Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എംഎൽഎയും നേതാക്കളും അണികളുമായെത്തി വിരട്ടിയിട്ടും പേടിക്കാതെ ശൗര്യത്തോടെ നിലപാടിൽ ഉറച്ചു സബ് കളക്ടർ; അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് സ്ഥലം എസ്‌ഐ നിരസിച്ചപ്പോൾ അടുത്ത സ്ഥലത്തെ എസ്‌ഐയെ വിളിച്ചുവരുത്തി; ശ്രീറാമിന്റെ ഇരട്ടച്ചങ്കിനുമുമ്പിൽ അടിയറവു പറഞ്ഞ് നേതാക്കൾ മടങ്ങിയത് അനധികൃത നിർമ്മാണം പൊളിച്ചുകളഞ്ഞ്

എംഎൽഎയും നേതാക്കളും അണികളുമായെത്തി വിരട്ടിയിട്ടും പേടിക്കാതെ ശൗര്യത്തോടെ നിലപാടിൽ ഉറച്ചു സബ് കളക്ടർ; അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് സ്ഥലം എസ്‌ഐ നിരസിച്ചപ്പോൾ അടുത്ത സ്ഥലത്തെ എസ്‌ഐയെ വിളിച്ചുവരുത്തി; ശ്രീറാമിന്റെ ഇരട്ടച്ചങ്കിനുമുമ്പിൽ അടിയറവു പറഞ്ഞ് നേതാക്കൾ മടങ്ങിയത് അനധികൃത നിർമ്മാണം പൊളിച്ചുകളഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ എന്തുവിലകൊടുത്തും ഒഴിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ദേവികുളം സബ് കളക്ടർ രഘുറാം ശ്രീറാമിന്റെ മുന്നിൽ സി.പി.എം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വം അടിയറവു പറയുകയായിരുന്നു. സി.പി.എം പ്രവർത്തകർക്കെതിരേ നടപടിക്കു മുതിർന്ന പൊലീസിനു മുന്നിലും കളക്ടർ ഇരട്ടച്ചങ്കനായി. താൻ നിർദ്ദേശിച്ചിട്ടും സമരക്കാരുടെ നേതാവു കൂടിയായ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്യാൻ ദേവികുളം എസ്‌ഐ വിസമ്മതിച്ചപ്പോൾ മൂന്നാർ സബ് ഇൻസ്‌പെക്ടറെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു സബ് കളക്ടർ. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ സബ്കളക്ടറുടെ നിർദ്ദേശം അവഗണിക്കാൻ എസ്‌ഐ മുതിർന്നത് മൂന്നാറിലെ ഭൂമാഫിയയിൽ രാഷ്ട്രീയകക്ഷികൾക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്. ദേവികുളം എംഎ‍ൽഎ. എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ സി.പി.എം. പ്രവർത്തകർതന്നെ, ഇവിടെ നിർമ്മിച്ച ഷെഡ് പൊളിച്ചുനീക്കിയതോടെയാണ് മണിക്കൂറുകൾ നീണ്ട സംഘർഷം അവസാനിച്ചത്.കൈയേറ്റം ഒഴിപ്പിക്കാതെ പിന്മാറില്ലെന്ന സബ് കളക്ടറുടെ ഉറച്ചനിലപാടിനുമുന്നിൽ ഇവർ മുട്ടുമടക്കുകയായിരുന്നു.

ഇന്നലെ ദേവികുളം പൊലീസ് സ്റ്റേഷനുമുന്നിൽ കയ്യേറപ്പെട്ട റവന്യൂഭൂമി ഒഴിപ്പിക്കാനാണ് റവന്യൂ അധികൃതരും പൊലീസുകാർ ഉൾപ്പെടുന്ന ഭൂസംരക്ഷണസേനയും എത്തിയത്. സി.പി.എം നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞപ്പോൾ സബ് കളക്ടർ രഘുറാം ശ്രീരാമനും സ്ഥലത്തത്തുകയായിരുന്നു. സബ്കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സി.പി.എം. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. സംഘർഷത്തിനിടെ ഭൂസംരക്ഷണസേനാംഗത്തിന് മർദനമേറ്റു.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൂടിയായ സബ് കളക്ടർ നിർദ്ദേശിച്ചിട്ടും അക്രമം നടത്തിയവരെ അറസ്റ്റുചെയ്യാൻ ദേവികുളം എസ്.ഐ. തയ്യാറായില്ല. തുടർന്ന് മൂന്നാർ സബ് ഇൻസ്പെക്ടറെ വിളിച്ചുവരുത്തി ഒരാളെ അറസ്റ്റുചെയ്തു. മൂന്നുമണിക്കൂർനീണ്ട സംഘർഷത്തിനൊടുവിൽ സബ് കളക്ടറുമായി പ്രതിഷേധക്കാർ നടത്തിയ ചർച്ചയെത്തുടർന്ന് പഞ്ചായത്തംഗത്തെ കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.

ദേവികുളം എംഎ‍ൽഎ. എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ സി.പി.എം. പ്രവർത്തകർതന്നെ, ഇവിടെ നിർമ്മിച്ച ഷെഡ് പൊളിച്ചുനീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്. കൈയേറ്റം ഒഴിപ്പിക്കാതെ പിന്മാറില്ലെന്ന സബ് കളക്ടറുടെ ഉറച്ചനിലപാടിനുമുന്നിൽ ഇവർ മുട്ടുമടക്കുകയായിരുന്നു.

ആരോഗ്യവകുപ്പ് മുൻജീവനക്കാരൻ മണിയാണ് ദേവികുളം പൊലീസ് സ്റ്റേഷന് 100 മീറ്റർമാത്രംദൂരെ 10 സെന്റ് ഭൂമി കൈയേറിയത്. ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇയാൾ വിരമിച്ചതോടെ കച്ചേരി സെറ്റിൽമെന്റിൽ ഭൂമി കൈയേറുകയായിരുന്നു. യന്ത്രസഹായത്തോടെ മണ്ണുനീക്കിയാണ് ഇവിടെ ഷെഡ് നിർമ്മിച്ചത്. തുടർച്ചയായി അവധിവരുന്നത് മറയാക്കി കൂടുതൽ നിർമ്മാണങ്ങൾക്ക് നീക്കംനടത്തുകയായിരുന്നു.

ദേവികുളം അഡീഷണൽ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണസേനാംഗങ്ങളുമാണ് ഒഴിപ്പിക്കലിനെത്തിയത്. പഞ്ചായത്തംഗം പി.കെ. സുരേഷ് കുമാർ, സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം ആർ. ഈശ്വരൻ, വി.ഒ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഇവരെ തടഞ്ഞു. വാക്കുതർക്കത്തിനിടയിൽ ഭൂസംരക്ഷണസേനാംഗത്തിന് മർദനമേറ്റു. പൊലീസ് നോക്കിനിന്നതല്ലാതെ നടപടിയെടുത്തില്ല. വിവരമറിഞ്ഞ് സബ് കളക്ടറെത്തി. പ്രശ്നമുണ്ടാക്കിയ പഞ്ചായത്തംഗത്തെ അറസ്റ്റുചെയ്യാൻ അദ്ദേഹം ദേവികുളം എസ്.ഐ. ജോൺസണ് ഉത്തരവ് നൽകിയെങ്കിലും രേഖാമൂലം എഴുതിനൽകിയാലേ നടപടിയെടുക്കൂ എന്നായിരുന്നു മറുപടി.

സി.പി.എം പ്രവർത്തകരുടെ മർദനത്തിൽ ഭൂസംരക്ഷണസേനാ പ്രവർത്തകനായ ലിസ്റ്റൺ അടക്കമുള്ളവർക്കാണു മർദനമേറ്റത്. പൊലീസ് സ്ഥലത്തുണ്ടായിട്ടും നോക്കി നിന്നതല്ലാതെ നടപടി എടുത്തില്ല. സബ് കളക്ടർ ശ്രീരാം വെങ്കിട്ടരാമൻ നേരിട്ട് നിർദ്ദേശം നൽകിയിട്ടും ഇടപെടാൻ പൊലീസ് തയ്യാറായില്ല. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മറുഭാഗം സബ്കളക്ടറെയും തടഞ്ഞുവെച്ചിട്ടും പൊലീസ് നടപടിയെടുത്തില്ല. റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന് മൂന്നാറിൽനിന്ന് എസ്.ഐ. പി. ജിതേഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി പഞ്ചായത്തംഗത്തെ അറസ്റ്റുചെയ്യുകയായിരുന്നു.

എസ്. രാജേന്ദ്രൻ എംഎ‍ൽഎ., സി.പി.എം. ഏരിയാസെക്രട്ടറി കെ.കെ. വിജയൻ, ജില്ലാകമ്മിറ്റിയംഗം എം വി ശശികുമാർ എന്നിവർ സ്ഥലത്തെത്തിയതോടെ സബ് കളക്ടറുമായി വീണ്ടും തർക്കമുണ്ടായി. കൈയേറ്റം ഒഴിപ്പിക്കാതെ മടങ്ങില്ലെന്ന് സബ് കളക്ടർ ഉറപ്പിച്ചുപറഞ്ഞതോടെ നേതാക്കൾ ഒത്തുതീർപ്പിന് തയ്യാറാവുകയായിരുന്നു.

മൂന്നാർമേഖലയിൽ കൈയേറ്റം ഒഴിപ്പിക്കാൻ പര്യാപ്തമായ പൊലീസ് സംവിധാനമില്ലെന്ന് സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. ആവശ്യമായ പൊലീസ് സേനയെ ലഭിച്ചാൽ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുന്ന രഘുറാം ശ്രീരാമൻ ഭൂമാഫിയയുടെയും അവർക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരുടെയും കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ സബ് കളക്ടർ നിർദ്ദേശം നല്കിയിട്ടും എസ്‌ഐ അറസ്റ്റ് ചെയ്യാൻ തയാറാകാതിരുന്നത് ഭൂമാഭിയയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു.

ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരമാണ് ജില്ലാ കലക്ടർക്ക്. കലക്ടർക്കു കീഴിലുള്ള സബ് കലക്ടർക്ക് / റവന്യു ഡിവിഷനൽ ഓഫിസർക്ക് (ആർഡിഒ) സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ അധികാരമുണ്ട്. തഹസിൽദാർക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരവും. മജിസ്റ്റീരിയൽ അധികാരങ്ങളുള്ള ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയാൽ അത് അനുസരിക്കാനും നടപ്പാക്കാനും പൊലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.

സബ് കലക്ടറുടെ നിർദ്ദേശം അനുസരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നു ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുൽ അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി. വിവരങ്ങൾ ചീഫ് സെക്രട്ടറിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് ദേവികുളം സബ് കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. 

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനു സുരക്ഷയൊരുക്കാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടി. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പലവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനെ ബന്ധപ്പെട്ടു മൂന്നാറിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രിയെ അറിയിക്കണമെന്നും സബ് കലക്ടർക്കു സുരക്ഷയൊരുക്കാൻ പൊലീസിനു നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ, പീരുമേടിനടുത്ത് വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ കഴിഞ്ഞ ദിവസം കൈയേറ്റം ഒഴിപ്പിച്ച ആറേക്കർ സർക്കാർ ഭൂമി വീണ്ടും കൈയേറി. ഭൂസംരക്ഷണസേനയും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് കോൺക്രീറ്റ് വേലികൾ തകർത്ത് കൈയേറ്റം ഒഴിപ്പിച്ച സ്ഥലമാണ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും കൈയേറിയത്. ഇവിടെ വീണ്ടും ഒഴിപ്പിച്ചതായും സംഭവത്തിൽ പൊലീസ് കേസടക്കം നിയമനടപടിയുണ്ടാകുമെന്നും തഹസിൽദാർ പറഞ്ഞു.

(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും, ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP