Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോശം ഭക്ഷണം വിറ്റ കൊച്ചിയിലെ കഫേ ഡി അറേബ്യക്കെതിരേ നടപടിയെടുക്കാൻ പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പേടി; കോൺഗ്രസ് നേതാവിന്റെ ബന്ധുവിന്റെ ഹോട്ടലിലെ അൽഫാം ചിക്കൻ കഴിച്ച് ആശുപത്രിയിലായവർ ആരോടു പരാതി പറയും?

മോശം ഭക്ഷണം വിറ്റ കൊച്ചിയിലെ കഫേ ഡി അറേബ്യക്കെതിരേ നടപടിയെടുക്കാൻ പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പേടി; കോൺഗ്രസ് നേതാവിന്റെ ബന്ധുവിന്റെ ഹോട്ടലിലെ അൽഫാം ചിക്കൻ കഴിച്ച് ആശുപത്രിയിലായവർ ആരോടു പരാതി പറയും?

അരുൺ ജയകുമാർ

കൊച്ചി: എറണാകുളം ഇടപ്പള്ളി ബൈപാസിലെ കഫേ ഡി അറേബ്യ ഹോട്ടലിൽനിന്ന് അൽഫാം ചിക്കൻ കഴിച്ച് അവശരായവരുടെ പരാതി സ്വീകരിക്കനോ നടപടിയെടുക്കാനോ പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പേടി. വെള്ളിയാഴ്ചയാണ് ഇവിടെനിന്ന് അൽഫാം ചിക്കൻ പാഴ്സൽ വാങ്ങിക്കഴിച്ച എട്ടുപേർ എറണാകുളത്തെ വിവിധ ആശുപത്രികളിൽ ഭക്ഷ്യവിഷബാധയെത്തുടർന്നു ചികിത്സ തേടിയത്. ഹോട്ടലുടമയുടെ ബന്ധുവായ കോൺഗ്രസ് നേതാവിന്റെ സമ്മർദമാണ് പരാതിയിൽ നടപടിയെടുക്കുന്നതിൽനിന്നു പൊലീസിനെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തെയും പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇവർ ഭക്ഷണം വാങ്ങാനായി കഫേ ഡി അറേബ്യയിൽ എത്തിയത്. പള്ളിയിൽ പോകേണ്ടതുണ്ടെന്നും രണ്ടരയ്ക്കു വന്നാൽ പാഴ്സൽ നൽകാമെന്നും പറഞ്ഞു. ഇതനുസരിച്ച് രണ്ടരയ്ക്കെത്തി 1680 രൂപ നൽകി നാല് അൽഫാം ചിക്കൻ വാങ്ങിക്കഴിക്കുകയായിരുന്നു. വൈകുന്നേരത്തോടെ അസ്വസ്ഥതയുണ്ടാവുകയും ഇവർ പല അശുപത്രികളിൽ ചികിത്സ തേടുകയുമായിരുന്നു.

പിവി എസ്, കുമ്പളങ്ങി സർക്കാർ ആശുപത്രി, കച്ചേരിപ്പടി സുധീന്ദ്ര ആശുപത്രി, പാലാരിവട്ടം റെനെ മെഡിസിറ്റി, പള്ളുരുക്കി ആന്മേരി ജോക്കിം ആശുപത്രി എന്നിവിടങ്ങളിലായി മൂന്നു ദിവസമായി ചികിത്സയിലാണ് എട്ടുപേരും. വീട്ടിൽനിന്നു രാത്രി കഴിച്ച ഭക്ഷണത്തിലെ പ്രശ്നമാണെന്നാണ് പലരും ആദ്യം കരുതിയത്. എന്നാൽ ഉച്ചയ്ക്ക് ഒന്നിച്ചു ഭക്ഷണം കഴിച്ച എട്ടുപേരും ആശുപത്രിയിലായതോടെയാണ് അൽഫാം ചിക്കനാണ് വില്ലനെന്നു വ്യക്തമായത്.

ശനിയാഴ്ച രാവിലെതന്നെ വിവരം പൊലീസിനെ അറിയിച്ചു. പ്രശ്നം പുറത്തറിയാതെ ഒത്തുതീർക്കാൻ പൊലീസ് ഹോട്ടൽ മാനേജ്മെന്റിന് ഒത്താശ ചെയ്യുകയായിരുന്നു. ആശുപത്രിയിലുള്ള രണ്ടുപേരെ കണ്ടു പൊലീസ് മൊഴിയെടുക്കുകയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ പരാതി പറയാൻ നിർദ്ദേശിക്കുകയും ചെയ്തതിൽ 'നടപടി' ഒതുങ്ങി. പൊലീസിന്റെ നിർദ്ദേശപ്രകാരം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ സുരക്ഷയുടെയും ശുചിത്വത്തിന്റെയോ പ്രശ്നമില്ലെന്ന റിപ്പോർട്ടാണു നൽകിയത്. അതേസമയം, പൊലീസിൽനിന്നു രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയ്ക്കുമുമ്പായി ഹോട്ടൽ ആകെ വൃത്തിയാക്കിയതായും പഴകിയ ഭക്ഷ്യ സാധനങ്ങൾ മാറ്റിയതായുമാണ് ആരോപണം. 

കോൺഗ്രസ് നേതാവിന്റേത് അടക്കമുള്ള ഉന്നത സമ്മർദമാണ് കഫേ ഡി അറേബ്യക്കെതിരേ നടപടിയെടുക്കാനോ പ്രതികരിക്കാനോ പലരും മടിക്കുന്നതിന് കാരണമെന്നാണ് അറിയുന്നത്. പരാതിയുമായി മുന്നോട്ടു പോയാൽ തങ്ങളുടെ ബിസിനസിനെ വരെ ബാധിച്ചേക്കാമെന്ന് ഇവർ ഭയക്കുന്നു. കോർപറേഷൻ ഭരിക്കുന്നത് യുഡിഎഫ് ആയതിനാൽ ഹോട്ടൽ അധികാരികളുടെ സമ്മർദം അവിടെ ഏൽക്കുകയും ചെയ്യുമെന്നും ആശുപത്രിയിൽ കഴിയുന്നവർ പറയുന്നു.

വ്യാജപ്രചാരണമെന്ന് കഫേ ഡി അറേബ്യ

എന്നാൽ, ഭക്ഷ്യവിഷബാധയുണ്ടായെന്നത് വ്യാജ പ്രചാരണമാണെന്നാണ് ഹോട്ടൽ മാനേജ്മെന്റിന്റെ വിശദീകരണം. ഹോട്ടലിന്റെ പേരിലുള്ള ഫേസ്‌ബുക്ക് പേജിലാണ് വിശദീകരണം പ്രത്യക്ഷപ്പെട്ടത്. അധികൃതർ ഹോട്ടൽ പരിശോധിച്ചെന്നും യാതൊരു വീഴ്ചയും കണ്ടെത്തിയില്ലെന്നും പോസ്റ്റിൽ പറയുന്നു. മയണൈസ് ഭക്ഷണത്തിനൊപ്പം അധികം ഉപയോഗിച്ചതായിരിക്കാം കഴിച്ചവർക്ക് ആരോഗ്യപ്രശ്നമുണ്ടാകാൻ വഴിയൊരുക്കിയതെന്നും ഹോട്ടൽ മാനേജ്മെന്റ് കുറ്റപ്പെടുത്തുന്നുണ്ട്. കേരളത്തിലെ വിവിധ നഗരങ്ങളിൽ ശാഖകളുള്ള തങ്ങൾക്ക് ഉപഭോക്താക്കളുടെ സംതൃപ്തിയാണു പ്രധാനം. ലാഭത്തിനു വേണ്ടി ഒരിക്കലും നിങ്ങളുടെ വയറ് കേടാക്കില്ല. നിങ്ങളുടെ അമ്മ എപ്രകാരം നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നുവോ അതു പോലെ തങ്ങളും ചെയ്യുമെന്നും പോസ്റ്റ് തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP