Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീമനായി മോഹൻലാൽ, ഭീഷ്മരായി ബച്ചൻ, ദ്രൗപതിയായി ഐശ്വര്യ റായ്, അർജുനനായി വിക്രം; മലയാള സിനിയമിൽ ചരിത്രം സൃഷ്ടിക്കാൻ രണ്ടാമൂഴം വരുന്നു; 250 കോടിയുടെ സിനിമ ഇറങ്ങുന്നതു രണ്ടുഭാഗമായി

ഭീമനായി മോഹൻലാൽ, ഭീഷ്മരായി ബച്ചൻ, ദ്രൗപതിയായി ഐശ്വര്യ റായ്, അർജുനനായി വിക്രം; മലയാള സിനിയമിൽ ചരിത്രം സൃഷ്ടിക്കാൻ രണ്ടാമൂഴം വരുന്നു; 250 കോടിയുടെ സിനിമ ഇറങ്ങുന്നതു രണ്ടുഭാഗമായി

തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും ഇതിഹാസനോവലാണ് എം ടി. വാസുദേവൻനായരുടെ രണ്ടാമൂഴം. മഹാഭാരതത്തെ ഭീമന്റെ കണ്ണിലൂടെ പുനരാവിഷ്‌ക്കരിച്ച ഈ നോവൽ ചലച്ചിത്രമാകുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായിരിക്കുന്നു. എന്നാൽ അതൊന്നും സിനിമാരൂപത്തിൽ യാഥാർത്ഥ്യമായിരുന്നില്ല. ഇപ്പോഴിതാ രണ്ടാമൂഴത്തെക്കുറിച്ച് വീണ്ടുമൊരു വാർത്ത പുറത്ത് വന്നിരിക്കുന്നു. മോഹൻലാൽ ഭീമനായും അമിതാഭ് ബച്ചൻ ഭീഷ്മരായും ദ്രൗപതിയായി ഐശ്വര്യാറായിയും അർജുനനായി തമിഴ് നടൻ വിക്രമും അഭിനയിക്കുന്ന രണ്ടാമൂഴം സിനിമ സംവിധാനം ചെയ്യുന്നത്. പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാറാണ്. മലയാളത്തിലെ ഏററവും മുതൽ മുടക്കുള്ള ഈ ചിത്രത്തിന്റെ ബജറ്റ് 250 കോടിയാണെന്നും റിപ്പോർട്ടുണ്ട്. രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മുതൽമുടക്കിൽ പങ്കാളികളാകാൻ ഹോളിവുഡിൽ നിന്നുള്ള കമ്പനികളും രംഗത്തെത്തുന്നുണ്ട്.അടുത്ത ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാൻ തക്കവണ്ണമാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.

എം ടിയുടെ തിരക്കഥയിൽ സംവിധായകൻ ഹരിഹരൻ രണ്ടാമൂഴം സിനിയമാക്കുന്നുവെന്ന രീതിയിലായിരുന്ന ആദ്യകാലത്ത് വാർത്തകൾ മിക്കതും പുറത്ത് വന്നിരുന്നത്. ഭീമനായി ആര് അഭിനയിക്കും എന്ന കാര്യത്തിൽ അവ്യക്തതകളും ചൂടുപിടിച്ച ചർച്ചകളും സിനിമാലോകത്തും സോഷ്യൽ മീഡിയ അടക്കമുള്ള മാദ്ധ്യമങ്ങളിലും നടക്കുകയും ചെയ്തിരുന്നു. ഭീമന്റെ സ്ഥാനത്തേക്ക് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരുകളായിരുന്നു പ്രധാനമായും ഉയർന്ന് കേട്ടിരുന്നത്. എന്നാൽ ഭീമനായി മോഹൻലാലും ദുര്യോധനനായി മമ്മൂട്ടിയും രണ്ടാമൂഴത്തിൽ ഒന്നിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. ഇതാ ഇപ്പോൾ തുടങ്ങും... ഇപ്പോൾ തുടങ്ങും എന്ന വിധത്തിലായിരുന്നു എം ടി ഹരിഹരൻ ടീമിന്റെ രണ്ടാമൂഴത്തെക്കുറിച്ചുള്ള ആകർഷകമായ റിപ്പോർട്ടുകൾ വെളിയിൽ വന്നത്. രണ്ടാമൂഴത്തിന്റെ ട്വീസറുകൾ പോലും അന്ന് യൂട്യൂബിൽ പ്രചരിക്കുക വരെ ചെയ്തിരുന്നു.

എന്നാൽ ഒരു സുപ്രഭാതത്തിൽ പ്രസ്തുത പ്രൊജക്ട് ഉപേക്ഷിക്കുന്നുവെന്ന വാർത്ത കേട്ട് നിരാശപ്പെടാനും സിനിമാ സാഹിത്യപ്രേമികൾക്ക് യോഗമുണ്ടായി. രണ്ടാമൂഴം സിനിയമാക്കില്ലെന്ന വാർത്ത 2013 ജൂലൈയിലാണ് പുറത്ത് വന്നത്. ഈ നോവൽ സിനിമാക്കാൻ ചില പ്രായോഗികബുദ്ധിമുട്ടുള്ളതിനാൽ പ്രസ്തുത പ്രൊജക്ട് ഉപേക്ഷിക്കുകയാണെന്ന് എം ടി തന്നെ വ്യക്തമാക്കിയിരുന്നു. ബൃഹത്തായ ക്യാൻവാസിൽ എഴുതിയ നോവൽ സിനിയമാക്കുമ്പോൾ കഥയിൽ പറഞ്ഞിരിക്കുന്ന പല സുപ്രധാന ഭാഗങ്ങളും വെട്ടിച്ചുരുക്കേണ്ടതായി വരുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കഥയെ കീറിമുറിക്കാൻ താൽപര്യമില്ലെന്നും പൂർണമായ കഥ വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ പൂർണ സംതൃപ്തി ഉണ്ടാകില്ലെന്നും എംടി അന്ന് വ്യക്തമായി പറഞ്ഞിരുന്നു.

'രണ്ടാമൂഴം സിനിയമാകില്ല. എനിക്ക് അതിന് താൽപ്പര്യമില്ല. എല്ലാ കൃതികളും സിനിയമാകണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ. നോവൽ എന്ന നിലയിൽ അതിന് നല്ല വിൽപ്പനയുണ്ട്. ഹിന്ദി വിവർത്തനം വന്നിട്ടുണ്ട്. ഇംഗ്ലീഷിൽ പുതിയ എഡിഷൻ ഇറങ്ങിക്കഴിഞ്ഞു. രണ്ടര മണിക്കൂർ നേരത്തേക്ക് രണ്ടാമൂഴത്തെ ഒതുക്കി സിനിയമാക്കുമ്പോൾ പലതും വെട്ടിക്കളയേണ്ടിവരും. അങ്ങനെ കുറച്ചുഭാഗങ്ങൾ ഒഴിവാക്കി ചെയ്യേണ്ടതില്ല' അന്ന് മനോരമ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ എം ടി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് രണ്ടാമൂഴം വീണ്ടും സിനിയമാകുന്നുവെന്നും അതിന് എംടി തന്നെ തിരക്കഥയെഴുതുന്നുവെന്നുമുള്ള വാർത്ത വന്നിരിക്കുന്നത്.

തികച്ചും വ്യത്യസ്തമായ ടീമാണ് രണ്ടാമൂഴം ആവിഷ്‌കരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിന്റെ സംവിധായകനായ ശ്രീകുമാർ ശ്രദ്ധേയമായ നിരവധി പരസ്യങ്ങൾ ചെയ്ത വ്യക്തിയാണ്. അടുത്ത കാലത്ത് മജ്ഞുവാര്യരെ മുഖ്യ റോളിൽ അഭിനയിപ്പിച്ച് ശ്രീകുമാർ ഒരുക്കിയത് ശ്രദ്ധേയമായിരുന്നു. പ്രമുഖ ഛായാഗ്രാഹകനായ കെ.യു. ശ്രീകുമാറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം പകരുന്നതാകട്ടെ സംഗീതമാന്ത്രികനായ ഏ.ആർ. റഹ്മാനും. യുദ്ധങ്ങൾക്കും പോരാട്ടങ്ങൾക്കും അതിപ്രാധാന്യമുള്ള രണ്ടാമൂഴത്തിലെ സംഘട്ടനമൊരുക്കുന്നത് ഓസ്‌കർ അവാർഡ് നേടി ചൈനീസ് ചലച്ചിത്രമായ ക്രൗച്ചിങ് ടൈഗർ ഹിഡൻ ഡ്രാഗണിലെ സംഘട്ടനങ്ങൾ സംവിധാനം ചെയ്ത പ്രതിഭകളാണ് രണ്ടാമൂഴത്തിന് വേണ്ടി പ്രവർത്തിക്കുന്നത്.

തെലുങ്ക് സൂപ്പർ താരം നാഗാർജുനയ്ക്കും ചിത്രത്തിൽ മുഖ്യ വേഷമുണ്ട്. താരനിർണയം പൂർണമായും പൂർത്തിയായിട്ടില്ല. കഥാസന്ദർഭങ്ങൾ ഒറ്റ സിനിയമിൽ ഒതുങ്ങാത്ത പ്രശ്‌നം പരിഹരിക്കാനാണ് ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്നത്. ഇതിൽ ഒരു ഭാഗം പുറത്തിറങ്ങി 41 ദിവസം കഴിയുമ്പോഴായിരിക്കും രണ്ടാംഭാഗം റിലീസാകുന്നത്. പഞ്ചപാണ്ഡവരുടെയും കൗരവരുടെയും കുട്ടിക്കാലത്തിൽ ആരംഭിച്ച് അവർ മുതിർന്നവരാകുന്നതു വരെയാണ് ആദ്യഭാഗത്തിൽ ഉൾപ്പെടുക. തുടർന്നുള്ള സംഭവങ്ങൾ രണ്ടാം ഭാഗത്തിലാണ് ചിത്രീകരിക്കുന്നത്.

ഒരു പുരുഷായുസ്സു മുഴുവൻ രണ്ടാമനായി ജീവിക്കേണ്ടി വന്ന ഒരാളുടെ വ്യഥയാണ് എംടി രണ്ടാമൂഴം എന്ന നോവലിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പഞ്ചപാണ്ഡവരിൽ രണ്ടാമനും കുന്തിപുത്രന്മാരിൽ മൂന്നാമനുമായിരുന്ന വായുപുത്രനായ ഭീമസേനന്റെ ആത്മവ്യഥയുടെ പുനരാവിഷ്‌കരണമാണീ നോവൽ. മഹാമേരുക്കളെപ്പോലും തന്റെ ഉള്ളം കൈയിൽ അമ്മാനമാടാൻ തക്കവണ്ണം ശക്തിയുള്ളവനും ശക്തരിൽ ശക്തനും മഹാപരാക്രമിയും ഗദായുദ്ധത്തിൽ അദ്വിതീയൻ തുടങ്ങിയവയെല്ലാമായിട്ടും ഭീമന് രണ്ടാംസ്ഥാനക്കാരനായി ജീവിക്കേണ്ടി വന്ന ദുരന്തത്തിന്റെ യഥാതദമായ ആവിഷ്‌കാരമാണ് രണ്ടാമൂഴത്തെ ഇത്രയധികം ജനപ്രിയമായ ക്ലാസിക് നോവലാക്കിയത്.

ജന്മം മുതൽ രണ്ടാംസ്ഥാനക്കാരനായി ജീവിക്കാനായിരുന്നു ഭീമന്റെ വിധി. അതീവബലവാനും ആയുധവിദ്യകളിൽ നിപുണനുമായിരുന്നു ഭീമന് മന്ദൻ എന്ന വിളി കേട്ട വളരേണ്ടി വന്നുവെന്നത് വിരോധാഭാസമായിരുന്നു. ഹിഡുംബിയെന്ന കാട്ടാളത്തിയിൽ ഭീമന് ജനിച്ച മകനായ ഘടോൽഘജൻ മഹാഭാരതയുദ്ധഭൂമിയിൽ വീരചരമം പ്രാപിച്ചപ്പോൾ കരയാൻ അധികമാരുമുണ്ടായിരുന്നില്ല. എന്നാൽ അർജുനപുത്രനായ അഭിമന്യു മരിച്ചപ്പോൾ ആർത്തലച്ച് കരയാൻ ഒട്ടേറെപ്പേരുണ്ടായതായി രണ്ടാമൂഴത്തിൽ ചിത്രീകരിച്ചിരിക്കുന്നത് വളരെ ഹൃദയാർജവമായാണ്. മകന്റെ മരണവേളയിൽ പോലും രണ്ടാം സ്ഥാനക്കാരനായി പരിഗണിക്കപ്പെട്ട നിയോഗമാണ് ഭീമനുണ്ടായിരുന്നതെന്ന് സാരം. അർജുനന് ലഭിച്ച പാഞ്ചാലിയെ എല്ലാ മക്കളും പങ്കിട്ടെടുത്തോളൂ എന്ന് മാതാവ് കുന്തി പറഞ്ഞപ്പോൾ കാഴ്ചക്കാരനായി നോക്കി നിൽക്കാനായിരുന്നു ഭീമന്റെ വിധിയെന്നും നോവൽ ആവിഷ്‌കരിക്കുന്നു.

ഈ പ്രൊജക്ട് യാഥാർത്ഥ്യമായാൽ മോഹൻലാലിന്റെ അഭിനയജീവിത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതിലെ ഭീമൻ എന്നതിൽ സംശയമില്ല. വ്യത്യസ്തവും അതുല്യവുമായ നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മഹാഭാരതം പോലുള്ള ഒരു ഇതിഹാസത്തിൽ നിന്നുള്ള ഇത്രയും ശക്തമായ ഒരു നായകകഥാപാത്രത്തെ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഭാസന്റെ നാടമായ കർണഭാരത്തിന് കാവാലം നാരായണപ്പണിക്കർ ഒരുക്കിയ നാടകരൂപത്തിൽ മോഹൻലാൽ കർണനായി തിളങ്ങിയിരുന്നു. 2000 മാർച്ച് 27നായിരുന്നു ഇത് അരങ്ങേറിയത്. അതുപോലെത്തന്നെ ബച്ചന്റെ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരിക്കും രണ്ടാമൂഴത്തിലെ ഭീഷ്മർ. ഒരു പക്ഷേ ഇതിലെ ദ്രൗപതിയിലൂടെയായിരിക്കും ഐശ്വര്യ റായിയെ ഭാവിതലമുറ ഓർക്കുന്നത്. അന്യൻ പോലുള്ള നിരവധി സിനിമകളിലൂടെ വ്യത്യസ്തമായ വേഷപ്പകർച്ചകൾ നടത്തിയ വിക്രമിന് ലഭിക്കുന്ന അതുല്യമായ വേഷമായിരിക്കും രണ്ടാമൂഴത്തിലെ അർജുനനൻ. ലോകനിലവാരത്തിലുള്ള സാങ്കേതിക വിദ്യയിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ മഹാഭാരത കഥ വീണ്ടുമൊരിക്കൽ കൂടി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP