 70 ബില്യൺ ഡോളറാക്കി ഉയർത്തിയിരുന്നു. കോർപറേഷനുകളിലെ നിഗൂഡ ഉറവിടങ്ങളിൽ നിന്നും തനിക്ക് പുട്ടിന്റെ സമ്പത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്നായിരുന്നു ബെൽകോവ്സ്‌കി ഇതിന് നൽകിയ ന്യായീകരണം. ഈ കണക്ക് പ്രകാരം ഫോർബ്സ് പട്ടികയിൽ വരുകയാണെങ്കിൽ പുട്ടിൻ ബിൽ ഗേറ്റ്സിന് പുറകിൽ രണ്ടാത്തമ സമ്പന്നാകും.

പുട്ടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് 35 മില്യൺ ഡോളർ വില വരുന്ന ചെറുകപ്പലായ ഒളിമ്പിയ. ചെൽസിയ ഫുട്ബോൾ ക്ലബ് ഉടമയായ റോമൻ അബ്രമോവിച്ചാണിത് പുട്ടിന് നൽകിയിരിക്കുന്നതെന്നാണ് സൂചന. പ്രസിഡന്റായതിനെ തുടർന്നുള്ള സമ്മാനമായിരുന്നു ഇത്. എന്നാൽ കരിങ്കടലിലെ ഒരു കൊട്ടാരമാണ് പുട്ടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ മൂർത്ത രൂപം. അതിന് ഒരു ബില്യൺ ഡോളർ വില വരും. പുട്ടിന് 58 വിമാനങ്ങളും ഹെലികോപ്റ്ററുകളുമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയ എതിരാളി വെളിപ്പെടുത്തുന്നത്. കൂടാതെ 20 കൊട്ടാരങ്ങളും കൺട്രി റിട്രീറ്റുകളും പുട്ടിനുണ്ട്. പുട്ടിൻ ഉപയോഗിക്കുന്ന പ്രൈവറ്റ് ജെറ്റിന്റെ വില 137 മില്യൺ ഡോളറാണ്. ഇതിന്റെ കാബിനിലെ ബാത്ത് റൂമിൽ സ്വർണം കൊണ്ട് പിടിപ്പിച്ച അലങ്കാരങ്ങൾ വരെയുണ്ട്.

നോർത്ത് വെസ്റ്റ് റഷ്യയിലെ ലേക്ക് വാൽദായിൽ ഉള്ള 2300 ഏക്കർ സ്ഥലമാണ് മറ്റൊരു സ്വത്ത്. ഫോർബ്സ് മാഗസിന്റെ സമ്പന്നരുടെ ലിസ്റ്റിൽ പുട്ടിൻ ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളുടെ ലിസ്റ്റിൽ പുട്ടിൻ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് 119,000 ഡോളറും രണ്ട് അപാർട്ട് മെന്റുകളും ഒരു കാർ പാർക്കിങ് ഗാരേജിൽ ഓഹരിയും മാത്രമേയുള്ളുവെന്നായിരുന്നു 2015ൽ പുട്ടിൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP