Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്രസമ്മേളനം പൊലീസ് ഒഴിവാക്കിപ്പിച്ചത് വമ്പൻ സ്രാവിനെ രക്ഷിക്കാനോ? ഗൂഢാലോചന പുറത്തുവരാതിരിക്കാൻ നടിക്കും കുടുംബത്തിനും മേൽ ഭീഷണിയെന്ന് ബിജെപി; യഥാർഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് വി മുരളീധരൻ; 'സൂപ്പർതാര' ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ വരട്ടേയെന്ന് കോൺഗ്രസും

പത്രസമ്മേളനം പൊലീസ് ഒഴിവാക്കിപ്പിച്ചത് വമ്പൻ സ്രാവിനെ രക്ഷിക്കാനോ? ഗൂഢാലോചന പുറത്തുവരാതിരിക്കാൻ നടിക്കും കുടുംബത്തിനും മേൽ ഭീഷണിയെന്ന് ബിജെപി; യഥാർഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് വി മുരളീധരൻ; 'സൂപ്പർതാര' ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ വരട്ടേയെന്ന് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടും പ്രശ്‌നങ്ങൾ തീരുന്നില്ല. ഒരു മാദ്ധ്യമത്തിൽ ഗൂഢാലോചനയില്ലെന്നു വാർത്ത വന്നിരുന്നു. ഈ വാർത്തയെക്കുറിച്ചാണു താൻ പറഞ്ഞത്. കാള പെറ്റെന്നു കേട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും അതിരൂക്ഷമായ ആരോപണമാണ് പ്രതിപക്ഷവും ബിജെപിയും ഉയർത്തുന്നത്. ജനരോഷം കൊണ്ടാണ് മുഖ്യമന്ത്രി നിലപാട് തിരുത്തിയതെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ വി എം സുധീരൻ രംഗത്തുവന്നു. ഇതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുയർത്തി ബിജെപി നേതാവ് വിമുരളീധരനും രംഗത്തുവന്നു. അന്വേഷണത്തിൽ നടിയുടെ കുടുംബത്തിന് പരാതിയുണ്ടെന്ന വികാരമാണ് മുരളീധരൻ പങ്കുവച്ചത്. ഇതോടെ നടിയെ അക്രമിച്ച കേസിന് പുതിയ തലം വരികയാണ്.

നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതിൽ പൊലീസിലും സിനിമാ ലോകത്തും അമർഷം. ഇടപെടലിൽ ദുരൂഹതയുമുണ്ട്. സംഭവത്തിനു പിന്നിലെ യഥാർഥ പ്രതിയെ രക്ഷിക്കാനാണിതെന്നാണ് സൂചന. സാങ്കൽപ്പിക പ്രതിയെ പിടിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇനി മുൻപോട്ട് അന്വേഷണം വേണ്ടെന്ന വ്യക്തമായ സൂചനയാണ് പൊലീസിനു നൽകുന്നതെന്ന വിലയിരുത്തലും വന്നു. സിനിമാ ലോകത്തിന്റെ പൊതുതാത്പര്യം എന്ന പേരിലാണ് കേസ് അന്വേഷണത്തിൽ മുഖ്യമന്ത്രി ഇടപെട്ടതെന്നാണ് ആക്ഷേപം. ഇതോടെ, പൊലീസിലും, സിനിമാ ലോകത്തും ഭരണ മുന്നണിയിലും ഭിന്നത പ്രകടമായി. നടിയുടെ പത്ര സമ്മേളനം മുടക്കിയതോടെ പൊലീസിന്റെ ഇടപെടൽ കൂടുതൽ പ്രത്യക്ഷമായി എന്നാണ് ആരോപണം. താര സംഘടനയായ അമ്മയ്ക്ക് എതിരേയും സംശയമുന നീണ്ടു. ഗൂഢാലോചനയുണ്ടെന്നും സിനിമാ ലോകത്തെ കള്ളനാണയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടണമെന്നും മറ്റും വാദിച്ചവർ ഇപ്പോൾ പ്രതിയുടെ കഥകളിൽ ഒതുങ്ങിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഉയരുന്നത്. സിനിമാ ലോകത്തും രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള ചിലർ ചേർന്നുണ്ടാക്കിയ ധാരണയാണ് ഇപ്പോൾ അന്വേ,ണത്തിൽ നിറയുന്നതെന്നാണ് ആരോപണം. കേസ് ഡയറി കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നതും ചിലർ ആരോപണത്തിന് കരുത്ത് പകരാൻ ഉയർത്തിക്കാട്ടുന്നു.

ഇന്നലെ വിഷയത്തിൽ പത്രസമ്മേളനത്തിന് പീഡിപ്പിക്കപ്പെട്ട നടി തന്നെ തയ്യാറായിരുന്നു. തനിക്ക് പറ്റിയത് പുറംലോകത്തെ അറിയിക്കാനുള്ള ശക്തമായ തീരുമാനമായിരുന്നു അതിന് കാരണം. എന്നാൽ ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് വന്നതോടെ പൊലീസ് ഇടപെട്ടു. പത്രസമ്മേളനം നടത്തരുതെന്ന് ആവശ്യപ്പെട്ടു. വിചിത്രമായ ന്യായങ്ങളാണ് പൊലീസ് ഇതിനായി ഉയർത്തിയത്. തിരിച്ചറിയൽ പരേഡ് നടക്കുന്നത് വരെ പത്ര സമ്മേളനം നടത്തരുത്. ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസ് നടിയെ അറിയിച്ചത്. ഇത് അസ്വാഭാവികമാണെന്ന് ഏവരും വിലിയുത്തുന്നു. ഇര പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നത് തിരിച്ചറിയിൽ പരേഡിനെ എങ്ങനെ ബാധിക്കും. സാധാരണ പെൺവാണിഭക്കേസിൽ പ്രതിയെ തിരിച്ചറിയുന്നതു വരെ അവരുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവരാതിരിക്കാൻ പൊലീസ് ശ്രമിക്കും. ഇവിടെ പൾസർ സുനിയുടേയും സഹ പ്രതികളുടേയും മുഖങ്ങൾ പത്രങ്ങളിൽ സജീവമായിരുന്നു. ഈ സാഹചര്യത്തിൽ തിരിച്ചറിയിൽ പരേഡു പോലും പ്രഹസനമാണ്. ഇങ്ങനെ മാദ്ധ്യമങ്ങൾ ചർച്ച ചെയ്ത പ്രതികളുടെ തിരിച്ചറിയിൽ പരേഡിന് നിയമസാധുത കുറവാണ്. ഏറെ അന്വേഷണ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. അതിനെ മറയ്ക്കാനുള്ള തന്ത്രമായിരുന്നു തിരിച്ചറിയിൽ പരേഡ്. അത്തരമൊരു പരേഡിന് മുമ്പ് ഇര മാദ്ധ്യമങ്ങളെ കാണുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പറയുന്നത് വിചിത്ര ന്യായമാണ്-ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു.

നടി എന്തെങ്കിലും പറയുമോ എന്ന ഭയം പൊലീസിനുണ്ട്. ആറു മാസം മുമ്പ് നടി അനുവദിച്ച അഭിമുഖത്തിൽ തനിക്കെതിരായ സൂപ്പർതാരത്തിന്റെ ഇടപെടലിനെ കുറിച്ച് പറഞ്ഞിരുന്നു. പത്രസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരാം. മഞ്ജു വാര്യർ നടത്തിയ പ്രസ്താവനകളെ കുറിച്ച് ചോദിക്കാം. ഇതിനോടുള്ള നടിയുടെ പ്രതികരണങ്ങൾ അന്വേഷണത്തെ സ്വാധീനിക്കും. ഒരിക്കൽ പൊതു സമൂഹത്തിന് മുമ്പിൽ മനസ്സ് തുറന്നാൽ അതിലെ വസ്തുതകൾ കണ്ടില്ലെന്ന് നടിക്കാൻ പൊലീസിന് കഴിയാത്ത സാഹചര്യം വരും. വമ്പൻ സ്രാവുകളെ രക്ഷിക്കാനാണ് ഇതിലൂടെ പൊലീസ് ശ്രമിക്കുന്നതെന്നാണ് ആരോണം. ഇതിനെടയാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്ത് വന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. യഥാർഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് ബിജെപി നേതാവ് വി.മുരളീധരൻ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് കേസിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കുകയോ കോടതി നിരീക്ഷണത്തിൽ നടത്തുകയോ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. നടിയുടെ കുടുംബം പറഞ്ഞതൊന്നും താനിവിടെ പറയുന്നില്ലെന്ന് കൂടി വിശദീകരിച്ച് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് മുരളീധരൻ ചെയ്തത്. തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ക്വട്ടേഷൻ സംഘം ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചത് എന്നതിനെകുറിച്ചും അന്വേഷിക്കണമെന്ന് മുരളീധരൻ നേരത്തെയും ആവശ്യപ്പെട്ടിരുന്നത്.

തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നും ഇതിനു പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നുന്നത്. എന്നാൽ ക്വട്ടേഷൻ സംഘം ആർക്കുവേണ്ടിയാണ് ഈ കൃത്യം നടത്തിയത് എന്നതിക്കെുറിച്ച് പൊലീസ് ഒരന്വേഷണവും ഇതുവരെ നടത്തുന്നുമില്ല. സിനിമ മേഖലയിൽ നിന്നും ഒരു പ്രമുഖ നടനുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഈ നടിക്ക് കടുത്ത അവഗണയാണ് നേരിടേണ്ടിവന്നത്. ഈ കുടിപ്പക സംഭവത്തിന് കാരണമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കണമെന്ന് മുരളീധരൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയ്ക്ക് ശേഷവും ആക്രമിക്കപ്പെട്ട നടിയുടെ കുടുംബത്തെ നേരിട്ട് കണ്ടെന്ന സൂചനയാണ് ഇന്നത്തെ പത്രസമ്മേളനത്തിൽ മുരളീധരൻ പറഞ്ഞത്. സിബിഐയെ കൊണ്ടോ കോടതിയെ കൊണ്ടോ അന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ സിനിമ മേഖലയിൽ സമരം നടന്നപ്പോൾ തീയേറ്റർ ഉടമകളുടെ സംഘടനയുടെ നേതൃത്വം ഒരു മാഫിയയിൽ നിന്നും മറ്റൊരു മാഫിയ ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. നടിക്കെതിരെ നടന്ന ഈ സംഭവത്തിൽ ക്വട്ടെഷൻ സംഘങ്ങളെ അയച്ചതിൽ ഈ മാഫിയയ്ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതാണെന്ന നിലപാട് നേരത്തെയും മുരളീധരൻ പരസ്യമായി സ്വീകരിച്ചിരുന്നു.

ഇത് തുറന്നു പറഞ്ഞ ചുരുക്കം നേതാക്കളിൽ ഒരാളാണ് മുരളീധരൻ. സിനിമ മേഖലയെ മാഫിയകളുടെ നീരാളിപിടിത്തത്തിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ എത്ര ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയിൽ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നൊന്നും പൊലീസ് അന്വേഷണത്തെ കുറ്റപ്പെടുത്താനോ സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കാനോ കോൺഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ നിയമസഭയിൽ പ്രശ്‌നം അതിഗൗരവത്തോടെ ഉന്നയിക്കേണ്ട സാഹചര്യം ഉണ്ടെന്ന് കോൺഗ്രസ് മനസ്സിലാക്കുന്നു. അതിനാൽ വിഷയത്തിൽ പുതിയ തലങ്ങൾ കണ്ടെത്തുകയാണ് കോൺഗ്രസ്. ഇതോടെ സർക്കാരിന് മേലും സമ്മർദ്ദം ശക്തമാവുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവം ദേശീയ തലത്തിൽ ചർച്ചയാണ്. അതിനാൽ കേസ് സിബിഐയ്ക്ക് വിട്ടുകൊടുക്കുന്നതും സർക്കാർ പരിഗണിക്കുകയാണ്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിലാണ് ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഈ പരാമർശം വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഈ കേസിൽ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇന്നു മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വിശദീകരണം നൽകിയത്. ഗൂഢാലോചനയില്ലെന്നു താൻ തറപ്പിച്ചു പറയുകയല്ല ചെയ്തതെന്നു മുഖ്യമന്ത്രി ഇന്നു വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കുമ്പോൾ തന്റെ മുന്നിൽ ഒരു പത്രമുണ്ടായിരുന്നു. ഈ സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന വാർത്ത ആ പത്രത്തിൽ കണ്ടു. അതിനെക്കുറിച്ചാണു താൻ വേദിയിൽ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ഗൂഢാലോചനയെക്കുറിച്ച് മാദ്ധ്യമങ്ങളിൽ വന്നതിനെക്കുറിച്ചും അന്വേഷണങ്ങളെക്കുറിച്ചും താൻ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ അന്വേഷണത്തിലിരിക്കുന്ന വിഷയത്തെക്കുറിച്ചു താൻ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി അവകാശപ്പെടുന്നത്.

സർക്കാരിന്റെ തലവനായ മുഖ്യമന്ത്രി ഇത്തരത്തിലുള്ള പരാമർശം നടത്തരുതായിരുന്നു എന്ന് മുതിർന്ന സിപിഐ നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. കേസിന്റെ അന്വേഷണഗതിയെത്തന്നെ ബാധിക്കാവുന്ന പരാമർശങ്ങളാണു മുഖ്യമന്ത്രി നടത്തിയതെന്നും വിലയിരുത്തലുണ്ടായി. ഇതിന് പുതിയ തലം നൽകുന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. കോൺഗ്രസും നിലപാട് കടുപ്പിക്കുന്നു. നടിക്കെതിരായ ആക്രമണത്തിൽ ആരെയോ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പറയാൻ പാടില്ലാത്തതാണു പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൂഢാലോചനയുണ്ടെന്നു പൊലീസ് പറയുന്നു, ജനം ഇതിൽ ഏതു വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിച്ചു. ഈ സാഹചര്യത്തിൽ കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നും ചെന്നിത്തലയും ആവശ്യപ്പെട്ടു. നാളെ സംഭവത്തിൽ ജ്യൂഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെടാൻ സാധ്യത ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP