Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആൽബിനെ വിവാഹം കഴിച്ചതിനു പ്രതിഫലമായി കിട്ടിയത് പട്ടിണിയും നാട്ടുകാരുടെ അവഗണനയും സമുദായ നേതാക്കളുടെ എതിർപ്പും ഗുണ്ടകളുടെ ഭീഷണിയും; എല്ലാം സഹിച്ചു പിടിച്ചുനിന്ന് കൊടും കുറ്റവാളിയായ ഭാർത്താവിനെ നന്മയുടെ വഴിയിലേക്കു കൈപിടിച്ചു നയിച്ചു; ഇത് 160 പേർക്ക് ആശ്രയമായ മേരിയെന്ന കെടാവിളക്കിന്റെ സഹനത്തിന്റെ കഥ

ആൽബിനെ വിവാഹം കഴിച്ചതിനു പ്രതിഫലമായി കിട്ടിയത് പട്ടിണിയും നാട്ടുകാരുടെ അവഗണനയും സമുദായ നേതാക്കളുടെ എതിർപ്പും ഗുണ്ടകളുടെ ഭീഷണിയും; എല്ലാം സഹിച്ചു പിടിച്ചുനിന്ന് കൊടും കുറ്റവാളിയായ ഭാർത്താവിനെ നന്മയുടെ വഴിയിലേക്കു കൈപിടിച്ചു നയിച്ചു; ഇത് 160 പേർക്ക് ആശ്രയമായ മേരിയെന്ന കെടാവിളക്കിന്റെ സഹനത്തിന്റെ കഥ

ആലപ്പുഴ : ഒരു കാലത്ത് ആൽബിയെന്നു കേട്ടാൽ ആലപ്പുഴ ജില്ലയാകെ ഞെട്ടി വിറയ്ക്കുമായിരുന്നു. കുത്തും വെട്ടും കൊലയുമായി രക്തദാഹം തീരാതെ നടന്നിരുന്ന ആ കൊടും കുറ്റവാളി പിന്നീട് എല്ലാമുപേക്ഷിച്ച് നന്മയുടെ വഴിയേ സഞ്ചരിക്കാൻ തുടങ്ങി. എന്നാൽ ആൽബിയുടെ ഭാര്യക്ക് അനുഭവിക്കേണ്ടിവന്ന യാതനകൾ ആരും അറിഞ്ഞില്ല, ശ്രദ്ധിച്ചുമില്ല. കൊടും കുറ്റവാളിയുടെ ഭാര്യയെന്ന നിലയിൽ പട്ടിണിയുടെയും ദുരിതങ്ങളുടെയും ഭീഷണികളുടെയും ഇരുണ്ട കാലഘട്ടം കടന്ന് ജീവകാരുണ്യത്തിന്റെ വഴിയിലെത്തി 160 ഓളം അനാഥരുടെ സംരക്ഷകയായി മാറിയിരിക്കുകയാണ് ആൽബിയുടെ ഭാര്യ മേരി.

സമകാലിക സാമൂഹ്യ സാഹചര്യങ്ങൾ കുടുംബ ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ യാന്ത്രികതയിൽ നീങ്ങുമ്പോൾ ഇതിനെല്ലാം അപവാദമാകുകയാണ് മേരിയെന്ന വീട്ടമ്മ. പ്രതിസന്ധികൾ മാത്രം ഉണ്ടായിരുന്ന ജീവതത്തെ വിജയതീരത്തെത്തിക്കാൻ മേരി നേരിട്ട ദുരിതങ്ങൾ കേട്ടറിയുകയോ പറഞ്ഞറിയുകയോ ചെയ്താൽ ആധുനിക സ്ത്രീ സമൂഹം ഈ മഹിളാരത്നത്തെ പൂജിക്കേണ്ടി വരും.

ആലപ്പുഴ ജില്ലയിലെ പുന്നപ്ര എന്ന മൽസ്യഗ്രാമത്തിൽ പ്രവർത്തിക്കുന്ന ശാന്തിഭവൻ അഗതി ആശ്രയകേന്ദ്രത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുകയാണ് മേരിയെന്ന ഈ അൻപത്തിയൊൻപതുകാരി. അശരണർക്കും അനാഥർക്കും താങ്ങും തണലുമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം മേരിയുടെ ഭർത്താവ് മാത്യൂ ആൽബിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. 160 ഓളം അന്തേവാസികൾ ഇവിടെ കഴിയുന്നുണ്ട്. കാരുണ്യത്തിന്റെ ഉറവ വറ്റാത്തവർ നൽകുന്ന സഹായങ്ങൾ ഇവിടെ കഴിയുന്ന അന്തേവാസികളുടെ വിശപ്പ് അകറ്റുമ്പോൾ പൂർവ്വകാലം തനിക്ക് സമ്മാനിച്ച ദുരന്തങ്ങളെ മേരി പാടെ വിസ്മരിക്കുന്നു.

1974 ൽ ആണ് മേരി മാത്യു ആൽബിനെ വിവാഹം കഴിക്കുന്നത്. പട്ടിണി മാത്രം മിച്ചമുള്ള പറവൂരിലുള്ള ഒരു മൽസ്യ തൊഴിലാളി കുടുംബത്തിൽനിന്നാണ് മേരി ആൽബിനൊപ്പം ജീവിതം പങ്കിടാൻ എത്തിയത്. പറവൂരിലെ ധ്യാനകേന്ദ്രത്തിലെ ജീവനക്കാരനായിരുന്ന ആൽബിൻ, നിത്യവും പ്രാർത്ഥിക്കാനെത്തുന്ന മേരിയെ പള്ളിമുറ്റത്തുവച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് മേരിയുടെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തി. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു. വിവാഹ ജീവിതം ശാന്തമായി നീങ്ങുമ്പോഴാണ് ഭർത്താവിന്റെ പ്രവൃത്തികളിൽ പെട്ടെന്ന് മാറ്റം കണ്ടുതുടങ്ങിയത്. നിത്യവും മദ്യപിച്ച് വീട്ടിലെത്തുന്ന ആൽബിൻ പിന്നീട് നാട്ടിലെ കുപ്രസിദ്ധ വഴക്കാളിയായി മാറി. അതോടെ ദുരന്തങ്ങൾ ഒന്നൊന്നായി മേരിയുടെ ജീവതത്തിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. സംഘർഷങ്ങളും കൊലപാതകങ്ങളുമായി ആൽബിൻ പിന്നീട് അതിവേഗം അറിയപ്പെടുന്ന ഗുണ്ടയായി മാറി. നാട്ടിലും വീട്ടിലും ആൽബിൻ പേടിസ്വപ്നമായി.

നാട്ടിലെ വഴക്കാളി പിന്നീട് വീട്ടിലെയും സ്ഥിരം വഴക്കാളിയായി. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തുന്ന ആൽബിൻ പതിവായി മർദ്ദനം തുടങ്ങിയതോടെ മേരി മുലകുടി മാറാത്ത കുഞ്ഞിനെയും എടുത്ത് വീടിന് സമീപത്തുള്ള ചിറയിലെ ആഴംകുറഞ്ഞ ഭാഗത്ത് ഇറങ്ങി ഒളിച്ചിരിക്കാൻ തുടങ്ങി, ഭർത്താവിന്റെ മർദനമേൽക്കാതിരിക്കാൻ.

അന്ന് മേരിക്ക് മൂന്നു മക്കളായിരുന്നു. ഇരട്ടകളായ പെൺകുട്ടികളും ഒരു ആൺകുട്ടിയും. ഒരിക്കൽ കഠാരയുമായി വീട്ടിലെത്തിയ ആൽബിൻ മേരിയുടെ നേർക്ക് കഠാര വലിച്ചെറിഞ്ഞു. എന്നാൽ മേരി ഒഴിഞ്ഞു മാറിയതോടെ കഠാര ഓലമേഞ്ഞ ചുവരിൽ പതിച്ചു. അങ്ങനെ മരണത്തിൽനിന്നും മേരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദൈവത്തിന്റെ ശക്തമായ സാന്നിധ്യമാണ് തന്നെ അന്നു രക്ഷിച്ചതെന്ന് മേരി പറയുന്നു. പരീക്ഷണങ്ങൾ ഏറെ സഹിച്ചിട്ടും ദുരന്തങ്ങൾ മേരിയെ വിട്ടുപോയില്ല. ഒരിക്കൽ സെമിനാരിയിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വഴിയിൽ എന്തോ സംഘട്ടനം നടന്നതായി മേരി അറിയാനിടയായി. പതിവുപോലെ സംഘട്ടനമെന്നു കേട്ടപ്പോൾത്തന്നെ മേരി ഭയന്നു. അതുപോലെ തന്നെ സംഭവിച്ചു. രാവിലെ കവലയിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും കൊന്നത് ആൽബിനാണെന്നും ആരോ വീട്ടിൽ വന്നു പറഞ്ഞു. തകർന്നുപോയ മേരി തന്റെ മക്കളെയും മാറത്തടുക്കി പകച്ചു നിന്നു. പിന്നീട് പൊലീസ് ആൽബിനുവേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി വീട്ടിൽ നിരന്തരം എത്തിതുടങ്ങി. ഒരുദിവസം പുന്നപ്രയിലെ വീട് വളഞ്ഞ പൊലീസ് ആൽബിനെ തിരഞ്ഞെങ്കിലും കിട്ടിയില്ല. അന്ന് ആൽബിനെ കിട്ടാതെ അരിശം കൊണ്ട പൊലീസ് ഇൻസ്പെകടർ മേരിയെ നിഷ്‌ക്കരുണം ലാത്തിക്കൊണ്ട് കാലിന് തല്ലി. കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചിട്ടും പൊലീസ് മേരിയുടെ ദയനീയരോദനം കേട്ടില്ല.

ദിവസങ്ങൾക്കുശേഷം പൊലീസിന്റെ പിടിലായ ആൽബിനെ പിന്നീട് ജയിലിലേക്ക് മാറ്റി. ജാമ്യം കിട്ടി പുറത്തിറങ്ങിയ ആൽബിനെ ശത്രുക്കൾ പെരുവഴിൽ വെട്ടിനുറക്കി. ശരീരമാസകലം വെട്ടേറ്റ ആൽബിൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ആരും കരുതിയില്ല. എന്നാൽ പ്ലാസ്റ്ററിൽ പൊതിഞ്ഞ ശരീരവുമായി കഴിഞ്ഞ ആൽബിനെ മേരി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. ഒരു ഈച്ച മുഖത്തിരുന്നാൽ അതിനെ ആട്ടിയോടിക്കാൻ പോലും കഴിയാതായ തന്റെ ഭർത്താവ് എഴുന്നേറ്റ് നടക്കുമെന്ന് മേരി ഒരിക്കലും പ്രതിക്ഷിച്ചില്ല. എന്നാൽ ഉറച്ച വിശ്വാസിയായ മേരി രാത്രികാലങ്ങളിൽ ഉറക്കമിളച്ച് തന്റെ ഭർത്താവിനുവേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു. ഒടുവിൽ ആൽബിൻ എഴുന്നേറ്റു നടന്നു. ഈ അദ്ഭുതം ദൈവം തന്റെ ജീവത്തിൽ പ്രാവർത്തികമാക്കി തന്നത് ദൈവത്തോടുള്ള ഉറച്ച വിശ്വാസത്തിന്റെ ഫലമാണെന്നും മേരി പറയുന്നു.

പിന്നീട് വിചാരണയ്ക്കുശേഷം പുന്നപ്രയിലെ കൊലപാതക കേസിൽ ആൽബിൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. ഇതോടെ മേരിയുടെ ജീവതം കൂടുതൽ പ്രതിസന്ധിയിലായി. ഉടുക്കാൻ വസ്ത്രമോ കഴിക്കാൻ ഭക്ഷണമോ അന്തിയുറങ്ങാൻ വീടോ ഇല്ലാതെ മേരി അലഞ്ഞു. ആൽബിൻ പിടിയിലായതോടെ പൊലീസ് ആകെയുണ്ടായിരുന്ന വീട് സീൽ ചെയ്തു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പോറ്റാൻ മേരി ഇതോടെ നാട്ടിൽ പണിക്കു പോയി തുടങ്ങി. ഓല മെടയൽ ജോലിയാണ് ആദ്യം ചെയ്തു തുടങ്ങിയത്. അന്ന് വൈകുന്നേരങ്ങളിൽ കൂലിയായി ലഭിക്കുന്ന ആറു രൂപ ഇരുപത്തിയഞ്ച് പൈസയായിരുന്നു മേരിക്ക് ജീവിക്കാനുള്ള കരുത്ത് പകർന്നത്. ഓല മെടയൽ ജോലിയിൽ മേരിയെ സ്‌കൂൾ വിട്ടെത്തുന്ന പെൺമക്കളും സഹായിച്ചിരുന്നു. ഉച്ചനേരങ്ങളിൽ സഹ പ്രവർത്തകർ അവരവരുടെ വീടുകളിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഒപ്പം മേരിയും തന്റെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ മുഴുപട്ടിണിയിൽ കഴിയുന്ന മേരിക്ക് കഴിക്കാൻ അവിടെ ഒന്നുമില്ലായിരുന്നു. പകരം പച്ചവെള്ളം കുടിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങലായിരുന്നു പതിവ്. പിന്നീട് വൈകുന്നേരം കൂലിയും വാങ്ങി അരിയും സാധനങ്ങളും വാങ്ങി മേരി മക്കളോടൊപ്പം വീട്ടിലെയ്ക്ക് മടങ്ങും.

എന്നാൽ ജോലിസ്ഥലത്തും മേരിയെ ദുരന്തം വിട്ടില്ല. മേരിയുടെ ദുരവസ്ഥ കണ്ട് ജോലി നൽകിയ ഉടമയോടു ചില സമുദായ നേതാക്കളെത്തി മേരിയെ ജോലിയിൽനിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദുവിനെ കൊന്നവന്റെ, ക്രിസ്ത്യാനിയായ ഭാര്യയ്ക്ക് ജോലിക്കൊടുത്തതിൽ സമുദായ നേതാക്കൾ അമർഷം പ്രകടിപ്പിച്ചെങ്കിലും ഉടമ വകവച്ചില്ല. തന്റെ കുടുംബത്തിന്റെ പട്ടിണിമാറ്റാനുള്ള ഏക ആശ്രയമായ പണി പോകുമോയെന്ന തോന്നൽ മേരിയെ വല്ലാതെ ഉലച്ചിരുന്നു. എങ്കിലും ഉടമ ജോലിയിൽ തുടരാൻ അനുവദിച്ചത് ഏറെ സഹായകമായെന്ന് മേരി പറഞ്ഞു.

ഭർത്താവ് ശിക്ഷ ലഭിച്ച് ജയിലിൽ പോയതിനുശേഷം മേരിക്ക് സീൽ ചെയ്ത വീട് തുറന്നുകിട്ടിയിരുന്നു. എന്നാൽ വീട്ടിൽ താമസമായതോടെ ഓല മെടയൽ പണി നഷ്ടമായി. പിന്നീട് തൊണ്ടുതല്ലി ചകിരിയാക്കി കയറുണ്ടാക്കി വിൽക്കുന്ന പണിയിൽ ഏർപ്പെട്ടു. തന്റെ കുഞ്ഞുങ്ങളുടെ വിശപ്പ് അടക്കാൻ മേരി ആരോഗ്യം നശിച്ചിട്ടും രാപ്പകൻ പണിയെടുത്തുക്കൊണ്ടിരുന്നു.

ഏറെ നാളുകൾക്കുശേഷം പരോളിൽ ഇറങ്ങിയ ആൽബിനെ മേരി എറണാകുളത്തു നടന്ന ഒരു പ്രാർത്ഥനാ യോഗത്തിൽ കൊണ്ടുപോയി. പതിനായിരങ്ങൾ അണിനിരന്ന യോഗത്തിൽ പങ്കെടുത്ത ആൽബിൻ പെട്ടെന്ന് മാനസാന്തരത്തിന് വഴിപ്പെടുകയായിരുന്നു. ഇവിടെയാണ് മേരിയുടെ നല്ലനാളുകൾക്ക് തുടക്കമാകുന്നത്. മാനസാന്തരപ്പെട്ട ആൽബിൻ മേരിയുമൊത്ത് വഴിയോരങ്ങളിൽ മതപ്രഭാഷകരോടൊപ്പം സാക്ഷ്യം പറഞ്ഞു തുടങ്ങി. ഇതോടെ ധൈര്യം കൈവന്ന മേരി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി പ്രസംഗിച്ചു തുടങ്ങി. കാൽനൂറ്റാണ്ട് ദുരന്തമുഖത്ത് ഇടറാതെ ജീവിതത്തെ സധൈര്യം നയിച്ച മേരിയുടെ പ്രസംഗം കേൾക്കാൻ ജനങ്ങൾ എത്തിതുടങ്ങി. പരോൾ കാലാവധി കഴിഞ്ഞ ആൽബിൻ ജയിലിലേക്ക് മടങ്ങിയതോടെ മേരി വീണ്ടും പ്രതിസന്ധിയിലായി.

ആൽബിന്റെ പഴയകാല സുഹൃത്തുക്കളായ ഗുണ്ടകൾ രാത്രികാലങ്ങളിൽ വീടിന്റെ ഉമ്മറത്തെത്തി ഭീഷണിപ്പെടുത്തി തുടങ്ങി. ജയിലിൽ ആൽബിൻ മാനസാന്തരപ്പെട്ട വാർത്ത ഗുണ്ടകൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇവർ രാത്രികാലങ്ങളിൽ മദ്യപിച്ച് ലക്കുകെട്ട് മേരിയുടെ ചെറ്റക്കുടിലിന് അരികിലെത്തി കഠാരയും വടിവാളും ഉപയോഗിച്ച് ഓലമേഞ്ഞ ചുവര് അറുത്തുമാറ്റാൻ തുടങ്ങി. ഒരുദിവസം കട്ടിലിൽ ഉറങ്ങിക്കിടന്ന പിഞ്ഞുകുഞ്ഞിനു നേർക്ക് ചെറ്റ തുളച്ചുകയറിവരുന്ന കഠാര ത്തുമ്പ് കണ്ട് മേരി ഞെട്ടി. പെട്ടെന്ന് കുഞ്ഞിനെ വാരിയെടുത്ത് രക്ഷപ്പെടുത്തി.

പിന്നീട് ഉറക്കമില്ലാത്ത നാളുകളായിരുന്നു. ഒടുവിൽ ഭർത്താവ് നഷ്ടപ്പെട്ട അയൽക്കാരിയായ സ്ത്രീയോട് രാത്രികാലങ്ങളിൽ അവരുടെ വിട്ടിൽ കഴിഞ്ഞുകൂടാൻ അനുവാദം ചോദിച്ചപ്പോൾ അവർ നൽകി. അങ്ങനെയാണ് മേരി സമാധാനത്തോടെ ഉറങ്ങാൻ തുടങ്ങിയത്. മേരിയെയും കുട്ടികളെയും കാണാതായപ്പോൾ ഗുണ്ടകളും മടങ്ങി. ഒരു പതിറ്റാണ്ടിലേറെ ജയിൽവാസം അനുഭവിച്ചു തിരിച്ചെത്തിയ ആൽബിൻ പിന്നീട് ജീവിതം തുടങ്ങിയത് പുതിയൊരു മനുഷ്യനായിട്ടായിരുന്നു. തെരുവുമക്കൾക്ക് ആശ്രയം നൽകി തന്റെ ശിഷ്ടക്കാലം പുന്നപ്രയിൽ തന്നെ കഴിച്ചുകൂട്ടുന്ന ആൽബിൻ ഇന്ന് നൂറ്റിയറുപതോളം മക്കൾക്ക് ദൈവതുല്യനാണ്. ജീവിതത്തിൽ ദുരന്തങ്ങൾ മാത്രം നൽകിയിട്ടുള്ള കൊടും കുറ്റവാളിയായ ഭർത്താവിനെ സഹനത്തിലൂടെ മാനസാന്തരത്തിലെത്തിച്ച് ജീവിതത്തിന്റെ പുത്തൻ വഴിത്താരയിൽ കൈപിടിച്ചുയർത്തിച്ച മേരിയെന്ന സ്ത്രീരത്നത്തിന്റെ ചരിത്രം ആധുനിക സ്ത്രീ സമൂഹത്തിന് നേർകാഴ്ചയാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP