Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്കിൽ ലിഫ്റ്റ് വാങ്ങിയയാൾക്ക് വഴിയിൽ വച്ചു ഹൃദ്രോഗമുണ്ടായി; കൈവിടാതെ ആശുപത്രികളിലെത്തിച്ചെങ്കിലും മെഡി. കോളജിൽ വച്ചു മരിച്ചു; തിരക്കഥാകൃത്ത് ബിനു നൈനാന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായി എൻടിവി കാമറാമാൻ ആൻഡേഴ്‌സൺ; സോഷ്യൽമീഡിയയിൽ ചർച്ചയായപ്പോൾ ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്തു

ബൈക്കിൽ ലിഫ്റ്റ് വാങ്ങിയയാൾക്ക് വഴിയിൽ വച്ചു ഹൃദ്രോഗമുണ്ടായി; കൈവിടാതെ ആശുപത്രികളിലെത്തിച്ചെങ്കിലും മെഡി. കോളജിൽ വച്ചു മരിച്ചു; തിരക്കഥാകൃത്ത് ബിനു നൈനാന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായി എൻടിവി കാമറാമാൻ ആൻഡേഴ്‌സൺ; സോഷ്യൽമീഡിയയിൽ ചർച്ചയായപ്പോൾ ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്തു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരക്കഥാകൃത്ത് ബിനു നൈനാന്റെ അന്ത്യനിമിഷങ്ങൾക്കു സാക്ഷിയായി മാധ്യമപ്രവർത്തകൻ ആൻഡേഴ്‌സൺ എഡ്വാർഡ്. ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചപ്പോൾ തുണയായത് സോഷ്യൽമീഡിയ. ഇന്നലെയാണ് ഹൃദ്രോഗത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ബിനു നൈനാൻ മരിച്ചത്. മരണവിവരം അറിയിച്ചിട്ടും ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയാറായിരുന്നില്ല. ഇതോടെയാണ് സോഷ്യൽമീഡിയ സഹായത്തിനെത്തിയത്.

ശാസ്താംകോട്ട സ്വദേശിയാണ് എൻടിവിയിൽ ചീഫ് കാമറാമാനായ ആൻഡേഴ്‌സൺ. ബൈക്കിൽ പോകുമ്പോൾ ബിനു നൈനാൻ ലിഫ്റ്റ് ചോദിക്കുകയായിരുന്നു. ബൈക്കിൽ ഇരുവരും കുണ്ടറ ചിറ്റുമലയിൽ എത്തിയപ്പോൾ ബിനുവിന് നെഞ്ചുവേദന വന്നു. കുണ്ടറ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിച്ചു. ഇവിടെനിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റാനായിരുന്നു നിർദ്ദേശം. ആംബുലൻസിനു നൽകാനുള്ള പണം അന്നേരം ആൻഡേഴ്‌സണിന്റെ കൈയിൽ ഇല്ലായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് ലൈവിൽ ആൻഡേഴ്‌സൺ കാര്യങ്ങൾ വിശദീകരിച്ചു. ഇതു കണ്ട് തിരുവനന്തപുരത്തെ അദ്ധ്യാപകനും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ സെയ്ദ് ഷിയാസ് മിർസ രണ്ടു സുഹൃത്തുക്കളെ ആശുപത്രിയിലേക്ക് അയച്ചു.

അവർ എത്തി പണം നൽകുകയും ബിനു നൈനാനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുകയുമായിരുന്നു. ആൻഡേഴ്‌സണിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരനായ് രണ്ട് ദിവസം പിന്നിടുന്നു. എല്ലാം ദൈവ നിയോഗമായി കാണുന്നു. ലിഫ്റ്റ് ചോദിച്ച് എന്റെ ബൈക്കിൽ കയറിയ ആളിന് കുണ്ടറ ചിറ്റുമലയിൽ വച്ച് ഹാർട്ട് അറ്റാക്ക് വരികയായിരുന്നു. കുണ്ടറ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ കിട്ടിയ സഹായങ്ങളും അവഗണനകളും ഓർമ്മയിലുണ്ട്, ആംബുലൻസ് ട്രൈവേഴ്‌സ് സഹായത്തിന് എത്തിയെങ്കിലും പണം കൊടുക്കാൻ സാവകാശം ചോദിച്ചപ്പോൾ തട്ടിക്കയറിയതും തെറി വിളിച്ചതും എല്ലാം കേട്ടിട്ടും മറുപടി പറയാതെ നിന്നതും കൈയിൽ പണമില്ലാത്തതുകൊണ്ടാണ്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ലൈവ് ഇട്ടത്, സഹായം ആവശ്യമുള്ളതുകൊണ്ടാണ്. ആളുടെ ഫോട്ടോ ഇട്ടത് അപമാനിക്കാനല്ല അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ തിരിച്ചറിഞ്ഞ് വരുമല്ലോ എന്നേ ഞാൻ കരുതിയിട്ടുള്ളു. സെയ്ദ് ഷിയാസ് ഇക്കയാണ് രണ്ട് സുഹൃത്തുക്കളെ ക്യാഷ്വാലിറ്റിയിലേക്ക് പറഞ്ഞു വിട്ടത്, അവർ വന്നില്ലായിരുന്നെങ്കിൽ ആംബുലൻസ് ഡ്രൈവർക്ക് കൊടുക്കാനുള്ള പണം കിട്ടില്ലായിരുന്നു. നേരം വെളുക്കാറായപ്പോൾ ബിനു കണ്ണു തുറന്ന് വെള്ളം ചോദിച്ചു. അപ്പനും അമ്മയും മരിച്ചു. ഒറ്റക്ക് വാടക വീട്ടിലാണ്.ബന്ധുക്കൾ ആരും ഇല്ല. 'എനിക്കൊരു ചേട്ടനെ കിട്ടി 'എന്ത് വന്നാലും കൂടെ നിൽക്കാനാണ് തീരുമാനം....'

ഇന്നലെ രാവിലെ ആറു മണിയോടെയാണ് ബിനു നൈനാൻ മരണത്തിനു കീഴടങ്ങിയത്. ബന്ധുക്കളാരും ആശുപത്രിയിൽ എത്തിയിരുന്നില്ല. ഇക്കാര്യം കാട്ടി സെയ്ദ് ഷിയാസ് മിർസ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ഇങ്ങനെ:

ഒരാഴ്ച മുൻപ് പ്രിയ സുഹൃത്ത് Anderson Edward (ശ്രീ. എലിയാസ് ജോൺ നേതൃത്വം നൽകുന്ന എൻ.ടി.വിയുടെ ചീഫ് ക്യാമറാമാനാണ് ആൻഡേഴ്‌സൺ) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച സിനിമാസീരിയൽ രംഗങ്ങളിൽ അസോ.ഡയറക്ടർ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബിനു നൈനാൻ (https://www.facebook.com/binu.ninan.79) ഇന്ന് രാവിലെ 6 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സ്വദേശിയായ ഇദ്ദേഹത്തെ കാണാനോ ചികിത്സ ലഭ്യമാക്കുന്നതിനോ ബന്ധുക്കൾ ഉൾപ്പടെ ആരും ആശുപത്രിയിൽ വന്നില്ല എന്നത് കൂടാതെ മൃതദേഹം എറ്റെടുക്കാൻ പോലും കൂട്ടാക്കുന്നില്ല എന്ന വിവരം സങ്കടമുളവാക്കുന്നു. തൽക്കാലം മൃതദേഹം മെഡി. കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അടുത്തത് എന്ത് എന്നതാണ് ആൻഡേഴ്‌സൺ എന്നോട് ചോദിക്കുന്നത്. എന്ത് ചെയ്യും?
ബന്ധുക്കൾ എല്ലാരും ജീവിച്ചിരിക്കേ അനാഥ മൃതദേഹമായി കിടക്കാൻ അദ്ദേഹം അത്ര പാപിയാണോ? ക്രൂരനായ കൊലയാളികൾക്കു പോലും മരണശേഷം പരിഗണന ലഭിക്കാറില്ലേ; നമ്മുടെ നാട്ടിൽ ഇത്ര കരുണ വറ്റിയ ജനങ്ങളുണ്ടോ?. എന്തായാലും അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം ഒപ്പം നമ്മുടെ അനുഭവ പാഠപുസ്തകത്തിൽ ഇതൊരു താളായി കൂട്ടിച്ചേർക്കുകയും ചെയ്യാം. അതല്ലേ നമ്മെക്കൊണ്ട് സാധിക്കൂ...

ഇക്കാര്യം ഫേസ്‌ബുക്കിൽ ചർച്ചയായതോടെ ബിനുവിന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയാറാവുകയായിരുന്നു. ഇക്കാര്യവും സെയ്ദ് ഷിയാസ് മിർസയാണ് അറിയിച്ചത്. പോസ്റ്റ് ചുവടെ:

സോഷ്യൽ മീഡിയ വീണ്ടും സഹായത്തിനെത്തി; ബിനു നൈനാന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കും.
ശാസ്താംകോട്ടയ്ക്കടുത്ത് നിന്നും ബൈക്കിൽ സഹയാത്രികനായി കയറിയ പരിചയക്കാരനായ വ്യക്തി രക്തം ഛർദ്ദിച്ച് അപകടാവസ്ഥയിൽ ആയ നിമിഷം ആൻഡേഴ്‌സൺ അയാളെ കൈ വിട്ടില്ല. തൊട്ടടുത്ത ആശുപത്രിയിൽ അയാളെ എത്തിക്കുകയും അവിടെ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ബിനു നൈനാൻ ആംബുലൻസിൽ എത്തിയത് ആൻഡേഴ്‌സന്റെ കൈകളിൽ കിടന്നാണ്.
അവസാനം ആൻഡേഴ്‌സന്റെ സുമനസുകളായ സുഹൃത്തുക്കളുടെയോ വൈദ്യശാസ്ത്രത്തിന്റെയോ സഹായത്തിനു രക്ഷിക്കാൻ കഴിയാതെ ബിനു ഇന്നലെ രാവിലെ (16 മെയ് 2017) 7 :15 നു വിട പറഞ്ഞു . മരിക്കും വരെയും ബന്ധുക്കളാരും അയാളെ തേടിയെത്തിയിരുന്നില്ല ആൻഡേഴ്‌സൻ മാത്രമായിരുന്നു അയാൾക്ക് ഏക ആശ്രയം.സിനിമാസീരിയൽ രംഗങ്ങളിൽ അസോ.ഡയറക്ടർ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന, ഏറെ ബന്ധു മിത്രാദികൾ ഉള്ള ബിനുവിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് ഞാൻ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച സന്ദേശം വൈറലാകുകയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.
ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുത്ത് ആചാരപ്രകാരം അനന്തര കർമ്മങ്ങൾ നടത്താൻ ബന്ധുക്കൾ തയാറായതായി വിവരം ലഭിക്കുന്നു. ഏറെ ആശ്വാസം തോന്നുന്ന മുഹൂർത്തം. നമ്മുടെ നാട്ടിൽ കരുണ വറ്റിയിട്ടില്ല; സോഷ്യൽ മീഡിയ ജനോപകാരപ്രദമായി വിനിയോഗിക്കാൻ ഇത്തരത്തിൽ ഏവർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.ശ്രീ. എലിയാസ് ജോൺ നേതൃത്വം നൽകുന്ന എൻ.ടി.വിയുടെ ചീഫ് ക്യാമറാമാനായ ശാസ്താംകോട്ട സ്വദേശിയായ ആൻഡേഴ്‌സൺ നടത്തിയ ശ്രമങ്ങൾക്ക് താങ്ങായി എന്നതാണ് ഈ എളിയ കടമയിലൂടെ ഞാനും ഈ സന്ദേശം ഷെയർ ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്ത നമ്മളോരോരുത്തരും നിർവഹിച്ചതെന്നു ഞാൻ കരുതുന്നു. ഇനിയും ഇത്തരം ആൻഡേഴ്‌സന്മാരുണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം. ഏവർക്കും നന്ദി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP