Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർഗ്ഗത്തിൽ ആകെയുള്ള 1,44,000 വേക്കൻസി ഫിൽ ചെയ്യാൻ മൂരിയാട് പേടകത്തിൽ കാത്തിരിക്കുന്നവരെ അനാഥരാക്കി ദൈവത്തിന്റെ ഏജന്റ് മരണമടഞ്ഞു! കേരളത്തിൽ എവിടെയോ കന്യകയിൽ പിറന്ന രക്ഷകന്റെ വരവ് കാത്ത് സ്വത്തുക്കളെല്ലാം വിറ്റ് എംപറർ ഇമ്മാനുവൽ സഭയിൽ ചേർന്നവർക്ക് മുമ്പിൽ ഇരുളടഞ്ഞ വഴികൾ; കട്ടപ്പനയിലെ ഡ്രോയിങ് മാഷ് തുടങ്ങിയ സഭയിലെ പ്രതീക്ഷ അർപ്പിച്ചു കാത്തിരുന്നവർക്ക് നിരാശ

സ്വർഗ്ഗത്തിൽ ആകെയുള്ള 1,44,000 വേക്കൻസി ഫിൽ ചെയ്യാൻ മൂരിയാട് പേടകത്തിൽ കാത്തിരിക്കുന്നവരെ അനാഥരാക്കി ദൈവത്തിന്റെ ഏജന്റ് മരണമടഞ്ഞു! കേരളത്തിൽ എവിടെയോ കന്യകയിൽ പിറന്ന രക്ഷകന്റെ വരവ് കാത്ത് സ്വത്തുക്കളെല്ലാം വിറ്റ് എംപറർ ഇമ്മാനുവൽ സഭയിൽ ചേർന്നവർക്ക് മുമ്പിൽ ഇരുളടഞ്ഞ വഴികൾ; കട്ടപ്പനയിലെ ഡ്രോയിങ് മാഷ് തുടങ്ങിയ സഭയിലെ പ്രതീക്ഷ അർപ്പിച്ചു കാത്തിരുന്നവർക്ക് നിരാശ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിക്കാത്ത വിശ്വാസികൾ ഉണ്ടാകുമോ? മതവിശ്വാസം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെങ്കിൽ അതിന് വേണ്ടി സ്വർഗ്ഗമെന്ന സങ്കൽപ്പത്തിൽ തീർച്ഛയായും വിശ്വസിക്കുന്നുണ്ടാകും. ഈ സ്വർഗത്തിലേക്കുള്ള വഴികൾ തേടി ആളുകൾ അലയുമ്പോൾ കുറുക്കു വഴികളിലൂടെ സ്വർഗ്ഗത്തിൽ എത്തിക്കാമെന്ന വാഗ്ദാനവുമായി എത്തുന്നവരും കുറവല്ല. ക്രൈസ്തവ വിശ്വാസത്തിന്റെ മറവിൽ സ്വർഗീയ വഴികാണിക്കാൻ രംഗത്തെത്തിയ സഭാ നേതൃത്വമാണ് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് സമീപം മൂരിയാടുള്ള എംപറർ ഇമ്മാനുവൽ സഭ.

സ്വർഗത്തിലേക്കുള്ള വേക്കൻസികൾ ഫില്ല് ചെയ്യാൻ കരാറെടുത്തവരാണ് തങ്ങൾ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജോസഫ് പൊന്നാറ എന്ന കട്ടപ്പനയിലെ ഡ്രോയിങ് മാഷാണ് എംപറർ ഇമ്മാനുവൽ എന്ന പ്രസ്ഥാനം തുടങ്ങിയത്. ലോകത്ത് സ്വർഗ്ഗത്തിലേക്ക് പോകാൻ രണ്ട് വഴികളേ ഉള്ളൂവെന്നും ആ രണ്ട് വഴികളിൽ ഒന്ന് ജെറുസലേമിൽ ആണെങ്കിൽ മറ്റേത് മൂരിയാടുള്ള എംപറർ ഇമ്മാനുവൽ ആണെന്ന് പറഞ്ഞാണ് ജോസഫ് പൊന്നാറ തന്റെ ആത്മീയ വ്യാപാരം നടത്തിവന്നത്. ഇങ്ങനെ സ്വർഗത്തിൽ എത്താൻ ആഗ്രഹമുള്ളവർക്കായി 'പേടകം' തയ്യാറാക്കി ഇരിക്കുന്നവരെ നിരാശരാക്കി സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടിയായ പൊന്നാറ യാത്രയായി.

എംപറർ ഇമ്മാനുവൽ സഭയുടെ എല്ലാമെല്ലാമായ പ്രവാചകനായി സ്വയം വാഴ്‌ത്തപ്പെട്ട ജോസഫ് പൊന്നാറ കഴിഞ്ഞമാസം 24ാം തീയ്യതിയാണ് അന്തരിച്ചത്. അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജോസഫ് പൊന്നാറ അന്തരിച്ചതോടെ സ്വർഗത്തിലേക്കുള്ള വഴിതേടി ഇരിങ്ങാലക്കുടയിലെ 'സ്വർഗീയ സിയോണിൽ' എത്തിയവരെല്ലാം അനാഥമായി. വീണ്ടും യേശു ജനിക്കുമെന്ന് അന്ന് എംപറർ ഇമ്മാനുവിന്റെ മൂരിയാടുള്ള പേടകത്തിലുള്ളവർക്ക് സ്വർഗം ലഭിക്കുമെന്ന് പറഞ്ഞാണ് ഇദ്ദേഹവും കൂട്ടരും വിശ്വാസികളെ അടുപ്പിച്ചത്. സഭയുടെ നാഥൻ മരിച്ചു പോയതോടെ ഇനി എങ്ങനെ തങ്ങൾ സ്വർഗത്തിലെത്തുമെന്ന ആശങ്കയിലാണ് ഇവിടുത്തെ അന്തേവാസികൾ.

കത്തോലിക്കാ സഭയുടെ എതിർപ്പ് വരെ മറികടന്ന് കോട്ടയം, ഇടുക്കി മേഖലയിൽ നിന്നും അനേകം പേർ സർവ സ്വത്തുക്കളും വിറ്റുപെറുക്കി മൂരിയുറുള്ള ട്രസ്റ്റിന്റെ കീഴിൽ എത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പുകൾ ലക്ഷ്യമിട്ട് തുടങ്ങിയ പ്രസ്ഥാനമാണ് ഇതെന്നാണ് ആരോപണം ഉയർന്നിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അത്ഭുതകരമായ വളർച്ച ജോസഫ് പൊന്നാറയും കൂട്ടരും നേടിയത് സ്വർഗത്തിലെ സീറ്റുകൾ വിൽപ്പന ചെയ്തു കൊണ്ടാണ്!. സ്വർഗ്ഗത്തിൽ ആകെയുള്ള 1,44,000 ഒഴിവുകളുണ്ടെന്ന് പറഞ്ഞാണ് ഇക്കൂട്ടർ തങ്ങളിലേക്ക് ആൾക്കാരെ കൂട്ടിയത്. ഇങ്ങനെ ആളുകളുടെ പണവും സ്വത്തുക്കളും സ്വന്തമാക്കി കോടികളുടെ ബിസിനസുകാരനായി മാറുകയായിരുന്നു ജോസഫ് പൊന്നാറ. കത്തോലിക്കാ വിശ്വാസികളിൽ നിന്നുമുള്ളവരെയാണ് ഇവർ സ്വർഗീയ സുഖം വാഗ്ദാനം ചെയ്ത് കോടികൾ കൊയ്യുകയായിരുന്നു.

ലോകാവസാനമാകുമ്പോൾ എല്ലാവരും ദൈവത്തെ പോലെയാകുമെന്ന് പറഞ്ഞാണ് ഇവർ ഇവിടെ കച്ചവടം കൊഴുപ്പിച്ചത്. അയ്യായിരത്തോള കുടുംബങ്ങളാണ് ഇരിങ്ങാലക്കുടയിലെ എംപറർ ഇമ്മാനുവൽ സഭയിലുള്ളത്. 2007ലാണ് ഈ മന്ദിരങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. ലോകാവസാനമാകുമ്പോൾ രക്ഷപ്പെടാൻ നോഹയുടെ പേടകം എന്ന വിധത്തിലായിരുന്നു ഈ കെട്ടിടങ്ങളുടെ നിർമ്മാണം. കെട്ടിടത്തിന്റെ ഡിസൈൻ പോലും കർത്താവ് നേരിട്ട് തയ്യാറാക്കിയെന്നാണ് ഇവരുടെ അവകാശവാദം.

സ്ഥിരമായി ആരാധിക്കണമെന്നു തോന്നുന്നവരാണ് സഭാ ആസ്ഥാനത്തിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നത്. പണം നമ്മൾ കൊടുത്താൽ വീടും സ്ഥലവുമൊക്കെ അവർ ഏർപ്പാടാക്കിത്തരും. ലോകാവസാനം സംഭവിക്കാൻ ഇനി അധികനാളുകൾ ശേഷിക്കുന്നില്ലെന്നാണ് ഈ സിയോൺസഭ വിശ്വാസികളെ ധരിപ്പിക്കുന്നത്. എന്നാൽ, ലോകാവസാനമുണ്ടാകുമ്പോൽ സ്വർഗത്തിൽ എത്തണമെങ്കിൽ അതിനുള്ള ഒരേയൊരു മാർഗ്ഗം സഭയിൽഡ ചേരുക എന്നതുമാണ്.

ദൈവപുത്രൻ ജനിച്ചുകഴിഞ്ഞു. എന്നാൽ അത് എവിടെയാണെന്ന് ഇവർ വെളിപ്പെടുത്തില്ലെന്നും പറഞ്ഞാണ് ഇവർ വിശ്വാസികളെ കൈയിലെടുത്തത്. ദൈവരാജ്യം സമാഗതമാകുമ്പോൾ ദൈവമായി ഉയർത്തപ്പെടുന്നവരാണ് സിയോൺ വിശ്വാസികൾ. സിയോൺസയഭയിൽ നിന്ന് പടിയിറങ്ങിയവരെ ഉപദ്രവിക്കുന്നതായും മറ്റും നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. സ്വന്തം നാടുപേക്ഷിച്ചുവന്ന 700ഓളം കുടുംബങ്ങൾ മൂരിയാടും പരിസരത്തുമായി കഴിയുന്നുണ്ട്.

എല്ലാ ദൈവവചനങ്ങളിലും ദൈവികപ്രവർത്തനങ്ങളിലും ദൈവം അയയ്ക്കുന്നവരിലും വിശ്വസിക്കുന്ന സ്വതന്ത്രസഭയെന്നാണ് ഇമ്മാനുവേൽ സഭയുടെ വെബ്സൈറ്റിൽ സ്വയം വിശേഷിപ്പിക്കുന്നത്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ച് ഇമ്മാനുവേൽ എന്ന പേരിൽ വീണ്ടും ഭൂമിയിൽ വന്നെന്ന് ഇവർ വിശ്വസിക്കുന്നു. ദൈവപിതാവ് പ്രത്യക്ഷപ്പെടുമ്പോൾ വിശ്വാസികളും ദൈവത്തെ പോലെയാകുമത്രെ. ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെട്ടുകിട്ടുകയും കാലത്തിന്റെ അടയാളങ്ങൾ ഗ്രഹിക്കുകയും ചെയ്യുന്നവരാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. പ്രകൃതിദുരന്തങ്ങളാണ് കാലത്തിന്റെ അടയാളങ്ങളായി ഇവർ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിനുള്ളിൽ 150തോളം പ്രാദേശികസഭകൾ എംപറർ ഇമ്മാനുവേൽ സഭയ്ക്കുണ്ട്. ഇതിനുപുറമെ ചില അയൽസംസ്ഥാനങ്ങളിലും ഏതാനും വിദേശരാജ്യങ്ങളിലും സഭയുടെ പ്രാദേശിക ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. പുറംലോകവുമായി ഏറെ അടുപ്പമൊന്നും സിയോൺ വിശ്വാസികൾ ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. മറ്റാരെയും സ്നേഹിക്കരുതെന്നാണ് ദൈവം പറഞ്ഞതെന്നും അങ്ങനെയെങ്കിൽ ദൈവത്തോടു സ്നേഹം കുറയുമെന്നും മറ്റും പറഞ്ഞാണ് ഇവരുടെ ആശയ പ്രചരണം. ഇത്തരം പ്രചരണങ്ങളുടെ പേരിൽ വിദ്വേഷ പ്രചരണങ്ങൾക്ക് എതിരെ പരാതിയും ഉയർന്നിരുന്നു.

ഇടുക്കിയിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ ജോസഫ് പൊന്നറയുടെ സ്വർഗീയ സിദ്ധാന്തത്തിൽ വിശ്വസിച്ച് വീടും സ്ഥലവുമെല്ലാം ഈ സിയോൺ സഭയ്ക്ക് നൽകി തിരിച്ചെത്തിയത്. ഇതോടെ കത്തോലിക്കാ സഭയുമായി ബന്ധം ഉപേക്ഷിച്ചവരും നിരവധിയായിരുന്നു. ഇരിങ്ങാലക്കുടയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതോടെ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ ഇടയലേഖനം വരെ ഇവർക്കെതിരെ പുറപ്പെടുവിച്ചിരുന്നു. എംപറർ ഇമ്മാനുവൽ ട്രസ്റ്റിലെ ധ്യാന കേന്ദ്രത്തിന് രൂപതയുമായി യാതൊരു ബന്ധവും അംഗീകാരവും ഇല്ലെന്നാണ് മെത്രാൻ ഇടയലേഖനത്തിൽ വ്യക്തമാക്കിയത്. ഇവരുടെ പ്രാർത്ഥനാ ചടങ്ങകളിൽ പങ്കെടുക്കരുതെന്ന നിർദേശവും നൽകിയിരുന്നു.

കത്തോലിക്കാ വിശ്വാസത്തെയും ആചാര, അനുഷ്ഠാനങ്ങളെയും വൈദികരെയും സന്യസ്തരെയും ജീവിത ശൈലിയെയും നഖശിഖാന്തം എതിർത്ത് തങ്ങളുടെ കൂടാരത്തിലേക്ക് പലരെയും ആകർഷിക്കുകയായിരുന്നു കൂടാര നടത്തിപ്പുകാർ. ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്ത്, ലോകാവസാനം അടുത്തിരിക്കുന്നുവെന്നും ഇമ്മാനുവേൽ എന്ന രക്ഷൻ പിറന്നിരിക്കുന്നുവെന്നും തങ്ങളുടെ സ്വത്തുക്കളെല്ലാം കൂടാരത്തിന് അടിയറവ് വയ്ക്കണമെന്നും അങ്ങനെ പുതിയ ജീവിതരീതി സ്വീകരിക്കണമെന്നും പ്രചരിപ്പിച്ചാണ് ഇവർ ആളുകളെ കൂടെക്കൂട്ടിയത്. ഇതുവഴി നിരവധി കുടുംബങ്ങളിൽ അന്തഃഛിദ്രവും കുടുംബത്തകർച്ചയും വഴക്കും കേസുകളും ഉണ്ടായി. വിവാഹമോചനങ്ങൾ വർധിച്ചു. കൂടാരത്തിനു പുറത്തുള്ള ക്രൈസ്തവരും മറ്റു മതസ്ഥരും സാത്താന്റെ സന്തതികളാണെന്നും അവരൊക്കെ നശിക്കുവാൻ വിധിക്കപ്പെട്ടവരാണെന്നും കൂടാരത്തിലെ 'ധ്യാന'ങ്ങളിലും അവർ നടത്തുന്ന 'കൂട്ടായ്മ'കളിലും വ്യാപകമായ പ്രചാരണം നടത്തിയാണ് പലരെയും കെണിയിൽപ്പെടുത്തിയത്. നിരവധി വിവാഹ മോചനങ്ങളും ഇതോടെയുണ്ടായി.

എന്തായാലും ജോസഫ് പൊന്നാറയുടെ മരണത്തോടെ ഇത്രയും കാലം സ്വർഗ്ഗത്തിന്റെ വഴിതേടി ഈ 'സ്വർഗീയ കൂടാര'ത്തിൽ കഴിഞ്ഞവർ എന്തുചെയ്യുമെന്ന ചോദ്യം ബാക്കിയാണ്. സ്വർഗത്തിലേക്ക് പോകാൻ വേണ്ടി നോഹയുടേതിന് സമാനമായ പേടകമുണ്ടാക്കി ആളെ പാർപ്പിച്ചവർ വീണ്ടും മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ആളെ കൂട്ടുമെന്ന വിലയിരുത്തലുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP