Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹിജ സമരത്തിന് ഇറങ്ങിയത് മരണം കൈവരിക്കാനുള്ള നിശ്ചയദാർഡ്യത്തോടെ; അവിഷ്ണയുടെ ആരോഗ്യനില അനുദിനം പിറകോട്ട്; രാഷ്ട്രീയം മറന്ന് നാട്ടുകാരും ബന്ധുക്കളും സമരത്തിലേക്ക്; ആത്മഹത്യാ സാധ്യത വരെ ഉയർത്തി ഇന്റലിജൻസ്; പിണറായി വിജയൻ നടത്തുന്നത് തീകൊണ്ടുള്ള പുറം ചൊറിയലെന്ന് സൂചന

മഹിജ സമരത്തിന് ഇറങ്ങിയത് മരണം കൈവരിക്കാനുള്ള നിശ്ചയദാർഡ്യത്തോടെ; അവിഷ്ണയുടെ ആരോഗ്യനില അനുദിനം പിറകോട്ട്; രാഷ്ട്രീയം മറന്ന് നാട്ടുകാരും ബന്ധുക്കളും സമരത്തിലേക്ക്; ആത്മഹത്യാ സാധ്യത വരെ ഉയർത്തി ഇന്റലിജൻസ്; പിണറായി വിജയൻ നടത്തുന്നത് തീകൊണ്ടുള്ള പുറം ചൊറിയലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ടിട്ട് മാസങ്ങളായി. അന്ന് മുതൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് അമ്മ മഹിജ. മകന്റെ ഘാതകരെ പിടികൂടുമെന്ന് ഉറച്ചാണ് സമരം. മകൻ മരിച്ചതിൽ പിന്നെ കൃത്യമായി ആഹാരം കഴിച്ചിട്ടില്ല. ഇപ്പോൾ നിരാഹാരവും തുടങ്ങി. അതീവ ഗുരുതരവാസ്ഥയിലേക്ക് മഹിജയുടെ ആരോഗ്യനിലയെത്തുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ആരൊക്കെ നിർബന്ധിച്ചിട്ടും മഹിജ പിന്നോട്ടില്ല. ലക്ഷ്യം നേടും വരെ സമരമെന്നാണ് മഹിജ പറയുന്നത്. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നിരാഹാരെ തുടങ്ങുമെന്നും പ്രഖ്യാപിക്കുന്നു. അതിനിടെയാണ് നീതി തേടി അവിഷ്ണയുടെ നിരാഹാരം. അവിഷ്ണയുടെ ആരോഗ്യ നിലയും അനുദിനം വഷളാകുന്നു. അമ്മയും മകളും നടത്തുന്ന സമരത്തിന് മുന്നിൽ നീതിയുക്തമായ തീരുമാനമെടുക്കാൻ പിണറായി സർക്കാർ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ കൈവിട്ടുപോവുകയാണ്.

അതിനിടെ മഹിജയുടെ സമരം ഏത് തലത്തിലേക്കും മാറുമെന്ന് പൊലീസ് കരുതുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മഹിജ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. അതീവ ഗുരുതരമാണ് സ്ഥിതി വിശേഷമെന്നാണ് വിലയിരുത്തൽ. ജിഷ്ണുവിന്റെ അച്ഛനും അമ്മാവനും എല്ലാം നിരാഹാരത്തിലാണ്. ഈ സാഹചര്യത്തിൽ അടിയന്തര പ്രശ്‌നപരിഹാരമാണ് ഇന്റലിജൻസ് നിർദ്ദേശിക്കുന്നത്. എന്നാൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ് സർക്കാർ. ഡിജിപി ഓഫീസിന് മുമ്പിൽ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കുക, മകന്റെ ഘാതകരിൽ ഒളിവിലുള്ളവരെ പിടികൂടുക എന്നിവയാണ് ആവശ്യങ്ങൾ. ഇതിൽ ഡിജിപി ഓഫീസിലെ സംഭവങ്ങളിൽ പൊലീസ് റിപ്പോർട്ട് ഇന്ന് ലഭിക്കും. ഐജിയുടെ ഈ റിപ്പോർട്ടിൽ ആർക്കെതിരേയും നടപടി വേണ്ടെന്ന ശുപാർശയും ഉണ്ടാകുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രശ്‌ന പരിഹാരം സാധ്യമാകില്ലെന്നാണ് സൂചന.

പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ മഹിജ ഏതറ്റം വരേയും കാര്യങ്ങൾ കൊണ്ടു പോകും. ഉറച്ച മനസ്സുമായാണ് അവർ തിരുവനന്തപുരത്ത് സമരത്തിന് എത്തിയതെന്നാണ് ഇന്റലിജൻസിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ പ്രശ്‌നത്തെ ഗൗരവത്തോടെ കാണണമെന്ന് അവർ നിർദ്ദേശിച്ചുന്നു. അതിനിടെ ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള സർക്കാർനീക്കം പരാജയപ്പെട്ടിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോേളജ് ആശുപത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ മഹിജയെയും അമ്മാവൻ ശ്രീജിത്തിനെയും കണ്ടെങ്കിലും നിരാഹാരസമരം അവസാനിപ്പിക്കാൻ ഇരുവരും തയ്യാറായില്ല. ജിഷ്ണുവിന്റെ അച്ഛൻ അശോകനും ബന്ധുക്കളും ആശുപത്രിവളപ്പിൽ നിരാഹാരം തുടരുകയാണ്.

അതിനിടെ ഇടതുമുന്നണിക്കും വിഷയം വഷളാക്കുന്നതിൽ അതൃപ്തിയുണ്ട്. സിപിഐ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. എന്നാൽ പൊലീസിന് പിന്തുണ നൽകാനാണ് സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും നീക്കം. അതുകൊണ്ട് തന്നെ മഹിജയെ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിയൊന്നും ഉണ്ടാവില്ലെന്നാണ് സൂചന.

അനുനയനീക്കം പൊളിഞ്ഞു

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് കടകംപള്ളി സുരേന്ദ്രൻ ആശുപത്രിയിലെത്തി. കേസിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്നും തങ്ങളെ കൈയേറ്റംചെയ്ത മ്യൂസിയം എസ്.ഐ. സുനിൽ, അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. ബൈജു എന്നിവർക്കെതിേര നടപടി വേണമെന്നും മഹിജയും ശ്രീജിത്തും ആവശ്യപ്പെട്ടു സർക്കാർ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്നും നീതികിട്ടാൻ ഏതറ്റംവരെ പോകാൻ തയ്യാറാണെന്നും മന്ത്രി മഹിജയെ അറിയിച്ചു. ചെയ്യേണ്ടതെല്ലാം ചെയ്യും. ഒളിവിൽ കഴിയുന്നവരെയടക്കം കുറ്റക്കാരെയെല്ലാം കണ്ടെത്തും. മന്ത്രിയെന്ന നിലയിലല്ല, ജ്യേഷ്ഠനെന്നപോലെ താൻ പറയുന്നതു കേൾക്കണം. നിങ്ങൾക്കു ദോഷകരമായതൊന്നും സർക്കാർ ചെയ്യില്ല. സമരത്തിൽനിന്നു പിന്മാറണം. മകളോടും ആഹാരം കഴിക്കാൻ പറയണം. മുഖ്യമന്ത്രിക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

മകനു നീതിക്കുവേണ്ടി ചെന്ന തന്നോടും കുടുംബത്തോടും പൊലീസ് കാട്ടിയ ക്രൂരത മന്ത്രിക്കുമുന്നിൽ മഹിജ അക്കമിട്ടു നിരത്തി. പൊലീസ് വയറ്റത്തു ചവിട്ടി. നിലത്തുവീണപ്പോൾ വലിച്ചിഴച്ചു. മർദനത്തെത്തുടർന്ന് പലർക്കും കൈയുയർത്താൻപോലും കഴിയുന്നില്ല. ''എന്റെ ഹൃദയം പോയി. എന്റെ മകനെ ഇനി തിരിച്ചുകിട്ടില്ല. അവനെ കൊന്ന പ്രതികളെയെങ്കിലും അറസ്റ്റുചെയ്യൂ. അതുകഴിഞ്ഞേ ഞാൻ ആഹാരം കഴിക്കൂ. പോസ്റ്റുമോർട്ടം റിപ്പോർട്ട് അവർ അട്ടിമറിച്ചു. ജിഷ്ണുവിന്റെ ശരീരത്തിൽ മർദിച്ച പാടുണ്ടായിട്ടും പൊലീസ് നിസ്സാരമാക്കി. എന്റെ മോനെ കൊന്നവരെ അറസ്റ്റുചെയ്യണം.''മുൻകൂർ ജാമ്യത്തിലുള്ളയാളെ അറസ്റ്റുചെയ്യാൻ കഴിയുമോയെന്ന് മന്ത്രി ചോദിച്ചു. മുൻകൂർജാമ്യം കിട്ടാത്ത മറ്റു പ്രതികളെ മൂന്നുമാസം കഴിഞ്ഞിട്ടും അറസ്റ്റുചെയ്യാത്തതെന്തെന്ന് മഹിജ തിരിച്ചുചോദിച്ചു. നിയമപ്രകാരം എന്തും ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നു മന്ത്രി പറഞ്ഞു.

അവിഷ്ണയുടെ നിലയും മോശമാകുന്നു

വീട്ടിൽ നിരാഹാര സമരം നടത്തുന്ന ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ ആരോഗ്യ സ്ഥിതി മോശമായി എന്ന് ഡോക്ടർമാർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിനു കീഴിലുള്ള പ്രത്യേക മെഡിക്കൽ സംഘം വീട്ടിലെത്തി നിർബന്ധപൂർവം അവിഷ്ണയ്ക്കു ഡ്രിപ് നൽകിത്തുടങ്ങി. ഇതിനിടെ, തലസ്ഥാനത്തും വളയത്തുമായി നടക്കുന്ന നിരാഹാരത്തിന് അനുഭാവം പ്രകടിപ്പിച്ചു ജിഷ്ണുവിന്റെ 14 കുടുംബാംഗങ്ങൾ ഇന്നലെ വീട്ടിൽ നിരാഹാര സമരം ആരംഭിച്ചു. രണ്ടു പുരുഷന്മാരും 12 സ്ത്രീകളുമാണു സമരത്തിലുള്ളത്. വ്യാഴാഴ്ച ജിഷ്ണുവിന്റെ വീട്ടിനു പുറത്ത് പൊലീസ് കാവലുണ്ടായിരുന്നത് ഇന്നലെയോടെ വീടിനകത്തായി. മൂന്നു വനിതാ പൊലീസുകാരാണു വീട്ടിനകത്തു കാവലിരിക്കുന്നത്. അവിഷ്ണയെ അടിയന്തരഘട്ടത്തിൽ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന സാഹചര്യം മുൻകൂട്ടി കണ്ടാണു പൊലീസ് നീക്കം.

പൊലീസിന്റെ നടപടികൾ നിരീക്ഷിക്കാനായി ജിഷ്ണുവിന്റെ ബന്ധുക്കളും വീട്ടിൽ തന്നെ കഴിയുകയാണ്. ഇന്നലെ ഡ്രിപ് നൽകാൻ കൊയിലാണ്ടി തഹസിൽദാർ എൻ. റംല, വടകര തഹസിൽദാർ പി.കെ. സതീശ്കുമാർ, നാദാപുരം ഡിവൈഎസ്‌പി കെ. ഇസ്മായിൽ എന്നിവരും വൻ പൊലീസ് സംഘവും അവിഷ്ണയുടെ വീട്ടിലെത്തിയതോടെ അവിഷ്ണയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റുമെന്ന പ്രതീതിയുണ്ടായി. ഇതിനെ ചെറുക്കുമെന്ന് നാട്ടുകാരും അറിയിച്ചു. എന്നാൽ അത്തരമൊരു നീക്കമില്ലെന്നു പൊലീസ് വ്യക്തമാക്കി. ജിഷ്ണുവിന്റെ അമ്മ മഹിജ സമരം തുടങ്ങിയ ബുധനാഴ്ച മുതൽ വീണ്ടും ജിഷ്ണുവിന്റെ വീട്ടിലേക്കു നേതാക്കളും സാംസ്‌കാരിക പ്രവർത്തകരുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ജിഷ്ണുവിന്റെ കുടുംബത്തിനു പിന്തുണയുമായി യുഡിഎഫ് നടത്തിയ അനുഭാവ സത്യഗ്രഹം കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത് നിരാഹാരം കിടക്കുന്ന അമ്മ മഹിജയ്ക്കും അച്ഛൻ അശോകനും ബന്ധുക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭക്ഷണം കഴിക്കില്ലെന്ന് അവിഷ്ണയും അറിയിക്കുകയായിരുന്നു. ശനിയാഴ്ചയും ബന്ധുക്കളും നാട്ടുകാരും സമരം തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP