Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത് ഇടുക്കിയിൽ ഇടതിനും വലതിനും വേണ്ടപ്പെട്ടവരിലേക്ക് ശ്രീറാമിന്റെ ജെസിബി എത്തുമെന്നായപ്പോൾ; ഇഎം അഗസ്തിയും ടോം സഖറിയയുടെ സഹോദരൻ ബോബി സഖറിയയും ഡയറക്ടർമാരായ സുഗന്ധഗിരി കമ്പനിയുടെ കള്ളപ്പണ ഇടപാടുകളും ചർച്ചയാകുന്നു; കുരിശുകൃഷിയുടെ മറവിൽ ഇടുക്കിയിൽ നടക്കുന്ന കയ്യേറ്റങ്ങളുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഇങ്ങനെ

മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത് ഇടുക്കിയിൽ ഇടതിനും വലതിനും വേണ്ടപ്പെട്ടവരിലേക്ക് ശ്രീറാമിന്റെ ജെസിബി എത്തുമെന്നായപ്പോൾ; ഇഎം അഗസ്തിയും ടോം സഖറിയയുടെ സഹോദരൻ ബോബി സഖറിയയും ഡയറക്ടർമാരായ സുഗന്ധഗിരി കമ്പനിയുടെ കള്ളപ്പണ ഇടപാടുകളും ചർച്ചയാകുന്നു; കുരിശുകൃഷിയുടെ മറവിൽ ഇടുക്കിയിൽ നടക്കുന്ന കയ്യേറ്റങ്ങളുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാപ്പാത്തിച്ചോലയിൽ രണ്ടായിരം ഏക്കർ കയ്യേറി ആരംഭിച്ച 'കുരിശുകൃഷി' ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ തൊട്ടപ്പോൾ പൊള്ളിയത് ആർക്കെല്ലാമാണ്? മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യത്തിൽ നേരിട്ടിടപെട്ട് വൻകിട കയ്യേറ്റങ്ങൾക്കെതിരായ പ്രവർത്തനങ്ങളെ താൽക്കാലികമായി തടഞ്ഞത് എന്തുകൊണ്ടാണ്?

ക്രിസ്ത്രീയ സഭകളുൾപ്പെടെ കുരിശു തകർത്തതിനെ രൂക്ഷമായി എതിർക്കാതെ പ്രതികരിച്ചിട്ടും കയ്യേറ്റം നടത്തി കുരിശ് സ്ഥാപിച്ചതിനെ പരസ്യമായിത്തന്നെ അപലപിച്ചിട്ടും സർക്കാരിനും പ്രതിപക്ഷത്തിനും അതിൽ നൊന്തത് എന്തുകൊണ്ടാണ്?

രണ്ടുദിവസമായി കേരളക്കര ചർച്ചചെയ്യുന്ന വിഷയത്തിൽ മറുനാടൻ അന്വേഷിക്കുമ്പോൾ പുറത്തുവരുന്നത് കേരളത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ താൽപര്യങ്ങളുള്ള ഇടുക്കിയിലേയും മൂന്നാറിലേയും കൂട്ടുകൃഷിയുടെ വിവരങ്ങളാണ്.

ഇടുക്കിയിൽ മുൻ എംഎൽഎയും സീനിയർ കോൺഗ്രസ് നേതാവുമായ ഇഎം അഗസ്തി, മരുമകനും ഇടത് എംപിയുമായ ജോയ്‌സ് ജോർജ് എംപി, ഇപ്പോൾ ഭൂമികയ്യേറി കുരിശ് സ്ഥാപിച്ച വിഷയത്തിൽ പൊലീസ് അേന്വഷിക്കുന്ന സൂര്യനെല്ലിയിലെ വെള്ളൂകുന്നേൽ കുടുംബത്തിലെ ടോം സഖറിയ എന്നിവരും കോൺഗ്രസിലെ മറ്റു ചില മുതിർന്ന നേതാക്കളുമെല്ലാം ഇടുക്കിയിലെ ഭൂമികയ്യേറ്റങ്ങളിലും കള്ളപ്പണം വെളുപ്പിക്കലിലും ഒരുമിച്ച് നിൽക്കുന്നതായ ആരോപണം നേരത്തേ മുതലേ ഉണ്ട്.

ഇതിന് തെളിവായി മാറുകയാണ് ഇഎം അഗസ്തിയും ടോം സഖറിയയുടെ സഹോദരൻ ബോബി സഖറിയയും ഡയറക്ടർമാരായി ഒരുമിച്ച് നിന്ന് നടത്തുന്ന സുഗന്ധഗിരി സ്‌പൈസസ് പ്രൊമോട്ടേഴ്‌സ് ആൻഡ് ട്രെയ്‌ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം.

ഏലം കയറ്റുമതി നടത്തുന്നുവെന്ന പേരിൽ കള്ളപ്പണം വെളുപ്പിക്കലാണ് കമ്പനിയിൽ നടക്കുന്നതെന്നും സംസ്ഥാനത്തെ മുതിർന്ന ഇടതു വലത് നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള ആരോപണങ്ങളും ഉയരുന്നു. 2011ൽ സ്ഥാപിതമായ കമ്പനിയിൽ 2012 സെപ്റ്റംബർ 17 മുതൽ ഡയറക്ടർമാരാണ് ഇടമലക്കുന്നേൽ മത്തായി അഗസ്തിയെന്ന ഇഎം അഗസ്തിയും ടോം സഖറിയയുടെ സഹോദരൻ ബോബി സക്കറിയയും.

ഇതേ ദിവസമാണ് ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും കമ്പനി രേഖകളിൽ നിന്ന് വ്യക്തമാണ്. ഇഎം അഗസ്തിയുടെ ചേട്ടന്റെ മകളെയാണ് ജോയ്‌സ് ജോർജ് എംപി വിവാഹം ചെയ്തിരിക്കുന്നത്. മാത്രമല്ല, ഈ കമ്പനിയിൽ ഡയറക്ടറായ സ്റ്റീഫൻ ജോസ് ആകട്ടെ അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് മാണിയെ ഉപേക്ഷിച്ച് ഇടതുപക്ഷത്തിനൊപ്പം ചേർന്ന ഫ്രാൻസിസ് ജോർജ് വിഭാഗത്തിന്റെ ജനാധിപത്യ കേരള കോൺഗസിലെ നേതാവുകൂടിയായ മാത്യു സ്റ്റീഫന്റെ സഹോദരനുമാണ്.

സുഗന്ധഗിരി കമ്പനിയുടെ മറവിൽ നടക്കുന്നത്

സുഗന്ധഗിരി കയറ്റുമതി സ്ഥാപനത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുവെന്നും വൻതോതിൽ ഇതുമായി ബന്ധപ്പെട്ടവർ ഇടുക്കിയിൽ ഭൂമികയ്യേറ്റം നടത്തുന്നുവെന്നും ആരോപണം ശക്തമാണ്. ഇതിൽ തന്നെ ഇതിൽ ഇഎം അഗസ്തി, ജോയ്‌സ് ജോർജ് എന്നിവർക്കെതിരെ കൊട്ടക്കാമ്പൂരിലെ ഭൂമികയ്യേറ്റക്കേസുൾപ്പെടെ നിലവിലുണ്ട്. മാത്രമല്ല, കോൺഗ്രസിലെ മറ്റുചില മുതിർന്ന നേതാക്കളും ഇത്തരത്തിൽ ഇടുക്കിയിൽ ഭൂമി കയ്യേറിയതായും ആരോപണം ശക്തമാണ്. കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഇപ്പോൾ കമ്പനിക്കെതിരെയും അതിന്റെ ഡയറക്ടർമാർക്കെതിരെയും അന്വേഷണവും നടക്കുന്നു. കള്ളപ്പണം മാത്രമല്ല, കള്ളനോട്ടിന്റെ കടത്തലും ഇഎം അഗസ്തിയും ടോം സഖറിയയുടെ സഹോദരനും ഡയറക്ടർമാരായ കമ്പനിയുടെ മറവിൽ നടക്കുന്നതായി ആക്ഷേപമുണ്ട്.

തമിഴ്‌നാട്ടിൽനിന്ന് സുഗന്ധഗിരി കമ്പനിയുടെ ലോറിയിൽ 28 ലക്ഷത്തിന്റെ കള്ളപ്പണം കടത്താൻ ശ്രമിച്ചത് കമ്പംമെട്ട് പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ നോട്ടുനിരോധന കാലത്തായിരുന്നു ഈ വേട്ട. പിടിച്ചെടുത്ത നോട്ടുകൾ നെടുങ്കണ്ടം ട്രഷറിയിൽ അടയ്ക്കുന്നതിന് മുമ്പ് കല്ലാർ സ്റ്റേറ്റ് ബാങ്കിൽ എണ്ണിയപ്പോൾ ആയിരത്തിന്റെ കള്ളനോട്ടും ലഭിച്ചിരുന്നു. ഇതോടെ കമ്പനിയുടെ നീക്കങ്ങൾ എൻഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും നിരീക്ഷിച്ചുവരികയാണ്.

പിക് അപ് വാനിൽ ഏലച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. സ്‌പൈസസ് ബോർഡ് ദേശീയ വൈസ് ചെയർമാനാണ് അഗസ്തി. ഏലം ലേലംചെയ്യാൻ അനുമതി നൽകിയിരിക്കുന്ന രാജ്യത്തെ 12 കമ്പനികളിൽ ഒന്നാണ് അഗസ്തിയുടെ കമ്പനി. കമ്പനിയുമായി ഇടതു വലത് നേതാക്കൾക്കെല്ലാം പങ്കുണ്ടെന്നതും കേന്ദ്രം നിരീക്ഷിച്ചുവരികയാണ്.

ഇതിനിടയിലാണ് ഇടുക്കിയിലെ കയ്യേറ്റങ്ങളിലും കമ്പനിയിലെ ഡയറക്ടർമാരുമാരുടെ അടുത്ത ബന്ധുക്കൾക്കുതന്നെ പങ്കുണ്ടെന്ന് വരുന്നതും അതിൽ ടോം സഖറിയയുടെ ഇടപാടുകളിൽ റവന്യൂ നടപടി വരുന്നതും. ഇതോടെയാണ് ഇതുവരെ കയ്യേറ്റങ്ങൾക്കെതിരെ ദേവികുളം സബ്കളക്ടർ നടപടി സ്വീകരിക്കുമ്പോഴും അതിൽ തടസ്സം നിൽക്കാതിരുന്ന സി.പി.എം സംസ്ഥാന നേതൃത്വം തന്നെ ഇക്കാര്യത്തിൽ വിലക്കേർപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ നീക്കിയതെന്നാണ് സൂചന. വൻകിടക്കാരനും കേരളത്തിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ സ്വാധീനവുമുള്ള കയ്യേറ്റക്കാരിലേക്ക് റവന്യൂ നടപടികൾ നീളുമെന്ന നില വരികയായിരുന്നു.

ഇടുക്കിയിലെ സി.പി.എം. ജില്ലാ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ അനങ്ങാതിരുന്ന സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ഇപ്പോൾ പാപ്പാത്തിച്ചോലയിലെ കയ്യേറ്റമൊഴിപ്പിക്കാൻ ശ്രീറാം ഇറങ്ങിയതോടെ വിറളിപൂണ്ടതെന്തിനെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. ഇതോടൊപ്പം സുഗന്ധഗിരി കമ്പനിയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളും ചർച്ചയാകുന്നു.

ശ്രീറാം കുരിശിന്റെ അടിത്തറയിളക്കിയപ്പോൾ ഇത്തരത്തിൽ നടപടികളും അന്വേഷണവും മുന്നോട്ടുനീങ്ങിയാൽ അത് ചെന്നെത്തുക കേരളത്തിലെ സിപിഎമ്മുമായും കോൺഗ്രസ്സുമായും അടുത്ത ബന്ധമുള്ള വൻകിട കയ്യേറ്റക്കാരിലേക്കായിരിക്കുമെന്നതാണ് വസ്തുത. അതിന് തടയിടാനാണ് ഇപ്പോൾ പൊടുന്നനെ മുഖ്യമന്ത്രി പിണറായി തന്നെ ഇടപെട്ട് വൻകിട കയ്യേറ്റങ്ങൾക്കെതിരെ നീങ്ങുന്ന റവന്യൂ നടപടികൾ തടസ്സപ്പെടുത്തിയതെന്ന ആരോപണവും ഉയരുന്നു.

കേരളത്തിൽ എക്കാലത്തും ഇടതും വലതും ചേർന്ന് ഒത്തുതീർപ്പ് ഭരണമാണ് നടത്തിവരുന്നതെന്ന ആക്ഷേപമാണ് ബിജെപി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഉൾപ്പെടെ ഉന്നയിച്ചിരുന്നത്. ഇതിന് തെളിവാകുന്ന രീതിയിലാണ് ഇപ്പോൾ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന് സർക്കാർ കൂച്ചുവിലങ്ങിട്ടിരിക്കുന്നത്. ചിന്നക്കനാൽ, കൊട്ടക്കാമ്പൂർ എന്നിവിടങ്ങളിലെല്ലാം വൻതോതിൽ കയ്യേറ്റങ്ങൾ അഗസ്തിയുമായും ജോയ്‌സ് ജോർജുമായും ടോം സഖറിയയുമായും ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ടെന്ന ചർച്ച സജീവമാണ് ഇടുക്കിയിൽ.

കോൺഗ്രസിലെ മുതിർന്ന നേതാവിനും ഇവരുടെ ഭൂമിയോട് ചേർന്ന് കയ്യേറ്റഭൂമിയുണ്ടെന്നതും ചർച്ചയാണ്. ഏലം ലേലത്തിൽ പങ്കെടുക്കുന്നുവെന്ന പേരിൽ അഗസ്തിയുടെ സുഗന്ധഗിരി കമ്പനി നടത്തുന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്ന ആക്ഷേപത്തിലും അന്വേഷണം ശക്തമായി നടത്തണമെന്ന ആവശ്യമുയർന്നുകഴിഞ്ഞു. കേന്ദ്രസർക്കാരിനെ ഇടപെടുത്തി ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കാൻ ഒരുങ്ങുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.

വെള്ളൂക്കുന്നേൽ കുടുംബത്തിന്റെ കയ്യേറ്റം അതിഭീകരം

പാപ്പാത്തിചോലയിൽ ഭൂമികയ്യേറിയ സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി ചെയർമാൻ ടോം സഖറിയയുടെ കുടുംബത്തിന് ഇതുകൂടാതെ ജില്ലയിൽതന്നെ അഞ്ഞൂറേക്കറിലധികം അനധികൃത ഭൂമിയുണ്ടെന്ന റിപ്പോർട്ടും ഇതോടൊപ്പം ചർച്ചായായിട്ടുണ്ട്. 2014 ജൂണിൽ ഉടുമ്പൻചോല തഹസിൽദാർ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ടോം സഖറിയ അംഗമായ സൂര്യനെല്ലിയിലെ വെള്ളൂകുന്നേൽ കുടുംബത്തിന് കൈവശരേഖകളില്ലാത്ത ഭൂമിയുണ്ടെന്ന് കാണിച്ചിട്ടുള്ളത്. ടോം സഖറിയയുടെ പിതാവായ സഖറിയ ജോസഫ്, സഹോദരങ്ങളായ ബോബി സഖറിയ, ജിമ്മി സഖറിയ, ജിജി സഖറിയ എന്നിവർ നിരവധി തണ്ടപ്പേരുകളിലായി അനധികൃതമായ അനേകം എക്കർ ഭൂമി കൈവശംവച്ചിരിക്കുന്നതായാണ് തഹസിൽദാർ കണ്ടെത്തിയത്.

ചിന്നക്കനാൽ വില്ലേജിലെ സർക്കാർ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് 2013 ആഗസ്തിൽ പുറത്തിറക്കിയ ഗവ. ഉത്തരവിൽ ഈ കുടുംബത്തിന്റെ ൈകയേറ്റചരിത്രം വിശദീകരിച്ചിട്ടുണ്ട്. 2008 ഒക്ടോബറിൽ ഭൂമിയുടെ കൈവശാവകാശ രേഖകൾ ഹാജരാക്കാൻ ഈ കുടുംബത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ രേഖകൾ ഹാജരാക്കിയിരുന്നില്ല.

തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം അഡീ. തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരുടെ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ നിസ്സഹരണംമൂലം അധികൃതർക്ക് അന്വേഷണം പൂർത്തിയാക്കാനായില്ല. ചിന്നക്കനാൽ വില്ലേജിൽ ഭൂമിസംബന്ധമായ വിവാദങ്ങളിൽ പത്ര-ദൃശ്യമാധ്യമങ്ങളിൽ ഏറെ പരാമർശിക്കപ്പെട്ട പേരാണ് വെള്ളൂകുന്നേൽ കുടുംബത്തിന്റേത്. എന്നാൽ ഇവർക്കെതിരേ നടപടിയെടുക്കാൻ ഭരണകൂടത്തിനായില്ല.

ജിമ്മി സഖറിയ സർക്കാർ ഭൂമി ൈകയേറിയതിനെതിരേ കോട്ടയം ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നുവെങ്കിലും അതിലും നടപടിയൊന്നുമുണ്ടായില്ല. വ്യാജ പട്ടയങ്ങൾ ഉപയോഗിച്ച് സർക്കാർ ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മറ്റാരോപണങ്ങളും ഉയർന്നിരുന്നു. എഴുപതേക്കർ എന്നറിയപ്പെടുന്ന സർക്കാർ ഭൂമിയിൽ (70.564 ഏക്കർ) 3.98 ഏക്കർ വ്യാജ പട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തി രണ്ട് കോടിയോളം രൂപക്ക് മുംബൈയിലുള്ള ഒരു കമ്പനിക്ക് വിറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ പേരിലുള്ള പല വസ്തുക്കളും വ്യാജ പട്ടയം ഉപയോഗിച്ച് സമ്പാദിച്ചതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചിന്നക്കനാൽ വില്ലേജിലെ സംശയകരമായ പല ഭൂമി ഇടപാടുകളുടെയും പിന്നിൽ ജിമ്മി സഖറിയ, ബോബി സഖറിയ എന്നിവർക്ക് ബന്ധമുണ്ടെന്ന് തഹസിൽദാർ കണ്ടെത്തിയിട്ടുണ്ട്. ആദിവാസികൾക്ക് അനുവദിച്ച പ്ലോട്ടിൽ സോളാർ വേലി സ്ഥാപിച്ച് കൈയേറ്റം നടത്തിയതായും ആരോപണമുണ്ട്.

ഇതോടെ തന്നെ ടോം സഖറിയ ഒളിവിലാണെന്ന നിലയിൽ സർക്കാരും പൊലീസും പറയുന്ന നിലപാടുകൾ പോലും സംശയകരമാണെന്ന ആക്ഷേപവും ഉയരുകയാണിപ്പോൾ. കുരിശ് മാറ്റിയതിനെതിരെ നിലപാടെടുക്കാതെ കയ്യേറ്റത്തിനെതിരെ ക്രിസ്തീയ സഭകൾ പോലും നിലപാടെടുത്തിട്ടും സിപിഎമ്മും കോൺഗ്രസും ഇക്കാര്യത്തിൽ കുരിശ് തകർക്കരുതായിരുന്നു എന്ന മട്ടിൽ നിലകൊള്ളുന്നതും ഇതോടെ ചർച്ചയാകുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP