Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേതാക്കൾ പറഞ്ഞിട്ട് കേസ് പിൻവിലച്ചതെന്ന് വിവേക്; മുഖം രക്ഷിക്കാൻ വിവേകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് എ ഐ എസ് എഫ്; ലക്ഷ്മി നായരെ രക്ഷിക്കാൻ ഒത്തുകളിച്ചതിന്റെ പേരിൽ സിപിഐ വൻ നാണക്കേടിൽ

നേതാക്കൾ പറഞ്ഞിട്ട് കേസ് പിൻവിലച്ചതെന്ന് വിവേക്; മുഖം രക്ഷിക്കാൻ വിവേകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് എ ഐ എസ് എഫ്; ലക്ഷ്മി നായരെ രക്ഷിക്കാൻ ഒത്തുകളിച്ചതിന്റെ പേരിൽ സിപിഐ വൻ നാണക്കേടിൽ

തിരുവനന്തപുരം: ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി പിൻവലിച്ചതു സിപിഐ നേതൃത്വത്തിന്റെ അറിവോടെ ആണെന്ന് എഐഎസ്എഫ് നേതാവ് വിവേക് വിജയഗിരിയുടെ വെളിപ്പെടുത്തൽ സിപിഐയ്ക്ക് രാഷ്ട്രീയ തിരിച്ചടിയാകുന്നു. തീരുമാനം പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെ ആയിരുന്നവെന്നാണ് വിവേക് പറയുന്നത്. ആരോപണം സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ നിഷേധിച്ചിട്ടുണ്ട്. ലക്ഷ്മി നായരെ രക്ഷിക്കാൻ സിപിഐ ഒത്തുകളിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇതിനെ പ്രതിരോധിക്കാൻ സിപിഐയ്ക്ക് കഴിയുന്നുമില്ല.

എഐഎസ്എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നു. കാനം ഏർപ്പെടുത്തിയ അഡ്വക്കറ്റ് വഴിയാണു കേസ് പിൻവലിച്ചതെന്നും വിവേക് പറഞ്ഞു. നേരത്തെ പരാതി പിൻവലിച്ചതിന് എതിരെ രംഗത്തുവന്ന എഐഎസ്എഫ് സംസ്ഥാന നേതൃത്വം പുതിയ വെളിപ്പെടുത്തലോടെ വെട്ടിലായി. ലോ അക്കാദമി സമരം സംഭവബഹുലമാകുന്നതിൽ പ്രധാന ഘടകമായിരുന്നു വിവേകിന്റെ പരാതി. ലക്ഷ്മി നായർ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയുടെ ചുവടുപിടിച്ചു സിപിഐ ആയിരുന്നു പ്രക്ഷോഭം കടുപ്പിച്ചത്. ഇതിനെ തുടർന്നാണ് 1989ലെ എസ്സി, എസ്ടി നിയമപ്രകാരം ലക്ഷ്മി നായരെ പ്രതി ചേർത്തു പേരൂർക്കട പൊലീസ് കേസെടുത്തത്. ലോ അക്കാദമി സമരത്തിലെ ഏറ്റവും നിർണ്ണായകമായ കേസായിരുന്നു ഇത്. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാൻ ശക്തമായ പ്രതിഷേധവും സിപിഐ സംഘടിപ്പിച്ചു.

ലക്ഷ്മിക്കെതിരെ സിപിഐ നേതാവ് പി.കെ.രാജു കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു. പരാതി പിൻവലിച്ച നടപടി വിദ്യാർത്ഥിയുടെ വ്യക്തിപരമായ കാര്യമാണെന്നും പരാതിക്കാരൻ നിലപാടു മാറ്റിയാൽ വക്കീലിനു വേറെ നിർവാഹമില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. അതിനിടെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റെ ലോ അക്കാദമി യൂണിറ്റ് സെക്രട്ടറിയായിരുന്നു വി.ജി. വിവേക്. വിവേകിനാണ് ജില്ലാ കമ്മിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നും തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസിൽ നൽകുന്നു.

പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു വിദ്യാർത്ഥി അറിയിച്ചതിനെ തുടർന്ന് കേസിലെ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വിദ്യാർത്ഥിയായ വി.ജി. വിവേക് പരാതിയിൽ നിന്നു പിന്മാറാൻ തയാറായതായി കാണിച്ചു ലക്ഷ്മി നായർ നൽകിയ ഹർജിയിലാണു നടപടി. സ്വന്തം ഇഷ്ടപ്രകാരമാണു കേസിൽ നിന്നു പിന്മാറുന്നതെന്നു വിദ്യാർത്ഥി നേരിട്ടു ഹാജരായി ബോധിപ്പിച്ചു. കേസ് ഒത്തുതീർപ്പായെന്നും കോളജിൽ ഇപ്പോൾ സമാധാന അന്തരീക്ഷമാണുള്ളതെന്നും പരാതിക്കാരനായ വിദ്യാർത്ഥി സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് സിപിഐ വെട്ടിലായത്. ലക്ഷ്മി നായരെ രക്ഷിക്കാൻ സിപിഐ നടത്തിയ ഒത്തുകളിയാണ് ഇതെന്നാണ് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ആരോപണം.

നേരത്തെ വിവേകിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും സിപിഐയെ വെട്ടിലാക്കുന്നതായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പറഞ്ഞിട്ടാണ് കേസ് പിൻവലിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് കേസ് പിൻവലിക്കാൻ കാരണം. കേസ് പിൻവലിക്കുന്ന കാര്യം കാനത്തിനും കാനം ഏർപ്പെടുത്തിയ അഭിഭാഷകൻ അഡ്വ. രഞ്ജിത്ത് തമ്പാനും അറിവുണ്ടായിരുന്നുവെന്നും വിവേക് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എ.ഐ.എസ്.എഫ് നേതൃത്വത്തോട് പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഒത്തു തീർപ്പാക്കാൻ ചിലർ താൽപ്പര്യം പ്രകടിപ്പിച്ചില്ലെന്ന് വിവേക് പറഞ്ഞു. പാർട്ടി സെക്രട്ടറിയെ നേരിൽ കാണാൻ പോലും അനുവദിക്കാതെ ചിലർ മധ്യസ്ഥത കളിക്കാൻ ശ്രമിച്ചു. വളരെ പാടുപെട്ടാണ് അവസാനം കാനത്തെ കണ്ടതെന്നും വിവേക് കൂട്ടിച്ചേർത്തു. വളരെ ആലോചിച്ച ശേഷമാണ് പരാതി പിൻവലിച്ചതെന്നും വിവേക് പറയുന്നു.

വിവേകിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പ്രീയപ്പെട്ട സുഹൃത്തുകളേ..
കഴിഞ്ഞ ദിവസം മുതലാണ് എനിക്കെതിരെ FB ൽ കേസ് പിൻവലിച്ചതിനെപ്പറ്റി വ്യാപകമായ പോസ്റ്റുകൾ പ്രചരിപ്പിച്ച് തുടങ്ങിയത്.
ഞാൻ ' പ്രമുഖനായ ഇര' ആകാത്തതിനാൽ എന്റെ പേരും ഫോട്ടോയും സമരത്തിനിടയിൽ എടുത്ത വീഡിയയും ഉപയോഗിച്ച് ചാനൽ ചർച്ച വരെ നടത്തുകയുണ്ടായി. അതിനെല്ലാം യുക്തിസഹമായ മറുപടി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ആദ്യമായി ,ഞാൻ AISF നേതാവല്ല, പ്രവർത്തകർ മാത്രമാണ്. നേതാവ് എന്ന പ്രചരണം പിൻവലിക്കണമെന്ന് അപേക്ഷിക്കുന്നു. പിന്നെ പരാതി പിൻവലിച്ചത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. കാരണം ഞാൻ വ്യക്തിപരമായാണ് പരാതി നൽകിയത്.
കേസ് പിൻവലിച്ചത് വളരേയേറെ ആലോചിച്ച് എടുത്ത തീരുമാനമാണ്. സത്യത്തിൽ ഈ പരാതി നൽകിയതിന് ശേഷം കടുത്ത മാനസികവാസ്ഥയിലായിരുന്നു. ക്യാമ്പസിൽAISF പ്രവർത്തകൻ എന്ന് അറിയപ്പെട്ടിരുന്ന എന്നെ, പിന്നീട് 'പരാതിക്കാരൻ ' എന്ന് അറിയപ്പെടാൻ തുടങ്ങി.ഒരു തരം വേർത്തിരിവ് അനുഭവപ്പെട്ടു.ക്യാമ്പസിൽ സംഘർഷം ഉണ്ടായപ്പോൾ പോലും തല്ലിയാൽ അട്രോസിറ്റി ആകും എന്ന് വരയുള്ള സംസാരം കേട്ടു .പരാതികാരൻ എന്നല്ല 'സഖാവ്' എന്ന് അറിയപ്പെടുന്നതാണ് നല്ലതെന്ന് തോന്നി.
കൂടാതെ സമരവസാനം ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതയിൽ എടുത്ത ധാരണ പ്രകാരം സമരവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന എല്ലാ പരാതികളും പിൻവലിക്കണം എന്നുണ്ടായിരുന്നു.ഇതനുസരിച്ച് പെൺകുട്ടികൾ നൽകിയ പരാതിയടക്കം പിൻവലിച്ചിരുന്നു.( പക്ഷെ വാർത്തയായില്ല) അത് പാലിക്കുകയാണ് ഞാൻ ചെയ്തത്.അതുവഴി എന്റെ പ്രസ്ഥാനത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിച്ചു.
കൂടാക്കെ
കേസിന്റെ സാങ്കേതികത്വവും ഒരു കാരണമായി.
സാക്ഷിമൊഴി നൽകുന്ന വിദ്യാർത്ഥികളുടെ അസൗകര്യവും ക്യാമ്പസിലെ Sc/st വിദ്യാർത്ഥികളുടെ അഭിപ്രായവും ഞാൻ മാനിച്ചു.
കേസിന്റെ Judgement കിട്ടുമ്പോഴേക്കും പ്രിയ സുഹൃത്തുകളുടെ ബാക്കിആശങ്കകൾ കൂടി അസ്തമിക്കുമെന്ന് പ്രതീക്ഷ..
ഏവർക്കും ഒരിക്കൽ കൂടി നന്ദി!
സത്യമേവ ജയതേ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP