Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഡ്വ. ഫൈസലിന്റെ വരവ് ലീഗ് കോട്ടയിൽ കനത്ത പോരാട്ടത്തിന് അരങ്ങൊരുക്കിക്കൊണ്ട്; ചങ്ങരംകുളത്ത് വിജയച്ചെങ്കൊടി പാറിച്ച യുവനേതാവ് ജില്ലയിലെ പ്രവർത്തകരുടെ മനംകവരുന്ന പ്രാസംഗികൻ; പയറ്റിത്തെളിഞ്ഞ ലീഗിലെ ചാണക്യനെ യുവത്വത്തിന്റെ ചോരത്തിളപ്പുകൊണ്ട് കീഴടക്കാമെന്ന മോഹവുമായി മലപ്പുറത്ത് ഇടതു വലതു മുന്നണികൾ പോരിനിറങ്ങുമ്പോൾ

അഡ്വ. ഫൈസലിന്റെ വരവ് ലീഗ് കോട്ടയിൽ കനത്ത പോരാട്ടത്തിന് അരങ്ങൊരുക്കിക്കൊണ്ട്; ചങ്ങരംകുളത്ത് വിജയച്ചെങ്കൊടി പാറിച്ച യുവനേതാവ് ജില്ലയിലെ പ്രവർത്തകരുടെ മനംകവരുന്ന പ്രാസംഗികൻ; പയറ്റിത്തെളിഞ്ഞ ലീഗിലെ ചാണക്യനെ യുവത്വത്തിന്റെ ചോരത്തിളപ്പുകൊണ്ട് കീഴടക്കാമെന്ന മോഹവുമായി മലപ്പുറത്ത് ഇടതു വലതു മുന്നണികൾ പോരിനിറങ്ങുമ്പോൾ

എം പി റാഫി

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ കരുത്തനായ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തിറങ്ങിയ അഡ്വ. എംബി ഫൈസൽ നേരത്തെ തന്നെ മലപ്പുറത്തെ രാഷ്ട്രീയ പോരാട്ടങ്ങളിലും ലീഗ് കോട്ടകളിലും കരുത്തു തെളിയിച്ച സ്ഥാനാർത്ഥിയാണ്. ആ നിലയ്ക്ക് കുഞ്ഞാലിക്കുട്ടിയെ പോലെ ലീഗിലെ അതികായനെ നേരിടാൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി സി.പി.എം ഫൈസലിനെ കൊണ്ടുവരുമ്പോൾ ഏറെ പ്രതീക്ഷയിലാണ് മലപ്പുറത്തെ പ്രവർത്തകർ. പ്രത്യേകിച്ചും സിപിഎമ്മിന്റെ യുവനിര.

സിപിഎമ്മിനുള്ളിൽ ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് അഡ്വ. എം ബി ഫൈസൽ എന്ന യുവ നേതാവിന്റെ പേര് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ നിർദ്ദേശിക്കപ്പെട്ടത്. ഇടതു മുന്നണിക്ക് ജില്ലയിൽ നിന്നും പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയായാണ് അഡ്വ.ഫൈസലിന്റെ സ്ഥാനാർത്ഥിത്വത്തെ രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്. കഴിഞ്ഞ കാലങ്ങളിൽ മലപ്പുറത്ത് സ്വതന്ത്രരെ മത്സരിപ്പിക്കുന്നതിലൂടെ ഇടതുമുന്നണിക്കും സിപിഎമ്മിനും ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിൽ നിന്ന് ഒരു മാറ്റമാണ് ഫൈസലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഉണ്ടായിരിക്കുന്നത്.

സപിഎമ്മിൽ ചിഹ്നത്തിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളില്ലെന്ന പരിഹാസ്യവും രാഷ്ട്രീയ എതിരാളികൾ തൊടുത്തുവിട്ടു. എന്നാൽ രാഷ്ട്രീയ പാരമ്പര്യമുള്ള യുവനിര നേതാവിനെയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം ഇറക്കിയിട്ടുള്ളത്. ഇതിലൂടെ മലപ്പുറത്ത് നിന്നും പാർട്ടി പ്രവർത്തകരായ പുതിയ നിരയെ വളർത്തിക്കൊണ്ടു വരികയെന്നതാണ് സി.പി.എം പ്രധാനമായും ലക്ഷ്യമിടുന്നത്. വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയിലൂടെ കടന്നു വന്ന് നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ഡിവൈഎഫ്ഐയുടെ നേതൃസ്ഥാനം അലങ്കരിക്കുന്നതോടൊപ്പം ജില്ലാ പഞ്ചായത്തംഗമായി തുടരുന്ന എം.ബി ഫൈസൽ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുമായി കനത്ത പോരാട്ടം കാഴ്ചവെയ്ക്കുമെന്നാണ് വിലയിരുത്തൽ.

37 വയസ്സ് പ്രായമുള്ള എടപ്പാൾ വട്ടംകുളം സ്വദേശിയായ മേലേതിൽ ഫൈസൽ പൊന്നാനി എം.ഇ.എ്സ് കോളേജിൽ നിന്നും എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള തുടക്കം. ഡിഗ്രി പഠന കാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായ എം.ബി ഫൈസൽ കാലിക്കറ്റ് സർവ്വകലാശാല യൂണിൻ കൗൺസിലറായും സ്റ്റുഡന്റ് കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

വട്ടംകുളം സിപിഎൻ.യു.പി സ്‌കൂൾ, ഗവ.ഹൈസ്‌കൂൾ കുമരനല്ലൂർ എന്നീവിടങ്ങളിൽ സ്‌കൂൾ പഠനവും ശേഷം പൊന്നാനി എം.ഇ.എസ് കോളേജിൽ നിന്നും ബി.എ ഇക്കണോമിക്സ് ബിരുദമെടുത്തു. കോഴിക്കോട് ഗവ.ലോകോളേജിൽ നിന്നും എൽ.എൽ.ബി പാസായ ഫൈസൽ കോഴിക്കോട് ഭാരതീയ വിദ്യാഭവനിൽ നിന്നും ജേർണലിസം കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. പഠനകാലം തൊട്ടേ നിരവധി സമരമുഖങ്ങളിൽ ഫൈസൽ നേതൃപരമായ പങ്കുവഹിച്ചിരുന്നു.

സ്വശ്രയ കൊള്ളക്കെതിരെ കൗസിൽ സമരം,യൂണിവേഴ്സിറ്റി ഭൂമിദാന സമരം, സോളാർ സമരം എന്നീ സമര മുഖങ്ങളിൽ പങ്കെടുത്തു. അഴിമതിക്കും നിയമനനിരോധനത്തിനുമെതിരെ മലപ്പുറം കലക്ട്രറ്റിലേക്ക് നടന്ന സമരത്തിൽ ക്രൂരമായ പൊലീസ് അക്രമണത്തിന് ഫൈസൽ ഇരയായിരുന്നു. ജില്ലാ പഞ്ചയത്തംഗമായി ജനഹൃദയങ്ങളിൽ ഇടംനേടാനും ഈ ഡിവൈഎഫ്ഐക്കാരന് കഴിഞ്ഞിട്ടുണ്ട്. സമരത്തിന്റെ തീച്ചൂളയിലുടെ വളർന്നതാണ് എബി ഫൈസൽ.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭൂമിദാനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ സമരമുഖത്ത് വച്ച് ഭീകരമായി പൊലിസ് മർദ്ദനത്തിനിരയായിട്ടുണ്ട്. ഏഴുദിവസത്തെ ജയിൽവാസവും. നേരിട്ടു. ചങ്ങരംകുളം ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയുടെ തീരുമാനം ശിരസാ വഹിച്ച് പോരാട്ടത്തിനൊരുങ്ങുകയാണ് ഫൈസൽ. വർഗീയതക്കും ഫാസിസത്തിനുമെതിരേ ചെറുത്ത് നിന്ന് മലപ്പുറത്തെ യുവതലമുറയെ മതേതരപക്ഷത്ത് ഉറപ്പിച്ചുനിർത്തുന്നതിൽ ഫൈസൽ വഹിച്ച പങ്ക് ചെറുതല്ല. ആ പ്രതീക്ഷയോടെ തന്നെയാണ് പാർട്ടി ഫൈസലിനെ പാർട്ടി കരുത്തനായ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തിറക്കിയത്.

വിജയപ്രതീക്ഷയോടെയാണ് മത്സരത്തിന് ഇറങ്ങുന്നതെന്ന് ഫൈസൽ പറഞ്ഞു. രാജ്യം കടന്നുപോകുന്ന പുതിയ അവസ്ഥയിൽ ഇടത് രാഷ്ട്രീയത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വലിയ സ്വാധീനമുള്ള ജില്ലയിൽ ഒരു മാറ്റത്തിന് അനുകൂലമായ വിധി എഴുത്ത് ഉണ്ടാകുമെന്ന് ഫൈസൽ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നു. ക്ഷേമ പ്രവർത്തനങ്ങളിലും പ്രവാസി മേഖലയിലും മികച്ച ഇടപെടലും നവകേരള സൃഷ്ടിക്കായുള്ള വികസന മുന്നേറ്റങ്ങളും സാദ്ധ്യമാക്കിയ ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുമെന്നും ഫൈസൽ പറഞ്ഞു.

നിലവിൽ സി.പി.എം. എടപ്പാൾ ഏരിയാകമ്മിറ്റിയംഗം, ഡിവൈഎഫ്ഐ ജില്ലാപ്രസിഡണ്ട്, സംസ്ഥാനകമ്മിറ്റിയംഗം, ജില്ലാപഞ്ചായത്ത് ചങ്ങരകുളം ഡിവിഷൻ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു. വട്ടംകുളം മേലേതിൽ ബീരാൻകുട്ടി-ഫാത്തിമ ദമ്പതികളുടെ മകനാണ് അഡ്വ.എം.ബി ഫൈസൽ. ഭാര്യ: സയ്യിദ ഷെറിൻ(എ.എം.എൽ.പി.സ്‌ക്കൂൾ കക്കടിപ്പുറം,അദ്ധ്യാപിക). മക്കൾ: ഫിദൽ റോഷ്. (വട്ടംകുളം സിപിഎൻ.യു.പി.സ്‌ക്കൂൾ)
ഫിൽസ ഹോസ്നി.ലോക്സഭയിലേക്ക് കന്നി മത്സരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP