Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓർത്ത് ലജ്ജിക്കുന്നു; പിണറായിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് കൂടംകുളം സമരനായകൻ എസ്‌പി ഉദയകുമാർ; വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇടിമുറികളാക്കരുത്; രാഷ്ട്രീയ കൊലപാതകം അവസനിപ്പിക്കാൻ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറകണമെന്നും ഉദയകുമാർ

കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓർത്ത് ലജ്ജിക്കുന്നു; പിണറായിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് കൂടംകുളം സമരനായകൻ എസ്‌പി ഉദയകുമാർ; വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇടിമുറികളാക്കരുത്; രാഷ്ട്രീയ കൊലപാതകം അവസനിപ്പിക്കാൻ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറകണമെന്നും ഉദയകുമാർ

നീതി തേടി പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജയെ പൊലീസ് റോഡിൽ വലിച്ചിഴച്ച നടപടിയിൽ പ്രതിഷേധിച്ച് കൂടംകളം സമര നായകൻ എസ്‌പി ഉദയകുമാർ. 

കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള പരിപാടികളെല്ലാം ബഹിഷ്‌ക്കരിക്കുമെന്നാണ് ഉദയകുമാർ ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് നടന്ന അതിക്രമത്തിലും സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണ തീരുമാനമെടുത്തതെന്ന് ഉദയകുമാർ പറയുന്നു.

ശനിയാഴ്ച തിരുവല്ലയിൽ നടക്കുന്ന എംജെ ജോസഫിന്റെ ജന്മവാർഷികം പരിപാടിയിൽ കേരള മുഖ്യമന്ത്രിക്ക് ഒപ്പം വേദിപങ്കിടില്ലെന്നും ഉദയകുമാർ അറിയിച്ചിട്ടുണ്ട്. കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓർത്ത് ലജ്ജിക്കുന്നു എന്ന തലക്കെട്ടോടെയുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഉദയകുമാർ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഉദയകുമാർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ;

ഇന്ത്യൻ പൗരനെന്ന നിലയിലും രണ്ട് ആൺകുട്ടികളുടെ പിതാവെന്ന നിലയിലും ജിഷ്ണു പ്രണോയിയുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. പാമ്പാടി നെഹ്റു കോളേജിലെ വൈസ് പ്രിൻസിപ്പളിന്റെ മുറിയിൽ മർദ്ദിച്ച് ജിഷ്ണുവിനെ കൊലപ്പെടുത്തിയെന്നാണ് ആ കുടുംബം പറയുന്നത്.

മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണത്തിന് മുൻപ് മുറിവുകളുണ്ടായിരുന്നെന്ന് പറയുന്നുണ്ട്. ഇങ്ങനെയാണോ ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കേണ്ടത്?. ഇത്തരത്തിലുള്ള ഫാസിസ്റ്റ് രീതികൾ അംഗീകരിക്കാനാകുമോ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊലീസ് സ്റ്റേഷനുകളാക്കരുത്.

പൊലീസ് ആസ്ഥാനത്തിന് മുന്നിൽ മകന്റെ മരണത്തിൽ പ്രതിഷേധിച്ചപ്പോൾ ജിഷ്ണുവിന്റെ മാതാപിതാക്കളെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. ഇത്രത്തോളം ക്രൂരമായാണോ മകൻ നഷ്ടപ്പെട്ട ഒരു അമ്മയോട് പെരുമാറേണ്ടത്. നെഹ്റു കോളേജ് ചെയർമാൻ കൃഷ്ണദാസിന് ഇഷ്ടമുള്ളപ്പോഴെല്ലാം ജാമ്യം കിട്ടിക്കൊണ്ടേയിരിക്കുന്നു. പ്ലസ്ടു വിദ്യാർത്ഥി നന്ദു ചേർത്തലയിൽ കൊല്ലപ്പെട്ടു.

ആർഎസ്എസ് ശാഖയിൽ നിന്ന് വിട്ടുനിന്നതിന്റെ പേരിലായിരുന്നു കൊലപാതകം. ക്രിമിനൽവൽക്കരിക്കപ്പെട്ട രാഷ്ട്രീയ സംസ്‌കാരമുള്ള കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒപ്പം മനസമാധാനത്തോടേയും മനസാക്ഷിക്കുത്തില്ലാതേയും എനിക്ക് ഇരിക്കാനാവില്ല. അതുകൊണ്ട് തിരുവല്ലയിലെ പരിപാടി ബഹിഷ്‌കരിക്കുകയാണ്.

തുടർച്ചയായ കൊലപാതകങ്ങളും പ്രതികാര രാഷ്ട്രീയവും കേരളത്തിനും അതിന്റെ മുഖ്യമന്ത്രിക്കും മോശപ്പേരുണ്ടാക്കിയിട്ടുണ്ട്. ഇനിയെങ്കിലും രാഷ്ട്രീയ കൊല അവസാനിപ്പിക്കാൻ ഞാൻ മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. വിദ്യാർത്ഥി മരണങ്ങളെങ്കിലും ഒഴിവാക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP