Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറുത്തവനായതു കൊണ്ടാണോ കലാഭവൻ മണിയെ വേട്ടയാടുന്നതെന്ന് പൊലീസിനോട് ചോദിച്ച മാനുഷിക ബോധം; സാമ്പത്തികം പഠിച്ച് ഐപിഎസുകരനായി; ആട് തേക്ക് മാഞ്ചിയവും ലിസും-ഫ്രഞ്ച് ചാരക്കേസും വിതുരയും പൊൻതൂവലായി; ആനവണ്ടിക്ക് താങ്ങായ 'എംഡി' കാലം; ജാതി വിവാദത്തിൽ മാതൃഭൂമിയെ മുട്ടുമടക്കിച്ച കാർക്കശ്യം; ടിപി സെൻകുമാർ എന്ന പൊലീസുകാരന്റെ കഥ

കറുത്തവനായതു കൊണ്ടാണോ കലാഭവൻ മണിയെ വേട്ടയാടുന്നതെന്ന് പൊലീസിനോട് ചോദിച്ച മാനുഷിക ബോധം; സാമ്പത്തികം പഠിച്ച് ഐപിഎസുകരനായി; ആട് തേക്ക് മാഞ്ചിയവും ലിസും-ഫ്രഞ്ച് ചാരക്കേസും വിതുരയും പൊൻതൂവലായി; ആനവണ്ടിക്ക് താങ്ങായ 'എംഡി' കാലം; ജാതി വിവാദത്തിൽ മാതൃഭൂമിയെ മുട്ടുമടക്കിച്ച കാർക്കശ്യം; ടിപി സെൻകുമാർ എന്ന പൊലീസുകാരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിച്ച ഐപിഎസുകാരനാണ് ടിപി സെൻകുമാർ. സത്യസന്ധമായ നിലപാട് പൊതുപ്രശ്‌നങ്ങളിലും എടുത്ത ഉദ്യോഗസ്ഥൻ. പോരാട്ടത്തിന്റെ പ്രതീകമായിരുന്നു സെൻകുമാർ എന്നും. ജാതി സർട്ടിഫിക്കറ്റ് വിവാദത്തിൽ തന്നെ പെടുത്തിയപ്പോഴും നിയമപോരാട്ടത്തിലൂടെയാണ് സെൻകുമാർ മുമ്പോട്ട് കുതിച്ചത്. നീതി പീഠത്തിന് മുമ്പിൽ സത്യം ബോധ്യപ്പെടുത്തി അവിടെ വിജയിച്ചു. ഇപ്പോഴിതാ സർക്കാരിനെതിരേയും നിയമപോരാട്ടതിലൂടെ വിജയം.

നീതി നിർവ്വഹണത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ടി.പി സെൻകുമാറിന് സംസ്ഥാന പൊലീസിൽ മികച്ച പ്രതിച്ഛായ ആണ് ഉള്ളത്. ഇടതുപക്ഷ ഭരണ കാലത്ത് ട്രാൻസ്പോർട്ട് കമ്മീഷണർ ആയ സെൻകുമാർ നടത്തിയ പരിഷ്‌കാരങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന രഹസ്യന്വേഷണ വിഭാഗം മേധാവിയായിരുന്ന സെൻകുമാറാണ് രഹസ്യാന്വേഷണ വിഭാഗത്തെ കൂടുതൽ കാര്യക്ഷമമാക്കിയത്. സാമൂഹിക പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന സെൻകുമാർ നടൻ കലാഭവന്മണിക്കെതിരെയുള്ള പൊലീസ് നടപടിയെയും ചോദ്യം ചെയ്തിരുന്നു. ജാതിക്കും മതത്തിനും മീതെ നീതിപൂർവ്വമായിരിക്കണം നീതി നിർവ്വഹണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതായിരുന്നു കലാഭവൻ മണിയുടെ വിഷയത്തിൽ സെൻകുമാർ എടുത്ത പരസ്യ നിലപാടിന് കാരണവും. ഇത് ഏറെ വിമർശനങ്ങൾക്ക് ഇടവച്ചെങ്കിലും സെൻകുമാർ തന്റെ നിലപാടിൽ ഉറച്ചു നിന്നു.

ചെയ്യുന്ന ജോലിയോട് സത്യസന്ധതയും കൂറും പുലർത്തുന്ന ഉദ്യോഗസ്ഥനായ അദ്ദേഹം തീർത്തും ലളിത ജീവിതത്തിന്റെ ഉടമ കൂടിയാണ്. പലപ്പോഴും നിലപാടുകളിലെ കാർക്കശ്യം കാരണം പൊലീസ് കുപ്പായത്തിൽ നിന്നും മാറ്റപ്പെട്ട വ്യക്തികൂടിയാണ് സെൻകുമാർ. എങ്കിലും തന്റെ കർത്തവ്യത്തോട് മടികാണിക്കാതെ ആത്മർത്ഥതയോടെ ചെയ്യുന്ന ജോലി ഫലപ്രദമായി ചെയ്യുകയായരുന്നു സെൻകുമാർ ചെയ്തത്. കേസുകളിലെ സാക്ഷികൾക്ക് നീതി നിഷേധിക്കുന്ന കോടതിക്കെതിരെ അദ്ദേഹം തുറന്നടിച്ചതും നേരത്തെ ചർച്ചയായിരുന്നു. ഇന്റലിജന്റ്സ് എഡിജിപിയായിരുന്ന വേളയിൽ ജോലിയുടെ പേരിൽ അദ്ദേഹം തീവ്രവാദികളുടെ നോട്ടപ്പുള്ളി ആകുകയും ചെയ്തു. ഇതിന്റെ പേരിൽ പൊലീസ് പ്രത്യേകം സുരക്ഷ വാഗ്ദാനം ചെയ്തപ്പോഴും അദ്ദേഹം അത് നിരസിക്കുകയും ചെയ്്തു. ഇന്റലിജന്റ്സ് സംവിധാനത്തെ ഉടച്ചുവാർക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ അദ്ദേഹം കാഴ്‌ച്ചവച്ചിരുന്നു.

ഇടതു പക്ഷ സർക്കാർ പുറത്താക്കിയപ്പോഴും ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നത്. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ തന്നെ നിയമപോരാട്ടം മനസ്സിൽ കുറിച്ചു. ഡിജിപി പദവി ഒഴിയുന്നത് പൂർണ സംതൃപ്തിയോടെയെന്ന് സെൻകുമാർ പറഞ്ഞത് ഇടത് സർക്കാരിനെ ലക്ഷ്യമിട്ടുള്ള ഒളിയമ്പായിരുന്നു. സ്ഥാനമാനങ്ങൾക്കായി ആരുടെ പിന്നാലെയും പോയിട്ടില്ലെന്നും ആർക്ക് മുന്നിലും നട്ടെല്ല് വളച്ചിട്ടില്ലെന്നും ടിപി സെൻകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. ഇതൊരുപക്ഷെ ഡിജിപി എന്ന നിലയിലുള്ള തന്റെ അവസാന ഫേസ്‌ബുക്ക് പോസ്റ്റായിരിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു ചിലത് കുറിച്ചത്.

താൻ സർവ്വീസിൽ പ്രവേശിച്ചിട്ട് 35 വർഷമായി. ഇതുവരെയും സ്ഥാനമാനങ്ങൾക്കായി ആരുടെ പിന്നാലെയും ശുപാർശയുമായി ചെന്നിട്ടില്ല. ആരേയും പ്രീതിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. വഴിവിട്ട ഇടപെടലുകൾ അവസാനം വരെയും എതിർത്തു. സത്യസന്ധതയും നീതിയും എപ്പോഴും മുറുകെപ്പിടിച്ചിരുന്നു. ഒരു കീഴുദ്യോഗസ്ഥനോടും നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ടെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഒരു പക്ഷേ സെൻകുമാറിന് മുമ്പും ശേഷവും ഇത്തരമൊരു നിലപാട് വിശദീകരണം ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനും ചെയ്യാനിടയില്ല. ഇനി ആരെങ്കിലും ഭാവിയിൽ ചെയ്താൽ അതും സെൻകുമാർ ഇഫക്ട് കൊണ്ട് മാത്രമായിരിക്കും.

ടിപിയും ഷൂക്കൂറും കതിരൂർ മനോജും ചർച്ചയാക്കിയ സ്ഥാന ചലനം

നിയമപോരാട്ടം കടുക്കുന്നുവെന്ന് വ്യക്തമായപ്പോൾ സെൻകുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് വന്നിരുന്നു. സെൻകുമാർ രാഷ്ട്രീയം കളിച്ച് സർക്കാരിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പിണറായി നിയമസഭയിൽ ആരോപിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥൻ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. സെൻകുമാർ ഇപ്പോൾ യുഡിഎഫ് പാളയം വിട്ടു. അത് നിങ്ങൾ മനസിലാക്കണമെന്നും പിണറായി പറഞ്ഞു. യുഡിഎഫ് പാളയത്തിലല്ല സെൻകുമാർ, പുതിയ പാളയത്തിലാണ്. ഇതിന്റെ ഭാഗമായാണ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയുടെ പ്രേരണയിലാണ് സെൻകുമാർ സർക്കാരിനെതിരെ തിരിയുന്നതെന്ന പരോക്ഷ ആരോപണമാണ് പിണറായി നടത്തിയത്. താൻ ഡിജിപി ആയിരിക്കെ ഇടത് നേതാക്കൾക്കെതിരെ കേസ് എടുത്തതുകൊണ്ടാണ് തന്നെ ഡിജിപി പദവിയിൽ നിന്ന് മാറ്റിയതെന്നായിരുന്നു് സെൻകുമാറിന്റെ ആരോപണം. സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് വന്ന സെൻകുമാറിനെതിരെ ഇടത് യുവജന സംഘടനകൽ പ്രക്ഷോഭത്തിലാണെന്നും പ്രതിഷേധമുണ്ടാകുമെന്നും ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സെൻകുമാറിന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സെൻകുമാറിന്റെ വീടിനു നേരെ സി.പി.എം, ഡിവൈഎഫ്‌ഐ പ്രതിഷേധം ഉണ്ടായേക്കുമെന്നായിരുന്നു റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീടിന് സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകി.

എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം ആദ്യമെടുത്ത നടപടി പൊലീസ് തലപ്പത്തെ അഴിച്ച് പണിയാണ് ഡിജിപി ആയിരുന്ന സെൻകുമാറിനെ മാറ്റി ബഹ്‌റയെ നിയമിച്ചത്. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ സെൻകുമാർ സുപ്രീം കോടതിയിയെ സമീപിച്ചു. രാഷ്ട്രീയ കൊലപാതക കേസ്സുകളിൽ സി.പി.എം നേതാക്കൾക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണ് പ്രതികാര നടപടിയെന്നും സെൻകുമാർ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരൻ വധം, ഷുക്കൂർ വധം, കതിരൂർ മനോജ് വധക്കേസുകളിൽ സ്വീകരിച്ച നടപടികളിൽ ഭരണ കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്നും സെൻകുമാർ അപ്പീലിൽ ആരോപിക്കുന്നു. പൊലീസ് മേധാവിയായി സെൻകുമാറിനെ വീണ്ടും നിയമിക്കുമ്പോൾ ഈ കേസുകളിൽ അദ്ദേഹം എടുക്കാൻ പോകുന്ന തുടർ നടപടികളും നിർണ്ണായകമാകും.

തൃശൂർ ചാലക്കുടി സ്വദേശിയാണ് സെൻകുമാർ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നിയമ ബിരുദവുമുണ്ട്. പിന്നീട് ഡോക്ടറേറ്റും നേടി. ഇന്ത്യൻ എക്കനോമികിസ് സർവീസിൽ ആയിരുന്നു ആദ്യ നിയമനം. തുടർന്ന് 1983ൽ ഐ.പി.എസിൽ എത്തി. കഴിഞ്ഞ 32 വർഷവും കേരളത്തിൽ തന്നെയാണ് സേവനം അനുഷ്ഠിച്ചത്. കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥനാണ്. പൊലീസ് തലപ്പത്ത് വിശ്വാസ്യതയുടെ പര്യായം കൂടിയാണ് ഈ ഓഫീസർ. കേസ് അന്വേഷണത്തിലുള്ള വിശ്വാസ്യത മാത്രമല്ല, തനിക്ക് സത്യമെന്ന് ബോധ്യപ്പെടുന്ന വിഷയത്തിൽ പരസ്യമായ നടപടി സ്വീകരിക്കാനും മടിക്കാത്ത ഉദ്യോസ്ഥൻ കൂടിയാണ് സെൻകുമാർ.

പൊലീസിനെ കടമ പഠിപ്പിച്ച ഐപിഎസുകാരൻ

തിരുവനന്തപുരത്തെ എംജി കോളജിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ തന്റെ ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥന്റെ കോളറിൽ പിടിച്ച് പരസ്യമായി ചോദ്യം ചെയ്യാനും തൊപ്പി തട്ടിത്തെറിപ്പിക്കാനും സെൻകുമാർ മടിച്ചില്ല. ഉദ്യോഗസ്ഥനെതിരെ സെൻകുമാർ പിന്നീട് അച്ചടക്ക നടപടിയും സ്വീകരിച്ചു. കോളിളക്കം സൃഷ്ടിച്ച വിതുര, പന്തളം പെൺവാണിഭ കേസുകളും ഫ്രഞ്ച് ചാരക്കേസും ലിസ് സാമ്പത്തിക തട്ടിപ്പ് കേസും അന്വേഷിച്ചത് സെൻകുമാറായിരുന്നു. ലിസ് സാമ്പത്തികത്തട്ടിപ്പിനെതിരെ നടപടി സ്വീകരിച്ച് ശ്രദ്ധേയനായിരുന്നു. ആട് മാഞ്ചിയം കേസും അന്വേഷിച്ചതും സെൻകുമാറായിരുന്നു.

2008ൽ കെ.എസ്.ആർ.ടി.സി എം.ഡിയായി. 2010ൽ കേരള ട്രാൻസ്പോർട്ട് കമ്മിഷണറായി ചുമതല തുടർന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയായും പ്രവർത്തിച്ചു. ടി.പി വധക്കേസിലെ പ്രതികൾ ജയിലിൽ മൊബൈൽ ഉപയോഗിച്ച വിവാദത്തെ തുടർന്ന് അന്നത്തെ ജയിൽ ഡി.ജി.പിയെ നീക്കിയാണ് സെൻകുമാറിനെ ആ പദവിയിൽ നിയമിച്ചത്. കോടതികളിൽ സാക്ഷികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ ആദ്യ ഓഫീസറാണ് സെൻകുമാർ. വനംവകുപ്പുമായുള്ള കേസിൽ കലാഭവൻ മണിയെ പൊലീസ് വേട്ടയാടിയതിനെയും പൊലീസ് യോഗത്തിൽ സെൻകുമാർ വിമർശിച്ചിരുന്നു.

2006ൽ കെ.എസ്.ആർ.ടി.സി. എം.ഡി. ആയി നിയമിതനായി. അന്ന് അന്വേഷകനപ്പുറം തന്റെ ഭരണ പരമായ നേതൃത്വവും പുറത്തെടുത്തു. കെ എസ് ആർ ടി സിയെ ലാഭത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഈ കാലയളവിൽ സജീവമായി. 2010-ൽ കേരള ട്രാൻസ്‌പോർട്ട് കമ്മിഷണർ ആയിരുന്നു. കേരള പൊലീസിന്റെ രഹസ്യാന്യോഷണ വിഭാഗത്തിന്റെ എ. ഡി. ജി. പി ആയി അദ്ദേഹം സേവനം അനുഷ് ഠിച്ചിട്ടുണ്ട്. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ വിവാദമായ ഫേസ്‌ബുക്ക് ഉപയോഗത്തെ അനുകൂലിച്ചു ജയിൽ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് വിവാദ പരാമർശം നടത്തുകയും അതിനോടനുബന്ധിച്ചു അലക്‌സാണ്ടർ ജേക്കബിനെ തൽസ്ഥാനത്തു മാറ്റുകയും 2013 ഡിസംബർ ആറാം തിയതി ടി.പി. സെൻകുമാറിനു അധിക ചുമതല നൽകുകയും ചെയ്തു. ജൂൺ 2015 മുതൽ കേരള പൊലീസ് ചീഫായി.

ഇന്ത്യൻ പൊലീസ് തലവന്മാരുടെ സംഘത്തോടൊപ്പം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്‌മെന്റും ലണ്ടൻ സ്‌കൂൾ ഓഫ് മനേജ്‌മെന്റും സംയുക്തമായ് നടത്തിയ ലീഡർഷിപ്പ് ട്രെയിനിംഗിൽ പങ്കെടുത്തു ഉദ്യോഗസ്ഥനാണ് സെൻകുമാർ. ഇന്ത്യൻ ഹൈകമ്മീഷൻ അദ്ദേഹത്തെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.

ജാതി വിവാദത്തിൽ സെൻകുമാറിനെ കുടുക്കിയത് മാതൃഭൂമി

ഇന്റലിജൻസ് എ ഡി ജി പി ടി പി സെൻകുമാർ ജാതി തിരുത്തിയാണ് നിയമനം നേടിയതെന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരണവും സെൻകുമറാനിതെ ഉയർന്നു. അരയ സമുദായക്കാരനായ സെൻകുമാർ മലഅരയ എന്ന രേഖ നൽകി പട്ടികവർഗ സംവരണ അനുകൂല്യത്തോടെയാണ് ഐ പി എസ് നേടിയതെന്ന് മാതൃഭൂമി ദിനപത്രവും അവരുടെ വാർത്താ ചാനലുമാണ് വാർത്ത നൽകിയത്. ഇത് സംബന്ധിച്ച് അന്വേഷിക്കാൻ പട്ടികജാതി-വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി ഒന്നിലധികം തവണ കീർത്താർഡ്സിനോട് ആവശ്യപ്പെട്ടുവെങ്കിലും അവർ മറുപടി നൽകാതെ വർഷങ്ങളായി ഒളിച്ചുകളിക്കുകയായിരുന്നു എന്നായിരുന്നു പരാതി.

2001 നവംബർ 30 നാണ് സർക്കാർ കീർത്താർഡ്സിനെ ഇക്കാര്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത്. ഇതുവരെ ഇക്കാര്യം ആവശ്യപ്പെട്ട് നാല് കത്തുകൾ സർക്കാർ കീർത്താഡ്സിന് നൽകിയെങ്കിലും മറുപടി ലഭിക്കാത്തത് ദുരൂഹമാണ് എന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സമാനമായൊരു സംഭവത്തിൽ കേരളത്തിൽ തന്നെ ഒരു ഡി വൈ എസ് പിയെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട് എന്നും വാർത്ത വ്യക്തമാക്കി. എന്നാൽ ഈ വാർത്ത പെരും നുണയാണെന്ന് തെളിഞ്ഞു. ഈഴവ സുദായാംഗമായ സെൻകുമാർ സംവരണാനുകൂല്യമില്ലാതെയാണ് സിവിൽ സർവീസ് പരീക്ഷ 1983 ൽ ജയിച്ചുകയറിയത്.

സെൻകുമാറിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ യു പി എസ് സി, കേന്ദ്ര പഴ്സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം എന്നിവയുടെ പക്കലുണ്ട്. കേഡർ തീരുമാനിക്കപ്പെട്ട സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സൂക്ഷിക്കുന്നത് പൊതുഭരണ വകുപ്പാണ്. സെൻകുമാർ ജാതി തിരുത്തിയാണ് നിയമനം നേടിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയും വ്യക്തമാക്കി. ഇതോടെയാണ് ഈ വിഷയം അവസാനിച്ചത്.

ആ വാർത്ത വരുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് മുല്ലപ്പെരിയാർ നദീ ജല തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉണ്ണിക്കൃഷ്ണൻ എന്ന തമിഴ്‌നാട് സർക്കാർ ഉദ്യോഗസ്ഥൻ കേരളത്തിലെ മൂന്ന് പ്രമുഖ പത്രപ്രവർത്തകരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോർട്ട് സർക്കാരിന് നൽകിയത് സെൻകുമാർ ആണ്. ഇതിന്റെ പ്രതികാരമായിരുന്നു ജാതി വിവാദത്തിൽ എത്തിയത്.

'കറുത്ത വർഗക്കാരനായതുകൊണ്ടാണോ കലാഭവൻ മണിയെ വേട്ടയാടുന്നത്'

വനംവകുപ്പ് ഉദ്യോഗസ്ഥരെ തല്ലിയ കേസിൽ സിനിമാതാരം കലാഭവൻ മണിക്ക് അപ്രതീക്ഷിതമായ പിന്തുണ നൽകിയും സെൻകുമാർ താരമായിരുന്നു. എ ഡി ജി പി ടി പി സെൻകുമാറാണ് സിനിമാതാരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. മണിക്കെതിരെ പരാതി നൽകിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് സെൻകുമാർ വിമർശിച്ചത്. കലാഭവൻ മണിയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ തിടുക്കത്തെയും എ ഡി ജിപി എതിർത്തു.

കറുത്ത വർഗക്കാരനായതുകൊണ്ടാണോ കലാഭവൻ മണിയെ വേട്ടയാടുന്നത് എന്നായിരുന്നു എ ഡി ജി പി സെൻകുമാറിന്റെ ചോദ്യം. കലാഭവൻ മണിക്ക് പകരം മോഹൻലാലോ, മമ്മൂട്ടിയോ, ജയറാമോ, ദിലീപോ പോലെയുള്ള സൂപ്പർ സ്റ്റാറുകൾ ആയിരുന്നെങ്കിൽ ഇതായിരിക്കുമോ നിങ്ങളുടെ നിലപാട് എന്നും സെൻകുമാർ ആരാഞ്ഞു. വെള്ളക്കാരെ സല്യൂട്ട് ചെയ്യുകയും കറുത്തവരെ ചവിട്ടിത്തേക്കുകയും ചെയ്യുന്ന പൊലീസ് മനോഭാവം ഇനിയും മാറിയിട്ടില്ല എന്നും സെൻകുമാർ പറഞ്ഞു. മണിയെ അറസ്റ്റ് ചെയ്യാൻ വേണ്ടി പലയിടത്തും പൊലീസിനെ അയച്ചതിനോടും തനിക്ക് യോജിപ്പില്ല - കൊല്ലത്ത് പൊലീസ് അസോസിയേഷന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിരപ്പിള്ളിയിൽ വെച്ച് വാഹനപരിശോധനയ്ക്കിടെ വനവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ കലാഭവൻ മണി മർദ്ദിച്ചു എന്നാണ് കേസ്. മണിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിലായിരുന്നു സെൻകുമാർ ആരേയും ഭയക്കാതെ തന്റെ നിലപാട് വിശദീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP