Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിഫോം അണിയാൻ താൽപര്യമില്ലാത്ത ജേക്കബ് തോമസ് പൊലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്; സെൻകുമാർ വിരമിച്ചാൽ ബെഹ്റ തന്നെ ഡിജിപിയാകും; അനുമതിയോടെ പുസ്തകമെഴുതിയ ഡിജിപിക്കെതിരെ നടപടിയുണ്ടായേക്കില്ല; പുതിയ സർവീസ് സ്റ്റോറി ആഗസ്റ്റിൽ

യൂണിഫോം അണിയാൻ താൽപര്യമില്ലാത്ത ജേക്കബ് തോമസ് പൊലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്; സെൻകുമാർ വിരമിച്ചാൽ ബെഹ്റ തന്നെ ഡിജിപിയാകും; അനുമതിയോടെ പുസ്തകമെഴുതിയ ഡിജിപിക്കെതിരെ നടപടിയുണ്ടായേക്കില്ല; പുതിയ സർവീസ് സ്റ്റോറി ആഗസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുസ്തക വിവാദത്തിൽ കുടുങ്ങിയ ജേക്കബ് തോമസിനെതിരെ നടപടിയുണ്ടാകില്ല. കഴിഞ്ഞ നവംബറിൽ തന്നെ ജേക്കബ് തോമസ് പുസ്തക രചനയെ കുറിച്ച് സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അഴിമതിക്കെതിരെ സംസാരിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്നാണ് സർക്കാർ നിലപാട്. അതിനിടെ താൻ പൊലീസ് മേധാവിയാകാനില്ലെന്ന് മുഖ്യമന്ത്രിയെ ജേക്കബ് തോമസ് അറിയിച്ചതായാണ് സൂചന. ഇതോടെ ടിപി സെൻകുമാർ വിരമിക്കുമ്പോൾ പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ തന്നെ എത്തിയേക്കും.

ഐപിഎസുകാരിലെ സീനിയോറിട്ട് പാലിച്ച് ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പരിഗണിച്ചിരുന്നു. ഇതിനെ സിപിഎമ്മിലെ ഒരു വിഭാഗം എതിർക്കുകയും ചെയ്തു. ഈ എതിർപ്പുകളെ അവഗണിച്ചും ജേക്കബ് തോമസിനെ ഡിജിപിയാക്കാനായിരുന്നു സർക്കാരിന്റെ ആലോചന. ഇതിനിടെയാണ് പുസ്ത വിവാദം എത്തുന്നത്. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനെ വലിയ ചർച്ചയാക്കുകയും ചെയ്തു. പുസ്തക പ്രകാശനത്തിന് എത്താമെന്ന് ഏറ്റ മുഖ്യമന്ത്രി അവസാന നിമിഷം പിന്മാറി. ഇതിനിടെയാണ് സർവ്വീസിലേക്കുള്ള മടങ്ങി വരവിൽ ജേക്കബ് തോമസ് നിലപാട് വിശദീകരിക്കുന്നത്. രണ്ട് മാസത്തെ നിർബന്ധിത അവധിക്ക് ശേഷം സർക്കാർ ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നാണ് ജേക്കബ് തോമസ് നൽകുന്ന സൂചന.

വിജിലൻസ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് അവധിയിൽ പോയത്. ഇതിനിടെയാണ് ടിപി സെൻകുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് എത്തിയത്. ഇതോടെ വിജിലൻസ് ഡയറക്ടറുടെ അധിക ചുമതലയിലുണ്ടായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് ഈ പദവി നൽകി ഉത്തരവിറക്കി. അതുകൊണ്ട് തന്നെ ജേക്കബ് തോമസ് അവധി കഴിഞ്ഞെത്തിയാലും വിജിലൻസ് ഡയറക്ടറാകാൻ കഴിയില്ല. ഇതിനിടെയാണ് ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കുന്ന ചർച്ചകളും സജീവമായത്. എന്നാൽ തനിക്ക് പൊലീസ് മേധാവിയാൻ താൽപ്പര്യമില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. യുണിഫോം ജോലി ചെയ്തിട്ട് കാലമേറെയായി. അതുകൊണ്ട് പാകത്തിലുള്ള പൊലീസ് കുപ്പായം പോലും സ്വന്തമായി ഇപ്പോഴില്ല. തന്നെ പൊലീസ് മേധാവിയാക്കിയാൽ ചുമതല ഏൽക്കാൻ പോലും പോകാനുള്ള യൂണിഫോമില്ലെന്നാണ് ഇതേ കുറിച്ച് തമാശരൂപേണ ജേക്കബ് തോമസ് പ്രതികരിച്ചതായാണ് സൂചന.

സർക്കാർ ഏൽപ്പിക്കുന്ന ഏത് ജോലിയും ചെയ്യും. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കഴമ്പില്ല. അനുമതി തേടി എല്ലാവർക്കും അപേക്ഷ നൽകിയിരുന്നു. ഏറ്റവമധികം സർവ്വീസ് പ്രശ്നങ്ങളിലൂടെ പോയ വ്യക്തിയാണ് ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ നിയമപരമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ-വിവാദങ്ങളോട് അദ്ദേഹത്തോട് അടുത്ത് നിൽക്കുന്നവർ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. വിജിലൻസ് ഡയറക്ടറായി പോലും സർവ്വീസിൽ തിരിച്ചെത്തണമെന്ന ആഗ്രഹമില്ല. ഉദ്യോഗസ്ഥനെ എവിടെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ആ അവകാശത്തെ ജേക്കബ് തോമസ് ചോദ്യം ചെയ്യില്ലെന്നാണ് ലഭിക്കുന്ന സൂചന. പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി എത്താത്തിലും പരിഭവമില്ലത്രേ. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിന് സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണം കിട്ടി. അടുത്ത പുസ്തകത്തിന്റെ പ്രാഥമിക ജോലികൾ തുടങ്ങുകയും ചെയ്തു. ഈ പുസ്തകം ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കാനാണ് ജേക്കബ് തോമസിന്റെ പദ്ധതി. ഇതിന്റെ തിരക്കുകളിലേക്ക് മാറുകയാണ് ജേക്കബ് തോമസിന്റെ ലക്ഷ്യം.

ജേക്കബ് തോമസിന്റെ ആത്മകഥയിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. പുസ്തകത്തിന്റെ 14 ഇടങ്ങളിൽ ചട്ടലംഘനമുണ്ടെന്നും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇത് പക്ഷേ ജേക്കബ് തോമസ് നിഷേധിക്കുന്നുമുണ്ട്. ജേക്കബ് തോമസ് 2016 ഒക്ടേബറിൽ പുസ്തകമെഴുതുന്നതിന് അനുമതി തേടിയിരുന്നു. എന്നാൽ ഉള്ളടക്കം നൽകാൻ ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല.അതിനാൽ പുസ്തകമെഴുതാൻ അനുമതി നൽകിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി പിണറായി വിജയനെ അറിയിച്ചെന്നാണ് റിപ്പോർട്ട്. പുസ്തക പ്രകാശനം ചെയ്യൻ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി കെസി ജോസഫ് എംഎൽഎ കത്ത് നൽകിയതിനെ തുടർന്ന് നിയമസെക്രട്ടറിയുടെ ഉപദേശത്തെ തുടർന്നായിരുന്നു വിട്ടു നിൽക്കൽ. ഇതോടെ ജേക്കബ് തോമസ് വീണ്ടു വിവാദത്തിൽപ്പെട്ടു.

ബാർ ക്കോഴക്കേസ്, സിവിൽ സപ്ലൈസിലെ അഴിമതി, മദ്‌നിയുടെ അറസ്റ്റ് ചെയ്യുന്നതിൽ എതിർപ്പ് എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങൾ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ഉമ്മൻ ചാണ്ടി, സിപിഐ നേതാവ് സി ദിവാകരൻ എന്നിവർക്കെതിരെയും പുസ്തകത്തിൽ പരാമർശങ്ങളുണ്ടായിരുന്നു. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്നു പേരിട്ട സർവീസ് സ്റ്റോറിയിൽ 14 ഇടത്ത് ചട്ടലംഘനമുണ്ട്. പൊലീസ് ഉദ്യോഗസ്ഥന് സർവീസിൽ ഇരിക്കെ പുസ്തകം എഴുതാൻ തടസമുണ്ട്. അതോടൊപ്പം സർക്കാർ കാര്യങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.

സുപ്രീംകോടതിയുടെ ബലത്തിൽ പൊലീസ് മേധാവിയായ ടിപി സെൻകുമാറിനെപകരക്കാരന് കണ്ടെത്താൻ അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നീക്കങ്ങൾ സജീവമാണ്. ടിപി സെൻകുമാർ കഴിഞ്ഞാൽ ജേക്കബ് തോമസാണ് സീനിയർ. അതുകൊണ്ട് ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കണമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹം. പൊലീസിനെ ജനങ്ങളോട് അടുപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. എന്നാൽ ആർക്കും വഴങ്ങാത്ത ജേക്കബ് തോമസിനെ പൊലീസ് ആസ്ഥാനത്ത് ഇരുത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്ക് വഴങ്ങുന്ന ഡിജിപി ഹേമചന്ദ്രനെ പൊലീസ് ആസ്ഥാനത്ത് എത്തിക്കുകയാണ് ആഗ്രഹം. സി.പി.എം സെക്രട്ടറിയേറ്റിൽ പൊലീസ് മേധാവി നിയമനം ചർച്ചയാക്കാനാണ് കോടിയേരിയുടെ ആഗ്രഹം. ഇതിനിടെ ജേക്കബ് തോമസ് പിന്മാറ്റം പ്രഖ്യാപിക്കുമ്പോൾ സീനിയോറിട്ടിയുടെ തലത്തിൽ ലോക്നാഥ് ബെഹ്റയ്ക്ക് പൊലീസ് മേധാവിയാകാനാകും. ആർക്കും എതിർക്കാനുമാവില്ല.

സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേറ്റന്ന വിലയിരുത്തൽ പിണറായിയിക്കുണ്ട്. പൊലീസിനെ ജനങ്ങളുമായി അടുപ്പിച്ചാൽ മാത്രമേ ഇതിന് മാറ്റമുണ്ടാക്കാൻ കഴിയൂ. അതുകൊണ്ട് ജനങ്ങൾക്ക് ഏറെ വിശ്വാസമുള്ള ജേക്കബ് തോമസ് ഡിജിപിയാകട്ടെയെന്നതായിരുന്നു് പിണറായിയുടെ നിലപാട്. പൊലീസ് ആസ്ഥാനത്ത് എഡിജിപി തസ്തികയിൽ ടോമിൻ തച്ചങ്കരിയുമുണ്ട്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെ വഴി വിട്ടു പോകാതെ നിയന്ത്രിക്കാനാവുമെന്നാണ് പിണറായിയുടെ വിലയിരുത്തൽ. വിജലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് തന്റെ നിർദ്ദേശമെല്ലാം അനുസരിച്ചുവെന്നാണ് പിണറായിയുടെ വിലയിരുത്തൽ. വിജിലൻസിൽ ജേക്കബ് തോമസിനെ നിയമിക്കുന്നതിൽ എതിർപ്പും സിപിഎമ്മിൽ ഉയർന്നു.

ഈ സാഹചര്യത്തിൽ ജേക്കബ് തോമസിനെ പൊലീസിൽ നിന്ന് മാറ്റി മൂലയ്ക്കിരുത്തിയാൽ അത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. അതിനാൽ അദ്ദേഹത്തിന് മാന്യമായ സ്ഥാനം നൽകണം. പൊലീസിലെ സീനിയോറിട്ടിയിൽ രണ്ടാം സ്ഥാനക്കാരനാണ് നിലവിൽ ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ സെൻകുമാർ ഒഴിയുമ്പോൾ ജേക്കബ് തോമസ് തലപ്പത്തുവരട്ടേയെന്നായിരുന്നു പിണറായി ക്യാമ്പിന്റെ നിലപാട്. ഇതാണ് വേണ്ടെന്ന പരോക്ഷ സൂചന ജേക്കബ് തോമസ് നൽകുന്നത്. ഇതോടെ സീനിയോറിട്ടിയിലെ രണ്ടാം പേരുകാരൻ ലോക്നാഥ് ബെഹ്റ വീണ്ടും പൊലീസ് ആസ്ഥാനത്ത് മടങ്ങിയെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP