Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർജിക്കൽ സ്‌ട്രൈക്കിൽ തകർത്ത ഭീകരകേന്ദ്രങ്ങൾക്ക് വീണ്ടും ജീവൻകൊടുത്ത് പാക്കിസ്ഥാൻ; അതിർത്തിയിൽ യുദ്ധസമാനമായ സുരക്ഷയൊരുക്കി ഇന്ത്യ; വേണ്ടിവന്നാൽ ഒരിക്കൽ കൂടി അതിർത്തി കടന്ന് തിരിച്ചടിക്കുമെന്നും വാർത്തകൾ; മോദി വീണ്ടും ഭരണത്തിൽ വരുമെന്ന് വന്നതോടെ ഇന്ത്യയെ ഭീകരതകൊണ്ട് കീഴ്‌പെടുത്താൻ ശ്രമവുമായി അയൽരാജ്യം

സർജിക്കൽ സ്‌ട്രൈക്കിൽ തകർത്ത ഭീകരകേന്ദ്രങ്ങൾക്ക് വീണ്ടും ജീവൻകൊടുത്ത് പാക്കിസ്ഥാൻ; അതിർത്തിയിൽ യുദ്ധസമാനമായ സുരക്ഷയൊരുക്കി ഇന്ത്യ; വേണ്ടിവന്നാൽ ഒരിക്കൽ കൂടി അതിർത്തി കടന്ന് തിരിച്ചടിക്കുമെന്നും വാർത്തകൾ; മോദി വീണ്ടും ഭരണത്തിൽ വരുമെന്ന് വന്നതോടെ ഇന്ത്യയെ ഭീകരതകൊണ്ട് കീഴ്‌പെടുത്താൻ ശ്രമവുമായി അയൽരാജ്യം

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടുമൊരു കനത്ത ഭീകരാക്രമണം നടത്താൻ പാക്കിസ്ഥാൻ ആസൂത്രണം ശക്തമാക്കുന്നതായ സൂചനകളുമായി ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭീകര ക്യാമ്പുകൾ സജീവം. ഇതോടെ ഇന്ത്യ വീണ്ടും ഒരു സർജിക്കൽ സ്‌ട്രൈക്ക് കൂടി ഉടൻ നടത്തിയേക്കുമെന്ന ചർച്ചകളും സജീവമാകുന്നു.

മോദി അധികാരത്തിൽ വന്നതിന് ശേഷം പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു. ഇതിനു ശേഷം വിരണ്ടുപോയ പാക്കിസ്ഥാൻ ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനം കുറച്ചതായ റിപ്പോർട്ടുകളും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ അതിന് തൊട്ടുപിന്നാലെ ഇന്ത്യൻ സൈന്യം ഒറ്റദിവസം അതിർത്തി കടന്നുള്ള രാത്രി ഓപ്പറേഷനിലൂടെ തകർത്ത ഭീകര ക്യാമ്പുകൾ പാക്കിസ്ഥാൻ പുനരുജ്ജീവിപ്പിച്ചുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ കുറവുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ വീണ്ടും പണിതുടങ്ങുന്നുവെന്ന വിധത്തിൽ ഭീകരകേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 29നായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഇതോടെ പത്തിമടക്കിയ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ വീണ്ടും നീക്കം തുടങ്ങിയെന്ന സൂചനകൾ വരുന്നതോടെ ഇന്ത്യ വീണ്ടും കനത്ത തിരിച്ചടി നൽകിയേക്കുമെന്ന സൂചനകളും ചർച്ചയാകുന്നു.

ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്ത പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകൾ വീണ്ടും സജീവമായതായാണ് വിവരം. ബാരാമുള്ളയിൽ സൈന്യത്തിന്റെ 19ാം ഡിവിഷൻ തലവൻ മേജർ ജനറൽ ആർ.പി. കാലിതയെ ഉദ്ധരിച്ചു ദേശീയ മാധ്യമമായ എൻഡിടിവിയാണു വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതോടെ അതിർത്തിയിൽ സൈന്യം കനത്ത ജാഗ്രത പുലർത്തുകയാണ്. പാക്കിസ്ഥാന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും വേണ്ടിവന്നാൽ വീണ്ടുമൊരു സർജിക്കൽ സ്‌ട്രൈക്ക് കൂടി ഇന്ത്യ നടത്തിയെക്കുമെന്നുമുള്ള വിവരങ്ങളും ഇതോടൊപ്പം മറ്റു മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

മിന്നലാക്രമണത്തെത്തുടർന്നു കുറച്ചുകാലം ഭീകരരുടെ ലോഞ്ച്പാഡുകൾ സജീവമായിരുന്നില്ല. പിന്നീടു ശൈത്യകാലത്ത് അവ വീണ്ടും സജീവമായതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തന്റെ കീഴിൽ വരുന്ന മേഖലയിലെ എല്ലാ ലോഞ്ച്പാഡുകളും സജീവമാണെന്നാണ് വിവരമെന്നും കാലിത അറിയിച്ചു.

കശ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയിലെ 100 കിലോമീറ്റർ പരിധിയിൽ വരുന്ന മേഖല ഇദ്ദേഹത്തിനു കീഴിലാണ്. ഒൻപതോ പത്തോ ലോഞ്ച്പാഡുകളാണ് ഇപ്പോൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നത്. ചെറിയ കുടിലോ എടുത്തുമാറ്റാവുന്ന ടെന്റുകളോ ആയിരിക്കും ലോഞ്ച് പാഡുകളായി പ്രവർത്തിക്കുക. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനായി അവസരം കാത്തിരിക്കുന്ന ഭീകരരാണു ലോഞ്ച്പാഡിലുണ്ടാവുക.

2016 സെപ്റ്റംബർ 25ന് രാത്രിയിലാണ് ഇന്ത്യൻ സൈനികർ നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരിലെത്തി ഭീകരരുടെ ലോഞ്ച്പാഡുകളിൽ മിന്നലാക്രമണം നടത്തി തിരിച്ചെത്തിയത്. ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്നാണ് മിന്നലാക്രമണം നടത്താൻ ഇന്ത്യ തീരുമാനിക്കുന്നത്. ഉറി ഭീകരാക്രമണത്തിൽ 19 സൈനികരുടെ ജീവനാണ് ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത്.

കുറേക്കാലമായി ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാൻ നടത്തിവന്ന ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു മോദി സർക്കാർ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക്. ഇതന് ശേഷമാണ് ഇന്ത്യയിൽ ആക്രമങ്ങൾ കുറഞ്ഞത്. 2016 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ കശ്മീരിൽ ഉണ്ടായ ഭീകരാക്രമണങ്ങൾ 193 ആണ്. 2016 ഒക്ടോബർ ഒന്നുമുതൽ 2017 മാർച്ച് 31 വരെ കശ്മീരിൽ ഉണ്ടായ ഭീകരാക്രമണങ്ങൾ 155ഉം ആയിരുന്നു. കല്ലേറിലൂടെ സൈന്യത്തെ ആക്രമിക്കുന്ന രീതിയും കുറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ കശ്മീരിൽ ഉണ്ടായ കല്ലേറു സംഭവങ്ങൾ 411ഉം ആയിരുന്നു. ഇതിനു മുൻപത്തെ ആറുമാസം ഇതു 2325 ആയിരുന്നു. ഇതിൽ നിന്ന് കുറവ് വ്യക്തമാണ്.

കഴിഞ്ഞ ആറുമാസം അതിർത്തിയിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ 371 ആയിരുന്നു. 118 ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചു. 217 പേർ തിരിച്ചുപോയിയെന്നാണ് സൂചന. കഴിഞ്ഞ വർഷം നുഴഞ്ഞുകയറ്റശ്രമത്തിനിടെ ഇന്ത്യൻ സൈന്യം വധിച്ച ഭീകരർ 35. മൂന്നുപേരെ അറസ്റ്റുചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യപാക്ക് അതിർത്തിയിലുണ്ടായ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പതിനൊന്നായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ 406 ബോംബ് സ്ഫോടനങ്ങളുണ്ടായി.

ഈ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 418 ആയിരുന്നു. ഇത്രയും വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ പഴയ താവളങ്ങൾ പാക്കിസ്ഥാൻ വീണ്ടും ഭീകരരുടെ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റുന്നുവെന്ന വിവരം പുറത്തുവരുന്നത്. കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവത്തോടെ കാണുന്നതായാണ് വിവരം. വേണ്ടിവന്നാൽ വീണ്ടുമൊരു തിരിച്ചടി നൽകി ഈ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയേക്കുമെന്ന ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിലുൾപ്പെടെ ചർച്ചയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP