Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്‌ളാമിലേക്ക് മതംമാറി നടത്തിയ പെൺകുട്ടിയുടെ വിവാഹം റദ്ദാക്കി ഹൈക്കോടതി; പെൺകുട്ടിയുടെ വിവാഹത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമെന്നും നിരീക്ഷണം; വിധിയുണ്ടായത് മകളെ മതംമാറ്റി ഐഎസിൽ ചേർക്കാനുള്ള ഗൂഢനീക്കമെന്ന അച്ഛന്റെ വാദം അംഗീകരിച്ചുകൊണ്ട്; സംസ്ഥാനത്ത് മതംമാറ്റുന്ന സംഘടനകളെപ്പറ്റി ഡിജിപി അന്വേഷിക്കാനും കോടതി നിർദ്ദേശം  

ഇസ്‌ളാമിലേക്ക് മതംമാറി നടത്തിയ പെൺകുട്ടിയുടെ വിവാഹം റദ്ദാക്കി ഹൈക്കോടതി; പെൺകുട്ടിയുടെ വിവാഹത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമെന്നും നിരീക്ഷണം; വിധിയുണ്ടായത് മകളെ മതംമാറ്റി ഐഎസിൽ ചേർക്കാനുള്ള ഗൂഢനീക്കമെന്ന അച്ഛന്റെ വാദം അംഗീകരിച്ചുകൊണ്ട്; സംസ്ഥാനത്ത് മതംമാറ്റുന്ന സംഘടനകളെപ്പറ്റി ഡിജിപി അന്വേഷിക്കാനും കോടതി നിർദ്ദേശം   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് ഏറെ വിവാദമുയർത്തിയ മതംമാറ്റ വിവാഹക്കേസിൽ പെൺകുട്ടിയുടെ അച്ഛന് അനുകൂലമായി ഹൈക്കോടതി വിധി. മുസ്‌ളീം മതത്തിലേക്ക് മതംമാറ്റി പെൺകുട്ടിയെ വിവാഹംചെയ്ത് ഐസിസിൽ ചേർക്കാനാണ് ശ്രമമുണ്ടായതെന്ന പരാതി പരിഗണിച്ചാണ് മതംമാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്.

രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. പെൺകുട്ടിയുടെ വിവാഹത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമെന്നും വ്യക്തമാക്കിയുള്ള അത്യപൂർവ വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്.

വൈക്കം സ്വദേശി കെഎം അശോകന്റെ മകൾ അഖിലയുടെ വിവാഹമാണ് റദ്ദാക്കിയത്. കൊല്ലം സ്വദേശി ഷെഫിൻ ജഹാനെയാണ് പിന്നീട് ഹാദിയ എന്ന് പേര് മാറ്റിയ വിവാഹം കഴിച്ചത്. യുവതിയുടെ രക്ഷകർത്താവായിരിക്കാൻ ഷെഫിന് അധികാരമോ അവകാശമോ ഇല്ലെന്ന് കോടതി വ്യക്തമാക്കി. യുവതിയെ പൊലീസ് സംരക്ഷണയിൽ വൈക്കത്തെ വീട്ടിലെത്തിക്കാനും തുടർന്നും പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം ഉറപ്പുവരുത്താനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതോടൊപ്പം കേരളത്തിൽ ഇത്തരത്തിൽ മതംമാറ്റി വിവാഹം നടത്തുന്ന സംഘടനകളെപ്പറ്റി അന്വേഷിക്കാൻ കോടതി ഡിജിപിക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഈ കേസിനൊപ്പം സമാനമായ ആതിരയെന്ന പെൺകുട്ടിയുടെ മതംമാറ്റ വിവാഹംകൂടി പരിഗണിച്ചുകൊണ്ടാണ് ഇത്തരമൊരു നിർദ്ദേശം ഉണ്ടായിട്ടുള്ളത്. ഈ വിഷയങ്ങളിൽ നേരത്തേ കോടതി നിർദേശപ്രകാരം അന്വേഷണം നടത്തിയ പെരിന്തൽണ്ണ ഡിവൈഎസ്‌പിയുടെ നടപടികളിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ കോടതി ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും നിർദ്ദേശം നൽകി.

യുവതിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് ഉത്തരവുണ്ടായത്. അഖിലയെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന് സംശയിക്കുന്നുവെന്നായിരുന്നു പിതാവിന്റെ പരാതി. സംസ്ഥാനത്ത് യുവതികളെ മതംമാറ്റി വിവാഹംചെയ്യുകയും പിന്നീട് ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായതിന് പിന്നാലെ ഉണ്ടായ വിധി ഇതോടെ വലിയ ചർച്ചയായി മാറുകയാണ്. ജസ്റ്റിസുമാരായ കെ സുരേന്ദ്ര മോഹൻ, മേരി ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.

മതംമാറ്റി വിദേശത്തേക്ക് യുവതികളെ ഐസിസിലേക്കായി കടത്തുന്നുവെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വൈക്കത്തുനിന്ന് കാണാതായ പെൺകുട്ടിയുടെ കാര്യത്തിലും പരാതി ശക്തമാകുന്നത്. പെൺകുട്ടി മൂന്നുവർഷത്തിലേറെയായി രഹസ്യമായി ഇസ്‌ളാം മതാചാരങ്ങൾ അനുഷ്ഠിച്ച് വരികയായിരുന്നുവെന്നും വീട്ടിലെ സാഹചര്യങ്ങൾകൊണ്ട വീടുവിട്ടിറങ്ങി സത്യസരണിയിൽ അഭയംതേടുകയായിരുന്നുവെന്നും ആണ് പെൺകുട്ടിയുടെ ഭാഗത്തുനിന്നും വ്യക്തമാക്കപ്പെട്ട വിവരങ്ങൾ.

ഇതിന് പിന്നാലെ അഖിലയെന്ന പേര് ഹാദിയ എന്ന് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബർ 19നാണ് ഷഫീൻ ജഹാനുമായി ഹാദിയയുടെ വിവാഹം നടക്കുന്നത്. ഇതേത്തുടർന്ന് വിഷയങ്ങളെല്ലാം പരിഗണിച്ചാണ് ഇപ്പോൾ കോടതി വിധി ഉണ്ടായിരിക്കുന്നത്. പിന്നീട് പെൺകുട്ടിയെ എറണാകുളത്ത് സേവാസദനത്തിലേക്ക് പെൺകുട്ടിയെ മാറ്റിയിരുന്നു. ഇവിടെനിന്നും പെൺകുട്ടിയെ വീട്ടിലെത്തിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി മതംമാറ്റത്തിനും തുടർന്ന് വിദേശത്തേക്ക് കടത്താനുമായി പ്രത്യേക അന്വേഷണ സംഘം തന്നെ പ്രവർത്തിക്കുന്നതായ വിവരം മറുനാടൻ നേരത്തേ റിപ്പോർട്ടുചെയ്തിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരിയിലെ ആതിരയെയും മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കാണാതായ അഖിൽ അബ്ദുള്ളയെയും മതം മാറ്റിയത് ഒരേ ആളുകളാണെന്ന് ഇക്കാര്യങ്ങൾ അന്വേഷിച്ച പൊലീസ് സംഘം കണ്ടെത്തിയിരുന്നു.

ഇതോടെയാണ് മതംമാറ്റ സംഘങ്ങളെപ്പറ്റി ആദ്യം അന്വേഷണസംഘം കൂടുതൽ പഠിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ നിച്ച് ഓഫ് ട്രൂത്ത് പ്രവർത്തകൻ പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി നൗഫലും മറ്റു ചിലരുമാണ് മതം മാറ്റത്തിന് നേതൃത്വം നൽകിയത്. ആതിരയുടെ വിഷയവും ഇപ്പോഴത്തെ കേസിനൊപ്പം കോടതി പരിഗണിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

ഇവരുടെ നേതൃത്വത്തിൽ നിരവധി പേർ മതം മാറ്റലിന്് വിധേയമായതായും ഇതിൽ അധികം പേരെയും മതം മാറ്റി വിദേശത്തേക്ക് കടത്തിയതായും വിവരങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ മിക്ക സംഭവങ്ങളിലും പരാതിയില്ലാതെ കിടക്കുകയാണ്. അഖിൽ എന്ന അബ്ദുള്ളയുടെയും ആതിരയുടെയും സംഭവത്തിനു തൊട്ടു പിന്നാലെയാണ് കോട്ടയം വൈക്കം സ്വദേശിയും ബിഎച്ച്എംഎസ് ബിരുദധാരിയുമായ അഖിലയെ കാണാനില്ലെന്ന് വ്യക്തമാക്കി അഛൻ അശോകൻ പരാതിപ്പെടുന്നത്. ഇതോടെ ഈ രണ്ടു കേസുകളും ഒരുമിച്ചാണ് പരിഗണിക്കപ്പെട്ടത്.

പെരിന്തൽമണ്ണ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവരുടെ മതം മാറ്റത്തിനു പിന്നിലുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ബിഎച്ച്എംഎസ് ബിരുദധാരിയായ മകളെ കാണാനില്ലെന്നു കാണിച്ച് ആദ്യം അഛൻ അശോകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി മഞ്ചേരിയിലെ സത്യസരണി കേന്ദ്രീകരിച്ച് ഉണ്ടെന്നു കണ്ടെത്തി. എന്നാൽ യുവതി വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ മതം മാറ്റിയ ആളുകളോടൊപ്പമായിരുന്നു പെൺകുട്ടി എത്തിയിരുന്നത്.

എന്നാൽ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ അഛൻ ഹൈക്കോടതിയിൽ ഹേർബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്യുകയായിരുന്നു. ഇതിലാണ് ഇപ്പോൾ അശോകന് അനുകൂലമായ വിധി കോടതി പുറപ്പെടുവിച്ചത്. മകളെ സിറിയയിലേക്കു കടത്താൻ ശ്രമം നടക്കുന്നതായും മതം മാറ്റത്തിനു പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും പിതാവ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ തന്നെ കേസ് പരിഗണിച്ച ഹൈക്കോടതി പെൺകുട്ടി രാജ്യം വിടുന്നത് നിരീക്ഷിക്കാനും സത്യസരണിയിൽ റെയ്ഡ് നടത്താനും പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞവർഷം ആഗസ്റ്റിൽ മഞ്ചേരിയിലെ സത്യസരണിയിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP