Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഓപ്പണറെ' മുൻനിർത്തി രാഹുലിനെ തൊടീക്കാതെ 'ക്യാപ്ടന്റെ' സിക്‌സർ; തെരഞ്ഞെടുപ്പ് കളിയിൽ അമരീന്ദർ സിങ് തന്നെ 'മാൻ ഓഫ് ദ മാച്ച്'! ഉത്തർപ്രദേശിൽ മൂക്കും കുത്തി വീണപ്പോഴും കോൺഗ്രസിന് നാണം മറയ്ക്കാനുള്ള ഉടുതുണിയായി പഞ്ചാബിലെ ഉജ്ജ്വല വിജയം; ഭരണവിരുദ്ധ വോട്ടുകൾ വിഭജിച്ച് ഭരണത്തിൽ തുടരാമെന്ന അകാലി പ്രതീക്ഷ വെറുതേയായി

'ഓപ്പണറെ' മുൻനിർത്തി രാഹുലിനെ തൊടീക്കാതെ 'ക്യാപ്ടന്റെ' സിക്‌സർ; തെരഞ്ഞെടുപ്പ് കളിയിൽ അമരീന്ദർ സിങ് തന്നെ 'മാൻ ഓഫ് ദ മാച്ച്'! ഉത്തർപ്രദേശിൽ മൂക്കും കുത്തി വീണപ്പോഴും കോൺഗ്രസിന് നാണം മറയ്ക്കാനുള്ള ഉടുതുണിയായി പഞ്ചാബിലെ ഉജ്ജ്വല വിജയം; ഭരണവിരുദ്ധ വോട്ടുകൾ വിഭജിച്ച് ഭരണത്തിൽ തുടരാമെന്ന അകാലി പ്രതീക്ഷ വെറുതേയായി

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ തിരിച്ചടി കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതം തന്നെയാണ്. അമേഠിയിലും റായ്ബറേലിയിലും അടക്കം കോൺഗ്രസ് പ്രതീക്ഷകൾ അസ്ഥാനത്തായി. ഈ വമ്പൻ തോൽവിയുടെ നാണക്കേട് മറയ്ക്കാൻ കോൺഗ്രസിന് ലഭിച്ച ഉടുതുണായാണ് പഞ്ചാബിലെ വിജയം. അധികാരം തിരിച്ചു പിടിക്കുന്ന പ്രകടനം കാഴ്‌ച്ചവെക്കുന്നതിൽ നിർണായകമായത് ക്യാപ്ടന്റെ കളി തന്നെയാണ്. പഞ്ചാബിലെ കോൺഗ്രസിന് പുതുജീവൻ പകർന്നത് ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ തന്ത്രങ്ങളും ചാണക്യബുദ്ധിയുമാണ്.

ത്രികോണ മത്സരത്തിലും അടുക്കും ചിട്ടയുമായി പ്രവർത്തിച്ച് അമരീന്ദർ സിങ് കോൺഗ്രസിന് വിജയം സമ്മാനിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ആം ആദ്മി പാർട്ടിയുമായി നേരിട്ടുള്ള പോരാട്ടമാണ് പഞ്ചാബിൽ തുടക്കത്തിൽ നടന്നത്. എന്നാൽ പിന്നീട് ആംആദ്മി പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏറെ പിന്നിൽ പോയെങ്കിലും കഴിഞ്ഞ തവണ ഭരണത്തുടർച്ച നേടിയ അകാലിദൾ- ബിജെപി സഖ്യം രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുവന്നു.

ശിരോമണി അകാലിദൾ-ബിജെപി സഖ്യമാണ് പഞ്ചാബിലെ ഭരണപക്ഷം. ശിരോമണി അകാലിദളിന്റെ പർകാശ് സിങ് ബാദലായിരുന്നു മുഖ്യമന്ത്രി. 2007ൽ കോൺഗ്രസിനെ വീഴ്‌ത്തി അധികാരത്തിലെത്തിയ എൻഡിഎ സഖ്യം തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തി. 2012ലും മുഖ്യ എതിരാളികളായ കോൺഗ്രസിനേയും ക്യാപ്റ്റൻ അമരീന്ദർ സിങിനേയും മലർത്തിയടിച്ചാണ് ബാദൽ സർക്കാർ ഭരണത്തുടർച്ച നിലനിർത്തിയത്. ഈ തിരിച്ചടിക്ക് മധുരമായ തിരിച്ചടി കൂടിയാണ് അമരീന്ദർ നൽകിയത്.

2002ൽ വിജയം രുചിച്ച കോൺഗ്രസിന് 2007ലെ പരാജയത്തിന് ശേഷം 2012ലും പഞ്ചാബ് പിടിക്കാനായില്ല. തിരിച്ചുവരവിന് ക്യാപ്റ്റൻ അമരീന്ദർ സിങും കൂട്ടരും കിണഞ്ഞു ശ്രമിക്കുമ്പോൾ അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായ ബാദൽ ആറാം തവണ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയിരിരുന്നത്. ഡൽഹി വിജയത്തിന്റെ ആത്മവിശ്വാസത്തിൽ അരവിന്ദ് കെജ്രിവാളും കൂട്ടരും പഞ്ചാബിൽ ശക്ത സാന്നിധ്യമാവാനുള്ള ശ്രമം തുടങ്ങിയത്. ഈ ശ്രമം വിജയിച്ചെങ്കിലും അധികാരത്തിന്റെ കപ്പ് ഏറ്റെടുത്തത് അമരീന്ദറായിരന്നു.

ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ തന്ത്രങ്ങളും ജനപ്രീതിയുമാണ് പഞ്ചാബിൽ കോൺഗ്രസിന് 10 വർഷത്തിന് ശേഷം ഒരു തിരിച്ചുവരവ് സാധ്യമാക്കിയത്. തന്റെ തട്ടകമായ പട്യാലയിൽ വൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്ന കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായ അമരീന്ദർ സിങ് നിലവിലെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ മത്സരിച്ച ലാംബിയിൽ തോറ്റു.

ബിജെപിയിൽ മൻ ഇന്ത്യൻ ഓപ്പണർ കൂടിയായ നവജ്യോത് സിങ് സിദ്ധുവെന്ന ക്രിക്കറ്ററെ കോൺഗ്രസിൽ എത്തിച്ചതാണ് അമരീന്ദറിനെ സംബന്ധിച്ചിടത്തോളം നിർണായക നേട്ടമായത്. രാഹുൽ ഗാന്ധിയെ അടുപ്പിക്കാതെ അമരീന്ദർ മാത്രം മുന്നിൽ നിന്നായിരുന്നു പഞ്ചാബിൽ തിരഞ്ഞെടുപ്പ് നയിച്ചത്. അമരീന്ദറാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് ഉയർത്തിക്കാട്ടുകയും ചെയ്തു.

തന്റെ 65 ാം പിറന്നാൾ ദിനത്തിലാണ് പാർട്ടിയെ വിജയത്തിൽ എത്തിക്കാൻ സാധിച്ചതെന്നതും കോൺഗ്രസിന് ഗുണകരമായ കാര്യമായി മാറി. പട്യാലയിലെ രാജകുടുംബാംഗം കൂടിയാണ് അമരീന്ദർ സിങ്. തെരഞ്ഞെടുപ്പ് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്നാണ് അമരീന്ദർ സിങ് പ്രഖ്യാപിച്ചെങ്കിലും, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പഞ്ചാബിൽ കോൺഗ്രസിന് മറ്റൊരു മുഖമില്ല. ബിജെപി പിന്തുണയോടെ മത്സരിച്ച ശിരോമണി അകാലിദൾ മുഖ്യപ്രതിപക്ഷം ആവും. ഭരണകക്ഷിയായ അകാലിദളിന് ക്ഷീണമുണ്ടാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ സ്വന്തമാക്കിയതിന്റെ തുടർച്ചയിൽ ആംആദ്മിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ സാധിച്ചതുമില്ല. 10 വർഷമായി സംസ്ഥാനം ഭരിക്കുന്ന അകാലിദൾ-ബിജെപി സഖ്യത്തിന് അഴിമതി ആരോപണങ്ങളും കെടുകാര്യസ്ഥതയും തിരിച്ചടിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരുൺ ജെയ്റ്റ്‌ലിയെ തോൽപ്പിച്ചാണ് അമരീന്ദർ ലോക്‌സഭയിൽ എത്തിയിരുന്നത്. ഇത്തവണയും നെഞ്ചുറപ്പിന്റെ കരുത്തുമായി ക്യാപ്ടൻ അമരീന്ദർ സിങ് കളമറിഞ്ഞ് കളിച്ചതോടെയാണ് കോൺഗ്രസ് പഞ്ചാബിൽ കപ്പുയർത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP