Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുപ്രീം കോടതി ജസ്റ്റിസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട ജസ്റ്റിസ് കർണന് ആറുമാസം തടവുശിക്ഷ; കോടതിയലക്ഷ്യത്തിന് ഒരു ജസ്റ്റിസിനെ ശിക്ഷിക്കുന്നത് ചരിത്രത്തിലാദ്യം; കർണനെ ഉടൻ ജയിലിൽ അടയ്ക്കണമെന്നും സുപ്രീം കോടതി

സുപ്രീം കോടതി ജസ്റ്റിസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട ജസ്റ്റിസ് കർണന് ആറുമാസം തടവുശിക്ഷ; കോടതിയലക്ഷ്യത്തിന് ഒരു ജസ്റ്റിസിനെ ശിക്ഷിക്കുന്നത് ചരിത്രത്തിലാദ്യം; കർണനെ ഉടൻ ജയിലിൽ അടയ്ക്കണമെന്നും സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ എസ് കേഹർ ഉൾപ്പെടെ സുപ്രീം കോടതിയിലെ എട്ടു ജഡ്ജിമാരെ അറസ്റ്റ്ചെയ്യാനുള്ള ഉത്തരവിറക്കിയ കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സി എസ് കർണന് സുപ്രീംകോടതിയുടെ തടവുശിക്ഷ. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു ഹൈക്കോടതി ജഡ്ജിയെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത്. കർണനെ ഉടൻ ജയിലിൽ അടയ്ക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കർണന്റെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുന്നതിന് സുപ്രീം കോടതി മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി.

സുപ്രീം കോടതിയിലെ ജഡ്ജിമാരുമായി ഏറെക്കാലമായി തുടർന്നുവന്ന തർക്കത്തിനൊടുവിലാണ് ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ കർണൻ ഉത്തരവിട്ടത്. ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിലായിരുന്നു കർണന്റെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അടക്കം എട്ടു ജഡ്ജിമാരും അഞ്ചുവർഷം തടവ് അനുഭവിക്കണമെന്നും ഒരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്നുമായിരുന്നു ഉത്തരവ്. പിഴയടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി തടവനുഭവിക്കണമെന്നും കർണന്റെ ഉത്തരവിൽ പറഞ്ഞിരുന്നു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരേ അഴിമതി ആരോപിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് കത്തയച്ചതിനെത്തുടർന്നാണ് കർണനെതിരേ ആദ്യം നടപടി തുടങ്ങിയത്. ഇതു കോടതിയലക്ഷ്യമാണെന്നായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ തീർപ്പ്. മദ്രാസ് ഹൈക്കോടതിയിൽനിന്നു കർണനെ കൊൽക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയിരുന്നു. സുപ്രീം കോടതിയുടെ ഈ നടപടി കർണൻ സ്വയം സ്റ്റേ ചെയ്തെങ്കിലുംപിന്നീട് കൊൽക്കത്ത ഹൈക്കോടതിയിൽ ചുമതലയേറ്റു. തുടർന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം എട്ടു ജഡ്ജിമാർതക്കെതിരേ കർണൻ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

താനൊരു ന്യായാധിപനാണെന്നോ ദളിതനാണെന്നോ പരിഗണിക്കാതെയാണു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തനിക്കെതിരേ നടപടി ആരംഭിച്ചതെന്നു കർണൻ വ്യക്തമാക്കിയിരുന്നു. തന്റെ ഭാഗം പരിഗണിക്കാതെ ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി ഗൂഢാലോചന നടത്തിയെന്നും അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും കർണൻ ഉത്തരവിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ തനിക്കെതിരേ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം എട്ടു ജഡ്ജിമാരെ അറസ്റ്റ്ചെയ്യാൻ കർണൻ ഡൽഹി പൊലീസ് കമ്മീഷണർക്ക് ഉത്തരവു നൽകുകയായിരുന്നു. അറസ്റ്റ് വരിക്കില്ലെങ്കിൽ ജഡ്ജിമാർ പാർലമെന്റിനെ സമീപിക്കണമെന്നും അതുവരെ സുപ്രീം കോടതിയിലെ ഒരു കേസും പരിഗണിക്കരുതെന്നും കർണൻ ഉത്തരവിൽ പറഞ്ഞിരുന്നു. ജഡ്ജിമാരുടെ പാസ്പോർട്ടുകൾ പൊലീസിനു കൈമാറണമെന്നും പാർലമെന്റ് തീരുമാനമെടുക്കുന്നതുവരെ ജഡ്ജിമാർ വിദേശത്തേക്കു പോകരുതെന്നും കർണന്റെ ഉത്തരവിലുണ്ടായിരുന്നു.

തന്റെ കൊൽക്കത്തയിലെ വീട്ടിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും ഹാജരാകണമെന്നും കർണന്റെ ഉത്തരവിൽ പറഞ്ഞിരുന്നു. ഈ ഉത്തരവ് പാലിച്ചില്ലെന്നു കാട്ടി ഇവർക്കെതിരേ പിന്നീട് കർണൻ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. അതേസമയം, കോടതിയലക്ഷ്യക്കേസിൽ മാർച്ച് മുപ്പത്തൊന്നിനു കർണൻ സുപ്രീം കോടതിയിൽ ഹാജരായിരുന്നു. തന്നെ അപമാനിക്കുന്ന നടപടിയായിരുന്നു ഇതെന്നു കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവർക്കെതിരേ കർണൻ പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ, കർണന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമൻസ് കിട്ടിയ സുപ്രീം കോടതി ജഡ്ജിമാർ രംഗത്തുവന്നിരുന്നു. പരിശോധനയ്ക്കായി മെഡിക്കൽ സംഘം കർണന്റെ വസതിയിൽ എത്തിയെങ്കിലും പരിശോധന നിയമവിരുദ്ധമാണെന്ന് കാട്ടി കർണൻ തിരിച്ചയയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP