Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടായിരം വർഷങ്ങൾക്കു മുൻപ് എഴുതിയ ചിലപ്പതികാരത്തിലെ നായിക എങ്ങനെ ആറ്റുകാൽ അമ്മയാകും? പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള പുസ്തക രചന തന്റെ നേർച്ചയും; ഫോട്ടോ എടുത്തുവെന്ന പ്രചരണം തെറ്റും; വിവാദങ്ങളോട് ലക്ഷ്മി രാജീവിന്റെ പ്രതികരണം ഇങ്ങനെ

രണ്ടായിരം വർഷങ്ങൾക്കു മുൻപ് എഴുതിയ ചിലപ്പതികാരത്തിലെ നായിക എങ്ങനെ ആറ്റുകാൽ അമ്മയാകും? പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള പുസ്തക രചന തന്റെ നേർച്ചയും; ഫോട്ടോ എടുത്തുവെന്ന പ്രചരണം തെറ്റും; വിവാദങ്ങളോട് ലക്ഷ്മി രാജീവിന്റെ പ്രതികരണം ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ആറ്റുകാൽ ദേവിയുടേത് കെട്ടുകഥകളിൽ കെട്ടിപ്പൊക്കിയ ചരിത്രമെന്ന് വിശദീകരിക്കുന്ന ലക്ഷ്മി രാജീവിന്റെ പുസ്തകം ഏറെ ചർച്ചയായിരുന്നു. അതിന് ശേഷം ശ്രീപത്മനാഭ സ്വാമിയെ കുറിച്ച് ലക്ഷ്മി രാജീവ് എഴുതാനുദ്ദേശിക്കുന്ന പുസ്തത്തിന്റെ തുടക്കം തന്നെ വലിയ തർക്കങ്ങളിലേക്ക് എത്തി. ക്ഷേത്രത്തിന്റെ സ്‌കെച്ചും ഫോട്ടുകളുമെടുക്കാൻ പൊലീസിന്റെ ഉന്നതർ തന്നെ സമ്മതം മൂളിയെന്നതായിരുന്നു ഇതിന് കാരണം. ലക്ഷ്മി രാജീവ് അതീവ സുരക്ഷാ മേഖലയുടെ ഫോട്ടോ എടുത്തെന്ന വിവാദവുമെത്തി. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് ലക്ഷ്മി രാജീവ്. ക്ഷേത്ര ഭരണ സമിതിയുടെ അനുമതിയോടെ ചട്ടപ്രകാരമാണ് താൻ പുസ്തക രചനയ്ക്ക് തയ്യാറെടുത്തതെന്ന് ലക്ഷ്മി രാജീവ് പറയുന്നു.

ക്ഷേത്രത്തിന്റെ ഫോട്ടോ എടുത്തുവെന്ന വാദം തള്ളിക്കളയുന്നു. അത്തരത്തിലുള്ള പ്രചരണം വ്യാജമാണ്. എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുമതി വാങ്ങിയായിരുന്നു താൻ പുസ്തക രചനയ്ക്കായി ക്ഷേത്രത്തിൽ പ്രവേശിച്ചതെന്നും അവർ മറുനാടനോട് വിശദീകരിച്ചു. പൊലീസ് മേൽനോട്ടത്തിൽ ചിത്രങ്ങൾ വരക്കുകയോ ഫോട്ടോ എടുക്കുകയോ ആവാമെന്ന് ഐജി മനോജ് എബ്രഹാമിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും വിവാദം ഉണ്ടായത് എങ്ങനെയാണെന്ന് അറിയില്ലെന്ന് അവർ പറയുന്നു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകരചന വലിയ വിവാദങ്ങളിലേക്ക് പോയിരുന്നല്ലോ, സംഭവത്തിന്റെ യഥാർത്ഥവസ്തുത എന്താണ്?

ഇപ്പോൾ ക്ഷേത്രത്തിന്റെ നടത്തിപ്പിന്റെ ചുമതല എക്സിക്യൂട്ടീവ് ഓഫീസർ കെ എൻ സതീഷ് ഐ എ സിനാണ്. അദ്ദേഹത്തിന് പുസ്തകം ചെയ്യാൻ അനുമതി ചോദിച്ചുകൊണ്ട് കത്തു കൊടുക്കുകയും അനുമതി തരികയും എന്നാൽ ഞാൻ പുസ്തകം ചെയ്തു തീരുന്ന സമയത്ത് കയ്യെഴുത്തു പ്രതി ഭരണസമിതിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങേണ്ടതാണെന്നും അദ്ദേഹം തന്ന കത്തിലുണ്ട്. ക്ഷേത്രമാണ് ആ പുസ്തകത്തിന്റെ ഉടമ, എന്റെ ജോലി ഒരു വഴിപാട് പോലെയേ സ്വീകരിക്കാനാവൂ, എന്നദ്ദേഹം അറിയിച്ചിരുന്നു. അങ്ങനെയാണ് ജോലി തുടങ്ങിയത്. അത് സുഗമമാക്കാൻ ഒരു തിരിച്ചറിയൽ കാർഡും തന്നിരുന്നു. ക്ഷേത്രത്തിനുള്ളിൽ പോകുമ്പോൾ ഒരു നോട്ടു പുസ്തകവും പേനയും കരുതാറുണ്ടായിരുന്നു.

രണ്ടു മാസത്തോളം അങ്ങനെ വർക്ക് ചെയ്തു. അപ്പോഴാണ് ഡി സി പി തമ്പി ദുർഗാദത്തിന്, ഞാൻ ക്ഷേത്രത്തെപ്പറ്റി നോട്ടു തയ്യാറാക്കുന്നു എന്ന് പറഞ്ഞു ചിലർ പരാതി നൽകുന്നത്. മേലധികാരിയിൽ നിന്നും കത്ത് വാങ്ങിയാലേ ഇനി ഇത് അതനുവദിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. അതനുസരിച്ചു ഞാൻ ക്ഷേത്രസുരക്ഷയുടെ ചുമതലയുള്ള ഐ ജി മനോജ് എബ്രഹാമിനെ സമീപിച്ചു. അദ്ദേഹം അതനുവദിക്കാവുന്നതാണ് എന്നും, പൊലീസ് മേൽനോട്ടത്തിൽ വരക്കുകയോ ചിത്രങ്ങൾ എടുക്കുകയോ ആവാമെന്നും, വേണ്ട സഹായങ്ങൾ ചെയ്യാവുന്നതാണ് എന്നും ഡി സി പിക്കു നിർദ്ദേശം കൊടുത്തു.

കാര്യങ്ങൾ മനസിലാകുന്ന, സ്ത്രീകളെ ബഹുമാനിക്കുന്ന, മികച്ച വായനാശീലമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശം മാത്രമായിരുന്നു അത്. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണ്. അശ്വതിതിരുനാൾ ഗൗരിലക്ഷ്മീ ഭായി എഴുതിയ പുസ്തകത്തിൽ ക്ഷേത്രത്തിന്റെ സ്‌കെച്ചുകളും ഉണ്ട്. അതിൽ കൂടുതലൊന്നുമല്ല ഞാൻ ഉദ്ദേശിച്ചതും!

അതിനു ശേഷം ചില പത്രങ്ങളിലും ടി വിയിൽ ഫ്ലാഷ് ന്യൂസ് ആയും ഇതൊക്കെ കാണിക്കുന്നത് കണ്ടു. അപ്പോഴാണ് ഇതൊരു വിവാദം ആണെന്ന് ഞാൻ തന്നെ മനസിലാക്കുന്നത്.

വിവാദങ്ങളെക്കുറിച്ചുള്ള താങ്കളുടെ പ്രതികരണം?

അതിന്റെ ആവശ്യമൊന്നുമില്ലായിരുന്നു . ഞാൻ ക്ഷേത്രങ്ങളെയും ക്ഷേത്രാചാരങ്ങളെയും പറ്റി പഠിക്കാൻ താല്പര്യമുള്ള ഒരാളാണ്. ഈശ്വരവിശ്വാസിയും, കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളായി എഴുതുന്നയാളുമാണ്. ഒരു പുസ്തകം എഴുതുന്നത് എങ്ങനെ വിവാദമാകും എന്നെനിക്കറിയില്ല.

ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെ ചരിത്രത്തെ്ക്കുറിച്ച് പുസ്തകമെഴുതാൻ ക്ഷേത്രത്തിന്റെ സ്‌കെച്ചും ഫോട്ടോയും ആവശ്യമുണ്ടോ?

ഇല്ലാതെയും എഴുതാം. പക്ഷെ ലോകശ്രദ്ധ നേടിയ ഈ ക്ഷേത്രം ഒരു ആർക്കിടെക്ചറൽ അതിശയം കൂടിയാണ്. അകത്തെ പ്രതിഷ്ഠ മഹാ വിഷ്ണുവിന്റേത് ആയിരിക്കുമ്പോൾ പുറത്തെങ്ങും ശൈവ സാന്നിധ്യത്തിന്റെ അടയാളങ്ങൾ, ശ്രീകോവിലിൽ തന്നെ ശിവലിംഗത്തിനു സ്ഥാനം- അതൊരു അപൂർവതയാണ്.

നൂറ്റി എട്ടു ദിവ്യദേശങ്ങളിൽ ഒന്നാണ് പത്മനാഭസ്വാമി ക്ഷേത്രം- അതിൽ ഈ പ്രത്യേകത കൊണ്ട് തന്നെ ഇവിടം വ്യത്യസ്തവുമാണ്. സ്‌കെച്ചുകൾ എടുക്കുന്നത് ഒരിക്കലും അതിനകത്തേക്കു കയറാൻ സാധിക്കാത്ത ഒരാൾക്ക് കൂടി ആ കാലഘട്ടത്തിലേക്ക് , ആ വിസ്മയത്തിലേക്കു എത്താൻ കഴിയും എന്ന് കരുതിയിട്ടാണ്. തിരുവനന്തപുരത്തു തന്നെയുള്ള നിരവധി ക്രിസ്ത്യൻ-മുസ്ലിം സുഹൃത്തുക്കൾ അതൊക്കെ കാണാൻ അതിയായ ആഗ്രഹം ഉള്ളിലൊതുക്കുന്നവരാണ്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചിത്രവും സ്‌കെച്ചും എടുക്കുന്നതിനായി പൊലീസിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ? പൊലീസിനോട് അനുമതിക്ക് അപേക്ഷിച്ചിരുന്നോ?

ചിത്രം വരയ്ക്കാൻ പൊലീസിന്റെ പ്രത്യേക അനുമതി വേണമെന്ന് ആരും പറഞ്ഞില്ല. ഫോട്ടോസ് എടുക്കേണ്ട ആവശ്യം വരുമ്പോൾ വാങ്ങാം എന്ന് കരുതി.

ഐ.ജി മനോജ് എബ്രഹാം താങ്കൾക്ക് ക്ഷേത്രത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ഉത്തരവിട്ടു എന്നത് ശരിയാണോ?

ഞാൻ മുൻപ് പറഞ്ഞപോലെ അതൊരു ഉത്തരവല്ല , ഞാൻ കൊടുത്ത കത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവം മനസിലാക്കിയിട്ട് അനുമതി നൽകാവുന്നതാണ് എന്ന് ഡി സി പി ക്കു രേഖാമൂലം നിർദ്ദേശം കൊടുക്കുകയാണ് ഉണ്ടായത്.

മനോജ് എബ്രഹാമിന്റെ ഈ ഉത്തരവ് പത്മനാഭസ്വാമി ക്ഷേത്രത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ പാലിച്ചില്ലെന്ന ആരോപണത്തിൽ കഴമ്പുണ്ടോ ?

ഇല്ല. അദ്ദേഹം ഉത്തരവൊന്നും ഇറക്കിയിട്ടില്ല. രേഖാമൂലം നിർദ്ദേശം നൽകുകയാണ് ഉണ്ടായത്. അതു പാലിക്കുന്നത് പൊലീസിലെ ചിട്ടവട്ടങ്ങൾക്കും ക്ഷേത്രത്തിലെ സുരക്ഷാമാനദണ്ഡങ്ങൾക്കും അനുസൃതമായിട്ടാണ്. നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരന് അതിലപ്പുറം അറിയേണ്ടതില്ല.

ഡി സി പി തമ്പി എസ് ദുർഗാദത്തിനെതിരെ താങ്കൾ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത് ഏത് സാഹചര്യത്തിലാണ് ?

എന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഡി സി പിക്ക് എതിരായിരുന്നില്ല. ഈ സംഭവങ്ങൾ പത്രവാർത്തയായി. എന്റെ സുഹൃത്തുക്കളിൽ പലരുമതു ചൂണ്ടിക്കാണിച്ചു. അതിന് ഒരു വിശദീകരണം നൽകേണ്ടത് ആവശ്യമായിരുന്നു. ഡി സി പിയുടെ പേരൊന്നും പരാമർശിച്ചിട്ടില്ല, എന്നു മാത്രമല്ല കുറിപ്പ് അദ്ദേഹത്തിന് എതിരായിട്ടുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ കടമ ചെയ്യുന്നു, ഞാൻ എന്റെയും.

ശ്രീപത്മനാഭസ്വാമി ക്ഷേത്ത്രതിന്റെ ചരിത്ര രചനയുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭരണ സമിതിയുടെ നിലപാടുകൾ താങ്കൾക്ക് അനുതകൂലമായിരുന്നോ ?

പത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളുണ്ട്. നല്ലൊരു പുസ്തകം കൂടി വരുന്നതിൽ ക്ഷേത്രജീവനക്കാർക്കും, തന്ത്രിമാർക്കും, പൂജാരിമാർക്കും, ശ്രീമതി ഗൗരിലക്ഷ്മീഭായിക്കും ഒക്കെ സന്തോഷമായിരുന്നു. ഭരണസമിതിയിലെ എല്ലാവരെയും കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷേ പൊതുവേ വളരെ അനുകൂലമായാണ് തോന്നിയിട്ടുള്ളത്.

ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പുസ്തക രചനയ്ക്ക് തയ്യാറെടുത്തത് ?

ആറ്റുകാൽ അമ്മ : ദ ഗോഡസ് ഓഫ് മില്ല്യൺസ് പ്രസിദ്ധീകരിച്ചത് എന്റെ ജീവിതത്തെ ഏറ്റവും ധന്യമാക്കിയ ഒരനുഭവമായിരുന്നു . ക്ഷേത്രത്തിൽ തൊഴാൻ പോകുന്ന ഒരു സാധാരണ സ്ത്രീ എന്ന നിലയിൽനിന്നും ക്ഷേത്രത്തിലെ ആരാധനാ മൂർത്തി എന്താണെന്നു മനസിലാക്കാനുള്ള യാത്ര എന്നെ കൊണ്ടെത്തിച്ചത് ദേവി എന്ന പുതിയൊരു ലോകത്തായിരുന്നു. ഏറ്റവും മികച്ച പ്രസാധകർ അത് പബ്ലിഷ് ചെയ്യുകയും ലോകമെമ്പാടും അതെത്തുകയും ചെയ്തപ്പോളാണ് അടുത്ത പുസ്തകം ചെയ്യണമെന്നും , അത് പത്മനാഭസ്വാമിയെക്കുറിച്ച് ആയാൽ നന്നായിരിക്കുമെന്നും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നിർദ്ദേശിച്ചത്. വലിയ പ്രസാധകരിൽ ചിലരും താൽപ്പര്യം പ്രകടിപ്പിച്ചു. ക്ഷേത്രത്തിന്റെ ഇന്നത്തെ ആഗോളപ്രശസ്തിയും ഒരു കാരണമാണ്.

ആറ്റുകാൽ ക്ഷേത്രത്തെക്കുറിച്ചെഴുതിയ പുസ്തകത്തിലെ വിവാദങ്ങളെക്കുറിച്ച് ?

ഇരുനൂറ്റിനാൽപ്പതു പേജുകളുള്ള ആ പുസ്തകം ഭക്തിയുടെ നിറവിൽ അമ്മയുടെ കാൽക്കൽ സമർപ്പിച്ച ഒന്നാണ്. അതിൽ അമ്മയോടുള്ള സ്നേഹവും വിശ്വാസവും ഇഴചേരുന്നു. തീരെ അവിചാരിതമായാണ് ചില ചരിത്രരേഖകൾ കൈയിൽ വരുന്നത് . അപ്പോൾ ഏതാണ്ട് തീരാറായ പുസ്തകം മുഴുവനും എനിക്ക് തിരുത്തി എഴുതേണ്ടി വന്നു. എഴുതണമോ വേണ്ടയോ എന്ന കടുത്ത ആത്മസംഘർഷങ്ങളുടെ നാളുകൾ. ദേവിയിൽ അഭയം പ്രാപിക്കാനും ദേവിയോട് അനുവാദം വാങ്ങാനും ആചാര്യന്മാർ നിർദ്ദേശിച്ചു. ദേവിയുടെ ഹിതം ഇതെഴുതണമെന്നായിരുന്നു എന്ന് ശക്തമായ നിമിത്തങ്ങൾ ഉണ്ടായി. പിന്നെ ഒന്നും ആലോചിച്ചില്ല. അതിൽ പ്രധാനം ഇവയായിരുന്നു.

ആറ്റുകാലിൽ പാടുന്ന തോറ്റം പാട്ട് കണ്ണകിയെക്കുറിച്ചു ഉള്ളതാണെന്ന് എല്ലാ പ്രമുഖപത്രങ്ങളും എഴുതുന്നു. തന്മൂലം ആറ്റുകാൽ അമ്മ കണ്ണകിയാണെന്നും നിരവധിപേർ വിശ്വസിക്കുന്നു. ഇത് ശരിയാണോ ? രണ്ടായിരം വർഷങ്ങൾക്കു മുൻപ് എഴുതിയ ചിലപ്പതികാരത്തിലെ നായിക എങ്ങനെ ആറ്റുകാൽ അമ്മയാകും? അവർ ആറ്റുകാലിൽ വന്നുവെങ്കിൽ രണ്ടായിരം വർഷങ്ങൾക്കു മുൻപ് മലയാളം ഉണ്ടോ, നായർ തറവാടുകൾ ഉണ്ടോ ? ആറ്റുകാലിൽ പൂജകൾ എല്ലാം ഭദ്രകാളിക്കാണ് . ബ്രാഹ്മണപൂജ വരുന്നതിനു മുൻപും അങ്ങനെ തന്നെ ആയിരുന്നു. അവിടെ ജന്തുബലിയും മറ്റും നടന്നിരുന്നതിനു രേഖകൾ ഉണ്ട്. ഒരു ഉപദേവതയായിപ്പോലും കണ്ണകി അവിടെയില്ല.

ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള കഥയിൽ മുല്ലുവീട് കാരണവർക്ക് ദർശനം നൽകിയ ബാലികയാണ് ആറ്റുകാൽ അമ്മ . മുല്ലുവീട് എവിടെയായിരുന്നു എന്ന് ആരും അന്വേഷിച്ചു കണ്ടില്ല. ആ വീടിനും ക്ഷേത്രത്തിനും ഒരു ബന്ധവുമില്ല. ക്ഷേത്രം നിൽക്കുന്നത് ആരുടേയും ഭൂമിയിൽ അല്ല. അത് ഒരു സമുദായത്തിലെ കുറച്ചു പേരുടെ കുടുംബസ്വത്തായി മാറിയത് എങ്ങനെ എന്നുള്ള ചരിത്രം വെളിവാക്കുന്നുണ്ട് പുസ്തകത്തിൽ. യഥാർത്ഥ ചരിത്രം വെളിവാകാതെ ഇരിക്കാൻ കുറച്ചധികം അസത്യങ്ങൾ എഴുതി പിടിപ്പിച്ചിരിക്കുന്നു. അതുമാത്രമല്ല താഴ്ന്ന ജാതിക്കാരുടെ മുടിപ്പുര എന്നതിൽ നിന്നും ബ്രാഹ്മണപൂജയുള്ള ഒരു ക്ഷേത്രമായി മാറുമ്പോൾ സംഭവിച്ച മാറ്റങ്ങൾ എല്ലാം എനിക്കതിലൂടെ തുറന്നു കാട്ടാനായി. ചിലതു വേദനിപ്പിച്ചു, ചിലതു മുറിവേൽപ്പിച്ചു.

പിന്നെ അന്താരാഷ്ത്ര തലത്തിൽ നിലവാരമുള്ള പ്രസാധകരായതു കൊണ്ട് ഈ ക്ഷേത്രം കേരളചരിത്രവുമായി എങ്ങനെ ചേർന്ന് കിടക്കുന്നു, ഇപ്പോൾ എന്താണ് അവസ്ഥ എന്നും മറ്റും എഴുതേണ്ടി വന്നു. അതിലും പലതും സങ്കടപ്പെടുത്തുന്നവയായിരുന്നു. പതിനൊന്നു വയസ്സുള്ള കന്യകയും ഭാര്യയും വിധവയുമായ ദേവിയുടെ കരുണ അനുഭവിച്ചറിയാൻ സാധിച്ചു എന്നത് ജന്മസാഫല്യമാണ്. മറ്റുള്ളവർക്ക് വിവാദവും. അതെഴുതുക ദേവി എന്നെ ഏൽപ്പിച്ച നിയോഗമായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിന്റെ പേരിലുണ്ടായ സർവവും ആ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP