Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചിട്ടും മോഹൻലാൽ എങ്ങനെയാണ് വിനായകന് മുമ്പിൽ തോറ്റത്? മികച്ച നടനെ തേടിയുള്ള യാത്ര വിനായകൻ അവസാനിപ്പിച്ചത് അൽഭുതങ്ങൾ ഏറെ രചിച്ച്

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചിട്ടും മോഹൻലാൽ എങ്ങനെയാണ് വിനായകന് മുമ്പിൽ തോറ്റത്? മികച്ച നടനെ തേടിയുള്ള യാത്ര വിനായകൻ അവസാനിപ്പിച്ചത് അൽഭുതങ്ങൾ ഏറെ രചിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൂപ്പർതാരം മോഹൻലാലിനോട് ഏറ്റുമുട്ടിയാണ് വിനായകൻ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ഒപ്പം, പുലിമുരുകൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോഹൻലാലിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്. 100 കോടി ക്ലബ്ബിന്റെ കരുത്തിലേക്ക് മലയാള സിനിമയെ ആദ്യം എത്തിച്ചത് പുലിമുരുകനാണ്. ലാലിന്റെ അഭിനയ മികവ് തന്നെയാണ് പുലിവേട്ടയെ ജനങ്ങൾ ഏറ്റെടുക്കാൻ കാരണം. മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ ചിത്രത്തിലൂടെ മോഹൻലാൽ തന്നെ മികച്ച നടനാകുമെന്ന് കരുതിയവരുണ്ട്. അവിടേക്കാണ് കമ്മട്ടിപാലത്തിലെ ഗംഗയുടെ വരവ്. ഈ ചിത്രത്തിൽ ദുൽഖർ സൽമാനെയാണ് ആദ്യം അണിയറ പ്രവർത്തകർ ഉയർത്തിക്കാട്ടിയത്. എന്നാൽ ഗംഗയും വിനായകനുമാണ് പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയതെന്ന തിരിച്ചറിവ് സംവിധായകനും നിർമ്മാതാവിനും വന്നു. ഇതോടെ കമ്മട്ടിപ്പാലം ഗംഗയയുടെ അഥവാ വിനായകന്റെ ചിത്രമായി.

റിയലിസ്റ്റിക് ചിത്രത്തിൽ മികവുറ്റ ശരീരഭാഷയോടും സംഭാഷണ ശൈലികൊണ്ടും പ്രേക്ഷകരുടെ മനം കവർന്ന വിനായകൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജൂറിയുടേയും പ്രിയപ്പെട്ട അഭിനേതാവായി. മോഹൻലാലിനേയും ഫഹദിനേയും പിന്നിലാക്കിയാണ് വിനായകൻ അവാർഡ് കരസ്ഥമാക്കിയത്. ഈ ഒറ്റ തീരുമാനം കൊണ്ട് തന്നെ സിനിമാ അവാർഡുകൾക്കും പ്രേക്ഷക പിന്തുണ ഏറി. എല്ലാം ശരിയായി വന്ന അവാർഡ് എന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്. താരങ്ങൾക്ക് അപ്പുറം പ്രകടനങ്ങൾ മാത്രം വിലയിരുത്തിയ അവാർഡുകളെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്. നേരത്തെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ കലാഭവൻ മണിയെ മികച്ച നടനുള്ള അവാർഡിന് പരിഗണിച്ചിരുന്നു. എന്നാൽ ആ വർഷം അവാർഡ് കിട്ടിയത് മോഹൻലാലിനും. മണിയുടെ അവസ്ഥ വിനായകനും ഉണ്ടാകുമെന്ന വിലയിരുത്തൽ സജീവമായിരുന്നു. ഇതാണ് അസ്ഥാനത്തായത്.

2016ലെ സിനിമയ്ക്കുള്ള പുരസ്‌കാരങ്ങൾ വിവദ ചാനലുകളും മറ്റും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവിടെയെല്ലാം വിനായകന്റെ ഗംഗ തഴയപ്പെട്ടു. ഇതോടെ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു. കൃഷ്ണാ ഞാനാടാ ഗംഗയാടാ എന്ന .... ആ ഡയലോഗ് ട്രോളുകളായെത്തി. ഇതോടെ ചലച്ചിത്ര അക്കാദമിക്ക് പ്രേക്ഷക മനസ്സ് മനസ്സിലായി. ഇതിനൊപ്പം കമ്മട്ടിപ്പാലത്തിലെ പ്രധാന നടൻ വിനായകനാണെന്ന് അണിയറ പ്രവർത്തകർ സിനിമാ അവാർഡ് ജൂറിക്ക് മുമ്പിൽ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ കമ്മട്ടിപ്പാലം വിനായകന്റെ ചിത്രമാണ്. അങ്ങനെ സാധാരണക്കാരനിലേക്ക് മികച്ച നടന്റെ തിളക്കം എത്തുകയും ചെയ്തു.

സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് ഇതുവരെ ലഭിച്ചിരിരുന്നത് നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്മാർക്കാണ്. മോഹൻലാലിന്റെ ഒപ്പം, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളായിരുന്നു അവാർഡിനായി പരിഗണിച്ചിരുന്നത്. ഇതിനോട് കിടപിടിച്ച് മികച്ച നടനാകുക എന്നത് വിനായകനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. മലയാള സിനിമയുടെ പരുക്കൻ മുഖമാണ് വിനായകൻ. സിനിമയിൽ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോാഴാണ് വിനായകനെ തേടി ആദ്യ സംസ്ഥാന പുരസ്‌കാരം എത്തുന്നത്. രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് വിനായകൻ ഇത് സാധ്യമാക്കുന്നത്. കമ്മട്ടിപ്പാടത്തിൽ താനല്ല വിനായകനാണ് നായകനെന്ന് ദുൽഖർ സൽമാൻ പലതണ തുറന്നു സമ്മതിച്ചിട്ടുണ്ട്.

വില്ലനായും സഹനടനായും മാത്രം ഒതുങ്ങിയിടത്തു നിന്നാണ് വിനായകൻ. 1995ൽ മോഹൻലാലിനെ നായകനാക്കി തമ്ബി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകൻ സിനിമാ രംഗത്ത് എത്തുന്നത്. ബ്ലാക്ക് മെർക്കുറി എന്ന ട്രൂപ്പ് നടത്തിക്കൊണ്ടിരിക്കെയാണ് വിനായകന് മാന്ത്രികത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. മാന്ത്രികം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷം 2001ൽ ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് വിനായകൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 2002ൽ പുറത്തിറങ്ങിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രം വിനായകനെ ശ്രദ്ധേയനാക്കി.

ഇവർ എന്ന ചിത്രത്തിൽ സ്വന്തം പേരിൽ തന്നെ അഭിനയിച്ച് വിനായകൻ കയ്യടി നേടി. ചതിക്കാത്ത ചന്തു എന്ന ചിത്രത്തിൽ അൽപ്പം കോമഡി ട്രാക്കിലേക്ക് മാറിയ വിനായകൻ ഛോട്ടാ മുംബൈയിലൂടെ വീണ്ടൂം മലയാളി പ്രേക്ഷകനെ ഞെട്ടിച്ചു. ബിഗ്‌ബി, ബാച്ച്ലർ പാർട്ടി ധനുഷിന്റെ മാരിയൻ, ബെസ്റ്റ് ആക്ടർ, സാഗർ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളിലും വിനായകൻ അഭിനയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP