Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നന്ദൻകോട്ടെ കൂട്ടക്കൊലയ്ക്ക് കേതലിന് സഹായി ഉണ്ടായിരുന്നോ എന്നും സംശയം; കേരളത്തെ നടുക്കിയ സാത്താൻ സേവ കൊലപാതകത്തിന് പുതിയ വഴിത്തിരിവ്; പെട്രോൾ വാങ്ങാൻ എത്തിയത് കേതൽ അല്ലെന്ന സംശയം പ്രകടിപ്പിച്ച് പമ്പ് ജീവനക്കാരൻ; അന്വേഷണം പുതിയ ദിശയിലേക്ക്

നന്ദൻകോട്ടെ കൂട്ടക്കൊലയ്ക്ക് കേതലിന് സഹായി ഉണ്ടായിരുന്നോ എന്നും സംശയം; കേരളത്തെ നടുക്കിയ സാത്താൻ സേവ കൊലപാതകത്തിന് പുതിയ വഴിത്തിരിവ്; പെട്രോൾ വാങ്ങാൻ എത്തിയത് കേതൽ അല്ലെന്ന സംശയം പ്രകടിപ്പിച്ച് പമ്പ് ജീവനക്കാരൻ; അന്വേഷണം പുതിയ ദിശയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോൾ പമ്പ് ജീവനക്കാരൻ. മൃതദേഹങ്ങൾ കത്തിക്കുന്നതിനായി പെട്രോൾ വാങ്ങാനെത്തിയത് മറ്റൊരാളാണെന്ന് ഇയാൾ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം ഉയർന്നു. ഒറ്റനോട്ടത്തിൽ തന്നെ കേതലിനൊപ്പോലെ മുടി നീ്ട്ടിവളർത്തി അസാധാരണ രൂപമുള്ളയാളെ ആരും തിരിച്ചറിയുമെന്നിരിക്കെ ഇയാളല്ല വന്നതെന്ന നിലയിൽ പമ്പ് ജീവനക്കാരൻ മൊഴി നൽകിയതോടെ നന്ദൻകോട്ടെ കൂട്ടക്കൊലയിൽ പുതിയ ദിശയിലേക്ക് അന്വേഷണം നീളുകയാണ്.

ആസ്ട്രൽകൊലയെന്ന് ആദ്യം പറയുകയും ആത്മാവിനെ ശരീരത്തിൽ നിന്ന് വേർപെടുത്തുന്നതിനായി നടത്തിയ സാത്താൻസേവയായി ഇക്കാര്യം ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മാതാപിതാക്കൾക്കെതിരെ ഉള്ള ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്ന നിലയിലേക്ക് കേതൽ മൊഴി മാറ്റി. പ്രതി ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയതോടെ തന്നെ പൊലീസ് സംഘം കൊലപാതകത്തിന് മറ്റൊരു സഹായി ഉണ്ടായിരുന്നോ എന്ന നിലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹങ്ങളും മറ്റും കത്തിക്കാൻ പെട്രോൾ വാങ്ങാൻ കേതൽ അല്ല വന്നതെന്ന സംശയം ഉയർന്നിട്ടുള്ളത്.

കേസിലെ മുഖ്യപ്രതി കേതൽ പറഞ്ഞ സമയത്തു പെട്രോൾ വാങ്ങിയത് 25 വയസ് തോന്നിക്കുന്ന യുവാവാണെന്നു പെട്രോൾ പമ്പ് ജീവനക്കാരൻ ജയകുമാർ ആണ് വ്യക്തമാക്കിയിട്ടുള്ളത്. ഓട്ടോയിലെത്തിയ യുവാവ് കന്നാസിലാണു പെട്രോൾ വാങ്ങി പോയത്. മൃതദേഹങ്ങൾ കത്തിക്കാൻ കവടിയാറിലെ പമ്പിൽനിന്ന് ഏപ്രിൽ ആറിന് പെട്രോൾ വാങ്ങിയതായി പ്രതി മൊഴി നൽകിയിരുന്നു. എന്നാൽ കേതലിനെ പമ്പിൽവച്ചു കണ്ട മുൻപരിചയമുണ്ടെന്നും ജയകുമാർ പറഞ്ഞു. ഇതോടെയാണ് കേസിൽ മറ്റൊരാൾക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നത്.

അതേസമയം, പ്രതി ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാൾ ഒടുവിലായി പൊലീസിനോടു പറഞ്ഞത്. കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം കഴിഞ്ഞദിവസം വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.

മദ്യലഹരിയിൽ സ്ത്രീകളോട് ഫോണിൽ അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള ൈവരാഗ്യത്തിനു കാരണമെന്ന് കേദൽ അന്വേഷണ സംഘത്തോടു പറഞ്ഞത്. ഇതു തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അമ്മ വകവച്ചതുമില്ല. അച്ഛനും അമ്മയും ഇല്ലാതായാൽ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൊല്ലാൻ കാരണമെന്നും കേദൽ പറയുന്നു.

ഏപ്രിൽ രണ്ടിനു കൊലനടത്താൻ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാൽ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തു. അതിനിടെ, ചോദ്യം ചെയ്യലിനിടെ കേദൽ ആദ്യമായി വികാരാധീനനായി, കരഞ്ഞു. അന്വേഷണ സംഘത്തിനു മുന്നിൽ തീർത്തും കൂളായിട്ടാണ് കേദൽ പെരുമാറിയിരുന്നത്. പലപ്പോഴായി മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയപ്പോഴും കേദലിന്റെ ചിരിക്കുന്ന മുഖം കണ്ട് കേരളം ഞെട്ടിയിരുന്നു. സ്വന്തം അച്ഛനെയും അമ്മയെയും പെങ്ങളെയും കൂട്ടക്കൊല ചെയ്ത പ്രതിയാണോ ഇതെന്നു സംശയിക്കുന്ന വിധത്തിലുള്ള ഭാവങ്ങളാണ് കേദൽ പ്രകടിപ്പിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമുള്ള കൊല നടന്ന വീട്ടിൽ കേദലിനെ എത്തിച്ചു തെളിവെടുത്തു. പ്രതിയെ കാണാൻ ധാരാളം പേർ തടിച്ചുകൂടിയിരുന്നു. മൃതദേഹങ്ങൾ കരിക്കാൻ പെട്രോൾ വാങ്ങിയ പമ്പിലും കൊലപാതകങ്ങൾക്കുശേഷം രക്ഷപ്പെട്ടു ചെന്നെയിലെത്തി താമസിച്ചിരുന്ന ലോഡ്ജിലും കേദലിനെ എത്തിച്ചു തെളിവെടുക്കും.

സാത്താൻ സേവയുടെ ഭാഗമായിട്ട് താൻ അച്ഛനെയും അമ്മയെയും പെങ്ങളെയും കൊലപ്പെടുത്തിയെന്നാണ് കേദൽ ആദ്യം അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നത്. മനസിനെ ശരീരത്തിൽനിന്നു വേർപെടുത്തുന്ന ആഭിചാര കർമമാണു താൻ ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു. പിന്നീട് പ്രതി ഇടയ്ക്കിടെ മൊഴി മാറ്റുകയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം കൊലയ്ക്കു കാരണമായി മുൻവൈരാഗ്യമാണെന്ന അവകാശവാദത്തിലും സംശയമുയർന്നിട്ടുണ്ട്. സാത്താൻ സേവ പ്രകാരമുള്ള മനുഷ്യക്കുരുതിയെന്ന വാദം കോടതിയിൽ കേസിനെ ദുർബലപ്പെടുത്തുമെന്നാണ് പൊലീസ് കരുതുന്നത്.

കേദലിന്റെ സാത്താൻസേവ തെളിഞ്ഞതായാണ് വിവരം. സാത്താനിക് സമൂഹത്തിന്റെ ആചാരപ്രകാരമുള്ള 'മനുഷ്യക്കുരുതി'യാണ് കേദൽ നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വാദം ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ നിർവചനങ്ങളിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. മാത്രമല്ല, പ്രതിയെന്നു കരുതുന്നയാൾക്ക് മാനസികപ്രശ്‌നങ്ങളോ, ലഹരി വസ്തുക്കളുടെ ഉപയോഗമോ ഉണ്ടെന്നതിന് തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചരത്തിൽ അച്ഛനും, അമ്മയും, സഹോദരിയും ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയ കേസിൽ കേദൽ മാത്രമാണ് പ്രതിയെന്ന് തെളിയിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പിടികൊടുത്ത കേദലിനെത്തന്നെ ബലിയാടാക്കി കേസ് അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കമെന്നു സൂചനയുണ്ട്.

അതുകൊണ്ടാണ് 'മനോരോഗിയുടെ മുൻവൈരാഗ്യം' എന്ന നിലയിൽ കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നത്. ചെകുത്താൻ ആരാധന കുറ്റകൃത്യമായി കോടതിക്ക് പരിഗണിക്കാൻ കഴിയില്ല. മതവും, ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്നവർക്കും, ഇവയില്ലെന്ന് വിശ്വസിക്കുന്നവർക്കും സംരക്ഷണം നൽകുന്ന ഭരണഘടനയും, നിയമവുമാണ് ഇന്ത്യക്കുള്ളത്. അതിനെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിയില്ല. എല്ലാ മതത്തിലുമുള്ളതുപോലെ, ആഭിചാരക്രിയകളേയും അന്ധവിശ്വാസത്തേയും നിയമപരമായി ചോദ്യം ചെയ്യാൻ പൊലീസിനും നിയമത്തിനും കഴിഞ്ഞേക്കാം. പക്ഷേ, ഇതുവരെ സാത്താൻസേവയുടെ പേരിൽ ഒരു കുറ്റകൃത്യം ഇന്ത്യൻ കോടതികളിൽ വന്നിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP