Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ തട്ടിപ്പുമായി രംഗത്തിറങ്ങിയ അഗസ്റ്റിൻ സഹോദരന്മാർ ദുബായിൽ പൊങ്ങിയത് അബുദാബി രാജകുമാരൻ സ്പോൺസർ ആണെന്ന് അവകാശപ്പെട്ട്; പണപ്പിരിവിനും ഫ്രാഞ്ചൈസികൾ വിൽക്കാനും ഉപയോഗിക്കുന്നത് നികേഷ് കുമാറിന്റെ പേര്; ചൈനയിൽ നിന്നും സാദാഫോൺ ഇറക്കി മാംഗോ ബ്രാൻഡ് ഒട്ടിച്ച് ആപ്പിളിനെ തോൽപ്പിക്കുന്ന ഫോണെന്ന് പറഞ്ഞുള്ള കച്ചവടത്തിന്റെ ഉദ്ഘാടനം നാളെ

മൊബൈൽ തട്ടിപ്പുമായി രംഗത്തിറങ്ങിയ അഗസ്റ്റിൻ സഹോദരന്മാർ ദുബായിൽ പൊങ്ങിയത് അബുദാബി രാജകുമാരൻ സ്പോൺസർ ആണെന്ന് അവകാശപ്പെട്ട്; പണപ്പിരിവിനും ഫ്രാഞ്ചൈസികൾ വിൽക്കാനും ഉപയോഗിക്കുന്നത് നികേഷ് കുമാറിന്റെ പേര്; ചൈനയിൽ നിന്നും സാദാഫോൺ ഇറക്കി മാംഗോ ബ്രാൻഡ് ഒട്ടിച്ച് ആപ്പിളിനെ തോൽപ്പിക്കുന്ന ഫോണെന്ന് പറഞ്ഞുള്ള കച്ചവടത്തിന്റെ ഉദ്ഘാടനം നാളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 3000 കോടി മുടക്കി ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോൺ എന്നു പറഞ്ഞ് തട്ടിപ്പിന് പദ്ധതിയിട്ട അഗസ്റ്റിൻ സഹോദരന്മാർ മാംഗോ ഫോൺ വീണ്ടും ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. കേരളത്തിൽ വച്ച് പരിപാടി കൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ പലതും മറുനാടൻ വാർത്തയെ തുടർന്ന് അവതാളത്തിലായതോടെയാണ് മാംഗോ ഫോൺ ദുബായ് കേന്ദ്രീകരിച്ചത് വീണ്ടും ലോഞ്ച് ചെയ്യാൻ ശ്രമങ്ങൾ ആരംഭിച്ചത്. നുണകളുടെ ഒരു കൂമ്പാരം തന്നെ നിരത്തി കൊണ്ടാണ് ഇത്തവണ അഗസ്റ്റിൻ സഹോദരന്മാർ ദുബായിലേക്ക് വണ്ടി കയറിയിരിക്കുന്നത്. അബുദാബി രാജകുമാരൻ ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേര് പറഞ്ഞാണ് ദുബായിൽ ഇവർ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

നാളെയാണ് മാംഗോ ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. കൊച്ചി ലേ മെറിഡിയനിൽ വച്ച് നടത്തിയ മൊബൈൽ ലോഞ്ചിങ് മറ്റൊരു തട്ടിപ്പുകേസിലെ അറസ്റ്റിനെ തുടർന്ന് പാളിപ്പോയതോടെ ഇത്തവണ വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്. അബുദാബി രാജകുമാരൻ ഷേഖ് മുഹമ്മദിന്റെ പേര് പറഞ്ഞാൽ ദുബായിലെ പല കാര്യങ്ങളും എളുപ്പം നടക്കുമെന്നതിനാൽ ആവശ്യത്തിനും അനാവശ്യത്തിനും ഈ പേര് ഇവർ ഉപയോഗിച്ചിട്ടുണ്ട്. രാജകുമാരൻ നേരിട്ടാണ് സ്പോൺസർ ചെയ്യുന്നതെന്ന് പറഞ്ഞാണ് പലരെയും ഇവർ മാംഗോ ഫോണിലേക്ക് അടുപ്പിച്ചിരിക്കുന്നത്.

തട്ടിപ്പുകാരാണെന്ന് അറിഞ്ഞിട്ടും തുടക്കം മുതൽ അഗസ്റ്റിൻ സഹോദരന്മാർക്കൊപ്പം നിന്നിട്ടുള്ള റിപ്പോർട്ടർ എം ഡി നികേഷ് കുമാറും ഇവർക്കൊപ്പം കൈകോർത്തിട്ടുണ്ട്. ദുബായിലെ റിപ്പോർട്ടർ ജീവനക്കാരാണ് സ്വന്തം സ്ഥാപനത്തെ പോലെ ഈ തട്ടിപ്പുകാർക്ക് പരവതാനി വിരിക്കുന്നത്. ചാനൽ ദുബായിൽ കുറേക്കാലമായി പ്രവർത്തിക്കുന്നുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് പി ആർ പ്രവർത്തനങ്ങൾ നടക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ ശ്യാംലാലും ഏഷ്യാവിഷൻ എം ഡി നിസാർ സിയാദും അരയും തലയും മുറുക്കി മാംഗോക്കാർക്ക് വേണ്ടി രംഗത്തുണ്ട്.

അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ രംഗത്തിറങ്ങുമെന്ന് പറഞ്ഞാണ് വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ കഴിഞ്ഞവർഷം രംഗത്തുവന്നത്. ബാങ്കിൽ പണമടക്കാത്തതിന്റെ പേരിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവരുടെ വീട് ബാങ്കുകാർ ജപ്തി ചെയതിരുന്നു. ഇങ്ങനെയുള്ളവരാണ് 3000 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. രണ്ടാം വരവിലും അഗസ്റ്റിൻ സഹോദരന്മാർക്ക് പറയാനുള്ളത് പഴയ അവകാശ വാദങ്ങൾ തന്നെയാണ്. ചൈനയിൽ പ്രത്യേക ഫാക്ടറിയും കൊറിയയിൽ ഗവേഷണ കേന്ദ്രവും ഒക്കെ തുറന്നുവെന്നായിരുന്നു വയനാട് സ്വദേശികളായ ഇവരുടെ അവകാശവാദം.

നാളെ് ദുബായ് അൽമംസാർ പാർക്ക് ആംഫിതീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് മാംഗോ ഫോൺ വീണ്ടും ഇവർ ലോഞ്ച് ചെയ്യുന്നത്. മലയാളികളുടെ സ്വന്തം ഫോണെന്ന് പറയുന്ന ഈ ചടങ്ങിലേക്ക് നിരവധി വിഐപികളെയും ക്ഷണിച്ചിട്ടുണ്ട്. ഏഷ്യാവിഷൻ എം ഡി നിസാർ സിയാദ് നേരിട്ടാണ് അറബ് പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അതേസമയം ചൈനയിൽ നിന്നും ചീപ്പ് ക്വാറിറ്റിക്ക് ഇറക്കുമതി ചെയ്യുന്ന ഫോൺ മാംഗോ ഫോണിന്റെ സ്റ്റിക്കർ ഒട്ടിച്ച് വൻവിലയ്ക്ക് വിൽപ്പന നടത്തിയുള്ള കോടികളുടെ തട്ടിപ്പിന് കളമൊരുക്കുന്നതാണ് ഇവരുടെ പുതിയ പരിപാടിയും.

ഇതിനായി മറ്റ് ബ്രാൻഡുകളുടെ മാർക്കറ്റിങ് ടെക്നിക്കുകൾ സമർത്ഥമായി ഇവർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ആപ്പിളിന്റെയും ലെനോവയുടെയും അടക്കം മറ്റ് പ്രമുഖ ബ്രാൻഡുകളുടെ ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടർമാരായ റെഡ്ഡിഗ്ടണിനെയും ഇവർ കൂട്ടു പിടിച്ചിരിക്കുന്നു. പ്രമുഖ ബ്രാൻഡുകൾക്കൊപ്പം മാംഗോ ഫോണും അവർ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നു എന്നതാണ് ഇവരുടെ അവകാശവാദം. എന്നാൽ, റെഡ്ഡിംഗടൺ ഇന്ത്യയുടെ വെബ്സൈറ്റിൽ തങ്ങൾ മാംഗോ ഫോണിന്റെ ഡിസ്ട്രിബ്യൂട്ടർമാരാണെന്ന വാദം പൂർണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.

ദുബായിൽ വച്ചുള്ള ലോഞ്ചിംഗിനെ കുറിച്ച് അവകാശ വാദങ്ങൾ ഒട്ടും കുറയ്ക്കാൻ മാംഗോ തട്ടിപ്പുകാർ തയ്യാറല്ല. ദുബായ്, ഖത്തർ , ഷാർജ , സൗദി, ഒമാൻ, കുവൈറ്റ്തുടങ്ങിയഗൾഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിൻ അമേരിക്ക,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോൺ സ്മാർട്ട് ഫോണുകൾ ലോഞ്ചിന് ശേഷം ലഭ്യമാവുമെന്നാണ് ഇവരുടെ അവകാശവാദം. ഈ രാജ്യങ്ങളിലെ നൂറിറിലധികം ഓൺലൈൻ സൈറ്റുകളിലും, ഗ്ലോബൽ സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്നാപ്ഡീൽ, തുടങ്ങിയ പ്രമുഖ സൈറ്റുകൾ വഴിയും ഫോൺ ബുക്ക് ചെയ്യാമെന്നാണ് അവകാശവാദം. ആമസോണിലും, ഫ്ലിപ്പ്കാർട്ടിലും എം ഫോണിന്റെ വിവരങ്ങളും ലഭ്യമായിട്ടുണ്ട്.

പലതവണ പൊളിഞ്ഞതാണെങ്കിലും ഇത്തവണയും വൻകിട കമ്പനിയെന്ന അവകാശവാദം എം ഫോണുകാർ ഉന്നയിക്കുന്നുണ്ട്. കമ്പനിയുടെ തന്നെ ചൈനയിലെ അത്യാധുനിക നിർമ്മാണ യൂണിറ്റിലാണ് എംഫോൺ ഹാൻഡ്സെറ്റുകളുടെ നിർമ്മാണം എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ഈ നിർമ്മാണ യൂണിറ്റ് എവിടെയാണെന്ന് വ്യക്തമാക്കുന്നില്ല. മാത്രമല്ല, ഈ നിർമ്മാണ യൂണിറ്റുകളുടേതായി ഒരു പടം പോലും ഇവർ പുറത്തുവിട്ടിട്ടുമില്ല. കമ്പനിയുടെ റിസേർച്ച് വിഭാഗം കൊറിയയിലാണെന്നും ചൈനയിലെ ഫാക്ടറിയിൽ നിർമ്മിക്കുന്ന ഓരോ എംഫോൺ ഹാൻഡ്സെറ്റുകളും നൂറിലധികം സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വിപണിയിൽ എത്തുന്നതെന്നുമാണ് മാംഗോക്കാരുടെ അവകാശവാദം.

എംഫോൺ 8, എംഫോൺ 7 പ്ലസ്, എംഫോൺ 6, എന്നീ ആണ്ട്രോയിഡ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഇറക്കുകയെന്ന് ഇവർ അവകാശപ്പെടുന്നത്. പിന്നിൽ 21 മെഗാപിക്സൽ പിഡിഎഎഫ് ക്യാമറ പിടിപ്പിച്ചാണ് ഫോൺ 8ന്റെ വരവെന്നും ഇവർ അവകാശപ്പെടുന്നു. ലോകം അറിയുന്ന ബ്രാൻഡുകൾക്ക് പോലും ഇല്ലാത്ത സവിശേഷതയാണ് സ്വന്തം വീട് ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ടുപോയ അഗസ്റ്റിൻ സഹോദരന്മാർ മാംഗോ ഫോണിന് ഉണ്ടെന്ന് വ്യക്തമാക്കുന്നത്. 17,000 മുതൽ 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിർമ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണിൽ ഫിംഗർപ്രിന്റ് സെൻസർ ഘടിപ്പിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നു.

1920X1080പിക്‌സൽ റെസല്യൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയോട് കൂടിയ എംഫോൺ 8ന് 4ജിബിറാമും, 2.3ജിഗാഹെട്‌സ് ഡാറ്റകോർ പ്രോസസറുമാണ് കരുത്തേകുന്നത്. വയർലെസ് ചാർജ്ജിങ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തിൽ ഫോൺ ചാർജ്ജ് ചെയ്യാൻ കഴിയുന്ന ഇൻഡക്ഷൻ ബേസ്സ് എന്ന ടെക്നോളജി എംഫോൺ8-ൽ ഉപയോഗിച്ചുവെന്നാണ് മറ്റൊരു അവകാശവാദം.

ഓഫ്ലൈൻ വീഡിയോ പ്ലേബാക്ക് നൽകുന്ന 2950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്,30 മിനിറ്റ് കൊണ്ട് 70% ചാർജ്ജ് സംഭരിക്കാൻ കഴിയുന്ന അടിവേഗ ചാർജ്ജ് സംവിധാനവും ഇതിൽ ഉണ്ട്. എംഫോൺ 8ന് ഒപ്പം വയർലസ്സ് ചാർജ്ജർ സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ എല്ലാമോഡലിനും ഒപ്പം ഓ ടി ജി കേബിളും, ബാക്ക് കവർ, സ്‌ക്രീൻ ഗാർഡ് എന്നിവയും ഉണ്ടാകും. എം ഫോൺ 7പ്ലസ് സെൽഫി പ്രേമികളെ ലക്ഷ്യമിട്ടാണെന്നും സെൽഫി പ്രേമികൾക്കായി തട്ടിവിടുന്നു എന്നുമാണ് ഇവരുടെ അവകാശവാദം. ഇങ്ങനെ മാംഗോഫോണിന്റെ അവകാശവാദങ്ങളുടെ പട്ടിക തന്നെ വളരെ വ്യക്തമായി നീണ്ടുപോകുകയാണ്. എന്നാൽ, ഇത്തരം ഫീച്ചറുകൾക്ക് പിന്നിലെ ഗവേഷകർ ആരെന്നു ചോദിച്ചാൽ കൊറിയയിൽ ഉണ്ടെന്ന് മാത്രമാണ് ഇവരുടെ അവകാശ വാദം.

ചുരുക്കത്തിൽ മാദ്ധ്യമങ്ങളെയു പി ആർ ഏജൻസികളെയും വിലയ്ക്കെടുത്ത് ഇന്ത്യയിൽ എമ്പോടും ഫ്രാഞ്ചൈസികൾ വഴി പണം പിരിക്കാനും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത് ഫോൺ സ്റ്റിക്കറൊട്ടിച്ച് വിൽക്കാനുമുള്ള പരിപാടികളാണ് അഗസ്റ്റിൻ സഹോദരന്മാർ ഇപ്പോൾ നടത്തുന്നത്. ഈ തട്ടിപ്പിന് ഒത്താശ ചെയ്യുന്നത് റിപ്പോർട്ടർ ചാനലും ചില പിആർ ഏജൻസികളുമാണ്. ലോകപ്രശസ്ത ബോളിവുഡ് പിന്നണിഗായിക സുനീതി ചൗഹാനും സംഘവും നയിക്കുന്ന മ്യൂസിക് ഷോയും അടക്കം സംഘടിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

നേരത്തെ കൊച്ചിയിൽ വച്ച് മൊബൈൽ ലോഞ്ച് ചെയ്തപ്പോഴും ചൈനയിൽ നിന്നും വാങ്ങിയ കുറേ ഫോണിൽ കഷ്ടപ്പെട്ട് മാംഗോ ഫോണിന്റെ ലോഗോ പതിപ്പിച്ച് ലോഞ്ചിങ്ങ് ശരിയാക്കിയാണ് പുറത്തിറക്കിയത്. ബ്രാൻഡ് അംബാസിഡർമാർ സച്ചിനും ബച്ചനുമാണെന്നായിരുന്നു നേരത്തെ ഇവരുടെ അവകാശവാദം. എന്നാൽ ഇത് വെറും പൊള്ളയാണെന്ന് വ്യക്തമായയിരുന്നു. പത്ര വാർത്തകളിലൂടെ ഹൈപ്പ് ഉണ്ടാക്കി നാട്ടുകാരിൽ നിന്നും പണം പിരിച്ച ശേഷം ചൈനയിലെ ഏതെങ്കിലും ഒരു വൻകിട കമ്പനിയിൽ പോയി സ്വന്തം ബ്രാന്റിൽ മൊബൈൽ ഫോണുകൾ കുറച്ച് ഇറക്കി കടകളിൽ ഏൽപ്പിച്ച് ലാഭം കൊയ്യാനുള്ള തന്ത്രമായിരുന്നു ഇവരുടേത്.

ഏത് ഉൽപ്പന്നം വേണമെങ്കിലും നമ്മൾ ആവശ്യപ്പെടുന്ന ബ്രാന്റിൽ ഉണ്ടാക്കി തരുന്ന കൂറ്റൻ ഫാക്ടറികൾ ചൈനയിൽ ഉണ്ട്. എന്നാൽ ഗുണനിലവാരം ഉറപ്പ് വരുത്താൻ സാധിക്കുകയില്ല. ഒരു കണ്ടയ്‌നറിൽ കൊണ്ടു വരാൻ പറ്റുന്ന ഏതു സാധനവും ചൈനയിൽ ചെന്നു ഓർഡർ നൽകിയാൽ സ്വന്തം ബ്രാന്റിൽ നിർമ്മിച്ച് നൽകും എന്നതാണ് പ്രത്യേകത. ഇത്തരം ചൈനീസ് ഉത്പ്പന്നങ്ങൾ വില കുറച്ച് കിട്ടുമെങ്കിലും താൽക്കാലിക ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഇവർ പദ്ധതിയിട്ടത് ഇത്തരം ഒരു കബളിപ്പിക്കൽ ആയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നഷ്ടം സംഭവിക്കുന്നത് പണം മുടക്കി ഡീലർഷിപ്പ് എടുത്തവർക്കും മൊബൈൽ ഓൺലൈനിലൂടെ വാങ്ങിയവർക്കും മാത്രമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP