Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീഫ് കഴിക്കാമെന്ന മോഹം മലയാളികൾക്കും അന്യമാകുമോ? രാജ്യത്ത് പരോക്ഷ ബീഫ് നിരോധനം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ ഉത്തരവ്; കശാപ്പിനായി കന്നുകാലികളെ വിൽക്കാൻ പാടില്ല; കാലികളുടെ വിൽപ്പന കാർഷികാവശ്യത്തിനു മാത്രം; മൃഗബലിക്കും നിരോധനം; പ്രതിസന്ധിയിലാകുന്നത് ദളിതുകളും മുസ്ലിംകളും

ബീഫ് കഴിക്കാമെന്ന മോഹം മലയാളികൾക്കും അന്യമാകുമോ? രാജ്യത്ത് പരോക്ഷ ബീഫ് നിരോധനം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ ഉത്തരവ്; കശാപ്പിനായി കന്നുകാലികളെ വിൽക്കാൻ പാടില്ല; കാലികളുടെ വിൽപ്പന കാർഷികാവശ്യത്തിനു മാത്രം; മൃഗബലിക്കും നിരോധനം; പ്രതിസന്ധിയിലാകുന്നത് ദളിതുകളും മുസ്ലിംകളും

ന്യൂഡൽഹി: രാജ്യത്ത് ഗോഹത്യനിരോധനം പരോക്ഷമായി നിലവിൽവന്നു. രാജ്യത്തെമ്പാടുമുള്ള മാർക്കറ്റുകളിൽ പശു അടക്കമുള്ള മൃഗങ്ങളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ പതിനായിരക്കണക്കിനുവരുന്ന കർഷകർക്കും ഒരു ലക്ഷം കോടി രൂപയുടെ മാസവിപണിക്കും കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്. പശു, കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങളെയാണ് നിരോധനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃഗബലിയും നിരോധിച്ചിട്ടുണ്ട്. ബക്രീദ് അടക്കമുള്ള ആഘോഷങ്ങൾക്ക് ഇനിമുതൽ മൃഗങ്ങളെ ബലി നല്കാനാവില്ല. അടുത്ത മൂന്നു മാസത്തിനകം ഉത്തരവ് നടപ്പാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിനാണ് ഉത്തരവ് നടപ്പാക്കേണ്ടതിന്റെ ചുമതല.

മൃഗങ്ങൾക്കെതിരായ ക്രൂരത തടയാനുള്ള 1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ്(പിസിഎ) നിയമപ്രകാരമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. മൃഗങ്ങളുടെ കച്ചവടം അടക്കമുള്ളവ സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണെങ്കിലും പിസിഎ നിയമപ്രകാരം മൃഗക്ഷേമത്തിനുള്ള നടപടികൾ കേന്ദ്രത്തിനു കൈക്കൊള്ളാം. ഇതു പ്രകാരമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്രം മുമ്പ് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ചത് ഈ നിയമപ്രകാരമായിരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പല രീതിയിൽ ബീഫ് നിരോധനം നിലവിലുണ്ട്. കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മാത്രമാണ് ബീഫ് നിരോധിക്കാത്തത്.

പ്രമുഖ ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസാണ് ഉത്തരവ് പുറപ്പെടുവിച്ച കാര്യം റിപ്പോർട്ട് ചെയ്തത്.ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങളെ ഇനിമുതൽ കാർഷികാവശ്യങ്ങൾക്കു മാത്രമേ വിൽക്കാനാകൂ. പശു, കാള, എരുമ, പോത്ത്, ഒട്ടകം എന്നിവയെ ഇനിമുതൽ കാർഷികാവശ്യങ്ങൾക്കു മാത്രമേ വിൽക്കാനാകൂ എന്നും കശാപ്പിനായി വിൽക്കാൻ പാടില്ലെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിൽ എടുത്തു പറഞ്ഞിരിക്കുന്നു. മോദി സർക്കാർ അധികാരത്തിലേറിയശേഷം രാജ്യത്തൊട്ടാകെ ബിജെപിയും സംഘപരിവാറും നടത്തിയ ബീഫ് നിരോധന പ്രചരണം പുതിയ ഉത്തരവിലൂടെ യാഥാർത്ഥ്യമായിരിക്കുകയാണ്.

ഹിന്ദുക്കൾ വിശുദ്ധമൃഗമായി പരിഗണിക്കുന്ന പശു ഇന്ത്യയിൽ എന്നും രാഷ്ട്രീയപ്രാധാന്യമുള്ള മൃഗംകൂടിയായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം അധികാരത്തിലേറിയതോടെ ഗോസംരക്ഷണത്തിനായി രാജ്യത്താകമാനം കൊണ്ടുപിടിച്ച പ്രചരണം നടന്നുവരികയാണ്. ബീഫ് നിരോധിക്കണമെന്നതാണ് സംഘപരിവാറിന്റെയും ബിജെപിയുടെയും പ്രധാന ആവശ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ പശുഹത്യയ്ക്ക് കർശന ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവോടെ രാജ്യത്ത് പരോക്ഷമായി ബീഫ് നിരോധനം പ്രാബല്യത്തിലായിരിക്കുകയാണ്. സ്വന്തമായി പശു ഉള്ളവന് വേണമെങ്കിൽ അറുത്ത് ഭക്ഷിക്കാം എന്നതാണ് ഉത്തരവിന്റെ കാതൽ. കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് മുസ്ലിംകൾക്കും ദളിതകൾക്കുമെതിരായ നിഴൽ യുദ്ധമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

കർഷകർക്കും മാംസവ്യാപാരികൾക്കും തിരിച്ചടി

രാജ്യത്തെ കർഷകർക്കും മാംസവിപണിക്കും കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്. വർഷം ഒരു കോടി രൂപയുടെ മാംസക്കച്ചവയാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിൽ 26,303 കോടി രൂപ ലഭിക്കുന്നത് കയറ്റുമതിയിൽ നിന്നാണ്. കശാപ്പിലൂടെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഉത്തർപ്രദേശിനാണ്. ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് പിന്നിൽ. കശാപ്പ് നിരോധിക്കുന്നതോടെ പതിനായിരക്കണക്കിനു പേർ പ്രതിസന്ധിയിലാകും. ഇതിൽ ഭൂരിഭാഗവും മുസ്ലികളും ദളിത് വിഭാഗത്തിൽപ്പെട്ടവരുമാണ്.

കന്നുകാലി കച്ചവട വിപണിക്കും കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്. കന്നുകാലി കച്ചവടം കർശനമായി തടയാനായി സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഇത്തരം മാർക്കറ്റുകൾ നടത്തരുതെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. സംസ്ഥാന അതിർത്തിയിൽനിന്ന് 25 കിലോമീറ്റർ അകലത്തിലായിരിക്കണം ഇത്തരം മാർക്കറ്റുകളെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര അതിർത്തിയാണെങ്കിൽ 50 കിലോമീറ്റർ അകലത്തിലായിരിക്കണം കന്നുകാലി ചന്തകൾ. പല സംസ്ഥാനങ്ങളും അയൽ സംസ്ഥാനങ്ങളിൽനിന്ന് ഉപഭോക്താക്കളെ ആകർഷിക്കാനായി അതിർത്തിയോട് ചേർന്നാണ് കന്നുകാലി മാർക്കറ്റുകൾ നടത്താറുള്ളത്.

കാലിയെയും കൂട്ടി മാർക്കറ്റിലെത്തി പണം തരുന്നവന് വിൽക്കുന്നത് ഇനി നടക്കില്ല

രാജ്യത്തെ ഭൂരിഭാഗം വരുന്ന നിരക്ഷരരായ കർഷകരെ പ്രതിസന്ധിയിലാക്കുന്നതുമാണ് പുതിയ ഉത്തരവ്. പഴയപോലെ പശുവിനെ മാർക്കറ്റിൽകൊണ്ടുവന്ന് ആവശ്യപ്പെടുന്ന പണം നല്കുന്നവർക്ക് വിൽക്കുന്ന പതിവ് ഇനിമുതൽ നടക്കില്ല. വിൽക്കുന്നവനും വാങ്ങുന്നവനും ഉടമസ്ഥാവകാശം തെളിയിക്കുന്ന തിരിച്ചറിയിൽ രേഖകൾ കാണിക്കേണ്ടിവരും. പശുവിനെ വാങ്ങിച്ചുകഴിഞ്ഞാൽ ഇത് തെളിയിക്കുന്ന രേഖയുടെ പകർപ്പുകൾ എടുത്ത് പ്രാദേശിക റവന്യൂ ഓഫീസ്, മൃഗഡോക്ടറുടെ ഓഫീസ്, ആനിമൽ മാർക്കറ്റ് കമ്മിറ്റി എന്നിവടങ്ങളിൽ സമർപ്പിക്കണം.

വിൽപ്പനയ്‌ക്കെത്തിക്കുന്ന മൃഗങ്ങളുടെ ക്ഷേമത്തിനായി 30 ഇനം നടപടികൾ മാർക്കറ്റുകളിൽ ഉണ്ടായിരിക്കണമെന്നും പുതിയ ഉത്തരവിൽ ആവശ്യപ്പെടുന്നു. വെള്ളം, ഫാൻ, വഴുവഴപ്പില്ലാത്ത തറ, രോഗബാധിത മൃഗങ്ങൾക്ക് പ്രത്യേക സ്ഥലം തുടങ്ങിയവയാണ് മാർക്കറ്റിൽ ഒരുക്കേണ്ടത്. ഇനിമുതൽ ജില്ലാ ആനിമൽ മാർക്കറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒരു കന്നുകാലി ചന്തയ്ക്കും ഇനി പ്രവർത്തിക്കാനാവില്ല. മജിസ്‌ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്നതായിരിക്കും ആനിമൽ മാർക്കറ്റ് കമ്മിറ്റി.

മാർക്കറ്റിൽ കന്നുകാലികളെ വാഹനങ്ങളിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്റിനറി ഇൻസ്പക്ടറുടെ സാന്നിധ്യമുണ്ടാകണം. തുടങ്ങിയ നിബന്ധനകളാണ് നടപ്പിലാക്കാൻ പോകുന്നത്. ഇവ അടുത്ത മൂന്നുമാസത്തിനുള്ളിൽ നടപ്പിലാക്കിയേക്കാമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അന്തരിച്ച പരിസ്ഥിതി മന്ത്രി അനിൽ ദാവെയാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP