Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനീഷിന്റെ ജീവനെടുത്തിട്ടും കരുനാഗപ്പള്ളി പൊലീസിന് സദാചാരക്കാരോട് ഇപ്പോഴും വലിയ സ്‌നേഹം; സമാനമായ സംഭവത്തിൽ പരാതി നൽകാൻ എത്തിയ പെൺകുട്ടിയേയും സുഹൃത്തിനേയും കേസിന്റെ പൊല്ലാപ്പ് പറഞ്ഞ് പിൻതിരിപ്പിച്ചു; കൂടെ ചെന്ന പത്രപ്രവർത്തകനെതിരെ വ്യാജപ്പരാതി ഉണ്ടാക്കി പ്രതികാരം തീർക്കാൻ കള്ളക്കേസും; സത്യാവസ്ഥ വെളിപ്പെടുത്തി ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകി അപമാനിതയായ പെൺകുട്ടി

അനീഷിന്റെ ജീവനെടുത്തിട്ടും കരുനാഗപ്പള്ളി പൊലീസിന് സദാചാരക്കാരോട് ഇപ്പോഴും വലിയ സ്‌നേഹം; സമാനമായ സംഭവത്തിൽ പരാതി നൽകാൻ എത്തിയ പെൺകുട്ടിയേയും സുഹൃത്തിനേയും കേസിന്റെ പൊല്ലാപ്പ് പറഞ്ഞ് പിൻതിരിപ്പിച്ചു; കൂടെ ചെന്ന പത്രപ്രവർത്തകനെതിരെ വ്യാജപ്പരാതി ഉണ്ടാക്കി പ്രതികാരം തീർക്കാൻ കള്ളക്കേസും; സത്യാവസ്ഥ വെളിപ്പെടുത്തി ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകി അപമാനിതയായ പെൺകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വാദിയെ പ്രതിയാക്കുന്ന പരിപാടി പൊലീസിലെ ചിലർക്കെങ്കിലും ഇന്നും വിനോദമാണ്. തങ്ങൾക്കെതിരെ നീങ്ങുന്നവരെ എന്തെങ്കിലും കള്ളക്കേസിൽ കുടുക്കാൻ അവർ ശ്രമിക്കുകയും ചെയ്യും. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളായ ആൺകുട്ടികളുടേയും ഫോട്ടോ എടുത്ത് സദാചാര പൊലീസ് കളിക്കാൻ ശ്രമിച്ചവരെ രക്ഷിക്കാൻ വിഷയം പൊലീസിൽ അറിയിക്കാൻ കൂടെ ചെന്ന മാധ്യമ പ്രവർത്തനേയും പ്രതിയാക്കി പൊലീസ് കേസെടുക്കാൻ ശ്രമിച്ച സംഭവം.

കരുനാഗപ്പള്ളി എ.എം. ഹോസ്പിറ്റലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥിനികളുടെയും വിദ്യാർത്ഥിയുടേയും ചിത്രങ്ങൾ ഒരാൾ പകർത്തിയത് വിഷയമായതോടെ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകൻ ആർ പീയൂഷ് ഇവരുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു. എന്നാൽ കുറ്റക്കാരായ സദാചാര പൊലീസ് ചമഞ്ഞവർക്കെതിരെ കേസെടുക്കുന്നതിന് പകരം പീയൂഷിനെ കള്ളക്കേസ് ചമച്ച് പ്രതിയാക്കുകയാണ് പൊലീസ് ചെയ്തത്. ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു സംഭവം. നേരത്തെ മംഗളം ലേഖകനായിരുന്ന പീയൂഷ് ഇപ്പോൾ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്ക് കരുനാഗപ്പള്ളിയിൽ നിന്ന് വാർത്ത നൽകുന്ന വ്യക്തിയാണ്.

എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി പെൺകുട്ടി തന്നെ പീയൂഷ് തങ്ങളെ സഹായിക്കാനാണ് വന്നതെന്നും അദ്ദേഹത്തിനെതിരെ വ്യാജ കേസെടുത്ത കരുനാഗപ്പള്ളി സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി ഡിജിപിക്കും പൊലീസ് കംപ്‌ളൈന്റ്‌സ് അഥോറിറ്റിക്കും സംസ്ഥാന യുവജന കമ്മീഷനും പരാതി നൽകിയിരിക്കുകയാണിപ്പോൾ. ഇതോടെ കള്ളക്കേസ് ചമച്ച്  ലേഖകനെ കുടുക്കാൻ ശ്രമിക്കുകയും പെൺകുട്ടിയേയും സുഹൃത്തിനേയും അപമാനിക്കാൻ ശ്രമിച്ചവരെ കേസെടുക്കാതെ രക്ഷിക്കുകയും ചെയ്ത കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ നടപടിയുണ്ടാവുമെന്നും ഉറപ്പായി. മാത്രമല്ല, പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയെന്നു പറഞ്ഞ് ലേഖകനെ അറസ്റ്റ് ചെയ്തത് വ്യക്തിവൈരാഗ്യം തീർക്കാനായിരുന്നും വ്യക്തമായിട്ടുണ്ട. നിരന്തരം പൊലീസിനെതിരെ വാർത്തയെഴുതിയതിന്റെ പകപോക്കലാണ് കള്ളക്കേസിന് പിന്നിലെന്നാണ് സൂചന.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ആർ.പീയൂഷിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടത്. അനുവാദമില്ലാതെ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി എന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ കെട്ടിചമച്ച ഈ കള്ളക്കഥയുടെ പിന്നിൽ മാധ്യമ പ്രവർത്തകനോടുള്ള പകതീർക്കലായിരുന്നു ലക്ഷ്യം. കരുനാഗപ്പള്ളി എ.എം. ഹോസ്പിറ്റലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥിനികളുടെയും വിദ്യാർത്ഥിയുടേയും ചിത്രങ്ങൾ ഒരാൾ പകർത്തി എന്നറിഞ്ഞാണ് ലേഖകൻ സ്ഥലത്തെത്തുന്നത്. വിദ്യാർത്ഥികളോട് കാര്യങ്ങൾ അന്വേഷിച്ചു. ചിത്രങ്ങൾ പകർത്തിയത് ഐ.എൻ.ടി.യു.സി യുടെ ഒരു ചുമട്ട് തൊഴിലാളിയും ഒരു ഓട്ടോക്കാരനും ചേർന്നാണെന്ന് മനസ്സിലാക്കി.

തുടർന്ന് ഇവരോട് ഫോട്ടോ എടുത്തതെന്തിനാണെന്നും അത് നശിപ്പിച്ച് കളയാനും ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും തട്ടിക്കയറുകയും ലേഖകനെ അസഭ്യം പറയുകയുമായിരുന്നു. പിന്നീട് ലേഖകൻ വിദ്യാർത്ഥികളോട് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറോട് ഫോണിൽ പരാതി പെടാൻ പറഞ്ഞു. വിവരങ്ങൾ അറിഞ്ഞ കമ്മീഷ്ണർ ഉടൻ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു വേണ്ട നടപടി സ്വീകരിക്കാൻ നിർദ്ധേശിച്ചു. കമ്മീഷണറുടെ നിർദ്ധേശപ്രകാരം കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്നും പൊലീസെത്തി വിദ്യാർത്ഥികളുടെ ദൃശ്യംപകർത്തിയ ചുമട്ട് തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതിനനുസരിച്ച് ലേഖകൻ ഇവർക്കൊപ്പം കരുനാഗപ്പള്ളി സ്റ്റേഷനിലേക്ക് പോയി.

സ്റ്റേഷനിലെത്തി പെൺ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴേക്കും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ സ്റ്റേഷനിലെത്തി പരാതി പിൻവലിക്കാൻ പെൺകുട്ടിയോടും ലേഖകനോടും ആവശ്യപ്പെട്ടു. എന്നാൽ ഇവർ തയ്യാറാകാതിരുന്നതോടെ രംഗം വഷളായി. കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.രാജേഷ് പെൺകുട്ടിയുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പരാതി പിൻവലിക്കാൻ തയ്യാറാകാതിരുന്ന പെൺകുട്ടിയേയും മാതാപിതാക്കളേയും സമ്മർദ്ദത്തിലാക്കുകയും  പീയൂഷ്‌ മോശക്കാരനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയുമായിരുന്നു പൊലീസ്. സദാചാര പൊലീസ് ചമഞ്ഞ് അതിക്രമം നടത്തിയവർക്കെതിരെ കേസെടുക്കുന്നതിന് പകരം പെൺകുട്ടിയേയും വീട്ടുകാരേയും ബ്രെയിൻവാഷ് ചെയ്യാനായി ശ്രമം.

പെൺകുട്ടി പരാതിയുമായി മുന്നോട്ട് പോയാൽ ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാവുമെന്നും തെറ്റിദ്ധരിപ്പിച്ചു. ഇതിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ ഫോട്ടോ എടുത്ത സംഭവത്തെപറ്റി പെൺകുട്ടിക്ക് പറയാനുള്ളത് പീയൂഷ്‌  സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തി. ഇത് പെൺകുട്ടിയുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു. ഈ ദൃശ്യങ്ങൾ പീയൂഷ്‌  മലയാള മനോരമ ന്യൂസ് ചാനലിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇത് അവർ വാർത്തയുമാക്കി.

അതേസമയം, പരാതി പിൻവലിച്ച പെൺകുട്ടിയും മാതാപിതാക്കളും സ്റ്റേഷനിൽ നിന്നും പുറത്തേക്ക് കടക്കുന്നതിനിടെ എസ്.ഐ. സ്റ്റേഷന് പുറത്ത് നിന്ന പീയൂഷിന്റെ   ഫോൺ പിടിച്ചു വാങ്ങുകയും നീ പെൺകുട്ടിയുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുമോടാ എന്ന് ആക്രോശിച്ചു കൊണ്ട് ലേഖകനെ ലോക്കപ്പിലടക്കുകയുമാണ് ചെയ്തത്. പിന്നീട് പെൺകുട്ടിയോട് പരാതി എഴുതാൻ നിർബന്ധിപ്പിച്ചു. പെൺകുട്ടി പരാതി എഴുതാൻ വിസമ്മതിച്ചതോടെ പെൺകുട്ടിയുടെ പിതാവിനെക്കൊണ്ട് വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങുകയും ബാക്കി ഞങ്ങൾ എഴുതിച്ചേർത്തോളാമെന്ന് പറയുകയുമായിരുന്നു.

ഈ സമയം എസ്.ഐ ലേഖകനോട് പൊലീസിന്റെ പവറെന്തെന്ന് കാണിച്ച് തരാമെന്നും നീ പൊലീസിനെതിരെ വാർത്തയെഴുതുന്നത് അവസാനിപ്പിച്ച് തരാമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ രക്ഷക്കെത്തിയ ലേഖകനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ലോക്കപ്പിലടക്കുകയും കുറ്റം ചെയ്തയാളെ വെറുതെ വിടുകയുമായിരുന്നു പൊലീസ് ചെയ്തത്. എന്നാൽ മനോരമ ചാനലിൽ ലേഖകൻ പകർത്തിയ ദൃശ്യങ്ങളടക്കം വാർത്ത വന്നതറിഞ്ഞ എസ്.ഐ. പണി പാളുമെന്ന് ഉറപ്പായതോടെ ലേഖകന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു.

എന്നാൽ പീയൂഷിന്റെ ഫോൺ എസ്.ഐ.അന്യായമായി പിടിച്ചു വച്ചിരിക്കുകയാണ് ഇപ്പോഴും. മാത്രമല്ല, ലേഖകനോടുള്ള വൈരാഗ്യം തീർക്കാൻ ചില ഓൺലൈൻ പത്രങ്ങൾക്ക് പിയൂഷ് പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതിന് അറസ്റ്റുചെയ്തുവെന്ന വാർത്ത നൽകുകയും ചെയ്തു. ഫോൺ ഉൾപ്പെടെ പിടിച്ചുവച്ചതിനാൽ ഫെബ്രുവരി 20 ന് നടന്ന സംഭവത്തിന്റെ സത്യാവസ്ഥ തെളിയിക്കുന്ന രേഖകൾ ലഭിക്കാൻ കാലതാമസം നേരിട്ടു. ഇതിനിടെ മറുനാടന്റെ പേരിലും വ്യാജ വാർത്ത ചിലർ കൊടുത്തു. പെൺകുട്ടി തന്നെ ഇപ്പോൾ സത്യാവസ്ഥ വ്യക്തമാക്കി ഡിജിപിക്കും പൊലീസ് കംപ്ളൈന്റ്സ് അഥോറിറ്റിക്കും പരാതി നൽകിയതോടെ മറുനാടനും വാർത്തകൾ നൽകുന്ന പിയൂഷിന്റെ നിരപരാധിത്വമാണ് വെളിവാകുന്നത്.

എന്നാൽ ഇത്തരത്തിൽ വാദിയെ പ്രതിയാക്കുന്ന സമീപനം സ്വീകരിക്കുകയും തനിക്കെതിരെ കള്ളക്കേസെടുക്കുകയും ലോക്കപ്പിൽ അടയ്ക്കുകയും ചെയ്തതിനെതിരെ മുഖ്യ മന്ത്രിക്കും ഡിജിപിക്കും പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനൊരുങ്ങുകയാണ് പീയൂഷ്. അടുത്തിടെ കൊല്ലം അഴീക്കലിൽ നടന്ന സദാചാര ഗുണ്ടായിസം പുറത്തുകൊണ്ടുവന്നത് പീയൂഷ് ആയിരുന്നു. പൊലീസ് തക്ക സമയത്ത് ഇടപെട്ടില്ലെന്നത് ഈ വിഷയത്തിലും വലിയ ചർച്ചയായി മാറിയിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത് കരുനാഗപ്പള്ളി പൊലീസിന് വലിയ ക്ഷീണമായി മാറുകയും ചെയ്തിരുന്നു. അന്നും പ്രതികൾക്കുവേണ്ടി കേസൊതുക്കാൻ ശ്രമം നടന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിതന്നെ വാലന്റയിൻസ് ദിനത്തിൽ അഴീക്കലിൽ നടന്ന സദാചാര ഗുണ്ടാവിളയാട്ടത്തിൽ ശക്തമായ നടപടിയെടുക്കും എന്ന് വ്യക്തമാക്കിയതോടെ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ആ സംഭവത്തിൽ കള്ളക്കളി പൊളിഞ്ഞതിന്റെ ക്ഷീണം തീർക്കാനാണ് സമാനമായ മറ്റൊരു സന്ദർഭത്തിൽ പിയൂഷിനെ കുടുക്കാൻ കരുനാഗപ്പള്ളി പൊലീസ് തന്ത്രം മെനഞ്ഞതെന്ന് വ്യക്തമാകുകയാണ്. അഴീക്കൽ ഉണ്ടായ സംഭവത്തിൽ സദാചാര പൊലീസ് ചമഞ്ഞെത്തിയവർ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെ അപമാനിതനായ യുവാവ് അട്ടപ്പാടി അഗളി സ്വദേശി അനീഷ് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ആദ്യംതന്നെ പൊലീസ് ഉണർന്നു പ്രവർത്തിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ പിടികൂടാനും അത് സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നത് തടയാനും പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ ആ ജീവൻ പൊലിയില്ലായിരുന്നു.

സമാനമായ രീതിയിൽ ബസ് സ്റ്റോപ്പിൽ നിന്ന ബിരുദ വിദ്യാർത്ഥിനിയുടേയും സുഹൃത്തിന്റെയും ദൃശ്യങ്ങൾ പകർത്താനാണ് ചുമട്ടുതൊഴിലാളിയും ഓട്ടോ ഡ്രൈവറും ഫെബ്രുവരി 20ന് ഉണ്ടായ സംഭവത്തിലും ശ്രമിച്ചത്. ഇതിൽ അവർക്കെതിരെ കേസെടുക്കുന്നതിന് പകരം വിവരം പൊലീസിൽ അറിയിച്ച പിയൂഷിനെ കുടുക്കാനാണ് കരുനാഗപ്പള്ളി എസ്ഐ ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP