Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുമ്മനത്തിനൊപ്പം പൊതുവേദികളിൽ നിറഞ്ഞത് ആശ്രമത്തിന്റെ പേരിൽ; ആറന്മുള സമരനായകനായതും അങ്ങനെ തന്നെ; മാധ്യമങ്ങളിലെല്ലാം നിറഞ്ഞപ്പോഴും പുറത്താക്കിയവർ മാത്രം ഒന്നും അറിഞ്ഞില്ല; പീഡനത്തിനിടെ ജനനേന്ദ്രീയം നഷ്ടമായ സ്വാമിയെ തള്ളിപ്പറഞ്ഞ പന്മനക്കാർ അറിയാൻ

കുമ്മനത്തിനൊപ്പം പൊതുവേദികളിൽ നിറഞ്ഞത് ആശ്രമത്തിന്റെ പേരിൽ; ആറന്മുള സമരനായകനായതും അങ്ങനെ തന്നെ; മാധ്യമങ്ങളിലെല്ലാം നിറഞ്ഞപ്പോഴും പുറത്താക്കിയവർ മാത്രം ഒന്നും അറിഞ്ഞില്ല; പീഡനത്തിനിടെ ജനനേന്ദ്രീയം നഷ്ടമായ സ്വാമിയെ തള്ളിപ്പറഞ്ഞ പന്മനക്കാർ അറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം കോലഞ്ചേരി സ്വദേശിയാണ് ശ്രീഹരി. ഗണേശാനന്ദ തീർത്ഥ സ്വാമി, ഗംഗാശാനന്ദ സ്വാമി എന്നീ പേരുകളിൽ ഇയാൾ അറിയപ്പെടുന്നുണ്ട്. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയെന്ന നിലയിലാണ് സ്വാമി കേരളീയ പൊതുസമൂഹത്തിൽ നിറഞ്ഞത്.

എന്നാൽ ശ്രീഹരിക്ക് ആശ്രമവുമായി ബന്ധമില്ലെന്നും 15 വർഷം മുമ്പ് ഇയാൾ ആശ്രമം വിട്ടിരുന്നുവെന്നും ആശ്രമം അധികൃതർ പറഞ്ഞു. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നതെന്ന് പന്മന ആശ്രമം പറയുന്നു. പീഡന ശ്രമത്തിനിടെ പെൺകുട്ടി ജനനേന്ദ്രീയം മുറിച്ചതോടെയാണ് സ്വാമിയെ തള്ളിപ്പറഞ്ഞ് പന്മന ആശ്രമം രംഗത്ത് വന്നത്. എന്നാൽ പതിനഞ്ച് കൊല്ലമെന്ന ആശ്രമത്തിന്റെ വാദം നിലനിൽക്കുന്നതല്ല. ഈ അടുത്ത കാലത്ത് പോലും സ്വാമി പന്മന ആശ്രമത്തിന്റെ പേരുപയോഗിച്ച് സാമൂഹിക ഇടപെടലുകളിൽ സജീവമായിരുന്നു.

ഇടക്കിടെ പന്മന ആശ്രമത്തിൽ ഇപ്പോഴും എത്താറുണ്ടായിരുന്നു. 15 ദിവസം മുമ്പ് ആശ്രമത്തിൽ ഇയാൾ എത്തിയിരുന്നുവെന്നും പരിപാടിയിൽ പങ്കെടുത്ത് അന്നുതന്നെ മടങ്ങുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ചവറ പൊലീസ് ആശ്രമത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇതും ആശ്രമവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയാണ് നൽകുന്നത്. സംഘപരിവാർ സംഘടനയുമായി അടുത്ത ബന്ധം സ്വാമിക്കുണ്ടായിരുന്നു. കണ്ണമൂലയിലെ ചട്ടമ്പി സ്വാമി ജന്മഗ്രഹ ഭൂസമരവുമായി ബന്ധപ്പെട്ട സമരത്തിലൂടെയാണ് ആർ എസ് എസുമായി അടുത്തത്. പിന്നീട് ആറന്മുള സമരത്തിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലുമെല്ലാം നിറഞ്ഞു.

ഇതിൽ പന്മന ആശ്രമത്തിന്റെ പേരിലായിരുന്നു സ്വാമി സജീവമായത്. എന്തുകൊണ്ട് പതിനഞ്ച് കൊല്ലമായി ആശ്രമത്തിൽ നിന്ന് പറത്താക്കിയ ഗംഗാശാനന്ദ സ്വാമി ആശ്രമത്തിന്റെ പേരുപയോഗിച്ചിട്ടും അതിനെ ചോദ്യം ചെയ്തില്ലെന്നത് തീർത്തും വിചിത്രമാണ്. അതുകൊണ്ട് തന്നെ പന്മന ആശ്രമത്തിൽ ഈ അടുത്ത കാലത്തും സ്വാമി എത്തിയിരുന്നുവെന്ന പൊലീസ് ഭാഷ്യം കൂടിയാകുമ്പോൾ ആശ്രമത്തിന്റേത് നിലനിൽപ്പിനായൂള്ള പത്രക്കുറിപ്പാണെന്ന് വ്യക്തമാവുകയാണ്.

ഇത് അടിവരയിടുന്നതാണ് ജന്മഭൂമിയിലെ ഈ വാർത്ത. ഈ വർഷം ഫെബ്രുവരി 17ന് നൽകിയ വാർത്തയാണ് ഇതിന് ആധാരം. തട്ടയിൽ തിരുമംഗലത്ത് മഹാദേവക്ഷേത്രത്തിലെ ശ്രീമദ്ഭാഗവത സപ്താഹയജ്ഞവും മഹാശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട പത്രവാർത്തയിൽ കൊല്ലം പന്മന ആശ്രമാധിപതി സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യുമെന്നാണ് വിശദീകരിക്കുന്നത്.

പ്രഞ്ചത്തിലെ സകലചരാചരങ്ങളിലും മാതൃഭാവത്തെ ഉൾകൊള്ളാൻ കഴിയുന്നവർക്കാണ് ചതുർവിധ പുരുഷാർത്ഥങ്ങൾ കൈവരിക്കുവാൻ സാധിക്കുകയുള്ളു എന്ന് കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീർത്ഥപാദർ. പണിക്കാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന വിചാരസത്രം സമാപന ദിനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ ലോകമേതറവാട് എന്നാണ് നമ്മുടെ സങ്കൽപ്പം. ശ്രീനാരായണ ഗുരുദേവൻ അഹിംസയുടെ പ്രയോക്താവാണെന്നും അദ്ദേഹം അനുകമ്പ ദശകത്തിൽ ഒരു പീഡപോലും ഉറുമ്പിനെ ഏൽപ്പിക്കരുതെന്ന് പറയുന്നുണ്ടെങ്കിലും ഗുരുദേവ ചിത്രം വെച്ച് മാംസംഭക്ഷിച്ചുകൊണ്ടാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇത് ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന പരിപാടിയുടെ വിശദീകരണവുമാണ്. ഇവിടേയും പന്മന ആശ്രത്തിന്റെ പേരാണ് സ്വാമി ഉപയോഗിച്ചിരിക്കുന്നത്. കുട്ടികളിൽ ആത്മീയത വളർത്തിയെടുക്കണമെന്നും പുസ്തകത്തിലൂടെയല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വേണം നേടിയെടുക്കാനെന്നും കൊല്ലം പന്മന ആശ്രമം സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ അയ്യമ്പിള്ളി കണ്ഠച്ചനാശാൻ സ്മാരക വൈദിക സംഘത്തിന്റെ ഗുരുകുല വിദ്യാപീഠത്തിന്റെ വാർഷിക ചടങ്ങിൽ പറഞ്ഞതായി മാതൃഭൂമിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കണ്ണംമൂലയിൽ നിന്നും എഴുമറ്റൂരിലേക്ക് പ്രയാണം നടത്തുന്ന ചട്ടമ്പി സ്വാമി പ്രതിമ രഥ യാത്ര നയിച്ചതും ഇതേ സ്വാമിയായിരുന്നു. ചട്ടമ്പിസ്വാമിയുടെ പ്രതിമയിൽ ആറന്മുള ക്ഷേത്രം അട്മിനിസ്‌ട്രെടിവ് ഓഫീസർ രവി വർമ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഗീതാകൃഷ്ണൻ, സെക്രട്ടറി ടി എ അനിൽ, ആറന്മുള പൈതൃക ഗ്രാമ കർമസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരൻ, പ്രസിഡന്റ് പി ഇന്ദുചൂഡൻ തുടങ്ങിയവർ ഹാരാർപ്പണം നടത്തി. തുടർന്ന് ഭക്ത ജനങ്ങൾ പുഷ്പാർച്ചന നടത്തി. സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് രഥയാത്രയുടെ സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ പ്രസംഗിച്ചു.

സമൂഹത്തിൽ സമഗ്രവും സമൂലവുമായ പരിവർത്തനം ഉണ്ടാക്കാൻ കഴിഞ്ഞ നവോത്ഥാന നായകൻ ആയിരുന്നു ചട്ടമ്പിസ്വാമികൾ എന്ന് അദ്ദേഹം പറഞ്ഞു. ഇത് 2013ൽ നടന്ന ചടങ്ങാണ്. ഇവിടെ കുമ്മനം രാജശേഖരനെ പോലെ ഹൈന്ദവ സന്യാസിമാരെ അടുത്തറിയാവുന്ന നേതാവും പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് പന്മന ആശ്രമത്തിന്റെ നിഷേധക്കുറിപ്പ് വിചിത്രമായി മാറുന്നത്. കുമ്മനത്തോടൊപ്പം ആറന്മുളയിലും മുഖ്യമന്ത്രിയെ കാണാനുള്ള നിവേദക സംഘത്തിലുമെല്ലാം സ്വാമി നിറഞ്ഞു. ഇവിടേയും പന്മന ആശ്രമ പ്രതിനിധിയായി സ്വാമി മാറിയിരുന്നു.

ഇതാണ് സത്യമെന്നിരിക്കെയാണ് ചവറ പന്മന ആശ്രമത്തിന്റെ സത് പേര് കളങ്കപ്പെടുത്തുക എന്ന ദുരുദ്യേശത്തോടെ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്ന് പന്മന ആശ്രമം അറിയിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തയുമായി ബന്ധപ്പെട്ട വ്യക്തി 15 വർഷങ്ങൾക്ക് മുമ്പ് ആശ്രമത്തിൽ താമസിച്ച് ഹരി എന്ന പേര് മാറ്റി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേൽവിലാസത്തിൽ ഇലക്ഷൻ ഐഡി നേടിയിരുന്നു. എന്നാൽ പിന്നീട് ആശ്രമത്തിൽ നിന്നും പോകുകയും കോഴഞ്ചേരി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടൽ ബിസിനസ് നടത്തി വരുകയായിരുന്നതായി പറയപ്പെടുന്നു. അല്ലാതെ ഈ വ്യക്തിക്ക് പന്മന ആശ്രമവുമായി മറ്റ് യാതൊരു വിധ ബന്ധവുമില്ല.

ആശ്രമത്തിന്റെ സത് പേരിന് കളങ്കമുണ്ടാക്കുന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്നും പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീർത്ഥപാതർ അറിയിച്ചു. എന്നാൽ പതിനഞ്ച് ദിവസം മുമ്പും പന്മനയിലെത്തിയ സ്വാമിയെ ആശ്രമവുമായി ബന്ധമില്ലെന്ന് പറയുന്നത് വിചിത്രമാണെന്ന വാദവും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP