Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുമ്പഴിക്കുള്ളിൽ കെ.എം ഷാജഹാന് ഒന്നും നഷ്ടപ്പെട്ടില്ല; തലകുനിക്കേണ്ടി വന്നത് സർക്കാരിനും സി.പി.എം നേതാക്കൾക്കും; 12 മണിക്കൂർ പഠിച്ചും നന്നായി പരീക്ഷയെഴുതിയും ഷാജഹാൻ; എല്ലാവരും അറിഞ്ഞ ഷാജഹാന്റെ പോരാട്ടവീര്യത്തിനും ഇനി മൂർച്ചയേറും

ഇരുമ്പഴിക്കുള്ളിൽ കെ.എം ഷാജഹാന് ഒന്നും നഷ്ടപ്പെട്ടില്ല; തലകുനിക്കേണ്ടി വന്നത് സർക്കാരിനും സി.പി.എം നേതാക്കൾക്കും; 12 മണിക്കൂർ പഠിച്ചും നന്നായി പരീക്ഷയെഴുതിയും ഷാജഹാൻ; എല്ലാവരും അറിഞ്ഞ ഷാജഹാന്റെ പോരാട്ടവീര്യത്തിനും ഇനി മൂർച്ചയേറും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെ.എം ഷാജഹാനെ എല്ലാവർക്കുമറിയാമല്ലോ... മുഖ്യമന്ത്രി പിണറായി വിജയൻ പൊതു സമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുത്ത ചോദ്യമാണിത്. തീക്കട്ട പോലുള്ള ചോദ്യം. അങ്ങനെ അറിയാത്തവരും ഷാജഹാനെ അന്വേഷിച്ചു തുടങ്ങി. അങ്ങനെ കെ.എം ഷാജഹാനെന്ന കമ്മ്യൂണിസ്റ്റ് ഫയർബ്രാൻഡിനെ പലരും പഠിച്ചറിഞ്ഞു. പിണറായിക്ക് ഷാജഹാനോടുള്ള അടങ്ങാത്ത ദേഷ്യത്തിനുള്ള ഉത്തരവും അങ്ങനെ പലരും കണ്ടെത്തി. ഇതോടെ ഷാജഹാൻ എങ്ങനെ ജയിലിലായെന്ന സംശയത്തിനും അറുതിയായി..

ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ടെങ്കിലും കെ.എം ഷാജഹാന്റെ പോരാട്ടവീര്യത്തിന് ഊർജം പകരുന്നതായി തടവറയിലെ ദിനങ്ങൾ. എൽഎൽ.ബി. പരീക്ഷയ്ക്കായി ദിവസേന 12 മണിക്കൂർ പഠനം. സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് ലഭിച്ച വൻജനപിന്തുണ. ഇതൊക്കെയാണ് കെ.എം ഷാജഹാനെന്ന പൊതുപ്രവർത്തകന് ഏഴുദിവസത്തെ ജയിൽവാസത്തിനിടെ ലഭിച്ചത്. ജയിൽവാസം കെ.എം. ഷാജഹാനെന്ന പോരാളിയിൽ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൂട്ടിയിട്ടേയുള്ളൂ.

സമരം ചെയ്യാൻ ജിഷ്ണുവിന്റെ മാതാവ് മഹിജയ്ക്കും കുടുംബത്തിനും സഹായം നൽകിയെന്നാരോപിച്ചാണ് ഷാജഹാനെ കഴിഞ്ഞ ബുധനാഴ്ച ഡി.ജി.പി ഓഫീസിന് മുന്നിൽനിന്ന് പൊലീസ് അറസ്റ്റുചെയ്തത്. ജൂഡീഷ്യൽ കസ്റ്റഡിയിൽ ആയ ഷാജഹാൻ ഇന്നലെയാണ് ജയിൽ മോചിതനായത്. സി-ഡിറ്റിലെ ഉദ്യോഗസ്ഥനാണെങ്കിലും സർക്കാർ നിയമ കലാലയത്തിലെ വിദ്യാർത്ഥിയാണ്. പരീക്ഷാക്കാലമായതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജയിലിലിലായപ്പോൾ ഷാജഹാൻ തീരുമാനിച്ചത്. ഏഴാം തീയതി പുസ്തകവും നോട്ടുബുക്കുകളും ജയിലിലെത്തിച്ചു. അന്നുമുതൽ ഉറക്കം പോലുമുപേക്ഷിച്ച് പഠനം തുടങ്ങി. ദിവസേന 12 മണിക്കൂർവരെ പഠിച്ചു. ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ ഉറങ്ങിയുള്ളൂ. ജയിലിലായതുകൊണ്ട് ഏകാഗ്രതയോടെ പഠിക്കാൻ കഴിഞ്ഞു. പരീക്ഷ നന്നായി എഴുതാനുമായെന്ന് ഷാജഹാൻ പറയുന്നു. പുറത്തായിരുന്നേൽ പഠനത്തിനുവേണ്ടി ഇത്രയും സമയം നീക്കിവയ്ക്കാനാകില്ലായിരുന്നു.

മഹിജയുടെ അനുജൻ ശ്രീജിത്തിന് എന്നെ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ഷാജഹൻ പറയുന്നു. ശ്രീജിത്തിനെ നേരത്തെ വിളിച്ചിട്ടുണ്ട്. തന്റെ മോചനത്തിനായി അമ്മ നിരാഹാര സമരമിരുന്നത് ഏറെ ഊർജം പകരുന്നതായിരുന്നു. പൊതുസമൂഹം നൽകിയ പിന്തുണയും ശക്തി നൽകിയെന്ന് ഷാജഹാൻ പറയുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ജയിൽ മോചിതനായ ഷാജഹാൻ വീട്ടിലെത്തിയത്. മകൻ കൊടുത്ത നാരങ്ങാനീരു കഴിച്ചാണ് അമ്മ നിരാഹാരം അവസാനിപ്പിച്ചത്. അതിനുശേഷം മകന് ഇടിയപ്പവും മുട്ടക്കറിയും വിളമ്പി. അമ്മ കഞ്ഞിയും കുടിച്ചു.

മകന് ജാമ്യംകിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ഷാജഹാന്റെ അമ്മയും റബ്ബർബോർഡിൽനിന്ന് വിരമിച്ച ശാസ്ത്രജ്ഞയുമായ തങ്കമ്മ പറഞ്ഞു. ഷാജഹാന്റെ അച്ഛൻ കെ.ആർ. മുഹമ്മദാലി കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു. 1957-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ.യിലെ കല്യാണകൃഷ്ണൻ നായരുടെ പ്രചാരണത്തിന് മുന്നിൽനിന്നത് അദ്ദേഹമാണ്. അന്ന് ചങ്ങനാശ്ശേരിയിൽ ജയിച്ചത് കല്യാണ കൃഷ്ണൻനായരാണ്.

ഒരു കാലത്ത് സിപിഎമ്മിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന ഷാജഹാൻ വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് കേരളത്തിലെ പൊതുസമൂഹത്തിനു സുപരിചിതരനാകുന്നത്. പിന്നീട് വി എസ് അച്യുതാനന്ദനുമായി അഭിപ്രായ വ്യത്യാസമുണ്ടായി സ്വന്തം വഴി തെരഞ്ഞെടുത്തു. വിഎസിന്റെയോ പിണറായിയുടെയോ തണലില്ലാഞ്ഞിട്ടും താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്നുറക്കെപ്പറഞ്ഞ ഷാജഹാൻ പൊതുഇടത്തിൽ ഇടപെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്തു കൽപിക്കപ്പെടുന്ന ലാവലിൻ കേസിൽ പിണറായിക്കെതിരേയുള്ള നിയമപ്പോരാട്ടവും ഷാജഹാന്റെ ഇടപെടലുകൾക്കു ബലം കൂട്ടി. വി എസ് ബ്രിഗേഡിൽനിന്നു പുറത്തായെങ്കിലും ഷാജഹാന്റെ ഏറ്റവും വലിയ ശത്രു പിണറായി വിജയൻ തന്നെയാണ്. സിഡിഎസിൽ ഗവേഷണം നടത്തുന്ന കാലത്താണ് ഷാജഹാനിലെ അഗ്നി സി.പി.എം തിരിച്ചറിഞ്ഞത്. ആഗോള വൽകരണത്തിനെതിരായി നടന്ന സമരങ്ങളിൽ ഷാജഹാന്റെ ആശയങ്ങളും വാക്കുകളും പാർട്ടിയുടെ തുറുപ്പുചീട്ടായി.

ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഐഎസ് ഗുലാത്തിക്കു ആക്ടിവിസ്റ്റായ ബുദ്ധിജീവി വേണമെന്ന പാർട്ടി നിലപാടിൽ ഷാജഹാനെ ആ സ്ഥാനത്തേക്ക് ആനയിച്ചവർതന്നെ അദ്ദേഹത്തിന്റെ ശത്രുക്കളായി കാലന്തരത്തിൽ മാറുകയായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയതിനെതിരേ നടത്തുന്ന നിയമപ്പോരാട്ടമാണ് പിണറായിയുടെ കണ്ണിലെ കരടായി ഷാജഹാനെ മാറ്റിയത്. വി എസ്് അച്യുതാനന്ദന്റെ പ്രതാപ കാലത്ത് അദ്ദേഹത്തെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന വി കെ ശശിധരൻ, എൻ ബാലകൃഷ്ണൻ, എ സുരേഷ് എന്നിവർക്കൊപ്പം ശക്തനായിരുന്നു ഷാജഹാൻ. ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് മാത്യുവിന്റെയും ഷാജഹാന്റെയും ഉപദേശം തേടാതെ യാതൊന്നും വി എസ് ചെയ്തിരുന്നില്ലെന്നൊരു കാലം തന്നെയുണ്ടായിരുന്നു. സിപിഐഎം സംസ്ഥാനസമിതിക്കു നേരിട്ടു നിയന്ത്രണമുള്ള എകെജി സെന്റർ ബ്രാഞ്ചംഗമായിരുന്നു ഷാജഹാൻ. പക്ഷേ, വിഭാഗീയത ശക്തമാവുകയും വി എസിന്റെ അടുപ്പക്കാരെ പാർട്ടി പുറത്തുവിടുകയും ചെയ്തപ്പോൾ ഷാജഹാനും ആ വഴിതന്നെയായിരുന്നു ലഭിച്ചത്.

പാർട്ടിക്കു പുറത്തായെങ്കിലും പഴയ അടുപ്പക്കാർ വി എസിന്റെ ഒപ്പം പിന്നെയും പലയിടങ്ങളിലും ഉണ്ടായെങ്കിലും ഷാജഹാൻ ആ കൂട്ടത്തിലുണ്ടായില്ല. അങ്ങനെ വിഎസിന്റെയും പിണറായിയുടെയും ശത്രുവായി മാറുകയായിരുന്നു ഷാജഹാൻ. മൂന്നാർ ഓപ്പറേഷൻ സമയത്തും കിളിരൂർ കേസ് കേരളത്തിനു മുന്നിൽ വി എസ് ചർച്ചയാക്കിയപ്പോഴും ബുദ്ധികേന്ദ്രത്തിന്റെ ഭാഗമായി ഷാജഹാനുണ്ടായിരുന്നു. ലാവലിനിലെ ഇടപെടലുകളും പാർട്ടിക്കും അതീതനായി വി എസിനെ വളർത്തിയ ബുദ്ധിയിലെ പങ്കുമൊക്കെയാണ് കെ എം ഷാജഹാനെന്ന വി എസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ഷാജഹാനെ പിണറായിയുടെ ബദ്ധശത്രുവാക്കിയത്.

വൈര്യനിരാതന ബുദ്ധിക്കു പേരുകേട്ട പിണറായി, ഷാജഹാനെ പൂട്ടാനുള്ള താക്കോൽ തേടി നടക്കുകയായിരുന്നു കഴിഞ്ഞ കുറേക്കാലമായി. ജിഷ്ണുവിന്റെ മാതാവിന്റെ സമരത്തിൽ ഷാജഹാനെത്തിയതോടെ പിണറായിയുടെ മനസിലിരുപ്പും ലാവ്‌ലിനിലെ പ്രശ്‌നങ്ങളും വ്യക്തമായി അറിയാവുന്ന സംസ്ഥാന പൊലീസ് മേധാവിക്കു സംശയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഷാജഹാനെ പിടിച്ചു പൊലീസ് വാഹനത്തിൽ കയറ്റിയതോടെ അദ്ദേഹം മുൻ കാലങ്ങളിലൊന്നും നേടാനാവാത്ത ജനപിന്തുണയാണ് സൃഷ്ടിച്ചത്.

ചാനൽ ചർച്ചകളിലും മറ്റും കണ്ടാലും ആരും തിരിച്ചറിയാതെയും ഗൗനിക്കാതെയും പോയിരുന്ന ഷാജഹാന് ഇത്തരമൊരു പ്രശ്‌നത്തിൽ ജയിലിലായതോടെ പൊതു സമൂഹത്തിന്റെയും സാധാരണക്കാരുടെയും വൻതോതിലുള്ള പിന്തുണയും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP