Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണക്കിൽ ബിരുദം എടുത്തശേഷം 21-ാം വയസ്സിൽ കുടുംബം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു; 26-ാം വയസ്സിൽ ആദ്യം എംപിയായി; ഘർ വാപ്പസിടെയും ലൗ ജിഹാദിന്റെയും ഗോ സംരക്ഷണത്തിന്റെയും വക്താവ്; 45 വയസ്സു തിരയും മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ കഥ

കണക്കിൽ ബിരുദം എടുത്തശേഷം 21-ാം വയസ്സിൽ കുടുംബം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു; 26-ാം വയസ്സിൽ ആദ്യം എംപിയായി; ഘർ വാപ്പസിടെയും ലൗ ജിഹാദിന്റെയും ഗോ സംരക്ഷണത്തിന്റെയും വക്താവ്; 45 വയസ്സു തിരയും മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ കഥ

മറുനാടൻ മലയാളി ഡെസ്‌ക്

ന്യൂഡൽഹി: യോഗിയാകുന്നതിന് മുമ്പ് ആദിത്യനാഥ് ആരായിരുന്നുവെന്നത് സംബന്ധിച്ച് ചുരുക്കം വിവരങ്ങളേയുള്ളൂ. അദ്ദേഹം നേതൃത്വം നൽകുന്ന ഗൊരഖ്‌നാഥ് മഠത്തിലെ രേഖകൾ അനുസരിച്ച് 1972 ജൂൺ അഞ്ചിന് അജയ് സിങ് ബിഷ്ടിന്റെ മകനായാണ് അദ്ദേഹത്തിന്റെ ജനനം. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 21-ാം വയസ്സിൽ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി ഗൊരഖ്‌നാഥ് മഠത്തിൽ അദ്ദേഹമെത്തി.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അപ്രതീക്ഷിതമായി കടന്നുവന്ന യോഗി ആദിത്യനാഥിന് വലിയ രാഷ്ട്രീയ പ്രവർത്തന പരിചയമുണ്ട്. 1998-ൽ 26-ാം വയസ്സിൽ എംപിയായി 12-ാം ലോക്‌സഭയിലെത്തുമ്പോൾ അദ്ദേഹമായിരുന്നു ഏറ്റവും പ്രായംകുറഞ്ഞ അംഗം. പിന്നീട് 1999, 2004, 2009, 2014 തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. കിഴക്കൻ ഉത്തർപ്രദേശിൽ വലിയൊരു അനുയായി വൃന്ദത്തിന് ഉടമയാണ് യോഗി. ഗുരു ഗൊരഖ്‌നാഥ് ക്ഷേത്രത്തിന്റെ അധിപതിയായ ആദിത്യനാഥ് സ്‌കൂളുകളടക്കം ഒട്ടേറെ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ആശുപത്രിയും മഠത്തിന്റേതായുണ്ട്.

കടുത്ത ഹിന്ദുത്വവാദിയാണ് സദാ കാവിയണിഞ്ഞുനടക്കുന്ന ആദിത്യനാഥ്. ഗൊരഘ്‌നാഥ് മഠത്തിലെത്തി അഞ്ചാം വർഷംതന്നെ അവൈദ്യനാഥിന്റെ ശിഷ്യന്മാരിൽ പ്രധാനിയായി. അവൈദ്യനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതയുമായാണ് 1996-ൽ ആദിത്യനാഥ് രാഷ്ട്രീയത്തിലെത്തുന്നത്. 1998-ൽ അവൈദ്യനാഥ് സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറിയപ്പോൾ ആ ദൗത്യം ആദിത്യനാഥ് ഏറ്റെടുക്കുകയായിരുന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചത് അങ്ങനെ. പിന്നീട് തുടർച്ചയായി നാല് തവണ ഗോരഖ്പൂർ ആദിത്യനാഥിനെ വിജയിപ്പിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3.12 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കണക്കുകളിൽ മാത്രമല്ല, സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും ജനകീയ മുഖമാണ് ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ഏറ്റവും കൂടുതലാളുകൾ കേൾക്കാനെത്തിയത് ആദിത്യനാഥിനെയാണ്. ഗൊരഖ്പൂർ ലോക്സഭാ മണ്ഡലത്തിലുള്ള അഞ്ച് നിയമസഭാ സീറ്റുകളിലും ഇത്തവണ ബിജെപി ജയിച്ചത് ആദിത്യനാഥിന്റെ ജനകീയതയിലാണ്.

വാപസിയുടെയും ലൗ ജിഹാദിന്റെയും ഗോസംരക്ഷണത്തിന്റെയും വക്താവെന്ന നിലയിൽ പലതവണ വിവാദത്തിൽപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പ്രഖ്യാപിത ലക്ഷ്യമെന്ന് പലവട്ടം പ്രഖ്യാപിച്ചു. കടുത്ത ആരോപണങ്ങളും അദ്ദേഹം നേരിടേണ്ടതായി വന്നു. സമാജ്വാദി പാർട്ടി നേതാവ് തലത്ത് അസീസിനെതിരെ 1999 ഫെബ്രുവരി 10ന് മഹർഗഞ്ജ് ജില്ലയിലുണ്ടായ വെടിവെപ്പ് യോഗിയുടെ നിർദേശപ്രകാരമാണെന്ന് ആരോപണമുയർന്നു. ഗൊരഖ്പുരിൽ കഴിയണമെങ്കിൽ യോഗിയുടെ അനുമതി വേണമെന്ന ചൊല്ലുതന്നെ പിന്നീട് പ്രചരിച്ചു.

ഗോസംരക്ഷണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 2002-ൽ യോഗി തുടങ്ങിയ സംഘടനയാണ് ഹിന്ദു യുവവാഹിനി. ലലൗ ജിഹാദിനെതിരെയും ഈ സംഘടന മുൻനിരയിൽനിന്നു. മതംമാറിയ പലരെയും ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഘർ വാപ്പസി നടത്തിയതും യുവവാഹിനിയിലൂടെ യോഗി തന്നെ. കലാപത്തിന് ശ്രമം നടത്തിയതുമുതൽ ഒട്ടേറെ ആരോപണങ്ങൾ ഇതിന്റെ ഭാഗമായി യോഗിക്കുനേരെ ഉന്നയിക്കപ്പെട്ടു.

ഇടയ്ക്ക് യുവവാഹിനിയിലുണ്ടായ പൊട്ടിത്തെറി യോഗിയെയും കുറച്ച് അനഭിമതനാക്കിയിരുന്നു. യുവവാഹിനിയുടെ സംസ്ഥാന പ്രസിഡന്റ് സുനിൽസിങ് ബിജെപിയിൽനിന്ന് രാജിവെച്ച് ശിവസേനയിൽ ചേർന്നു. യുവവാഹിനിയെ രാഷ്ട്രീയ പാർട്ടിയാക്കാനും ശ്രമം നടത്തി. ഇകക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മത്സരിക്കുമെന്ന് ഒരു ഘട്ടത്തിൽ സുനിൽ പ്രഖ്യാിച്ചു. പാർട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവിൽ യോഗിക്ക് ഇടം കൊടുക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് യുവവാഹിനി അത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ, സുനിലിനെ പുറത്താക്കി സിങ് പാർട്ടിയോട് കൂറ് പ്രഖ്യാപിച്ചു. ആ കൂറിനുള്ള പ്രതിഫലമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിസ്ഥാനമെന്നും വിലയിരുത്തപ്പെടുന്നു.

ഗോഹത്യ കർശന നിലപാട് സ്വീകരിച്ച വ്യക്തി കൂടിയാണ് ആദിത്യനാഥ്. പശ്ചിമ യുപിയിലെ കൈരാനയിൽ ഹിന്ദുക്കളുടെ കൂട്ടപ്പലായന വിഷയം പെരുപ്പിച്ചു കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രചരണം കൊഴുപ്പിച്ചത്. മതംമാറ്റത്തിന് വിധേയരായ ആയിരക്കണക്കിനാളുകളെ അദ്ദേഹം ഹിന്ദു ധർമ്മത്തിലേക്ക് തിരിച്ചെത്തിച്ച യോഗി എന്നാണ് ഉത്തർപ്രദേശിലെ സംഘപരിവാറുകാർ യോഗിക്ക് നൽകുന്ന വിശേഷണം. അയോധ്യയിൽ രാമക്ഷേത്രവും ആദിത്യനാഥിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. അതിന് വേണ്ടിയാണ് ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനം നൽകിയതെന്നുമാണ് അറിയുന്നത്.

എല്ലാവർക്കും വികസനമെന്ന മോദി സർക്കാരിന്റെ മന്ത്രമാകും യുപിയെയും നയിക്കുക എന്നാണ് യോഗി പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ സാഹചര്യം കൃത്യമായറിയുന്ന ജനകീയനായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചതും ഈ ഘടകങ്ങളാണ്. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി ജാതി പരിഗണിക്കാതെയുള്ള തെരഞ്ഞെടുപ്പാണ് യുപിയിലും ബിജെപി നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP