Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എണ്ണയും തേനും പാലും ഒഴുക്കുന്ന ബളാൽ മാതാവിന്റെ 'അത്ഭുത'ത്തിന്റെ ശോഭകെട്ടു! രോഗശാന്തി പ്രതീക്ഷിച്ചു എണ്ണ കൊണ്ടു പോയവരിൽ ചിലർ മുക്തി കിട്ടാതെ മരിച്ചതോടെ കണ്ണൂരിലെ പരപ്പിൽ തുടങ്ങിയ ശാഖയിൽ ആളും അനക്കുമില്ലാതെ പൊളിഞ്ഞു; അരങ്ങം ഗ്രാമത്തിലേക്കു കുടിയേറിയിട്ടും വിശ്വാസികൾ എത്തുന്നില്ല: മാതാവിനെ കൂട്ടുപിടിച്ചുള്ള തട്ടിപ്പ് അനിവാര്യമായ അന്ത്യത്തിലേക്ക്

എണ്ണയും തേനും പാലും ഒഴുക്കുന്ന ബളാൽ മാതാവിന്റെ 'അത്ഭുത'ത്തിന്റെ ശോഭകെട്ടു! രോഗശാന്തി പ്രതീക്ഷിച്ചു എണ്ണ കൊണ്ടു പോയവരിൽ ചിലർ മുക്തി കിട്ടാതെ മരിച്ചതോടെ കണ്ണൂരിലെ പരപ്പിൽ തുടങ്ങിയ ശാഖയിൽ ആളും അനക്കുമില്ലാതെ പൊളിഞ്ഞു; അരങ്ങം ഗ്രാമത്തിലേക്കു കുടിയേറിയിട്ടും വിശ്വാസികൾ എത്തുന്നില്ല: മാതാവിനെ കൂട്ടുപിടിച്ചുള്ള തട്ടിപ്പ് അനിവാര്യമായ അന്ത്യത്തിലേക്ക്

രഞ്ജിത് ബാബു

കണ്ണൂർ: കാസർഗോഡ് ജില്ലയിലെ ചെറുകുന്നിനടുത്തു ബളാൽ മാതാവിന്റെ പേരിലുള്ള ദിവ്യാമാതാ പ്രാർത്ഥനാകേന്ദ്രത്തിന്റെ ശാഖ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ പരപ്പയിൽ റോസമ്മ എന്ന സ്ത്രീ ആരംഭിച്ച കേന്ദ്രവും ലക്ഷ്യം കാണാതെ പോയി. ബളാൽ മാതാവിന്റെ പ്രാർത്ഥനാ കേന്ദ്രത്തിൽ എണ്ണയും തേനും പാലും നിലയ്ക്കാതെ ഒഴുകുന്ന അത്ഭുതം കണ്ട് വിശ്വസിച്ച് കേരളത്തിന് അകത്തും പുറത്തും നിന്ന് രണ്ടു വർഷത്തോളം വിശ്വാസികൾ കൂട്ടത്തോടെ ഒഴുകിയിരുന്നു.

കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ മാറ്റിയെന്നും മറ്റും പ്രചരിപ്പിച്ചാണ് ദിവ്യമാതാവിന്റെ രൂപത്തിൽ നിന്നും ഒഴുകിയെത്തുന്ന എണ്ണ വാങ്ങാൻ ജനങ്ങൾ എത്തിച്ചേർന്നത്. ബുധൻ, ഞായർ ദിവസങ്ങളിലാണ് വിശ്വാസികൾക്ക് എണ്ണ നൽകിയിരുന്നത്. ബളാലിൽ ഇപ്പോൾ ഏതു ദിവസവും എണ്ണ നൽകുന്നുണ്ട്. ഓമനയെന്ന കാൻസർ ബാധിച്ച സ്ത്രീ വയ്യാതെ കിടന്നപ്പോൾ മാതാവ് ചട്ടയും മുണ്ടും ധരിച്ച് വീട്ടിലെത്തി എണ്ണ നൽകിയെന്നായിരുന്നു പ്രചാരണം. അതോടെയാണ് ബളാൽ എന്ന ഗ്രാമം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ ജനത്തിരക്കു കുറഞ്ഞതോടെ ഓരോ വീട്ടിൽനിന്നും വോളന്റിയർമാരായി എത്തി ഈ കേന്ദ്രത്തിൽ വിശ്വാസികളുടേതായ തിരക്കുണ്ടാക്കണമെന്നാണ് നിർദ്ദേശം.

ബളാലിൽ നിന്നും എണ്ണ കൊണ്ടു പോയവർ രോഗശാന്തി പ്രതീക്ഷിച്ചെങ്കിലും രോഗം മൂർച്ഛിച്ച് മരിച്ച സംഭവങ്ങൾ വരെ നിരവധിയായിരുന്നു. യഥാർത്ഥ വിശ്വാസത്തെ അന്ധവിശ്വാസത്തിലേക്ക് വഴി മാറ്റിയതിനു പിന്നിൽ പള്ളി വികാരിയും കൂട്ടാളികളുമാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. അതിന്റെ പകിട്ട് കുറയും മുമ്പേ ബളാലിൽ നിന്നും എണ്ണ കൊണ്ടു പോയി ഉദയഗിരിക്കടുത്ത പരപ്പയിൽ സൂക്ഷിച്ചത് റോസമ്മയെന്ന സ്ത്രീ ആയിരുന്നു.

റോസമ്മ കൊണ്ടു വച്ച എണ്ണ മാതാവിന്റെ രൂപത്തിന് മുന്നിൽ വച്ചപ്പോൾ അവിടെ നിന്നും എണ്ണ ധാരയായി ഒഴുകുന്നുവെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു. കാൻസർ ബാധിതയായ റോസമ്മ കൃത്യമായ ചികിത്സ ചെയ്ത് കാൻസർ മാറിയതോടെ റോസമ്മ നൽകുന്ന എണ്ണയും ദിവ്യമായി. രോഗശാന്തിക്കായി പരപ്പയിലെ ശാഖാ മാതാ കേന്ദ്രത്തിൽ നിന്നും എണ്ണ വാങ്ങിയവരിൽ പലർക്കും രോഗം ഏറിയതേയുള്ളൂ. അതിനിടെ റോസമ്മയുടെ ഭർത്താവും മരണമടഞ്ഞതോടെ പരപ്പയിലെ എണ്ണ മാഹാത്മ്യത്തിന് ഇടിവ് പറ്റി. അങ്ങനെ റോസമ്മയെന്ന നിർദ്ധനയായ യുവതി ആലക്കോടിനപ്പുറമുള്ള അരങ്ങം എന്ന കുടിയേറ്റഗ്രാമത്തിലെത്തി.

അരങ്ങത്തെ ദിവ്യഎണ്ണയെക്കുറിച്ചുള്ള അന്വേഷണത്തിനായി ഈ ലേഖകൻ ആലക്കോടു നിന്നും ജീപ്പ് പിടിച്ചു. റോസമ്മയുടെ എണ്ണ വിതരണ കേന്ദ്രം അന്വേഷിച്ചപ്പോൾ തന്നെ തീരെ രസിക്കാത്ത നിലയിൽ ഡ്രൈവറുടെ പ്രതികരണം. സാറൊക്കെ എന്തിനാണ് ഇത്തരത്തിൽ വിശ്വസിക്കുന്നത്. മറുപടി ചിരിയിലൊതുക്കി സീറ്റിൽ കയറി ഇരുന്നു. അല്പം പരുക്കനായ അയാളുടെ ജീപ്പിൽ യേശുദേവന്റെ ക്രൂശിത ചിത്രം വച്ചിരിക്കുന്നു. ക്രൈസ്തവനായിട്ടും ഇത്തരം അന്ധവിശ്വാസങ്ങളെ അംഗീകരിക്കില്ലെന്ന് തുറന്നുപറയുന്ന പ്രകൃതം.

പള്ളിയും പട്ടക്കാരും ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്. ഒരു രോഗം മാറ്റാനും ഈ എണ്ണക്ക് കഴിയില്ല. മാതാവിന്റെ പേരിലുള്ള തട്ടിപ്പാണിത്. അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. എണ്ണ കൊണ്ട് രോഗം മാറുമെങ്കിൽ എന്തിനാണ് സഭ തന്നെ ആശുപത്രി പണിഞ്ഞത്. എല്ലാറ്റിനും പിന്നിൽ ചില അച്ഛന്മാരാണ്. ബളാലിലെ ഓമന എന്ന സ്ത്രീയിൽ നിന്നും എണ്ണ വാങ്ങിയവർ ഇവിടങ്ങളിലുണ്ട്. അതിൽ ചിലരൊക്കെ മരിച്ചു പോയി. ചിലർക്ക് രോഗം മൂർച്ഛിച്ചു. യാത്രയ്ക്കിടയിൽ എണ്ണയിലെ കള്ളക്കളികളുടെ ഉദാഹരണങ്ങൾ ഏറെ നിരത്തി.

വണ്ടി അരങ്ങത്ത് എത്തുകയാണ്. മൂന്നു ഭാഗത്തും മലനിരകൾ. അരങ്ങത്തെ ഒരു കൊച്ചുമലയുടെ താഴ്‌വാരത്ത് വണ്ടി നിർത്തി. അവരുടെ വീട് വരെ വണ്ടി പോകില്ല. ഡ്രൈവർ പറഞ്ഞു. വീട്ടിലേക്കുള്ള വഴി കാട്ടിത്തന്നു. പണം കൊടുത്ത് വിട പറയുമ്പോൾ അയാളുടെ മുഖത്ത് തികഞ്ഞ പരിഹാസം. ഡ്രൈവർ കാട്ടിത്തന്ന വഴിയിലൂടെ നടന്നു. വഴിയിലാരേയും കണ്ടില്ല. ഒരു ഒറ്റപ്പെട്ട വീട്ടിൽ കയറി കാര്യമന്വേഷിച്ചപ്പോൾ റോസമ്മയുടെ വീട് കാട്ടിത്തന്നു.

വീണ്ടും കയറ്റം അല്പനേരം കഴിഞ്ഞ് കിതപ്പ് മാറ്റിയ ശേഷം ഉരുളൻ കരിങ്കല്ല് പാകിയ വഴിയിലൂടെ വീണ്ടും മുകളിലോട്ട്. റബ്ബർ തോട്ടത്തിന്റെ ഓരത്തായി ഒരു കൊച്ച് വീട്. മുറ്റം പോലും കഷ്ടിച്ചേയുള്ളൂ. ചുവരിൽ യേശുക്രിസ്തുവിന്റെ ക്രൂശിത ചിത്രം. ഒരു ഭാഗത്ത് അറിയിപ്പ് എഴുതി വച്ചിട്ടുണ്ട്. അതിൽ പറയുന്നത് ഇങ്ങനെ. തിരിയും പൂക്കളും ഒഴികെ മറ്റ് നേർച്ച കാഴ്ചകളൊന്നും സമർപ്പിക്കരുത്. രൂപത്തേയും എണ്ണയേയും സ്പർശിക്കരുത്. പ്രാർത്ഥനാസമയവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അർച്ചനക്കോ പ്രാർത്ഥനക്കോ അന്ന് ആരും എത്തിയില്ലെന്ന് വ്യക്തം.

വീട് പൂട്ടിയിരിക്കയാണ്. ജനാലകളെല്ലാം അടച്ചു പൂട്ടിയിട്ടുണ്ട്. വീട്ടിനകത്തെ കാര്യങ്ങളൊന്നും കാണാനാവുന്നില്ല. റോസമ്മ വീട്ടിലില്ലെന്ന് വ്യക്തമായി. അല്പം അകലെയുള്ള വീട്ടിൽ അന്വേഷിച്ചപ്പോൾ അവർ പോകുന്നതും വരുന്നതും ആർക്കും അറിയില്ല. സമയം ഉച്ചയോടടുത്തിരുന്നു. റബ്ബർ തോട്ടത്തിൽ ഏറെ നേരം അവരുടെ വരവും കാത്തിരുന്നു. ഒരാൾ പോലും റോസമ്മയുടെ വീട്ടിലേക്ക് വന്നിരുന്നില്ല. അരങ്ങം കവലയിലേക്ക് എത്തിയപ്പോൾ ഇവരുടെ കാര്യം അന്വേഷിച്ചു. രാവിലെ ബസ്സ് കയറുന്നത് കണ്ടതായി അറിഞ്ഞു. മറ്റൊന്നും ആർക്കും അറിയില്ല. ദിവ്യ എണ്ണയെ വിശ്വാസമില്ലാത്തവരാണ് സ്ഥലത്തെ അധികം പേരും.

ബളാലിലെ പോലെ വളണ്ടിയർമാരില്ല. സ്ഥലത്ത് എണ്ണ അത്ഭുതം ഏൽക്കാത്തതിനാൽ കോഴിക്കോട് ജില്ലയിലെ ചില ദേശങ്ങളിൽ റോസമ്മ പോകാറുണ്ടെന്ന് വിവരം ലഭിച്ചു. അതിനൊരു വൈദികന്റെ പിൻതുണയും ലഭിച്ചു വരുന്നു. എങ്കിലും മാതാവിന്റെ അനുഗ്രഹം ലഭിച്ചുവെന്ന് വിശ്വസിക്കുന്ന റോസമ്മക്ക് തനിച്ച് സ്വന്തം വീട്ടിൽ രാത്രി കഴിയാൻ ഭയമാണ്. അടുത്ത വീട്ടിലാണ് അഭയസ്ഥാനം. ബളാലിലെപ്പോലെ പള്ളിയുടേയും വികാരിയുടേയും പിൻതുണ ലഭിച്ചാൽ മാതാവിന്റെ രൂപത്തിൽ നിന്നും ദിവ്യ എണ്ണ ചുരത്തി നൽകാനുള്ള പുറപ്പാടിലാണവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP