Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രവാസി വ്യവസായി ആയ സിസി തമ്പിക്ക് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ്; കേരളത്തിലെ പ്രമുഖ നേതാക്കളുമായുള്ള ഇടപാടുകളും അന്വേഷണ പരിധിയിൽ; ഡൽഹിയിലെ പരിസരപ്രദേശങ്ങളിലും വാങ്ങിക്കൂട്ടിയ ഭൂമിക്ക് പിന്നിലെ രാഹുൽ ഗാന്ധി ബന്ധവും പരിശോധിക്കും

പ്രവാസി വ്യവസായി ആയ സിസി തമ്പിക്ക് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ്; കേരളത്തിലെ പ്രമുഖ നേതാക്കളുമായുള്ള ഇടപാടുകളും അന്വേഷണ പരിധിയിൽ; ഡൽഹിയിലെ പരിസരപ്രദേശങ്ങളിലും വാങ്ങിക്കൂട്ടിയ ഭൂമിക്ക് പിന്നിലെ രാഹുൽ ഗാന്ധി ബന്ധവും പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രവാസി മലയാളി ബിസിനസുകാരനായ സി.സി. തമ്പിക്കും അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുക വഴി 288 കോടിയോളം രൂപയുടെ ഫോറെക്സ് നിയമലംഘനം നടത്തി എന്നാരോപിച്ചാണ് നോട്ടീസ്. ഫെമ നിയമപ്രകാരം സി.സി. തമ്പിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചില ഉന്നത രാഷ്ടീയ നേതാക്കളുമായും ഉദ്യോഗസ്ഥരുമായുമുള്ള തമ്പിയുടെ ബന്ധങ്ങൾ അന്വേഷിച്ചുവരുന്നതായും എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.

ഹോളിഡേ സിറ്റി സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ ബേക്കൽ റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കമ്പനിയായ ഹോളിഡേ സിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ നിയമം ലംഘിച്ച് സി.സി.തമ്പി ഡൽഹിക്കടുത്ത് ഹരിയാണയിലെ ഫരീദാബാദ്, പൻവേൽ ജില്ലകളിൽ വലിയ തോതിൽ കൃഷിഭൂമി വാങ്ങിക്കൂട്ടിയതായും ഇത് ഫെമ നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഇതിന് പിന്നിൽ ഗാന്ധി കുടുംബത്തിന്റെ ബന്ധവും അന്വേഷിക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്കും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായും നല്ല അടുപ്പം തമ്പിക്കുണ്ട്.

ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന സി.സി. തമ്പി ഈ മൂന്നുകമ്പനികൾക്ക് വായ്പകൾ തരപ്പെടുത്തിതായും ഇവ പിന്നീട് കമ്പനികളിൽ തന്റെ പേരിലും ബന്ധുക്കളുടെ പേരിലുമുള്ള ഓഹരികളാക്കി മാറ്റിയതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപ്പെടുത്തി. ഉന്നത കോൺഗ്രസ് നേതാക്കളുമായി ബന്ധമുള്ള ഹോളിഡേ തമ്പിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കേരളത്തിന് പുറത്ത് വൻകിട ഭൂമി ഇടപാടുകൾ നടത്തിയ ഹോളിഡേ ഗ്രൂപ്പ് ചെയർമാൻ ചെറുവത്തൂർ ചെക്കുട്ടി തമ്പി എന്ന സി സി തമ്പിയെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് ഹോളിഡേ തമ്പിയെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ഇതിൽ തൃപ്തരാകാത്തതു കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

യുപിഎ സർക്കാരിന്റെ സമയത്ത് ഹരിയാനയിലെ ഫരീദാബാദിൽ 400 ഏക്കറോളം കാർഷിക ഭൂമി വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടാണ് തമ്പിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റിയൽ എസ്റ്റേറ്റിനു പുറമെ റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയടക്കം ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ബിസിനസ് ഇടപാടുകളാണ് ഹോളിഡേ ഗ്രൂപ്പിനുള്ളത്. ഹരിയാനയിൽ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിദേശ വിനിമയ മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ചിട്ടുണ്ടെന്ന സംശയമുയർന്നതിനെ തുടർന്ന് ചോദ്യം ചെയ്യാനായി ഹാജരാകാന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമ്പി അതിന് വഴങ്ങിയിരുന്നില്ല. തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതിന് ഫലമുണ്ടായില്ല. തുടർന്ന് ചെന്നൈയിൽ നിന്നും തമ്പിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

യുപിഎ സർക്കാറിന്റെ കാലത്താണ് 400 കോടിയുടെ ഭൂമി ഇടപാട് ഹരിയാനയിൽ ഹോളിഡേ തമ്പി നടത്തിയത്. ഇതിന് പല രാഷ്ട്രീയക്കാരുടെയും പിന്തുണയുണ്ടായിരുന്നു. റോബർ വധേരയുമായി അടുത്ത ബന്ധമുള്ള വ്യക്തിത്വമാണ് തമ്പിയുടേത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കങ്ങളുമുണ്ടെന്ന സംശയവുമുണ്ട്. യുപിഎ സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ഉന്നത രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായി തമ്പിക്കുണ്ടായിരുന്ന ബന്ധവും എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. 2010ലും തമ്പിക്കെതിരെ സിബിഐ അന്വേഷണം നടന്നിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിങ് കോളേജുകൾക്ക് അടിസ്ഥാന സൗകര്യമില്ലാതിരുന്നിട്ടും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഈകേസ്. കേരളത്തിന് അകത്ത് ഹോട്ടൽ ശൃംഖലകൾക്ക് പുറമേ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസുകൾ. മദ്യ ഡിസ്റ്റിലറികളും തമ്പിക്ക് സ്വന്തമായുണ്ട്.

തൃശൂരിലെ കോട്ടോൾ ദേശത്തെ തികച്ചും സാധാരണ ചുറ്റുപാടിലായിരുന്നു തമ്പിയുടെ ജനനം. അച്ഛന് ചെറിയ കച്ചവടം. ആറു മക്കളിൽ അഞ്ചാമൻ. വീട്ടിലെ കൃഷിയും കാലിമേയലും എല്ലാം ചെയ്യേണ്ടി വന്ന കുട്ടിക്കാലം. സർക്കാർ സ്‌കൂളിൽ പഠിച്ച് കൊച്ചിയിലെത്തിയത് പ്രിഡിഗ്രി വിദ്യാഭ്യാസത്തിനാണ്. അത് പൂർത്തിയാക്കി നാട്ടിലെത്തിയ പയ്യന്റെ മനസ്സിൽ ഗൾഫ് മോഹമെത്തി. 1980ലായിരുന്നു തമ്പി ഗൾഫിലെത്തിയത്. ജോലി തേടിയെത്തിയ തമ്പി, 1984ൽ സ്വന്തമായി വ്യവസായ സ്ഥാപനം തുടങ്ങി. കപ്പലുകൾക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ട സ്ഥാപനമായിരുന്നു ഇത്. പിന്നീട് ഹോട്ടൽ വ്യവസായത്തിലേക്ക്. കേരളത്തിന്റെ കപ്പയും മീനും ദുബായിൽ അതേ തനിമയിൽ പരിചയപ്പെടുത്തി. ഫോർ സ്റ്റാർ ഹോട്ടൽ വാടകയ്ക്കെടുത്തുള്ള ആദ്യ സംരഭം വിജയമായതോടെ നാലുകെട്ട് എന്ന പേരിലെ ഹോട്ടൽ ശൃംഖല വളർന്നു പന്തലിച്ചു. പതിയെ റിയൽ എസ്റ്റേറ്റിലേക്ക്. അവിടേയും ചുവട് പിഴച്ചില്ല. ഇതോടെ ഹോളിഡേ ഗ്രൂപ്പ് യുഎഇയിലെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പായി. ഇതോടെ ദുബായിലെത്തുന്ന രാഷ്ട്രീയക്കാരുടെ പ്രിയ സുഹൃത്തായി തമ്പി മാറി. ഇതാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാനികളുമായി പോലും അടുത്ത ബന്ധത്തിലേക്ക് തമ്പിയെ എത്തിച്ചത്.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ പോലും സ്വാധീനിക്കുന്ന ശക്തിയായി തമ്പി മാറിയതായും ആരോപണം ഉയർന്നിരുന്നു. കോഴിക്കോട്ടെ കൊയിലാണ്ടിയിലെ സുബ്രഹ്മണ്യത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ തമ്പിയായിരുന്നു എന്നായിരുന്നു ആക്ഷേപം. കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ സുബ്രഹ്മണ്യം സ്ഥാനാർത്ഥിയായത് ദേശീയ നേതൃത്വത്തിൽ തമ്പിയുടെ കുരത്തിന് തെളിവായി വിലയിരുത്തപ്പെട്ടു. ഐ ഗ്രൂപ്പുമായി കരുണാകരന്റെ കാലത്തുണ്ടായിരുന്ന ബന്ധം മുറിയാതെ തമ്പി കാത്തു സൂക്ഷിക്കുകയായിരുന്നു. കേരളത്തിന് അകത്ത് ഹോട്ടൽ ശൃംഖലകൾക്ക് പുറമേ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ഇന്ന് ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസുകൾ. മദ്യ ഡിസ്റ്റിലറികളും തമ്പിക്ക് സ്വന്തമായുണ്ട്. റിയൽ എസ്റ്റേ്റ്റ്, ഹോളിഡേ റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡിസ്റ്റലറികൾ തുടങ്ങി രണ്ടു ഡസനിലധികം കമ്പനികളുടെ ഡയറക്ടറാണ് തമ്പി. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടേയും ചർച്ചയായി. സ്മാർട് സിറ്റിയിലെ വികസന പ്രക്രിയയ്ക്കും ആവുന്നത് ചെയ്തു. കേരളം ഇതിന്റെ പേരിൽ തമ്പിയെ ആദരിക്കുകയും ചെയ്തു. ടൈംസ് ഗ്രൂപ്പിന്റെ വ്യവസായ പ്രമുഖനുള്ള അവാർഡും തമ്പി നേടിയിട്ടുണ്ട്. ഒരു കാലത്ത് ഹോളിഡേ തമ്പി മുന്മുഖ്യമന്ത്രി കെ .കരുണാകരന്റെ വിശ്വസ്തനായിരുന്നു. ഈ അടുപ്പമാണ് കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയവുമായി തമ്പിയെ അടുപ്പിച്ചതെന്ന വാദവും സജീവമാണ്.

ഇതിനിടെ ചില ആരോപണങ്ങളും തമ്പിക്കെതിരെ ഉയർന്നു. കൊർണേലി പീറ്റർ ആയിരുന്നു പരാതിക്കാരൻ. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുകയും ചെയ്തു. അതിൽ പറയുന്നത് ഇങ്ങനെ-1975 മാർച്ച് 17 മുതൽ യു എ ഇ യിൽ ജോലിയും ബിസിനസുമായി 2012 ജൂൺ ഏഴാം തീയതി വരെ തുടർന്നു കൊണ്ടിരുന്നതാണ് .ഇതിനിടയിൽ 1995 മുതൽ തോട്ടക്കാട്ട് ഡിസ്റ്റലറി എന്നസ്ഥാപനവും 1999 മുതൽ ഗോവ യിൽ ടെട്രാക്യൂൻ ഡിസ്റ്റലറിയും ഞാൻ നടത്തികൊണ്ടിരുന്നു.2006 ൽ യു എ ഇ യിലെ അജ്മാൻ എന്ന എമിറേറ്റിൽ മദ്യവില്പനയ്ക്കുള്ള ലൈസൻസ് സമ്പാദിച്ച് ഗോഡൗണും ഷോപ്പും നടത്തിയിരുന്നു. 2008 വരെ എന്നെ കൂടാതെ 12 ലൈസൻസികൾ ഉണ്ടായിരുന്നു.എന്നാൽ 2008 ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഈ എമിറേറ്റിലെ മുഴുവൻ മദ്യ വില്പനശാലകളുടെയും കുത്തക വ്യാപാരം എനിക്ക് സമ്പാദിക്കാനായി.ആയതിന്റെ പേരിൽ അന്നുവരെ നിലവിലുണ്ടായിരുന്ന മറ്റു 11 ലൈസന്സുകളും അജ്മാൻ ഭരണാധികാരി ഷെയ്ക്ക് റദ്ദാക്കി. കൊർണേലിയസ് ജനറൽ ട്രേഡിങ് എന്നസ്ഥാപനത്തിനു മാത്രമായി. ഇങ്ങനെ നീളുന്നു ആ പരാതി. ഇതിൽ നിന്ന് തന്നെ തമ്പിയുടെ ഗൾഫിലെ സ്വാധീനം വ്യക്തമാണ്.

ഹോളിഡേ ഗ്രൂപ്പിന്റെ ചെയർമാനാണ് തമ്പി. ഷെയ്ഖ് യൂസഫ് ഖാലിഫ റാഷിദ് അൽ മുല്ലയാണ് പ്രധാന സ്പോൺസർ. യുഎഇ രാജകുടുംബത്തിലെ പ്രധാനിയാണ് തന്റെ സ്പോണസറെന്നത് ഹോളിഡേ ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണ്ണായകമായെന്ന വിലയിരുത്തലുമുണ്ട്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് തമ്പിയെ കഴിഞ്ഞ ദിവസം എൻഫോഴ്സുമെന്റ് ചോദ്യം ചെയ്തതെന്നാണ് സൂചന. വിദേശനാണ്യ ചട്ട ലംഘനത്തിനു പുറമേ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ തമ്പിയുടെ സ്ഥാപനങ്ങളിലൂടെ നടന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കരുതുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമായുള്ള തമ്പിയുടെ ബന്ധവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധിക്കുന്നുണ്ട്. 2010-ൽ സിബിഐ ചില എഞ്ചിനീയറിങ് കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് തമ്പിയെ ചോദ്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP