Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്ത് ചരക്ക് നീക്കം നടത്തുന്നത് 6040 കപ്പലുകൾ; വിഴിഞ്ഞത്ത് ഒരു ലക്ഷം കപ്പലുകളെത്തുമെന്ന് വീരവാദം; 7525 കോടിയുടെ ചെലവിൽ 5071 കോടിയും സർക്കാർ മുടക്കുമ്പോൾ 40 കൊല്ലത്തെ ലാഭം നടത്തിപ്പുകാർക്ക്;'വികസനത്തിന്റെ ലാസ്റ്റ് ബസ്' അദാനിക്കുള്ള ചാണ്ടിയുടെ ബംബറെന്ന് സിഎജിയും: എന്തു ചെയ്യണമെന്നറിയാതെ പിണറായി സർക്കാർ

ലോകത്ത് ചരക്ക് നീക്കം നടത്തുന്നത് 6040 കപ്പലുകൾ; വിഴിഞ്ഞത്ത് ഒരു ലക്ഷം കപ്പലുകളെത്തുമെന്ന് വീരവാദം; 7525 കോടിയുടെ ചെലവിൽ 5071 കോടിയും സർക്കാർ മുടക്കുമ്പോൾ 40 കൊല്ലത്തെ ലാഭം നടത്തിപ്പുകാർക്ക്;'വികസനത്തിന്റെ ലാസ്റ്റ് ബസ്' അദാനിക്കുള്ള ചാണ്ടിയുടെ ബംബറെന്ന് സിഎജിയും: എന്തു ചെയ്യണമെന്നറിയാതെ പിണറായി സർക്കാർ

ആവണി ഗോപാൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തിരുവനന്തപുരത്തിന്റെ വികസന നാഴിക കല്ലിലെ സുപ്രധാന പദ്ധതിയാണെന്ന വിധത്തിലുള്ള പ്രചരണത്തിന്റെ അകമ്പടകളോടെയാണ് പദ്ധതിയുടെ കരാർ ഗൗതം അദാനിക്ക് നൽകിയത്. പ്രതിപക്ഷമായ സി.പി.എം ഉയർത്തിയ എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് പദ്ധതി അദാനിക്ക് നൽകി തീരുമാനം കൈക്കൊണ്ടതും കരാർ ഒപ്പുവച്ചതും. ഇങ്ങനെ കരാറിൽ ഒപ്പിടീക്കാൻ വേണ്ടി പല വിധത്തിലുള്ള കഥകളും പലരും പറഞ്ഞു. ഇതിന് അന്താരാഷ്ട്ര കപ്പൽചാലുകളെയും പലരും കൂട്ടുപിടിച്ചു. എന്താണ് കരാറിന്റെ യഥാർത്ഥ വസ്തുതകൾ ഇപ്പോഴും ഇരുളിൽ തന്നെയാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സിഎജിയുടെ കണ്ടെത്തലുകൾ. അതായാത് ഈ പദ്ധതി കൊണ്ട് കേരളത്തിന് ഒരു സാമ്പത്തിക നേട്ടവും ഉണ്ടാകില്ലെന്ന വിമർശനം ശരിയാവുകായണ് ഇപ്പോൾ.

ഒരു വർഷം രണ്ടര ലക്ഷം കപ്പലുകളാണ് നമ്മുടെ സമുദ്രാതിർത്തി വഴി കടന്നു പോകുന്നതെന്നും അതിൽ പകുതിയും വിഴിഞ്ഞെത്ത് എത്തുമെന്നുമൊക്കെയായിരുന്നു വിഴിഞ്ഞത്തെ അനുകൂലിച്ച് കരാറൊപ്പിടുമ്പോൾ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പറഞ്ഞു പോന്നത്. വിഴിഞ്ഞത്തിന് വേണ്ടി ശക്തമായി വാദിച്ച പലരും ഈ വാദമുഖം ഉന്നയിച്ചു. ഇവർ ചാനൽ ചർച്ചകളിൽ വിഴിഞ്ഞത്തെ അനുകൂലിച്ച് പലതും പറഞ്ഞു. ഇങ്ങനെ പറഞ്ഞത് പലതും അസത്യമാണെന്നതാണ് വാസ്തവം. ഇത് തുറമുഖ പദ്ധതിയെ പ്രതിസ്ഥാനത്ത് നിർത്തുകയാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള കള്ളക്കണക്കുകൾ അവതരിപ്പിക്കുന്നവരുടെ ലക്ഷ്യം എങ്ങനേയും ഗൗതം അദാനിക്ക് തുറമുഖ പദ്ധതി നൽകുക മാത്രമായിരുന്നു. അദാനിയെ പദ്ധതി ഏൽപ്പിച്ചില്ലെങ്കിൽ ഇത്രയേറെ വികസന സാധ്യതയുള്ള തുറമുഖ പദ്ധതി കുളച്ചിലിലേക്ക് വഴിമാറുമെന്ന് വരുത്തി തീർത്ത് പ്രതിപക്ഷത്തിന്റെ എതിർപ്പുകളെ അവഗണിക്കാനായിരുന്നു ഈ ഗൂഡനീക്കം. ഇതാണ് സിഎജി പൊളിക്കുന്നത്.

വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിക്കുന്നു. ഗൗരവമായി പരിശോധിക്കേണ്ട വിഷയങ്ങളാണ് റിപ്പോർട്ടിൽ പറയുന്നതെന്നും കരാറുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് മാത്രമെ പറയാൻ കഴിയൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എൽ.ഡി.എഫ്. അധികാരത്തിലെത്തിയാൽ വിഴിഞ്ഞം കരാർ പുനപരിശോധിക്കുമെന്ന് പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. എന്നാൽ കരാർ പ്രകാരം പ്രാരംഭ പ്രവർത്തികൾ ആരംഭിച്ച സാഹചര്യത്തിൽ കരാർ പുനഃപരിശോധിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇന്ന് സർക്കാർ. കരാർ പൊളിച്ചെഴുതാൻ മുൻകൈയെടുത്താൽ സർക്കാറിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കരാറിനെതിരായി സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

വിഴിഞ്ഞത്ത് മുഖ്യമായും ഒരു കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ് നിർമ്മിക്കാൻ പോകുന്നത്. അതായാത് സമുദ്രാതിർത്ത് വഴി പോകുന്ന എല്ലാ കപ്പലുകളും വിഴിഞ്ഞത്ത് എത്തുകയിയില്ലെന്ന കാര്യം ഉറപ്പാണ്. 2013ലെ കണക്കുകൾ പ്രകാരം ലോകത്ത് ആകെയുള്ളത് 4968 കണ്ടയിനർ ഷിപ്പുകൾ ആയിരുന്നു. ഇന്നത്തെ കണക്ക് പ്രകാരം കടലിൽ സജീവമായിരുന്നത് 6040 കണ്ടൈനർ ഷിപ്പുകൾ മാത്രമാണ്. അതായത് 7000ൽ താഴെ കപ്പലുകൾ മാത്രമാണ് ഇപ്പോൾ ചരക്ക് നീക്കത്തിൽ സജീവമായിട്ടുള്ളത്. അടുത്ത അഞ്ചുവർഷം കൊണ്ട് ഇത് പരമാവധി അഞ്ചൂറെണ്ണം കൂടി ഉയരും. അതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കില്ല. ഇതൊക്കെ അറിയാവുന്നവർ തന്നെയാണ് ഒരു ലക്ഷം ഇരുപതിനായിരം കപ്പലുകളുടെ കണക്ക് പറയുന്നത്. എങ്ങനേയും ആളുകളിൽ കണക്കുകൾ ഊതി വീർപ്പിച്ചെത്തി വിഴിഞ്ഞത്തിന്റെ സാധ്യതകൾ കൂട്ടുകമാത്രമാണ് ലക്ഷ്യമെന്നാണ് യാഥാർത്ഥ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇങ്ങനെ കപ്പൽചാലുകളിൽ സജീവമായിരിക്കുന്ന 7000ത്തിലേറെ കണ്ടെയ്്നറുകളിൽ ഒരു കണ്ടെയ്നർ തന്നെ വിഴിഞ്ഞം തീരത്ത് വന്നുപോകണമെങ്കിൽ ആഴ്‌ച്ചകളും മാസങ്ങളും പിടിക്കും. ഇങ്ങനെ ആയിരക്കണക്കിന് കണ്ടെയ്നർ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് വന്നാൽ മാത്രമേ ലാബക്കണക്കുകൾ വിഴിഞ്ഞ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ ലക്ഷം കണക്കിലേക്ക് കാര്യങ്ങൾ എത്തുകയുള്ളൂ.. അങ്ങനെ എത്തുന്ന കാലം ഉണ്ടായാൽ അതിന് ചുരുങ്ങിയത് എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരവും നൽകാൻ സാധിക്കില്ല. ഇതെല്ലാം നന്നായി അദാനിക്കും അറിയാം. അതുകൊണ്ടാണ് തീർത്തും ഏകപക്ഷീയമായ കരാറിന് വേണ്ടി അദാനി നിലകൊണ്ടത്. ഇത് ഉമ്മൻ ചാണ്ടി സർക്കാർ അംഗീകരിക്കുകയും ചെയ്തു. വിഴിഞ്ഞത്തുനിന്ന് 50 കിലോമീറ്റർ അകലെയുള്ള തമിഴ്‌നാട്ടിലെ നിർദിഷ്ട കുളച്ചൽ തുറമുഖത്തിന് ഒരു യൂണിറ്റിന്റെ നിർമ്മാണച്ചെലവ് 2308.43 കോടിയാണ്. വിഴിഞ്ഞത്ത് ഇത് 3271 കോടിയും. അതായത് നഷ്ടം മനസ്സിലാക്കി കരാറിൽ അത് നികത്തിയെടുക്കാനുള്ള തന്ത്രങ്ങൾ അദാനി ഒപ്പിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ ആഴവും നിർണായകമാണ്. 24 മീറ്റർ ആഴമുണ്ടെങ്കിൽ വിഴിഞ്ഞത്ത് കപ്പലുകൾ അടുക്കുമെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം. ഇപ്പോൾ ഓടുന്ന ഏഴായിരത്തോളം വരുന്ന കണ്ടെയ്നർ വെസ്സലുകളിൽ 70-80 ശതമാനത്തോളം 10,000 ടി ഇ യു കപ്പാസിറ്റിയുള്ള കപ്പലുകളാണ്. 14 മീറ്റർ മതി തീരത്തടുക്കാൻ. നിലവിൽ വല്ലാർപാടം തുറമുഖത്തം പോലും മിക്ക കണ്ടെയ്നറുകളും അടുക്കുന്നില്ല. അതുകൊണ്ട് തന്നെ വിഴിഞ്ഞം പദ്ധതി പൂർണ്ണമായും സജ്ജമായാൽ വൻകിട കപ്പലുകൾ എത്രകണ്ട് തീരത്ത് അടക്കുമെന്ന് കണ്ടറിയുക തന്നെ വേണം. വികസനത്തിന്റെ ലാസ്റ്റ് ബസെന്ന് പറഞ്ഞ് ധൃതി പിടിച്ചു കരാർ ഒപ്പിടുപ്പോൾ വേണ്ടത്ര വിശകലനം നടത്താൻ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരും തയ്യാറായില്ല.

2015 ഏപ്രിലിൽ സർക്കാർ പുറത്തിറക്കിയ വിഴിഞ്ഞത്തിന്റെ ഫീസിബിലിറ്റി റിപ്പോർട്ട് പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. റിപ്പോർട്ടിന്റെ 108ാം പേജിൽ ഇങ്ങനെ പറയുന്നു. ''സാമ്പത്തിക വിശകലനം നടത്തിയാൽ ഈ പദ്ധതി വിജയപ്രദമല്ല. അതുകൊണ്ട് ഇതിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ തുറമുഖത്തോടനുബന്ധിച്ചുള്ള ഭൂമി മറ്റ് വികസനകാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്'' എന്നാണ് പറയുന്നത്. ഇതുകൊണ്ട് തന്നെയാണ് വിഴിഞ്ഞത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ വമ്പന്മാരെല്ലാം മടിച്ചതും. ഇവിടെ തന്ത്രപരമായ സ്വാധീനത്തിലൂടെ തുറമുഖത്തിന് അപ്പുറമുള്ള പലതും അദാനി നേടിയെടുത്തു.

സർക്കാരിന്റെ കണക്ക് അനുസരിച്ച് തന്നെ പദ്ധതിക്കുവേണ്ടി വരുന്ന ആകെ ചെലവ് 7525 കോടിയാണ്. ഇതിൽ 5071 കോടിയും സർക്കാർ മുതൽമുടക്കാണ്. ബാക്കി 2454 കോടി മാത്രമാണ് അദാനി മുടക്കുന്നത്. പദ്ധതിക്കായി സർക്കാർ അദാനിക്ക് അഞ്ഞൂറ് ഏക്കർ ഭൂമിയാണ് നൽകുന്നത്. ഈ ഭൂമിക്ക് സെന്റ് ഒന്നിന് പത്തുലക്ഷം വച്ച് കണക്കാക്കിയാൽ വില അയ്യായിരം കോടി വരും. ഈ അഞ്ഞൂറ് ഏക്കറിൽ നിന്ന് മുപ്പത് ശതമാനം ഭൂമി അദാനിക്ക് ഇഷ്ടമുള്ള മറ്റ് വ്യവസായങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. തുറമുഖ പദ്ധതിക്ക് ആവശ്യമുള്ളത് 300 ഏക്കർ മാത്രമാണ്. ആകെ ലഭിക്കുന്ന 500 ഏക്കർ ഭൂമി പണയം വച്ചാൽ മൂവായിരം കോടി വരെ വായ്പ എടുക്കാം. എന്നുപറഞ്ഞാൽ, സർക്കാർ നൽകുന്ന ഭൂമി പണയം വച്ച് എടുക്കുന്ന മൂവായിരം കോടിയിൽ നിന്ന് 2454 കോടി മാത്രം പദ്ധതിക്കായി അദാനി മുടക്കിയാൽ മതി.

ഫലത്തിൽ ഒരു തുകപോലും കൈയിൽ നിന്ന് അദാനിക്ക് മുടക്കേണ്ടതില്ല. പിപിപി മോഡലിൽ പദ്ധതിച്ചെലവിന്റെ അറുപത് ശതമാനത്തിൽ കൂടുതൽ തുക സർക്കാർ മുടക്കുന്ന ഒരു പദ്ധതി ഇന്ത്യയിൽ ഇതിനുമുമ്പ് നടപ്പാക്കിയിട്ടില്ലെന്നാണ് സൂചന. വിഴിഞ്ഞം തുറമുഖത്തിന്റെ 15ാം വാർഷികം മുതൽ ഒരു ശതമാനം വരുമാനവിഹിതം സർക്കാറിന് നൽകണമെന്നാണ് വ്യവസ്ഥ. വർഷംതോറും കൂടി ഇത് 40 ശതമാനം വരെയാവും. നിർമ്മാണം പൂർത്തിയാക്കാൻ നാല് വർഷമെടുക്കും. അപ്പോൾ 19ാംവർഷംമുതലേ വരുമാനവിഹിതം കിട്ടൂ. ഇത് കേരളം പദ്ധതിക്കായി ചെലവാക്കുന്ന പണത്തിന്റെ പലിശപോലുമാവില്ല. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽപ്പോലും 33 ശതമാനം വരുമാനം വ്യവസ്ഥചെയ്തിട്ടുണ്ടെന്നും ഇവർ വാദിക്കുന്നു. ഇപ്പോഴത്തെ കരാർ അനുസരിച്ച് അദാനിക്ക് 40 വർഷം ലൈസൻസ് കിട്ടും. ഭൂമി സർക്കാറിന്റെ ഉടമസ്ഥതയിലായിരിക്കും.

മൂന്നിലൊന്ന് ചെലവഴിക്കുന്നവർക്ക് 19 വർഷം പൂർണമായും വരുമാനം സ്വായത്തമാക്കുന്നതിന് അവകാശം നൽകി. മാത്രമല്ല, എത്രകാലം കഴിഞ്ഞാലും വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സർക്കാരിനു ലഭിക്കൂ. അതായത്, മൂന്നിലൊന്ന് ചെലവഴിക്കുന്നവർ 60 ശതമാനം വരുമാനം എല്ലാ ഘട്ടത്തിലും കൈവശപ്പെടുത്തുന്നു. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്. രണ്ടാംഘട്ടം സ്വന്തം പണമുപയോഗിച്ച് വികസിപ്പിച്ചാൽ പിന്നീട് 20 വർഷംകൂടി കിട്ടും. എന്നാൽ, എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് കരാർ കാലാവധി 30 വർഷമാണെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടാംഘട്ടത്തിന് പരിധി നിശ്ചയിച്ചിരുന്നില്ല. വരുമാന വിഹിതത്തെപ്പറ്റി ഒരു നിബന്ധനകളും ഉണ്ടായിരുന്നില്ലെന്ന യാഥാർത്ഥ്യവുമുണ്ട്. ഈ സാഹചര്യത്തിലാണ് സി.പി.എം വിഴിഞ്ഞം തുറമുഖ കരാറിലെ വ്യവസ്ഥകളെ എതിർത്തത്. അതിന് ബദലായാണ് ഒരു ലക്ഷം കപ്പലുകളെത്തിയാലുള്ള വികസന കുത്തിപ്പിന്റെ കള്ളക്കണക്കുകൾ ഉമ്മൻ ചാണ്ടി ഉയർത്തിയത്. തിരുവനന്തപുരത്തിന്റെ സമഗ്രവികസനമെന്ന മുദ്രാവക്യത്തിലൂടെ സിപിഎമ്മിന്റെ എതിർപ്പുകളുടെ മുനയൊടിച്ചു. അങ്ങനെ കരാർ ഒപ്പിടൽ നടന്നു. ഇപ്പോൾ ഇടതു ഭരണകാലത്ത് എല്ലാം തുറന്നുകാട്ടി കരാറിലെ കള്ളക്കളികൾ സിഎജി റിപ്പോർട്ട് ചെയ്യുന്നത്.

തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകുമെന്ന തരത്തിൽ കേന്ദ്രമന്ത്രി ഗഡ്കരി ആദ്യം ഭീഷണി നടത്തി. ബിജെപി സർക്കാരാകട്ടെ, സീ പോർട്ടുകളെ കോർപറേറ്റുകൾക്ക് നൽകുന്ന നയം സ്വീകരിക്കുകയും ചെയ്തു. ഇതോടെ വിഴിഞ്ഞത്തിൽ ആശങ്ക കൂടി. ഇതോടെ ഗഡ്കരി നിർദ്ദേശിക്കുന്നപ്രകാരം കാര്യങ്ങൾ പോയില്ലെങ്കിൽ പിന്നെ വിഴിഞ്ഞം ഇല്ലെന്ന് പ്രചരിപ്പിച്ച് അദാനിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന് മുറവിളി ഉയർത്തി. വികസന താൽപ്പര്യം പരിഗണിക്കാതെ അദാനിയുമായി ഉണ്ടാക്കിയ രഹസ്യകരാർ നടപ്പാക്കാനുള്ള വ്യഗ്രത കാട്ടിയെന്ന് സി.പി.എം ആരോപിച്ചിരുന്നു. ഈ കരാറിൽ വിഴിഞ്ഞം തുറമുഖത്തിന് രണ്ടാം സ്ഥാനമേയുള്ളൂ. ഒന്നാം സ്ഥാനം റിയൽ എസ്റ്റേറ്റ് ബിസിനസ്സിന് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് ബിജെപിഉമ്മൻ ചാണ്ടി കൂട്ടുകച്ചവടത്തിന്റെ മറ്റ് വ്യവസ്ഥകൾ കൂടി പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് വി എസ് അച്യുതാനന്ദനും വിശദീകരിച്ചിരുന്നു. ഇത് ശരിവച്ചാണ് സിഎജിയുടെ ഇടപെടൽ. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വിഴിഞ്ഞം കരാർ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ എൽഡിഎഫ് തീരുമാനിച്ചതും.

പൊന്നാനി പോർട്ട് സർക്കാരിന്റെയും ജനങ്ങളുടെയും താൽപര്യം സംരക്ഷിച്ചുകൊണ്ട് സർക്കാർ എങ്ങനെ നടപ്പാക്കി എന്നത് പ്രസക്തമാണ്. ഇരുപത്തി ഒമ്പതര ഏക്കർ ഭൂമി മലബാർ പോർട്ട് എന്ന കമ്പനിക്ക് പാട്ടത്തിന് നൽകിയത് മാത്രമാണ് സർക്കാരിന്റെ മുതൽമുടക്ക്. പോർട്ടിന്റെ വരുമാനത്തിന്റെ രണ്ടേമുക്കാൽ ശതമാനം ആദ്യവർഷം മുതൽ പതിനഞ്ച് വർഷം വരെയും, നാലര ശതമാനം പതിനാറ് വർഷം മുതൽ മുപ്പതു വർഷം വരെയും നൽകണമെന്നതാണ് വ്യവസ്ഥ. പക്ഷേ വിഴിഞ്ഞവും അദാനിയുമെത്തുമ്പോൾ ഈ മാതൃക സർക്കാർ മറന്നു. കേരളത്തിലെ ഏറ്റവും വലിയ വികസന മോഡലായി നെടുമ്പാശേരി വിമാനത്താവള പദ്ധതിയെയാണ് ഏവരും ഉയർത്തിക്കാട്ടുന്നത്. എന്തുകൊണ്ട് അതിന് സമാനമായൊരു പദ്ധതി വിഴിഞ്ഞത്ത് നടപ്പാക്കാനാകാതെ പോയെന്നതും അജ്ഞാതം. വികസനത്തിനായി വെമ്പൽ കൊള്ളുന്ന ഭൂരി ഭാഗം വരുന്ന തിരുവനന്തപുരത്തുകാരുടെ മനസ്സ് തിരിച്ചറിഞ്ഞുള്ള വികസന തട്ടിപ്പാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന അന്നത്തെ പ്രതിപക്ഷമായ സിപിഎമ്മിന്റെ ആക്ഷേപം സിഎജിയും ശരിവയ്ക്കുന്നു

ആയിരക്കണക്കിന് ഭൂമിയെ മറ്റാവശ്യങ്ങൾക്ക് തിരിച്ചുവിട്ട് മുതൽമുടക്ക് അദാനി തിരിച്ചുപിടിക്കും. എന്നാൽ പദ്ധതി തുകയിൽ അറുപത് ശതമാനം മുടക്കുന്ന കേരളത്തിന്റെ കാര്യത്തിൽ ആർക്കും ഒന്നും പറയാനികില്ല. വിഴിഞ്ഞം പദ്ധതി വിജയിച്ചാലും നേട്ടം കിട്ടില്ല. പരാജയമായാൽ വലിയൊരു സാമ്പത്തിക പരാധീനതയുമാകുമെന്ന് ഉറപ്പ്. ഈ സാഹചര്യമാണ് സിഎജി റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP