Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടത്തെ ആശുപത്രിയിലെ കണക്ക് നോക്കിയപ്പോൾ ബിആർ ഷെട്ടി ഞെട്ടി; മകനെ പോലെ കൊണ്ടു നടന്നവൻ വഞ്ചിച്ചെന്ന് നഴ്‌സുമാരോട് തുറന്ന് പറഞ്ഞ് ശതകോടീശ്വരൻ; ആയിരം കോടി കടലിൽ എറിയാൻ ഒരു മടിയുമില്ലാത്ത വ്യവസായ കുലപതി ജീവനക്കാർക്ക് മുമ്പിൽ വിതുമ്പിയത് ഇങ്ങനെ

പട്ടത്തെ ആശുപത്രിയിലെ കണക്ക് നോക്കിയപ്പോൾ ബിആർ ഷെട്ടി ഞെട്ടി; മകനെ പോലെ കൊണ്ടു നടന്നവൻ വഞ്ചിച്ചെന്ന് നഴ്‌സുമാരോട് തുറന്ന് പറഞ്ഞ് ശതകോടീശ്വരൻ; ആയിരം കോടി കടലിൽ എറിയാൻ ഒരു മടിയുമില്ലാത്ത വ്യവസായ കുലപതി ജീവനക്കാർക്ക് മുമ്പിൽ വിതുമ്പിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമാണ് പ്രവാസി വ്യവസായിയായ ബി ആർ ഷെട്ടിക്കുണ്ടായിരുന്നത്. ഈ സൗഹൃദമാണ് തിരുവനന്തപുരത്തെ ഉത്രാടം തിരുന്നാൾ ആശുപത്രിയിലേക്ക് പണമിറക്കാൻ കാരണം. രാജകുടുംബത്തിന്റെ താൽപ്പര്യത്തോടെ ഷെട്ടി ഏറ്റെടുത്ത ആശുപത്രി ഏറെ നേട്ടങ്ങളും സ്വന്തമാക്കി. തിരുവനന്തപുരത്തെ പ്രധാന സ്വകാര്യ ആശുപത്രിയായി മാറുകയും ചെയ്തു. വമ്പിച്ച വിപുലീകരണവും നടത്തി. കേരളത്തിൽ പ്രവർത്തിച്ച് പരിചയമുള്ള സുധാകർ ജയറാമിനെയാണ് ഷെട്ടി എല്ലാം ഏൽപ്പിച്ചിരുന്നത്. പിന്നീട് സുധാകർ ജയറാമിനെ സൗത്ത് ഏഷ്യയുടെ ചുമതലക്കാരനാക്കുകയും ചെയ്തു. ഇതോടെ എംഎൻസി ഗ്രൂപ്പിലെ സുധാകർ ജയറാം പ്രധാനിയായി. ഇഇയാളെ ഷെട്ടി അടുത്തിടെ മാറ്റി. രാജി വച്ചെന്നാണ് ജീവനക്കാർ കരുതിയത്. ഇതിന് പിന്നാലെ കേരളത്തിൽ എംഎൻസി ഗ്രൂപ്പിന്റെ ചുമതലയിലുണ്ടായിരുന്ന രണ്ട് പേരും രായ്കുരാമാനം രാജി വച്ചു.

ഇതിലൊന്നും പട്ടം എസ് യു ടിയിലെ ജീവനക്കാർ അസ്വാഭാവികത കണ്ടിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞയാഴച ബി ആർ ഷെട്ടി തിരുവനന്തപുരത്ത് എത്തിയത്. നേഴ്‌സുമാരുൾപ്പെടെയുള്ള ജീവനക്കാരുടെ യോഗവും വിളിച്ചു. എന്താണ് സംഭവിച്ചതെന്ന് ജീവനക്കാരോട് തുറന്നു പറയുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പിന്റെ കണക്കുകൾ എസ് യു ടിയിലെ ജീവനക്കാർ അറിയുന്നത്. പട്ടം ആശുപത്രിയുടെ മറവിൽ നൂറ് കോടി രൂപ തട്ടിയെടുത്തവരാണ് പുറത്തു പോയതെന്ന് ഷെട്ടി ജീവനക്കാരോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി ചെലവാക്കുന്ന ഓരോ പണത്തിനും കണക്ക് നിർബന്ധമാണെന്നും അറിയിച്ചു. പട്ടത്തെ കാര്യങ്ങൾ അബുദാബിയിൽ ഇരുന്ന് നേരിട്ട് നോക്കുമെന്നും വ്യക്തമാക്കി. പട്ടം ആശുപത്രിയെ എംഎൻസി ഗ്രൂപ്പിന്റെ കീഴിലാക്കി ഓൺലൈൻ സംവിധാനവും നടപ്പാക്കി. പട്ടത്തെ ഇടപാടെല്ലാം തൽസമയം മനസ്സിലാക്കാവുന്ന രീതിയാണ് ഇത്.

കേരളത്തിൽ രാജകുടുംബത്തോടുള്ള വിശ്വാസമാണ് പണം മുടക്കാൻ ഷെട്ടിയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും കേരളത്തിലെ ഇടപാടുകൾ നിരീക്ഷിച്ചിരുന്നില്ല. ഇവിടെയാണ് ഷെട്ടിക്ക് പണി കിട്ടിയത്. എംഎൻസി ഗ്രൂപ്പിന്റെ പേരിൽ തിരുവനന്തപുരത്ത് നിരവധി ആശുപത്രികൾ വാങ്ങി കൂട്ടി. ഇതിലെല്ലാം 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഷെട്ടി ജീവനക്കാരോട് വിശദീകരിച്ചത്. സുധാകർ ജയറാമും രാജിവച്ച് പോയ അനിലും പിന്നെ പർച്ചേസ് മാനേജരും ഇതിൽ പങ്കാളികളായി. അനിലും പർച്ചേസ് മാനേജരും അടുത്ത ബന്ധുക്കളുമായിരുന്നു. ഇരുവരും ചേർന്ന് നടത്തിയ വെട്ടിപ്പുകൾ ഷെട്ടിക്ക് പിടികിട്ടിയത് ഓഡിറ്റ് നടന്നപ്പോഴാണ്. ക്രമക്കേട് കണ്ടപ്പോൾ തന്നെ സുധാകർ ജയറാമിനെ വിളിച്ചു വരുത്തി വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലാത്തതു കൊണ്ട് രാജി ചോദിച്ച് വാങ്ങുകയും ചെയ്തു. ഇതിനിടെയാണ് തട്ടിപ്പുകാർ രാജി വച്ചതെന്നും ജീവനക്കാരോട് ഷെട്ടി വിശദീകരിച്ചു.

എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം ഷെട്ടി സിനിമയാക്കുന്നുണ്ട്. ആയിരം കോടി രൂപയാണ് ഇതിനായി ചെലവാക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാകും രണ്ടാമൂഴം. പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാറിനെ വിശ്വസിച്ചാണ് ഇത്രയും തുക മുടക്കുന്നത്. എന്നാൽ ലാഭം താൻ പ്രതീക്ഷിക്കുന്നില്ലെന്നും എംടിയുടെ തിരിക്കഥയോടുള്ള താൽപ്പര്യമാണ് നിർമ്മാണത്തിന് പ്രേരിപ്പിച്ചതെന്നും ഷെട്ടി വിശദീകരിക്കുന്നുണ്ട്. മോഹൻലാലെന്ന നടനോടുള്ള വിശ്വാസം കൂടിയാണ് ഇത്. ഈ പ്രത്യേക സാഹചര്യത്തിൽ എസ് യു ടി ആശുപത്രിയിലെ ജീവനക്കാരെല്ലാം ഒന്നിച്ച് നിൽക്കണമെന്നാണ് ഷെട്ടി യോഗത്തിൽ ആവശ്യപ്പെട്ടത്. തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഷെട്ടിയുടെ ജീവനക്കാരെ കാണാനുള്ള തീരുമാനവും പ്രഖ്യാപനങ്ങളും.

മകനെ പോലെയാണ് സുധാകർ ജയറാമിനെ കരുതിയത്. അതുകൊണ്ട് തന്നെ എല്ലാം വിശ്വസിച്ച് ഏൽപ്പിച്ചതാണെന്നും ഷെട്ടി പറഞ്ഞുവത്രേ. അതിനിടെ സുധാകർ ജയറാമിന് വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്നും പണം തട്ടിയത് അദ്ദേഹം നിയമിച്ചവരാണെന്നുമാണ് നിലപാട്. പുതുതായി ഏറ്റെടുത്ത ആശുപത്രിയുടെ പുറംകരാർ തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. പുറത്തുകൊടുക്കാൻ തീരുമാനിച്ച കരാർ സ്വന്തം കമ്പനിയിലേക്ക് വഴി തിരിച്ചു വിടാൻ സുധാകർ ജയറാം പക്ഷത്തെ ഉദ്യോഗസ്ഥൻ ശ്രമിച്ചു. ഇതാണ് ഷെട്ടി കൈയോടെ പിടിച്ചതും ഓഡിറ്റിങ്ങിലേക്ക് കാര്യങ്ങളെത്തിച്ചതും. നിങ്ങളുടെ അധ്വാനം കൊണ്ട് ഉണ്ടാക്കുന്ന പണമാണ് അടിച്ചോണ്ട് പോയതെന്നായിരുന്നു ഷെട്ടി ജീവനക്കാർക്ക് മുന്നിൽ ഈ സംഭവത്തെ വികാര നിർഭരനായി വിശേഷിപ്പിച്ചത്. അനിൽ ഒടുവിൽ എന്ന രാജി വച്ച ജീവനക്കാരനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുകയും ചെയ്തു.

അമൃതാ ടിവിയുടെ മുൻ സിഇഒയായിരുന്നു സുധാകർ ജയറാം. ഇദ്ദേഹത്തിന്റെ സമയത്താണ് അമൃത ഏറെ നേട്ടങ്ങളുണ്ടാക്കിയത്. കേരളീയ സമൂഹത്തിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയായി സുധാകർ ജയറാം മാറുകയും ചെയ്തു. അമൃതയുടെ കൊച്ചി എയിംസ് ആശുപത്രിയുടെ മുഖ്യ ചുമതലക്കാരനുമായി. അമൃതയിൽ പ്രശ്‌നങ്ങൾ സജീവമായതോടെ ലീലാ കൃഷ്ണൻനായർക്കൊപ്പം ചേർന്നു. ലീലാ ഗ്രൂപ്പിൽ നിന്നാണ് ബി ആർ ഷെട്ടിയുടെ വിശ്വസ്തനായി സുധാകർ ജയറാം മാറുന്നത്. സുധാകർ ജയറാം എത്തിയതോടെ ബിആർ ഷെട്ടിയുടെ ആശുപത്രികളുടെ മുഖ്യ ചുമതലയും കിട്ടി. മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. തിരുവനന്തപുരത്ത് വിശ്വസ്തരെ നിയമിച്ച് കേരളത്തിലെ കാര്യങ്ങൾ നിയന്ത്രിച്ചു. ഈ നിയമനങ്ങളിലൊന്നും ബിആർ ഷെട്ടി ഇടപെട്ടിരുന്നില്ല. അതുകൊണ്ട് കൂടിയാണ് പട്ടം എസ് യു ടിയിലെ തട്ടിപ്പിന്റെ ഉത്തരവാദിത്തം സുധാകർ ജയറാമിന് ഏറ്റെടുക്കേണ്ടി വന്നത്.

ലോക വ്യാവസായികരംഗത്ത് മികവിലൂടെയും ഗുണമേന്മയിലൂടെയും ഇന്ത്യ സൃഷ്ടിച്ച അത്ഭുതങ്ങളിലൊന്നാണ് ബി.ആർ.ഷെട്ടിയുടെ വിജയ കഥ. കഴിഞ്ഞ രണ്ടു വർഷവും ഷെട്ടി ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരിലെ ആദ്യ 50 പേരുകാരിൽ പെട്ട ആളാണ്. കർണാടകയിലെ മംഗലാപുരം സ്വദേശിയായ ഭവഗുതു രഘുറാം ഷെട്ടി എന്ന ബി.ആർ.ഷെട്ടി അബുദാബി ആസ്ഥാനമായ എൻഎംസി ഹെൽത്ത് കെയറിന്റെയും യുഎഇ എക്‌സ്േചഞ്ചിന്റെയും നോൺ എക്‌സിക്യൂട്ടീവ് ചെയർമാനാണ്. നേരത്തെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു അദ്ദേഹം. 1975ൽ ആശുപത്രികളുടെയും ആതിഥേയത്വത്തിന്റെയും രംഗത്തായിരുന്നു കമ്പനി ശ്രദ്ധപതിപ്പിച്ചത്. പിന്നീട് ഫാർമസ്യൂട്ടിക്കൽസ്, ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ്, റീട്ടയിൽ, അഡ്വർടൈസിങ്, ഐടി എന്നിവയിലേക്കും കടന്നു.

അരനൂറ്റാണ്ട് മുമ്പ് 29-ാം വയസിൽ ഉഡുപ്പിയിൽ മുൻസിപ്പൽ വൈസ് ചെയർമായ ചരിത്രവും ഷെട്ടിക്കുണ്ട്. അന്ന് ഭൂർഭ അഴുക്കുചാലുകളും കക്കൂസ് ടാങ്കുകളും നിർമ്മിച്ച് ഉഡുപ്പിയെ ആരോഗ്യ നഗരമാക്കി. 1973ൽ ദുബായിയിൽ എത്തിയത് ഓട്ടകാലണയുമായാണ്. ആരോഗ്യം, പരസ്യം, കെട്ടിട നിർമ്മാണം, പണമിടപാട്, കല തുടങ്ങി എല്ലേ മേഖലയിലും കൈവച്ചു. കേരളത്തിലെ സൂര്യ എന്ന കലാ-സാംസ്‌കാരിക സംഘടനയുടെ അമരത്തും ഇരുന്നു. കാശിറക്കി കാശു പിടിക്കുന്നതാണ് ഷെട്ടിയുടെ രീതി. ലോകത്തെ മികച്ച സാമ്പത്തിക ഉപദേശകരും സഹായത്തിനുണ്ട്. ഇത്തരത്തിലൊരു വ്യക്തിയാണ്‌ കേരളത്തിലെ ആശുപത്രി ഗ്രൂപ്പിൽ പണമിറക്കി തട്ടിപ്പിന് ഇരയായതെന്നതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP