Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീരവാദത്തിന് അപ്പുറം ടാറ്റയുടെ കൈയേറ്റത്തിൽ തൊടാൻ ആർക്കാണ് ധൈര്യം? സുശീല ഭട്ടിനെ ഒഴിവാക്കാൻ കൈകോർത്തവർ ഇപ്പോൾ തമ്മിലടിക്കുന്നത് കുത്തക മുതലാളിയെ സംരക്ഷിക്കാൻ; 'ടാറ്റയല്ല, ഏത് വമ്പനാണെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണം' എന്നു പറഞ്ഞ് കാനം രാജേന്ദ്രന്റെ അഭിപ്രായത്തെ തള്ളി സി ദിവാകരൻ; മുഖ്യമന്ത്രി പരസ്യനിലപാട് സ്വീകരിക്കാത്തതിൽ സിപിഎമ്മിലും ആശയക്കുഴപ്പം

വീരവാദത്തിന് അപ്പുറം ടാറ്റയുടെ കൈയേറ്റത്തിൽ തൊടാൻ ആർക്കാണ് ധൈര്യം? സുശീല ഭട്ടിനെ ഒഴിവാക്കാൻ കൈകോർത്തവർ ഇപ്പോൾ തമ്മിലടിക്കുന്നത് കുത്തക മുതലാളിയെ സംരക്ഷിക്കാൻ; 'ടാറ്റയല്ല, ഏത് വമ്പനാണെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണം' എന്നു പറഞ്ഞ് കാനം രാജേന്ദ്രന്റെ അഭിപ്രായത്തെ തള്ളി സി ദിവാകരൻ; മുഖ്യമന്ത്രി പരസ്യനിലപാട് സ്വീകരിക്കാത്തതിൽ സിപിഎമ്മിലും ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതായാലും വലതായാലും അധികാരത്തിൽ കയറിയാൽ പിന്നെ തൊടാൻ മടിക്കുന്ന ചില വിഷയങ്ങളുണ്ട്. അത് പ്രധാനമായും വമ്പന്മാരുടെ കൈയേറ്റങ്ങളാണ്. ഇക്കൂട്ടത്തിലാണ് ഹാരിസണും ടാറ്റയും അടങ്ങുന്നവരുടെ വൻകിട കൈയേറ്റങ്ങൾ. മൂന്നാർ വിഷയം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ സർക്കാറിന്റെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളും വിമർശനം നേരിടുകയാണ്. വൻകിടക്കാരെ തൊടാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന ആക്ഷേപമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഈ വിഷയം കൂടുതൽ സജീവമായത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടാണ് എന്ന അഭിപ്രായം ഉന്നയിച്ചതോടെയാണ്.

പരസ്യമായി കോടിയേരി ഈ വിഷയം ഉന്നയിച്ചില്ലെങ്കിലും പാർട്ടി വേദിയിൽ ഉന്നയിച്ച വിവരം എളുപ്പം മാധ്യമങ്ങൾക്ക് ലഭിച്ചു. ഇതോടെ മൂന്നാർ വിഷയത്തിലേക്ക് ടാറ്റയുടെ കയ്യേറ്റവും എത്തികയാണ്. കാനത്തെ കുറ്റപ്പെടുത്തിയ കോടിയേരി ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കണം എന്ന് പരസ്യമായി അഭിപ്രായപ്പെട്ടിട്ടില്ല. വി എസ് സർക്കാറിന്റെ കാലത്ത് ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കണം എന്ന നിലപാട് സ്വീകരിച്ച സിപിഐയുടെ മലക്കം മറിച്ചിലാണ് ഇപ്പോൾ ഉണ്ടായതെന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ, എം എം മണി വിഷയത്തിലും മറ്റും സിപിഐ-സി.പി.എം പോര് മുറുകിയ സാഹചര്യത്തിൽ രണ്ട് ഇടതു പാർട്ടികൾ തമ്മിലുള്ള ഈഗോ ക്ലാസ് എന്നതിന് അപ്പുറത്തേക്ക് ആരും ഇപ്പോഴത്തെ സംഭവങ്ങളെ കാണുന്നില്ല. അതുകൊണ്ട് തന്നെ ഇരുപാർട്ടികളുടെയും ശ്രമം ടാറ്റയെ തൊടാതിരിക്കാനാണ് എന്നകാര്യം വ്യക്തമാണ്.

ഇക്കഴിഞ്ഞ എൽഡിഎഫ് യോഗത്തിലാണ് മൂന്നാറിൽ ടാറ്റയുടെ ഭൂമി കൈയേറ്റം ഇല്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കുമ്പോൾ ടാറ്റയുടെ ഭൂമി ഒഴിപ്പിക്കണ്ടതല്ലേ എന്ന ചോദ്യത്തോടായിരുന്നു, 'ടാറ്റയുടെ ഭൂമി തിരിച്ചു പിടിക്കാൻ പോയാൽ, അളന്നു തിട്ടപ്പെടുത്തുമ്പോൾ ടാറ്റയ്ക്കു അങ്ങോട്ടു ഭൂമി കൊടുക്കേണ്ടി വരും, അതുകൊണ്ട് ആ കാര്യം തൊടാതിരിക്കുന്നതാണ് നല്ലത്' എന്ന കാനത്തിന്റെ പ്രതികരണം ഉണ്ടായത്. എന്നാൽ, ഇതേക്കുറിച്ച് കാര്യമായ വാർത്തകൾ ഉണ്ടായതുമില്ല.

അതിനിടെ കാനത്തിന്റെ അഭിപ്രായത്തെ തള്ളി മുൻ മന്ത്രിയും സിപിഐ നേതാവുമായി സി ദിവാകരനും രംഗത്തെത്തി. ടാറ്റയുടേതല്ല, എത്ര വമ്പന്റേതാണെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണം എന്ന അഭിപ്രായമാണ് സി ദിവാകരൻ സ്വീകരിച്ചത്. സിപിഐ എന്ന പാർട്ടിക്ക് ടാറ്റയോടോ ബിർലയോടോ യാതൊരു കമ്മിറ്റ്‌മെന്റും ഇല്ലെന്നും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കാനും ശ്രമം നടന്നിരുന്നുവെന്നും അദ്ദേഹം മനോരമ ന്യൂസിന്റെ ചാനൽ ചർച്ചയിൽ പറഞ്ഞു. നിയമപ്രകാരം പ്രവർത്തിക്കാൻ വേണ്ടി സർക്കാർ തയ്യാറാകണം. അതിന് നിയമതടസം ഉണ്ടെന്ന് തോന്നുന്നില്ല. ടാറ്റയെ പോലൊരു വമ്പൻ മുതലാളി സുപ്രീംകോടതി വരെ പോകും. ഗവൺമെന്റും അതിന് വേണ്ടി പോരാടണമെന്നും കാനത്തിനുള്ള മറുപടിയെന്നോണം ദിവാകരൻ പറഞ്ഞു.

കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്റെ നിലപാടിനു കടകവിരുദ്ധമാണ് ടാറ്റക്ക് കൈയേറ്റമേ ഇല്ലെന്ന കാനത്തിന്റെ നിലപാട്. അക്കാലത്ത് ഏരിയൽ സർവെ ഉൾപ്പെടെ നടത്തി ടാറ്റയുടെ കൈയേറ്റം സ്ഥിരീകരിച്ച റിപ്പോർട്ടുകളുണ്ട്. ഇതൊന്നും പരിഗണിക്കാൻ തങ്ങൾ തയ്യാറല്ലെന്ന ഉറച്ച നിലപാടുമായാണ് സിപിഐ മുന്നോട്ടുപോകുന്നത്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി ഇടുക്കി ജില്ലയിൽ 50,000 ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി റവന്യൂ വകുപ്പുതന്നെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ടാറ്റയ്ക്ക് തേയില കൃഷി നടത്താൻ അനുവദിച്ച 57,000 ഏക്കർ പാട്ടഭൂമിക്ക് പുറമേയാണിത്. കണ്ണൻ ദേവൻ വില്ലേജിലെ 53 സർവെ നമ്പരുകളിലായാണ് ഈ ഭൂമിയെന്നും റവന്യൂ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

നിയമസഭാ സമിതികളും സാറ്റലൈറ്റ് സർവെയും സ്ഥിരീകരിച്ചതും ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ് മൂന്നാറിലെ ടാറ്റയുടെ ഭൂമി കൈയേറ്റം. 2008ലെ ദൗത്യസംഘം തന്നെ കെഡിഎച്ച് വില്ലേജിലെ ടാറ്റയുടെ നിയന്ത്രണത്തിലുള്ള സർക്കാർ ഭൂമിയെക്കുറിച്ച് വ്യക്തമായ വിവരം ശേഖരിച്ചിരുന്നു. കൈയേറ്റം സംബന്ധിച്ച് സിപിഐയിൽ ഇതിനു മുമ്പും ടാറ്റാ അനുകൂല നിലപാട് സിപിഐയിലെ ഒരുവിഭാഗം സ്വീകരിച്ചിട്ടുണ്ട്. 50,000 ഏക്കർ ഭൂമിയാണ് അനധികൃതമായി ടാറ്റ കൈവശപ്പെടുത്തിയിരിക്കുന്നത് എന്ന നിയമസഭാ അഷ്വറൻസ് കമ്മിറ്റിയുടെ കണ്ടെത്തലിനെ ഇടുക്കിയിലെ സിപിഐ നേതാവായ സി എ കുര്യൻ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ടാറ്റ ഭൂമി കൈയേറിയിട്ടില്ലെന്നു വ്യക്തമാക്കിയ കുര്യൻ, കൈയേറാൻ 50,000 ഏക്കർ എവിടെയുണ്ടെന്നും പരിഹസിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ ഇ ഇസ്മായിലിന് ഈ നിലപാടായിരുന്നില്ല. ടാറ്റയാണ് മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാരെന്നും എന്തുവില കൊടുത്തും ഈ കൈയേറ്റം ഒഴിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാടെങ്കിലും കാര്യമായി ഒന്നും നടന്നില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ടാറ്റയുടെ കൈയേറ്റ വിഷയത്തിൽ ഇതുവരെ പരസ്യമായ അഭിപ്രായം പറഞ്ഞിട്ടില്ല. ടാറ്റയുടെ പ്രിയപ്പെട്ട അഭിഭാഷകനായ ഹരീഷ് സാൽവെ ഇപ്പോൾ പിണറായി വിജയന്റെ കൂടി അഭിഭാഷകനാണ്. ഭൂമി കേസുകൾ കൈകാര്യം ചെയ്യാറില്ലെങ്കിലും ടാറ്റയുടെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ മുന്നിലാണ് അഡ്വ. ഹരീഷ് സാൽവെ. അതുകൊണ്ട് കൂടി കോടിയേരിയുടെയും കാനത്തിന്റെയും അഭിപ്രായങ്ങളിന്മേൽ മുഖ്യമന്ത്രി മൗനം പാലിക്കുമെന്ന വിലയിരുത്തലുമുണ്ട്.

അതേസമയം ഹാരിസണും ടാറ്റയും അടക്കമുള്ള വൻകിടക്കാരുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ എൽഡിഎഫ് സർക്കാറിനും യാതൊരു താൽപ്പര്യവും ഇല്ലെന്നത് വ്യക്തമാണ്. ഇവരുടെ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകയെ മാറ്റുന്ന കാര്യത്തിൽ സിപിഐയും സിപിഎമ്മും ഒരേ നിലപാടാണ് സ്വീകരിച്ചത്. സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായ സുശീല ആർ ഭട്ടിനെയാണ് സ്ഥാനത്തു നിന്നും നീക്കി ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ ഏറ്റെടുത്ത പല കേസുകളിലും സുശീല ആർ ഭട്ടിന്റെ ഇടപെടൽ വളരെ ശ്രദ്ധേയമായിരുന്നു. ഹാരിസൺ, ടാറ്റ എന്നീ കമ്പനികളുമായുള്ള കേസുകൾ പലതും സുശീല ഭട്ടിന് നൽകിയിരുന്നത് പ്രത്യേക ഉത്തരവിലൂടെയാണ്. ആ പ്രത്യേക ഉത്തരവാണ് സർക്കാർ പിൻവലിച്ചത്. ടാറ്റയുടെ മൂന്നാറിലെ ഭൂമിയിലുള്ള അവകാശവും ഗോയങ്കെയ്ക്ക് ഹാരിസൺസ് മലയാളം കമ്പനിയിലുള്ള ഭൂമിയുടെ അവകാശവും അഡ്വ. സുശീലാ ഭട്ട് കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഹാരിസണിന്റെ 30000 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കാൻ കാരണമായത് സുശീല ഭട്ട് ആയിരുന്നു. കെ സുധാകരൻ വനമന്ത്രി ആയിരിക്കെയാണ് സുശീല ഭട്ട് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറുടെ സ്ഥാനത്തേക്ക് എത്തുന്നത്. വനം വകുപ്പിന്റെ കേസുകൾ വാദിക്കാൻ തുടങ്ങിയതോടെയാണ് സുശീല ഭട്ട് ശ്രദ്ധാകേന്ദ്രമായിത്തുടങ്ങിയത്.

പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ഏറ്റെടുത്ത സർക്കാർ ഓർഡിനൻസ് അസാധുവാകുമെന്ന സന്ദർഭത്തിൽ അന്നത്തെ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കേസ് ഏൽപ്പിച്ചത് സുശീല ഭട്ടിനെയായിരുന്നു. ഈ കേസിൽ പ്രസിഡന്റിന്റെ ഒപ്പ് കിട്ടുന്നത് വരെ നിയമപ്രതിരോധം തീർത്തത് സുശീല ഭട്ട് ആയിരുന്നു. സുശീല ഭട്ടിനെ നീക്കിയതോടെ ഹാരിസണുമായി ബന്ധപ്പെട്ട ചില കേസുകളിലും സർക്കാർ തിരിച്ചടി നേരിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP