Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടി അൽപം മായം ചേർത്തെങ്കിലും വാക്കു പാലിക്കാത്ത ഫ്ലാറ്റ് ഉടമകളെ ഇനി അകത്താക്കാം; നാട്ടുകാരുടെ കൈയിലെ പണം കണ്ടുള്ള ബിൽഡർമാരുടെ ഫ്ലാറ്റ് കച്ചവടം അവസാനിക്കുന്നു; നിർമ്മാണം സമയത്ത് പൂർത്തിയായില്ലെങ്കിലും നഷ്ടപരിഹാരം; ഇന്നലെ നടപ്പിലായ റിയൽ എസ്റ്റേറ്റ് നിയമം ഗുണകരമാകുന്നത് പ്രവാസികൾക്ക്

ഉമ്മൻ ചാണ്ടി അൽപം മായം ചേർത്തെങ്കിലും വാക്കു പാലിക്കാത്ത ഫ്ലാറ്റ് ഉടമകളെ ഇനി അകത്താക്കാം; നാട്ടുകാരുടെ കൈയിലെ പണം കണ്ടുള്ള ബിൽഡർമാരുടെ ഫ്ലാറ്റ് കച്ചവടം അവസാനിക്കുന്നു; നിർമ്മാണം സമയത്ത് പൂർത്തിയായില്ലെങ്കിലും നഷ്ടപരിഹാരം; ഇന്നലെ നടപ്പിലായ റിയൽ എസ്റ്റേറ്റ് നിയമം ഗുണകരമാകുന്നത് പ്രവാസികൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: പ്രവാസികൾ ഏറ്റവും അധികം പേർ കബളിപ്പിക്കപ്പെട്ട മേഖല ഏതെന്നു ചോദിച്ചാൽ നിസംശയം പറയാം അത് റിയൽ എസ്റ്റേറ്റ് ആണെന്ന്. മോഹവില പറഞ്ഞു ചെറുകിട കമ്പനികൾ മുതൽ വൻ വാഗ്ദാനങ്ങൾ നൽകി വൻകിട കമ്പനികൾ വരെ പ്രവാസികളുടെ വീടെന്ന മോഹത്തെ ചൂഷണം ചെയ്യുകയാണ്. ഒട്ടേറെ കമ്പനികൾ പണം പിരിച്ച് പൂട്ടിക്കെട്ടി പോയി. ഫ്‌ലാറ്റ് കിട്ടിയെങ്കിൽ പോലും വാഗ്ദാനങ്ങൾ ചെയ്ത സൗകര്യങ്ങൾ ഒന്നുമില്ലാതെ വേറെയും കമ്പനികൾ പറ്റിച്ചു. ആപ്പിൽ എ ഡേ മുതൽ മാഞ്ഞൂരാനും സാംസങ് ബിൽഡേഴ്‌സും വരെ അതിന്റെ ഉദാഹരണങ്ങളാണ്. പണം വാങ്ങിയിട്ട് ഇതുവരെ നിർമ്മാണം തുടങ്ങാത്ത അനേകം പദ്ധതികൾ ഉണ്ട്. വൻകിട കമ്പനികൾ പോലും പാവങ്ങളെ പറ്റിക്കുന്നു. എന്നാൽ പരസ്യം നൽകുന്നത് കാരണം മാധ്യമങ്ങൾ ഒന്നും വാർത്ത എഴുതാറില്ല എന്നതാണ് സത്യം.

അതിനൊരു പരിഹാരമായാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റ് റഗുലേറ്ററി നിയമം കൊണ്ടുവന്നത്. ഒരു വർഷത്തിനകം ആ നിയമത്തിന്റെ ഭാഗമായി ചട്ടങ്ങൾ നിർമ്മിച്ചു നടപ്പിലാക്കേണ്ട ചുമതല സംസ്ഥാനങ്ങൾക്കാണ്. എന്നാൽ പകുതിയോളം സംസ്ഥാനങ്ങൾ പോലും അതിന് തയ്യാറായിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാർ കേരളത്തിനു വേണ്ടി ചട്ടങ്ങൽ നിർമ്മിച്ചെങ്കിലും കേന്ദ്ര നിയമത്തിലെ പ്രധാന സവിശേഷതകൾ പലതും ഒഴിവാക്കിയിരിക്കുകയാണ്. കേന്ദ്രം വിഭാവനം ചെയ്ത നിയമത്തിൽ നിലവിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ പെടും എന്നതായിരുന്നു. എന്നാൽ എല്ലാ അനുമതികളും ലംഘിച്ചു കഴിഞ്ഞ പദ്ധതികൾ ഇനിയും തുടങ്ങിയിട്ടില്ലെങ്കിൽ കൂടി ഒഴിവാക്കിക്കൊണ്ടാണ് കേരളം ചട്ടം പുറപ്പെടുവിച്ചത്. എന്നാലും പുതിയ നിയമം പ്രവാസികൾ വർഷങ്ങളായി നേരിടുന്ന ചൂഷണത്തിനുള്ള അന്ത്യം കുറിക്കലാണ്.

ഇപ്പോൾ പണി നടക്കുന്ന പദ്ധതികളെ ഒഴിവാക്കി ഉമ്മൻ ചാണ്ടി ഇത് സംബന്ധിച്ച നിയമത്തിൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് അൽപം മായം ചേർത്തെങ്കിലും വാക്കുപാലിക്കാത്ത ഫ്ലാറ്റ് ഉടമകളെ പുതിയ നിയമമനുസരിച്ച് ഇനി അകത്താക്കാൻ സാധിക്കും. നാട്ടുകാരുടെ കൈയിൽ പണം കണ്ടു കൊണ്ട് ഇനി ബിൽഡർമാർക്ക് ഫ്ലാറ്റ് കച്ചവടം നടത്തിക്കാനുമാവില്ല. ഫ്ലാറ്റ് നിർമ്മാണം സമയത്ത് പൂർത്തിയായില്ലെങ്കിലും കസ്റ്റമർമാർക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും. ഈ ഒരു സന്ദർഭത്തിൽ ഇന്നലെ നടപ്പിലായ റിയൽ എസ്റ്റേറ്റ് നിയമത്തെക്കുറിച്ച് അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെന്തെല്ലാമാണെന്ന് നോക്കാം.

ദി സെൻട്രൽ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്) ആക്ട് കഴിഞ്ഞ വർഷം മെയ് ഒന്നിനായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഇത് ദേശീയവ്യാപകമായി ഇക്കഴിഞ്ഞ മെയ് ഒന്നിന് പ്രാബല്യത്തിൽ വരുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് അർബൻ ഡെവലപ്മെന്റ് ആൻഡ് ഹൗസിങ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനങ്ങളെ തുടർച്ചയായി നിരീക്ഷിച്ച് വരുന്നുണ്ടെങ്കിലുംറിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകൾ നിരീക്ഷിക്കുന്നതിനായും നിയന്ത്രിക്കുന്നതിനായും റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കാൻ ശുപാർശ ചെയ്യുന്നതാണ് നിയമം.

നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകൾ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റികളെ നിയമിക്കണം. എന്നാൽ നിയമം ഇന്ന് നിലവിൽ വരാനിരിക്കെ ഒമ്പത് സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണ് 2017ലേക്കുള്ള തങ്ങളുടെ യഥാക്രമത്തിലുള്ള റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് ) റൂൾസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ്, ബിഹാർ,ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രേദശ്, എന്നിവയാണാ സംസ്ഥാനങ്ങൾ. ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഡ്, ദാദ്ര ആൻഡ് നഗർ ഹവേലി, ഡാമൻ ആൻഡ് ഡ്യൂ, ലക്ഷദ്വീപ്, നാഷണൽ കാപിറ്റൽ ടെറിട്ടെറി ഓഫ് ഡൽഹി എന്നിവയാണാ കേന്ദ്രഭരണപ്രദേശങ്ങൾ.

2016 മാർച്ചിലാണ് ഈ നിയമത്തിന് പാർലമെന്റ് അംഗീകാരമേകിയിരുന്നത്. ഇപ്പോഴത്തെ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ സംസ്ഥാനങ്ങളിലെ റെഗുലേറ്ററി അഥോറിറ്റിയിൽ ജൂലൈ 17നകം രജിസ്റ്റർ ചെയ്യണമെന്നാണ് പുതിയ നിയമം നിഷ്‌കർഷിക്കുന്നത്. ഇതിന് പുറമെ പുതിയ പ്രൊജക്ടുകൾ അഥോറിറ്റിയുടെ അനുവാദമില്ലാതെ ആരംഭിക്കാനും മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കഴിയില്ലെന്ന് പ്രത്യേകം ഓർക്കുക. എന്നാൽ ഈ നിയമത്തിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാവുമെന്ന ആരോപണങ്ങളും ശക്തമാണ്.

റെറയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ വിജ്ഞാപനം പുറത്തിറക്കി അഥോറിറ്റിക്ക് രൂപമേകിയാൽ മാത്രമേ രജിസ്ട്രേഷൻ നടപടികളുമായി റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്ക് മുന്നോട്ട് പോകാനാവുകയുള്ളൂ. അതായത് അഥോറിറ്റികൾക്ക് രൂപം കൊടുക്കുന്നതിന് കാലതാമസമുണ്ടായാൽ അത് മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുമുയർന്നിട്ടുണ്ട്. ഈ അവസരത്തിൽ നിരവധി സംസ്ഥാനങ്ങൾ പൊതു ജനങ്ങളിൽ നിന്നുൾപ്പെടെ അഭിപ്രായം സ്വീകരിച്ചതിന് ശേഷമേ അവസാന വിജ്ഞാപനം പുറത്തിറക്കു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നിയമം അനുസരിച്ച് ബിൽഡിങ് പെർമിറ്റ് ലഭിച്ച പുതിയ പാർപ്പിട, വാണിജ്യ പ്രൊജക്ടുകളെല്ലാം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. വാണിജ്യ പദ്ധതികൾ, പ്ലോട്ടുകൾ, അപ്പാർട്ട്മെന്റുകൾ, വില്ലകൾ, തുടങ്ങിയ കച്ചവടത്തിന് വേണ്ടിയുള്ള പ്രൊജക്ടുകളാണ് രജിസ്റ്റർ ചെയ്യേണ്ടത്.ഇതനുസരിച്ച് ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള ബാധ്യതയും ബിൽഡർമാർക്കുണ്ട്. ഇത് വഴി ബിൽഡിങ് പ്രൊജക്ടുകളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യത വർധിപ്പിക്കാൻ സാധിക്കും. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തിക്കഴിഞ്ഞാൽ മൂന്നിൽ രണ്ട് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പ്ലോട്ടിന്റെയോ അപ്പാർട്ട്മെന്റിന്റെയോ അളവുകളിൽ ബിൽഡർക്ക് മാറ്റം വരുത്താനാകില്ലെന്ന നിഷ്‌കർഷയും പുതിയ നിയമത്തിലുണ്ട്. ബിൽഡർമാർ സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്ലാനിൽ മാറ്റം വരുത്തുന്നതൊഴിവാക്കുന്നതിനാണി ചട്ടം.

നിലവിൽ റിയൽ എസ്റ്റേറ്റ് രംഗം പരാതികളാലും തർക്കങ്ങളാലും കലുഷിതമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് സത്വരം പരിഹാരമുണ്ടാക്കുന്നതിനും പുതിയ നിയമം വഴിയൊരുക്കും. ഒരു പദ്ധതിക്കായി ഉപഭോക്താക്കളിൽ നിന്നും ബിൽഡർമാർ സമാഹരിക്കുന്ന പണത്തിന്റെ 70 ശതമാനവും നിർമ്മാണ ചെലവിലേക്കായി ബാങ്കിലെ ഒരു പ്രത്യേക അക്കൗണ്ടിൽ നിർബന്ധമായും നിക്ഷേപിക്കണമെന്ന് പുതിയ നിയമം നിഷ്‌കർഷിക്കുന്നു. ഇതിനാൽ ഒരു പദ്ധതിയുടെ ഫണ്ട് മറ്റൊന്നിനായി ബിൽഡർമാർ ചെലവഴിക്കുന്നതിനെ തടയാനാകുന്നു.

റെറയുടെ പ്രത്യേകതകൾ

റിയൽ എസ്റ്റേറ്റ് മേഖലയെ ശുദ്ധീകരിക്കുന്നതിനായുള്ള റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് )ആക്ടിന് നിരവധി പ്രത്യേകതകളുണ്ട്. അവയിൽ പ്രധാനപ്പെട്ടത് താഴെ വിവരിക്കുന്നു.

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി

റെറയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇത് പ്രകാരം സ്ഥാപിക്കുന്ന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി. കൺസ്യൂമർമാരുടെ റെഗുലർ ഫോറത്തിന് പകരമായിട്ടാണിവ നിലവിൽ വരുന്നത്. ഒരു ഡെവലപറിൽ നിന്നും ഒരു റിയൽ എസ്റ്റേറ്റ് യൂണിറ്റ് വാങ്ങുന്നവരുടെ സ്പെഷ്യലൈസ്ഡ് ഫോറമാണീ അഥോറിറ്റി. നിയമം നിലവിൽ വന്ന് ഒരു വർഷത്തിനകം ഇത്തരം അഥോറിറ്റികൾക്ക് രൂപം കൊടുക്കുന്നതാണ്. ഇതിനിടെയുള്ള കാലത്ത് കേന്ദ്ര ഗവൺമെന്റോ സംസ്ഥാന ഗവൺമെന്റോ ഈ ധർമം നിറവേറ്റുന്നതിനായി മറ്റേതെങ്കിലും റെഗുലേറ്ററി അഥോറിറ്റിക്കോ അല്ലെങ്കിൽ ഏതെങ്കിലും ഓഫീസറെ റെഗുലേറ്ററി അഥോറിറ്റിയായി നിയമിക്കുകയോ ചെയ്യുന്നതാണ്.മിക്കവാറും ഹൗസിംഗിനെ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ സെക്രട്ടറിയായിരിക്കും ഈ സ്ഥാനത്തെത്തുക.

റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്ട്രർ ചെയ്യൽ

പ്രമോട്ടർ തങ്ങളുടെ പ്രൊജക്ട് പ്രസ്തുത റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്ട്രർ ചെയ്യണം. റെസിഡൻഷ്യൽ പ്രൊജക്ടുകൾക്കും കമേഴ്സ്യൽ പ്രൊജക്ടുകൾക്കും ഇത് ഒരു പോലെ ബാധകമാണ്. രജിസ്ട്രേഷന് ശേഷം മാത്രമേ പ്രമോട്ടർക്ക് തന്റെ പ്രൊജക്ട് ബുക്കിംഗിനും വിൽപനയ്ക്കും അല്ലെങ്കിൽ അപാർട്ട്മെന്റുകൾ വിൽപനയ്ക്ക് വയ്ക്കാനും സാധിക്കുകയുള്ളൂ.

കാർപെറ്റ് ഏരിയ

പുതിയ നിയമം അനുസരിച്ച് ഡെവലപർമാർക്ക് കാർപെറ്റ് ഏരിയ അനുസരിച്ച് മാത്രമേ യൂണിറ്റുകൾ വിൽക്കാൻസാധിക്കൂ. അപാർട്ട്മെന്റിൽ മൊത്തം ഉപയോഗിക്കാൻ സാധിക്കുന്ന ഏരിയ ആണിതുകൊണ്ടുദ്ദേശിക്കുന്നത്. പുറത്തുള്ള ചുമരുകൾ, സർവീസസ് ഷാഫ്റ്റുകൾക്ക് കീഴിൽവരുന്ന പ്രദേശം, എക്സ്‌ക്ലൂസിവ് ബാൽക്കണി അല്ലെങ്കിൽ വരാന്ത, എക്സ്‌ക്ലൂസീവ് ഓപ്പൺ ടെറസ് തുടങ്ങിയവ കാർപറ്റ് ഏരിയായി കണക്കാക്കില്ല. എന്നാൽ യൂണിറ്റിന്റെ ഉള്ളിലുള്ള ചുമരുകൾ, ഇതിൽ ഉൾപ്പെടുന്നുണ്ട്.

ബിൽഡർമാർ സമാഹരിക്കുന്ന പണത്തിന്റെ 70 ശതമാനവും പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണം

ഒരു ബിൽഡിങ് പ്രൊജക്ടിനായി ഉപഭോക്താക്കളിൽ നിന്നും ബിൽഡർമാർ സമാഹരിക്കുന്ന പണത്തിന്റെ 70 ശതമാനവും നിർമ്മാണ ചെലവിലേക്കായി ബാങ്കിലെ ഒരു പ്രത്യേക അക്കൗണ്ടിൽ നിർബന്ധമായും നിക്ഷേപിക്കണമെന്ന് പുതിയ നിയമം നിഷ്‌കർഷിക്കുന്നു. ഇതിനാൽ ഒരു പദ്ധതിയുടെ ഫണ്ട് മറ്റൊന്നിനായി ബിൽഡർമാർ ചെലവഴിക്കുന്നത് ഒഴിവാക്കാം.

അഡ്വാൻസ് വാങ്ങുന്നതിന് പരിധി

പുതിയ നിയമം അനുസരിച്ച് പ്രമോട്ടർക്ക് അപാർട്ട്മെന്റ്, പ്ലോട്ട് അല്ലെങ്കിൽ ബിൽഡിങ് എന്നിവയ്ക്ക് വേണ്ടി വരുന്ന മൊത്തം ചെലവിന്റെ 10 ശതമാനത്തിൽ കൂടുതൽ കസ്റ്റമറിൽ നിന്നും അഡ്വാൻസായി വാങ്ങാൻ സാധിക്കില്ല.

റെറ കേരളത്തിൽ

2016 ഫെബ്രുവരി മൂന്നിനായിരുന്ന റെറ കേരളത്തിൽ പ്രഖ്യാപിച്ചത്. എന്നാൽ നിലവിലുള്ള ചില പ്രൊജക്ടുകൾക്ക് ഈ നിയമത്തിൽ ഉപാധികളോടെ നിരവധി ഇളവുകൾ അനുവദിച്ചിട്ടുണ്ട്. റിക്യുസിറ്റ് അപ്രൂവലുകൾ അല്ലെങ്കിൽ പെർമിറ്റുകൾ ലഭിച്ച പ്രമോട്ടർമാരെയാണിതിൽ നിന്നുമൊഴിവാക്കിയിരിക്കുന്നത്. ഇവ നിയമം ആരംഭിക്കുന്നതിന് മുമ്പ് തുടങ്ങിയ പ്രൊജക്ടുകളാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് നൽകുന്ന തടവ് ശിക്ഷ മൂന്ന് വർഷത്തോളം ഉയർത്തുന്ന കാര്യം കേരളം പരിഗണിച്ച് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പിഴകൾ റിയൽ എസ്റ്റേറ്റ് പ്രൊജക്ടിന്റെ 10 ശതമാനമാക്കി ഉയർത്താനും നീക്കം നടക്കുന്നുണ്ട്.

ഒരു പ്രൊജക്ടിന് മൊത്തം വരുന്ന ചെലവിന്റെ 10 ശതമാനം വരെ മാത്രമേ കസ്റ്റമർമാരിൽ നിന്നും പ്രമോട്ടർ അഡ്വാൻസ് വാങ്ങിക്കാവൂ എന്ന റെറ നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കുന്ന കാര്യവും കേരളം പരിഗണിച്ച് വരുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനമായിട്ടില്ല. കസ്റ്റമർമാരിൽ നിന്നും വാങ്ങുന്ന തുകയുടെ 70 ശതമാനം ഒരു പ്രത്യേക അക്കൗണ്ടിലിടണമെന്ന വ്യവസ്ഥയെ പ റ്റി കേരളം ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഈ തുക പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത നീങ്ങിയിട്ടില്ല. ഒരു വ്യക്തി ഒരു യൂണിറ്റ് വാങ്ങി അഞ്ച് വർഷത്തിനകം അതിന് കേടുപാട് വന്നാൽ അത് ചാർജൊന്നും വാങ്ങാതെ ഡെവലപർമാർ തന്നെ 30 ദിവസത്തിനകം ശരിപ്പെടുത്തിക്കൊടുക്കണമെന്ന റെറ വ്യവസ്ഥയിൽ കേരളം നിലവിൽ ഡെവലപർമാർക്ക് വിട്ട് വീഴ്ച അനുവദിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP