Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കപ്പലിന്റെ അടിത്തട്ടിലെ ഡീസൽ ടാങ്കിൽ മയക്കുമരുന്ന് കണ്ടെത്തി കെനിയൻ പൊലീസ്; ചെയ്യാത്ത കുറ്റത്തിന് മലയാളി ഉൾപ്പടെയുള്ള ട്രെയ്‌നികളും തടവിലായിട്ട് രണ്ടര വർഷം; പത്തനാപുരം സ്വദേശി പ്രവീണിന്റെ മോചനത്തിന് ഒടുവിൽ മലയാളി അസോസിയേഷൻ സഹായം വഴിത്തിരിവാകുന്നു

കപ്പലിന്റെ അടിത്തട്ടിലെ ഡീസൽ ടാങ്കിൽ മയക്കുമരുന്ന് കണ്ടെത്തി കെനിയൻ പൊലീസ്; ചെയ്യാത്ത കുറ്റത്തിന് മലയാളി ഉൾപ്പടെയുള്ള ട്രെയ്‌നികളും തടവിലായിട്ട് രണ്ടര വർഷം; പത്തനാപുരം സ്വദേശി പ്രവീണിന്റെ മോചനത്തിന് ഒടുവിൽ മലയാളി അസോസിയേഷൻ സഹായം വഴിത്തിരിവാകുന്നു

പത്തനാപുരം: ചെയ്യാത്ത തെറ്റിന് കെനിയയിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന പ്രവീണിന്റെ മോചനത്തിന് വഴിതെളിയുന്നു. പത്തനാപുരം പുന്നല കറവൂർ പ്രഭാവിലാസത്തിൽ പ്രഭാകരൻ നായർ ദേവയാനി ദമ്പതികളുടെ മകൻ പ്രവീണാണ് കഴിഞ്ഞ രണ്ടര വർഷമായി കെനിയൻ തടവറയിൽ കഴിയുന്നത്. കെനിയലിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെയും മലയാളി അസോസിയേഷന്റെയും സഹകരണത്തോടെ ദോഹയിലെ പ്രമുഖ മലയാളി അഭിഭാഷകൻ നിസാർ കോച്ചേരി നടത്തിയ ശ്രമങ്ങളാണ് മോചനത്തിന് വഴി തെളിയുന്നത്.

2013 ജൂലൈയിൽ പ്രവീൺ പഠനം പൂർത്തിയാക്കി പരിശീലനത്തിനായി ഡൽഹിയിലെ ഷിപ്പിങ് ഏജൻസിയായ പാർക്ക് മാൻസൺ കമ്പനിയിൽ എത്തി. ഇവരുടെ നിയന്ത്രണത്തിലുള്ള എം എസ് വി ആമീൻ ദാരിയ എന്ന കപ്പലിൽ പരിശീലനത്തിനായി അവസരവും ലഭിച്ചു. പ്രവീണും ഡൽഹി സ്വദേശിയായ വികാസ് ബൽവാൻ എന്ന യുവാവുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. പരിശീലനം എട്ട് മാസം പൂർത്തിയായപ്പോൾ 2014 ൽ കപ്പൽ പാക്കിസ്ഥാൻ കമ്പനിക്ക് വിറ്റു.തങ്ങൾക്ക് മടങ്ങി പോകാൻ അനുവാദം തരണമെന്ന് പ്രവീണും വിശാലും ആവശ്യപ്പെട്ടെങ്കിലും കപ്പൽ അധികൃതർ അതിന് സമ്മതിച്ചില്ല.ബാക്കിയുള്ള രണ്ട് മാസം കൂടി പൂർത്തിയാക്കിയതിന് ശേഷമേ പോകാൻ കഴിയുവെന്നായിരുന്നു കമ്പനിയുടെ വാദം.

ഫെബ്രുവരിയിൽ കപ്പൽ ഇറാനിൽ നിന്ന് ഷാർജയിലേക്ക് സിമന്റുമായി പോകുന്നതിനിടെ കെനിയ സമുദ്ര നിയന്ത്രണ സേന കപ്പലിൽ പരിശോധന നടത്തി. മൊബാംസയിൽ വച്ച് നടന്ന പരിശോധനയിൽ കപ്പലിന്റെ അടിത്തട്ടിലെ ഡീസൽ ടാങ്കിൽനിന്നും അമിതയളവിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.ഇതോടെ കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കെനിയൻ പൊലീസിന്റെ പിടിയിലായി. കോടതി വിധിയെ തുടർന്ന് കപ്പൽ കടലിൽ വച്ച് തന്നെ കെനിയൻ ആഭ്യന്തരവകുപ്പ് ബോംബ് വച്ച് തകർത്തു. ദിവസങ്ങൾക്ക് ശേഷം പ്രവീൺ നാട്ടിലേക്ക് വിളിക്കുമ്പോഴാണ് വിവരം മാതാപിതാക്കൾ അറിയുന്നത്.ഇതിനിടെ പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്കായി മതിയായ രേഖകൾ കെനിയയ്ക്ക് കൈമാറി അവരെ മോചിപ്പിച്ചിരുന്നു.

നിലവിൽ ആറ് പാക്കിസ്ഥാനികളും ഒരു ഇറാനിയും അടങ്ങുന്ന തൊഴിലാളികളും പ്രവീൺ അടക്കമുള്ള രണ്ട് ഇന്ത്യൻ ട്രയിനികളുമാണ് തടവുകാരായി കെനിയയിലുള്ളത്. ഷിപ്പിന്റെ നിയന്ത്രണം ഉണ്ടായിരുന്ന കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ പ്രവീണിന്റെ മോചനം വീണ്ടും തുലാസിലായിരുന്നു. ഇവർ പഠനം നടത്തിയ ഡൽഹിയിലെ സ്ഥാപനം വിദ്യാർത്ഥികളാണെന്ന രേഖ കെനിയയ്ക്ക് നൽകിയെങ്കിലും എംബസിയുടെ മുദ്ര ഇല്ലാത്തതിനാൽ അത് നിരസിക്കപ്പെട്ടിരുന്നു. ഇതിനിടെയിൽ കൂടെ ഉണ്ടായിരുന്ന പാക്കിസ്ഥാൻ തടവുകാരിൽ ഒരാൾ ആത്മഹത്യ ചെയ്തതോടെ ഇവർക്കുമേൽ സർക്കാർ കർശന നിയന്ത്രണവും ഏർപ്പെടുത്തി. സൈനികരുടെ കരുണ ലഭിച്ചാൽ മാത്രമേ വീടുമായി ബന്ധപ്പെടാൻ വരെ കഴിയുകയുള്ളൂ എന്ന അവസ്ഥയുമായി. .മകൻ തടവറയിലായതോടെ മാതാവ് ദേവയാനിയുടെ ആരോഗ്യനിലപോലും മോശമായി.

ഇരുപത്തിയേഴ് വർഷം സൈനികനായി രാജ്യത്തെ സേവിച്ച പിതാവ് പ്രഭാകരൻനായർ മകന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ലായിരുന്നു. സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പലതവണ പ്രശ്‌നം എത്തിച്ചെങ്കിലും പരാതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട് എന്ന പതിവ് മറുപടിയാണ് ലഭിച്ചത്. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജെ .ബി കോശിക്ക് ഇവർ പരാതി നൽകിയിരുന്നു.പരാതി പരിഗണിച്ച കമ്മിഷൻ പ്രവീണിന്റെ മോചനത്തിനായി അടിയന്തരമായി നടപടി കൈക്കൊള്ളാൻ നോർക്കയോട് ആവശ്യപ്പെട്ടിരുന്നു .എന്നാൽ തുടർ പ്രവർത്തനങ്ങളൊന്നും പിന്നീടുണ്ടായില്ല.

അഭിഭാഷകനെ ഏർപ്പാട് ചെയ്ത് കേസ് വാദിച്ച് പ്രവീണിനെ തിരികെ എത്തിക്കാൻ പത്ത് ലക്ഷം രൂപയാണ് എംബസി ആവശ്യപ്പെട്ടത്.എന്നാൽ മകന്റെ മോചനത്തിനായി ഇത്രയേറെ തുക കണ്ടെത്താനാകാതെ കുടുംബം വലഞ്ഞു. കെനിയയിലെ അസി. ഹൈകമ്മിഷണർ സഞ്ജീവ് ഖണ്ടൂരിയും മലയാളി അസോസിയേഷൻ പ്രവർത്തകരും ജയിലിലെത്തി യുവാക്കളെ കണ്ടു. കേസിന്റെ സാക്ഷി വിസ്താരം ആരംഭിച്ചിട്ടുണ്ട്. പ്രവീണും,വികാസും പഠന പരിശീലനത്തിന്റെ ഭാഗമായാണ് കപ്പലിൽ ജോലി ചെയ്തതെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കഴിഞ്ഞ ആഴ്ച കൈമാറിയിരുന്നു.ഇതിന് പുറമേ നാട്ടിൽ ഇവരുടെ പേരിൽ കേസില്ലെന്ന സർട്ടിഫിക്കറ്റും ഹാജരാക്കുന്നുണ്ട്. പത്തനാപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മറൈൻ ഫോറം ചാരിറ്റി പ്രവർത്തകരും പ്രവീണിന്റെ മോചനത്തിനായി വലിയ പരിശ്രമങ്ങളാണ് നടത്തിയത്. മകന്റെ മോചനത്തിനായി പ്രവർത്തിക്കുന്ന എല്ലാവരോടും നന്ദിയുണ്ടന്ന് പിതാവ് പ്രഭാകരൻ നായർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP